ഒരു സായന്തനത്തിന്റെ ഓര്‍മ്മക്കായ് | ബിന്ദു വേണു

bindhu-venu-malayalam-short-story


ണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സായന്തനത്തിന്റെ ഓര്‍മ്മക്കായ് സഹപാഠികള്‍ എല്ലാരും കൂടി ഒത്തു ചേര്‍ന്നതാണ്....

മാധവന്‍ ചേട്ടന്‍ ഭാര്യ മരിച്ചതിനു ശേഷം മകന്റെ കൂടെ അങ്ങ് പട്ടണത്തിലായിരുന്നു... അച്ഛന്‍ നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കേണ്ടന്ന് കരുതിയായിരുന്നു മോന്‍ കൂട്ടിക്കൊണ്ട് പോയത്..,..മാധവന്‍ ചേട്ടന് ഫ്‌ലാറ്റിലെ ജീവിതം മടുത്തു തുടങ്ങി.. മിണ്ടിപ്പറയാനും വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകാനൊന്നും സാധിക്കുന്നില്ല...ഒറ്റക്കിരിക്കുന്ന സമയങ്ങളില്‍ തന്റെ കാര്‍ത്തുവിന്റെ ഓര്‍മ്മകള്‍ അയാളെ അലട്ടുന്നുണ്ടായിരുന്നു.അവളുടെ അസ്ഥി തറയില്‍ ഒരു തിരി തെളിയിക്കാന്‍ പോലും ആരുമില്ല... അയാളുടെ ഉള്ളം പൊള്ളുന്നുണ്ടായിരുന്നു... ചുടു കണ്ണുനീര്‍ പുറത്തേക്കൊഴുകി...തന്നെ അവള്‍ അങ്ങോട്ട് വിളിക്കും പോലെ അയാള്‍ക്ക് തോന്നി... ഭക്ഷണത്തിനോട് ആകെയൊരു വിരക്തി.. പുറത്തേക്കിറങ്ങാതെ മുറിയില്‍ തന്നെ അടച്ചിരുപ്പായി...അച്ഛന്റെ ഈ മാറ്റം കണ്ട് മകന് പേടിയായി... അച്ഛനും കൂടി നഷ്ടപ്പെടുന്നത് ഓര്‍ക്കാന്‍ വയ്യാ...

അച്ഛന്റെ നാട്ടിലേക്ക് പോകണമെന്നുള്ള നിരന്തരമായ നിര്‍ബന്ധം കൊണ്ട് മകന്‍ അച്ഛനെ നാട്ടിലേക്ക് കൊണ്ടുവന്നാക്കി...

അച്ഛാ ഞാന്‍ എന്നും വിളിക്കാം.. എനിക്ക് ലീവ് ഇല്ലാഞ്ഞിട്ടാണ്.. അല്ലങ്കില്‍ ഞാന്‍ അച്ഛന്റെ കൂടെ കുറച്ചു ദിവസം താമസിക്കുമായിരുന്നു.

അതൊന്നും വേണ്ട നീ തിരിച്ചു പൊക്കോളു അവിടെ നിന്റെ പെണ്ണും കുട്ടികളും തനിച്ചല്ലേ...

അച്ഛനിവിടെ തനിച്ചാണെന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം ...

ആര് പറഞ്ഞു ഞാനിവിടെ തനിച്ചാണെന്ന് ...എന്റെ കാര്‍ത്തുവിന്റെ ആത്മാവ് എനിക്ക് കൂട്ടുണ്ട്, എന്റെ മോന്‍ ധൈര്യമായി പൊയ്‌ക്കോ....

വെക്കേഷന്‍ ആകുമ്പോള്‍ ഞങ്ങള്‍ കുറേ ദിവസം വന്ന് നില്‍ക്കാം...ഇതിനിടയില്‍...എങ്ങനേലും ട്രാന്‍സ്ഫര്‍ വാങ്ങി നാട്ടിലേക്കു പോരാന്‍ നോക്കാം...

തിരിച്ചു പോകും നേരം തെക്കേ തൊടിയിലെ  അമ്മയുടെ അസ്ഥിതറയുടെ മുന്നില്‍ അല്പ നേരം കണ്ണടച്ച് പ്രാര്‍ത്ഥിച്ചു... എന്നിട്ട് മനസ്സില്‍ പറഞ്ഞു 'അമ്മേ അച്ഛന്‍ തനിച്ചാണെ  നോക്കികൊള്ളണേ..' നിറഞ്ഞ മിഴികള്‍ തുടച്ച് നിസ്സഹായനായ ആ മകന്‍
തിരിച്ചു പോയി..

തന്റെ മണ്ണില്‍ കാലു കുത്തിയപ്പോള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ ആ മനസ്സ് തുള്ളിചാടി...

വൈകുന്നേരമായപ്പോള്‍ തങ്ങള്‍ എല്ലാരും ഒത്തുകൂടുന്ന കവലയിലേക്ക് നടന്നു. തന്റെ വരവ് എല്ലാവര്‍ക്കും ഒരു അത്ഭുതം ആയിക്കോട്ടെന്ന് കരുതിആരോടും പറഞ്ഞില്ല. താന്‍ നാട്ടിലെത്തിയ കാര്യം.

