പശുവും ആടും ഒക്കെ ഉണ്ടായിരുന്നു അവിടെ. പറമ്പത്തും വരമ്പത്തും കളിച്ചും ചിരിച്ചും കടന്നുപോകുന്ന ദിനങ്ങള്‍. ആളുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ട് തന്നെ കുഞ്ഞകത്തും അകായിലും മറ്റു മുറികളിലും ഒക്കെ ആയി കിടന്നുറങ്ങും. പിറ്റേന്ന് കളിക്കുന്നതിനെ കുറിച്ച് ആലോചിച്ചുറങ്ങുന്ന ഞങ്ങള്‍ നേരം വെളുക്കാന്‍ കാത്തിരുന്നിരുന്നു.
രാവിലെ ചായക്ക് ചിലപ്പോള്‍ ഒരു ഇഡ്ഡലിയോ ഒരു ദോശയോ ആണ് കിട്ടാറ്. ആളു വീതം എണ്ണം തികച്ചുവരുമ്പോള്‍ അതില്‍ വിശപ്പ് ഒതുക്കിയിരുന്നു. ഇഡ്ഡലിയുടെ ഒപ്പം പച്ചമുളകും തേങ്ങയും കൂടി അരച്ച ഒരു ഉഗ്രന്‍ ചമ്മന്തി ഉണ്ടാകും. ഇന്നും നാക്കിന്റെ തുമ്പത്ത് ഉണ്ട് രുചിയുടെ ആ നീറ്റല്‍. രാവിലത്തെ ഭക്ഷണത്തിന്റെ എളിമ കൊണ്ട് തന്നെ പതിനൊന്നു മണിക്ക് ഒരു കഞ്ഞി കുടിക്കും. നല്ല കുത്തരിച്ചോറിന്റെ കഞ്ഞി. മോരും ഉപ്പേരിയും കൂട്ടി അസ്സലൊരു കഞ്ഞികുടി. അധികവും വാട്ടകടച്ചക്ക ഉപ്പേരിയും പറമ്പിലെ പയര്‍ കൊണ്ടുള്ള ഉപ്പേരിയും ആവും. അമ്മായി എന്തുകൊണ്ട് ഉപ്പേരി വെച്ചാലും വല്ലാത്ത സ്വാദാണ്. അമ്മയോട് ഞാന്‍ ഇടയ്ക്ക് പറയും അതുപോലെ ഒന്നു ഉപ്പേരി ഉണ്ടാക്കാന്‍. എങ്ങനെ വച്ചാലും അതുപോലെ ആകാറില്ല. ചില രുചികള്‍ അങ്ങനെയാണ്. ചിലാരാല്‍ മാത്രം നിര്‍വ്വചിക്കപ്പെടുന്നവ.
പറമ്പ് കുറേ ഉള്ളതുകൊണ്ട് പറമ്പ് നനയ്ക്കല്‍ വലിയൊരു അധ്വാനമാണ്. മോട്ടറിട്ട് ഓസിലൂടെ വെള്ളം വരുമ്പോള്‍ ചാടുന്ന വെള്ളത്തില്‍ വെള്ളച്ചാട്ടം സങ്കല്പിച്ച് കുളിച്ചതും കളിച്ചതും ഞാനോര്‍ക്കുന്നു. വളര്‍ത്തുമൃഗങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു അച്ചാച്ചക്ക്. രാവിലെ ഇഡ്ഡലിയാണ് അച്ചാച്ചയുടെ പതിവ്. എന്നും ഒരു ഇഡ്ഡലി ബാക്കിവെക്കും. എന്നിട്ട് പൊന്നാ എന്നൊരു നീട്ടി വിളിയാണ്. ആ വിളി അവസാനിക്കുംമുമ്പ് മണികിലുക്കി ഓടിയെത്തും പൊന്നനാട്.
മാമയും മാമയുടെ കൂട്ടുകാരന്‍ ശങ്കരേട്ടനും കൂടി മീന്‍ പിടിക്കാന്‍ പോകും. ബ്രാലും കരിപ്പിടിയും ഒക്കെ കിട്ടും. മാമ തന്നെയാണ് മീന്‍ മുറിച്ചു നന്നാക്കുക. അത് കാണാന്‍ ഇരിക്കല്‍ ആണ് പിന്നീട് എന്റെ പണി. ബ്രാലിനെ കവറീന്ന് കുടഞ്ഞിടും. പിടയുന്ന ബ്രാലിന്റെ തല നോക്കി കത്തികൊണ്ട് ഒറ്റയടി. പിന്നെ വെണ്ണീര്‍ കൈയിലാക്കി ഒറ്റ പിടി. നിമിഷങ്ങള്‍ക്കകം ബ്രാല് കുട്ടപ്പനായി, കഷ്ണങ്ങളായി, ചട്ടിയില്‍. അതില്‍ കുറച്ചു ഉപ്പും മഞ്ഞളും മുളകുപൊടിയും കുരുമുളക് ചതച്ചതും കൂട്ടിത്തിരുമ്മി പൊത്തി വെളിച്ചെണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കും. ഒരു കഷ്ണം മതി ഒരു കിണ്ണം ചോറുണ്ണാം. എല്ലാവരുടെയും ഉച്ചയൂണ് കഴിയുമ്പോഴേക്കും പലപ്പോഴും ചായനേരം ആകാറുണ്ടായിരുന്നു.വെയില്‍ ആറിയാല്‍ തൊട്ടടുത്തേക്കൊക്കെ സര്‍കീട്ട് നടക്കും.
