പിണങ്ങിപ്പിരിഞ്ഞപ്പോഴാണ്
വീടുകള്‍ രണ്ടായി വിഭജിക്കപ്പെട്ടത്.
ഒരുമിച്ചു കുടിച്ച കിണറ്റില്‍ നിന്ന്
ഒരു ദിവസം
പാളയും കയറും മാത്രം
ഇറങ്ങിപ്പോയി.
മുഖാമുഖം ഇരുന്നിരുന്ന
രണ്ടടുക്കളകള്‍
പരസ്പരം പുറം തിരിഞ്ഞു നില്പായ്.
സകല കലത്തിലും തലയിട്ട
കുഞ്ഞാടിന്
ഇരട്ട പൗരത്വം നഷ്ടമായി.
രാജ്യാതിര്‍ത്തിയില്‍
നുഴഞ്ഞു കയറിയവരുടെ
കരിമ്പട്ടികയില്‍
ഇപ്പുറത്തേക്ക് ചാഞ്ഞ മരവും
കാലത്ത് വീണ മാമ്പഴങ്ങളും
അകപ്പെട്ടു പോയി.
കഞ്ഞിവെള്ളവും പഴത്തൊലിയും
നിരോധിത ഉത്പന്നങ്ങളായപ്പോള്‍
കാത്തു കിടന്ന കന്നുകാലികള്‍
കൊടും പട്ടിണിയിലായി.
മൂലയിലൊഴിച്ചു കളഞ്ഞിരുന്ന
മീന്‍ വെള്ളം
' സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍
മാലിന്യം നിക്ഷേപിക്കുന്നുവെന്ന തലക്കെട്ടില്‍
വാര്‍ത്തകളില്‍ വെണ്ടക്ക നിരത്തപ്പെട്ടു.
മരണങ്ങള്‍ തമ്മില്‍
പേരിന് മിണ്ടിയപ്പോഴും
കല്യാണങ്ങള്‍
കണ്ട ഭാവം പോലും നടിച്ചില്ല.
നയതന്ത്രമുള്ള
ഒറ്റവാക്കിന്റെ ദൂരമേ
അകന്നുപോയ
രണ്ടു രാജ്യങ്ങള്‍ക്കിടയിലായ്
എത്ര തന്നെ അളന്നു നോക്കിയാലും
ഇവിടെയുള്ളൂ.
----------------------------------------
© സെയ്തലവി വിളയൂര്‍
0 Comments