എന്നാല്‍ മാധവേട്ടനെ കാത്ത് എല്ലാവരും അവിടെ ഇരിപ്പുണ്ടായിരുന്നു...

അസ്തമയ സൂര്യന്‍ കുങ്കുമ വര്‍ണ്ണം വാരി വിതറി ആ വൃദ്ധരുടെ ഒത്തു ചേരലിന് മാറ്റ് കൂട്ടി, ഇളം തെന്നല്‍ അവര്‍ക്കായ് ചാമരം വീശുന്നുണ്ടായിരുന്നു...ആല്‍ മരത്തിലെ കിളികള്‍ അവര്‍ക്കായി സ്വാഗതമരുളി...

കൂട്ടുകാരെ കണ്ടപ്പോള്‍ മാധവേട്ടന്റെ കണ്ണും മനവും നിറഞ്ഞു...

എടാ മാധവാ നിന്നെക്കണ്ടിട്ട് എത്ര നാളായി... നീയങ്ങു ക്ഷീണിച്ചല്ലോടാ ...

ഒന്നും പറയണ്ട എന്റെ ചങ്ങാതിമാരെ അവിടെ ഒന്നിനും ഒരു കുറവുമില്ല എന്നാലും നമ്മുടെ ഈ നാട്ടിന്‍ പുറത്തെ സുഖം അതെങ്ങും കിട്ടില്ല... എല്ലായിടവും കോണ്‍ക്രീറ്റ് കാടുകളാണ്... അല്പം ശുദ്ധവായുപോലും കിട്ടില്ല  ഈ രണ്ടു വര്‍ഷം കൂട്ടിലിട്ട കിളിയെപ്പോലെ ആയിരുന്നു എന്റെ ജീവിതം. പിന്നെ കൊച്ചു മക്കള്‍ ഉള്ളത് അല്പം ആശ്വാസം. നമ്മുടെ മനസ്സിന്റെ തൃപ്തിയല്ലേ എല്ലാം.
വൈകുന്നേരമാകുമ്പോള്‍ നമ്മള്‍ ഒത്തുകൂടുന്നതും കൊച്ചു കൊച്ച് നാട്ടുവര്‍ത്തമാനങ്ങളും അങ്ങനെ എല്ലാം ഓര്‍ത്തിരിക്കും. ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ പറഞ്ഞു നിര്‍ത്തി.

ഞങ്ങള്‍ക്കും ഒത്തിരി വിഷമം ആയിരുന്നു നീ പോയ ശേഷം. നീയില്ലാത്ത കുറവ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. നമ്മുടെ വാസു മരിച്ചു. നിന്നെ ഞങ്ങള്‍ അറിയിക്കാഞ്ഞിട്ടാണ്.എന്തിനാ അന്യ നാട്ടില്‍ കിടക്കുന്ന നിന്നെ വിഷമിപ്പിക്കുന്നെ. ചെറിയൊരു നെഞ്ചു വേദന. ഹോസ്പിറ്റലില്‍ കൊണ്ടു ചെല്ലുമ്പോള്‍ ആള്‍ മരിച്ചിരുന്നു. എല്ലാരും കുറച്ചു നേരം മൗനമായിരുന്നു. ആര്‍ക്കും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ.
മാധവേട്ടന്‍ തന്നെ ആ മൗനത്തെ ആട്ടിയോടിച്ചു. എന്നിട്ട് പറഞ്ഞു...

എനിക്ക് ഒരു ബീഡി തന്നേ... എത്ര നാളായി ഇതുപോലെ എല്ലാരും കൂടി ഇരുന്നിട്ട്. അതും പറഞ്ഞു ഒരു ബീഡി കത്തിച്ച് ചുണ്ടില്‍ വച്ചു. നേരത്തെ പോയ വാസു ഭാഗ്യവാന്‍. ആ മിഴികളില്‍ കൂട്ടുകാരന്റെ വിയോഗം വായിച്ചറിയാമായിരുന്നു. 
വല്ലാത്തൊരു സങ്കടം ആ മുഖത്ത് കാണാമായിരുന്നു.
അയാള്‍ വേഗം വിഷയം മാറ്റി.

നമ്മുടെ നാടിനും കുറെയേറെ മാറ്റം വന്നിട്ടുണ്ടല്ലോ ചങ്ങാതിമാരെ.
ഒന്നും പറയണ്ട മാധവേട്ട വികസനത്തിന്റെ പേരില്‍ നമ്മുടെ പാടങ്ങളും, കുന്നുകളും ഇടിച്ചു നിരത്തി കെട്ടിടങ്ങള്‍ പണിതു.  ആര്‍ക്കും പാടത്തു പണിയെടുത്ത് കഷ്ടപ്പെടാന്‍ നേരം ഇല്ലന്ന്. അഞ്ചാറു കട മുറി പണിത് വാടകക്ക് കൊടുത്താല്‍ മെയ്യനങ്ങാതെ ഇരുന്നു തിന്നാല്ലോ.