അവിടെ അടുത്തൊരു ഡാം ഉണ്ട്. മുട്ടിക്കല്‍ ഡാം. ഡാം കാണാന്‍ ഞങ്ങള്‍ കുട്ടിപ്പട്ടാളം ആഘോഷമായി പോകും. കുറച്ചുണ്ട് നടക്കാന്‍. ഡാമിന്റെ മോളീന്ന് താഴെ നോക്കാന്‍ അന്നൊക്കെ എനിക്ക് ഭയങ്കര പേടിയായിരുന്നൂ. ചെറുപ്പത്തില്‍ എനിക്ക് പേടിയില്ലാത്തതായി ഒന്നും ഉണ്ടായിരുന്നില്ല. എന്തിനെയും ഏതിനെയും പേടിയായിരുന്നു. എന്റെ പേടിയെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നത് വടകുറുമ്പക്കാവ് അമ്പലത്തിലെ തിരുമേനി പൂജിച്ചിരുന്ന വെളുത്ത ചരട് ആയിരുന്നു. അപ്പൂപ്പന്‍താടി പോലെ മുടി ആയിട്ട് ഒരു തിരുമേനി ഉണ്ടായിരുന്നു. നല്ലോണം വയസ്സ് ആയിട്ട്.
അവിടുന്ന് ചരടും വാങ്ങി ബ്രഹ്മരക്ഷസിന്റെ അവിടെ ഒരു രൂപ വഴിപാട് ഇട്ട് വീട്ടിലെത്തിയാല്‍ പിന്നെ എനിക്ക് കുറച്ച് ധൈര്യം കിട്ടുമായിരുന്നു. ആ ചരട് നഷ്ടപ്പെടുന്നതോടെ പിന്നെയും പേടികാലങ്ങളിലേക്ക്. ഇപ്പോഴും ചിലപ്പോഴൊക്കെ എനിക്ക് പേടിയാണ്.
അവിടെ തൊട്ടടുത്താണ് സരിത ചേച്ചിയുടെ വീട്. മാമടെ എത്തിയാല്‍ ആദ്യം അങ്ങോട്ടോടും ഞാന്‍. സരിതേച്യോട് പറയാന്‍ കുറെ വിശേഷങ്ങള്‍ ഉണ്ടാകും എനിക്ക്. കാര്‍ത്തിയാനി ചേച്ചിയും പാപ്പുമ്മയും അമ്മിണി ചേച്ചിയും ഒക്കെ ഉണ്ടാകും അവിടെ. ഞാന്‍ ചെല്ലുമ്പോള്‍ അമ്മിണി അമ്മ വെള്ള ടപ്പയില്‍ നിന്ന് കറുത്ത മിഠായി എടുത്ത് എനിക്ക് തരാറുണ്ട്. നല്ല സ്വാദുള്ള മിഠായി. അതും നുണഞ്ഞ് സരിത ചേച്ചിയോടൊപ്പം ഡാന്‍സും പാട്ടും കളികളുമായി ഞാന്‍ അവിടെ ഇരിക്കും.
പൈലി മാപ്പിളയുടെ കടയും, ശിവദേവന്‍ ചേട്ടന്റെ ഓട്ടോറിക്ഷയും,
കോമളം ചേച്ചിയുടെ വീട്ടിലെ മൈലാഞ്ചിയും,
തയ്ക്കുന്ന ചന്ദ്രിക ചേച്ചിയും, പിടിക്കപ്പറമ്പ് അമ്പലത്തിലെ ആനയോട്ടവും, മൂപ്പന്റെ കുഞ്ഞു പരിപ്പുവടയും കുഞ്ഞു സുഖിയനും,
ദീപ ചേച്ചിയുടെ വീട്ടിലെ പ്രസ്സും, മേരി ബസ്സും
ആ നാളുകളിലെ എന്റെ വലിയ ഓര്‍മ്മകളാണ്.
ഉള്ളതുകൊണ്ട് ഓണം പോലെ ആഘോഷിച്ചു മാമടെ അവിടുന്ന് തിരിച്ചുപോരുമ്പോള്‍ വല്ലാത്ത വിഷമം തോന്നാറുണ്ട് അന്നൊക്കെ.
തിരക്കുപിടിച്ച ഇന്നുകളില്‍ മടുപ്പിക്കാത്ത ഓര്‍മ്മകളാല്‍ സമ്പുഷ്ടമായ ഇന്നലെകളുണ്ട് എന്നതാണ് ജീവിതത്തില്‍ ആശ്വാസ സുഗന്ധം തീര്‍ക്കുന്നത്.
---------------©athira angiras------------------
0 Comments