ഹോ ചിന്തകള്‍ അങ്ങനെ നീണ്ടുപോയി സമയം 4.30 ഇതിനിടയില്‍ കുളിവരെ കഴിഞ്ഞു കയ്യില്‍ ഒരു കപ്പ് ചായ വരെ എത്തി. ഇന്ന് രാധ വരില്ലല്ലോ വരണ്ട. എന്ന് പറഞ്ഞിട്ടുണ്ടല്ലോ ?ഗേറ്റ് തുറന്നിടാം സുനില്‍ 6.30ന് വരുല്ലോ. അപ്പോള്‍ എന്റെ ചെടികളെയും ഒന്ന് നോക്കാം അവര്‍ അല്ലെ ഇപ്പോഴത്തെ എന്റെ കൂട്ടുകാര്‍. കൂട്ടുകാര്‍ അവര്‍ നമ്മള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്. എനിക്കും അദ്ദേഹത്തിനും ഉള്ള സൗഹൃദവലയം വളരെ വലുതായിരുന്നു. അങ്ങനെ മറുത്തു പറയാന്‍ പറ്റാത്ത ഒരു സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ഞാന്‍ ഇന്ന് പോകുന്നത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ കാണാന്‍. ഇന്ന് ചിന്തകള്‍ ആണല്ലോ എന്നെ നയിക്കുന്നത്. ചെടികള്‍ക്ക് അവരുടെ ജീവജലം കൊടുത്തു ഞാന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
പെട്ടന്നുള്ള ഫോണ്‍ ശബ്ദം കേട്ട് ഞാന്‍ ചിന്തകള്‍ക്ക് ഇടവേള കൊടുത്തു. മോളോ മോനോ ആവും അവരുടെ രാവിലെ ഉള്ള പതിവ് വിളി ആണ്
. 'അമ്മ ഇവിടെ ഒറ്റയ്ക്കാണ് എന്നുള്ളതാണ് എനിക്ക് തോന്നുന്നു അവരെ സംബന്ധിച്ചിടത്തോളും ഇപ്പോഴുള്ള ആവലാതി എന്ന് തോന്നും. എന്റെ ശബ്ദം കേട്ടിട്ട് മാത്രം അവര്‍ ഉറങ്ങുള്ളൂ. ഇന്നത്തെ യാത്രയെ പറ്റി രണ്ടുപേരും ചോദിച്ചറിഞ്ഞു. ശരിക്കും പറഞ്ഞാല്‍ മക്കളുടെ നിര്‍ബന്ധമാണ് ഈ യാത്രയുടെ പിന്നില്‍ അമ്മയ്ക്ക് ഒരു മാറ്റം വേണ്ടേ എന്ന് പറഞ്ഞു. യാത്രകളുടെ പ്രണയിനി ആയിരുന്നു ഈ അമ്മ എന്നത് അവര്‍ക്കു അല്ലാതെ ആര്‍ക്കാ അറിയുന്നത് ?അടിപ്പിച്ചു രണ്ടു ദിവസം കിട്ടിയാല്‍ ഞങ്ങള്‍ എവിടെ എങ്കിലും യാത്ര പോകും. മോന് ആണെങ്കില്‍ വീട്ടില്‍ കിടന്നു ഉറങ്ങാന്‍ എന്ത് ഇഷ്ടമാണെന്നോ ?പരീക്ഷ ഒക്കെ കഴിഞ്ഞു ഉറങ്ങാന്‍ പക്ഷെ ഞാന്‍ സമ്മതിക്കില്ല. എങ്ങനെയും കൊണ്ടുപോകും മക്കള്‍ ഇല്ലാതെ പോകാന്‍ അന്നൊക്കെ മടിയായിരുന്നു. പിന്നെ പിന്നെ ഞങ്ങള്‍ മാത്രമായി യാത്രകള്‍. ഇനി ഒരു യാത്രമാത്രം അവശേഷിക്കുന്നു.