ഇപ്പോള്‍ പിള്ളേര്‍ ഒക്കെ കുട്ടിയും കോലും കളിക്കില്ല, ഒരു ഫോണില്‍ ഞെക്കി ക്കുത്തി തോണ്ടല്‍ ആന്നെ.  ഗെയിം കളിക്കുവാത്രെ. ചുറ്റും നടക്കുന്നത് ഒന്നും അവര്‍ക്ക് അറിയേണ്ട കാലം പോയപോക്കേ..

വലിയ വരും തഥൈവ

ഇരുട്ടാകുന്നത് വരെ എല്ലാവരും ഓരോരോ വിശേഷങ്ങള്‍ പറഞ്ഞിരുന്നു.
ഇനി നീ എന്നാ ചെക്കന്റെ അടുത്തേക്ക് പോകുന്നത്? കൂട്ടുകാരില്‍ ഒരാള്‍ ചോദിച്ചു...

ഇനി ഞാന്‍ എങ്ങോട്ടുമില്ല. എന്റെ ഈ നാടും വീടും.  ചങ്ങാതികളെയും വിട്ട് എങ്ങോട്ടുമില്ല.

എന്റെ എല്ലാമായ കാര്‍ത്തു ഉറങ്ങുന്ന മണ്ണില്‍ തന്നെ എന്റെയും അവസാനം. എന്നോടവള്‍ ഇടക്കിടെ സ്വപ്നത്തില്‍ വന്ന് ചോദിക്കാറുണ്ട്...

മാധവട്ടന്‍ എന്നെ ഒറ്റക്കാക്കി പോയല്ലേ.. ഞാനിവിടെ എന്റെ മാധവട്ടനെ കാത്തിരിക്കുമെന്ന് അറിയില്ലേ? ഞാനവളെ വിട്ട് ഇനി എങ്ങോട്ടുമില്ല.

അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഭയങ്കര സന്തോഷം. എല്ലാരും മാധവേട്ടനെ ആശ്ലേഷിച്ചു.

ഇനി നമുക്ക് ഇന്നത്തെ കൂടിച്ചേരല്‍ പിരിയാം ല്ലേ...നമ്മുടെ വാസു കൂടെയില്ലാത്ത ഏറെ നാളുകള്‍ക്കു ശേഷമുള്ള ഈ 'സായന്തനത്തിന്റെ ഓര്‍മ്മ നമ്മുടെ മനസ്സില്‍' എന്നുമുണ്ടാകും.         എല്ലാവരും അവനോന്റെ വീടുകളിലേക്ക്.

വയലിറമ്പിലൂടെ നടക്കുമ്പോള്‍. കുടക്കാല്‍ ആഞ്ഞു കുത്തി നടന്നു. ആ ശബ്ദം കേട്ട് വല്ല ക്ഷുദ്ര ജീവികള്‍ പുല്ലിനിടയില്‍ ഉണ്ടെങ്കില്‍ ഓടിയൊളിച്ചോളും.

ഓരോന്ന് ആലോചിച്ച്
വീടിന്റെ മുന്നിലെത്തിയത് അറിഞ്ഞില്ല. പടിപ്പുര കടന്നപ്പോള്‍. ഉമ്മറത്ത് തന്റെ വരവും പ്രതീക്ഷിച്ച് കാര്‍ത്തു നില്‍ക്കും പോലെ മാധവേട്ടന് തോന്നി. ന്താ മാധവേട്ട ഇരുട്ടും മുന്നേ വരണം ന്ന് പറഞ്ഞിട്ടില്ലെ ??

ഇടവഴികളില്‍ വല്ല ഇഴജന്തുക്കള്‍ ഉണ്ടാവും

ഇല്ല ഇനി വൈകില്ല ന്റെ കാര്‍ത്തു
അയാള്‍ പറഞ്ഞു...
അയാള്‍ ചുറ്റും നോക്കി .... എല്ലാം തന്റെ തോന്നലായിരുന്നോ?

തന്റെ കാര്‍ത്തു എങ്ങും പോയിട്ടില്ല അവള്‍ തനിക്കെന്നും കൂട്ടായി കൂടെതന്നെയുണ്ട്....
കോലായിലെ ചാരുകസേരയില്‍ കിടന്ന് തന്റെ കാര്‍ത്തുവിന്റെ അസ്ഥി തറയിലേക്കയാള്‍ വേദനയോടെ നോക്കി. ഒരു കുളിര്‍ തെന്നലായി വന്ന് തന്റെ നിറുകയില്‍ തലോടും പോലെ അയാള്‍ക്ക് തോന്നി. ഒരാത്മനിര്‍വൃതിയോടയാള്‍ മിഴികളടച്ചു. ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്.. തന്റെ കാര്‍ത്തുവിലേക്ക് അലിയുവാന്‍...
------------------------
© bindhu venu

Post a Comment

4 Comments

  1. Bindhu വേണുWednesday, October 20, 2021

    ഒത്തിരി നന്ദി സന്തോഷം 😊🌹🙏

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് 👌👌❤

    ReplyDelete