നീണ്ട ഹോണ്‍ അടി ശബ്ദം എന്നെ പിന്നെയും ഉണര്‍ത്തി അപ്പോള്‍ എവിടെ ഏതോ ട്രാഫിക് ബ്ലോക്കില്‍ ആണ്. എറണാകുളത്തേക്കുള്ള യാത്ര അവിടെ മഹാരാജാസ് കോളേജില്‍ 1985-ലെ എം.സി.സി. ബോട്ടണി ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ആണ്. കുറെ പേരുമായി ഇപ്പോഴും നല്ല സൗഹൃദമാണ് അതാണ് ഇങ്ങോട്ടു വരാന്‍ പ്രേരിപ്പിച്ചത്. വഴിയിലെ യാത്രയില്‍ ഒരു ഹോട്ടലില്‍ പ്രാതല്‍ കഴിച്ചു. ഒരു 10.30ന് ഞങ്ങള്‍ കോളേജില്‍ എത്തി ചേര്‍ന്നു. അവധി ദിവസം ആയതുകൊണ്ട് കുട്ടികള്‍ ഒന്നും ഇല്ല. അവിടുത്തെ ഒരുക്ലാസ്സ് റൂം ആയിരുന്നു വേദി ആയി തിരഞ്ഞെടുത്തത്. പഴയമുഖങ്ങള്‍ എല്ലാം തന്നെ പ്രായത്തിന്റെ കടന്നുകയറ്റത്തില്‍ ക്ഷീണിതര്‍ ആയിരുന്നു. നീണ്ട ഒരു പ്രസംഗം ഏവര്‍ക്കും മടുപ്പുളവാക്കും എന്നുള്ളതുകൊണ്ട് അത് മാറ്റി വച്ചു എല്ലാവരും തമ്മില്‍ സംസാരിച്ചു മക്കളുടെ കൊച്ചുമക്കളുടെ കാര്യം പറഞ്ഞു അങ്ങനെ നല്ല ഭക്ഷണം കഴിച്ചു പിരിഞ്ഞു.
തിരിച്ചുള്ള യാത്രയില്‍ ശാരീരികമായ ബുദ്ധിമുട്ടു ഞാന്‍ മറന്നു. കുറച്ചുകൂടെ മനസ്സ് ഉന്മേഷം കിട്ടിയതുപോലെ ഒരു തോന്നല്‍. വഴിയില്‍ ഒരു ചായകുടി കഴിഞ്ഞു എപ്പോഴോ ഒന്ന് മയങ്ങി പോയി. സുനില്‍ വിളിച്ചപ്പോള്‍ ആണ് വീടെത്തി എന്ന് അറിഞ്ഞത്. കാറിന്റെ താക്കോല്‍ തന്നിട്ട് സുനില്‍ മടങ്ങി. ഞാന്‍ മക്കള്‍ക്ക് വീട്ടില്‍ എത്തി എന്ന മെസ്സേജ് അയച്ചു ഫ്രഷ് ആയി ഉറങ്ങാന്‍ കിടന്നു.
അടുത്ത ദിവസം നേരം വൈകിയോ എന്ന് കരുതി നടത്തത്തിന്റെ വേഗം കൂട്ടി രാധ ഗേറ്റിന്റെ അടുത്തെത്തി പതിവുപോലെ ചേച്ചി ഗേറ്റ് തുറന്നിട്ടിട്ടുണ്ടല്ലോ. നോക്കിയപ്പോള്‍ അയ്യോ ചേച്ചി ഇന്നലെ ഗേറ്റ് അടയ്ക്കാന്‍ മറന്നോ താഴ് അവിടെ തന്നെ കിടക്കുന്നു. സാധാരണ ചേച്ചി അത് എടുത്തു മാറ്റി വയ്ക്കുകയാണല്ലോ പതിവ്. കാളിംഗ്ബെല്ലിന്റെ നീണ്ട ശബ്ദത്തിലും ചേച്ചി എഴുന്നേറ്റില്ലേ ഇതു പതിവില്ലല്ലോ ??വീടിന്റെ അകത്തു ഫോണ്‍ ബെല്ലടിക്കുന്നു. ചേച്ചി എഴുനേല്‍ക്കുന്നില്ലല്ലോ. രാധയുടെ മനസ്സ് ഒന്ന് പിടച്ചു. അടുത്ത വീട്ടിലേക്കു ഓടി. കുറച്ചു വൈകി ആണെങ്കിലും രാധ അറിയും യാത്രയുടെ പ്രണയിനി ഒരു നീണ്ടയാത്രക്ക് പോയിരിക്കുന്നു. മടങ്ങി വരാത്ത യാത്രയ്ക്ക് .......!
------------------------------
© ശ്രീലേഖ. എസ്
© ശ്രീലേഖ. എസ്
0 Comments