മൃഗങ്ങളെയും സ്ത്രീകളെയും വേട്ടയാടി നശിപ്പിച്ചും ആണുങ്ങളെ മദ്യത്തില്‍ ആറാടിച്ചും പൂച്ചക്കണ്ണനും കൂട്ടരും തിരിച്ചുപോയി . പാറ മാതന്റെ അളയില്‍ അവരൊളിപ്പിച്ച ആനകൊമ്പ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ കണ്ടെടുത്തു. പാറ മാതന് ജയിലില്‍ തലതല്ലി ചത്തു . നായാട്ടുകാര്‍ വന്ന് കൃത്യം ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ അവള് പെറ്റു .വെളുത്ത പൂച്ചക്കണ്ണുള്ള ഒരു പെണ്‍കുട്ടിയെ.....
വരികളില്‍ നിന്ന് വരികളിലേക്ക് പോകുന്തോറും ഹൃദയത്തില്‍ ഒരു കൊളുത്തിപ്പിടുത്തം. അത് പിന്നെ ആത്മരോഷമായി പുകഞ്ഞു.
അധമ വല്ക്കരിക്കപ്പെട്ട വരെയും അരികു വല്ക്കരിക്കപ്പെട്ട വരെയും ചേര്‍ത്തുനിര്‍ത്തി ശ്രീ എല്‍ എസ്സ് ബിനു എഴുതിയ അതിശക്തമായ നോവലാണ് 'പ്രിചോയി. ' ചോദ്യ മുനകളില്‍ മുറിപ്പെട്ടും ആത്മനിന്ദയില്‍ പഴിച്ചുമേ ഈ നോവല്‍ വായിച്ചു തീര്‍ക്കാനാവൂ.
തന്റെ ചുറ്റുമുള്ള ആകുലപ്പെടുത്തുന്ന പുറം കാഴ്ച്ചകളിലേക്ക് തുറിച്ചു നോക്കി, അകം ജാലകത്തിന്റെ പ്രതലങ്ങളില്‍ പതിച്ച കാഴ്ചകളോരോന്നും ഓര്‍മകളുടെ അറകളില്‍ ശേഖരിച്ച് വച്ച്, ബോധമണ്ഡലത്തില്‍ തേച്ച് മിനുക്കി ഇഴച്ചേര്‍ത്ത് നെയ്തെടുത്തതാണ് ഈ നോവലിലെ സംഭവങ്ങളോരോന്നും .
നേരും നെറിവും വിദ്യാഭ്യാസവും ഉള്ള പ്രിചോയി എന്ന ആദിവാസി യുവതി തന്റെ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളും അവളുടെ ഉശിരോടെയുള്ള ചെറുത്തു നില്പ്പില് അവള്‍ക്ക് പറ്റിയ ദുരവസ്ഥയുമാണ് നോവലിന്റെ ഇതിവൃത്തം.
ചരിത്രത്തിന്റെ അടരുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സംഭവങ്ങളും നാഗരികതയുടെ സഹ ജീവിതവും ഒപ്പം വിഴുപ്പുകളും അടിച്ചമര്‍ത്തപെട്ടവന്റെ മോഹങ്ങളും വേദനകളും ആത്മാശം ചോര്‍ന്നു പോകാതെ, വായനക്കാരന്റെ വികാര വിചാര ചിന്താമണ്ഡലത്തില്‍ ചൂടും കുളിരും , ആര്‍ദ്രതയും കാലുഷ്യവും ഇരുളും വെളിച്ചവുമായി അനുഭവവേദ്യമാക്കാന്‍ നോവലിസ്റ്റിനായിട്ടുണ്ട് .
ആനക്കല്ല് ഫോറസ്റ്റ് ഓഫീസില്‍ നിന്ന് പത്ത് പതിനഞ്ച് കിലോമീറ്റര്‍ കാടിനുള്ളിലൂടെ പോയാല്‍ അട്ടയാര്‍ . അട്ടയാറിന് മുകളില്‍ ആദിവാസികള്‍ കാട്ടു കമ്പ് കൊണ്ട് തീര്‍ത്ത താല്‍ക്കാലിക പാലം. പാലം കടന്നാല്‍ അസ്തിയറുപ്പന്പുല്ലുകള് വളര്‍ന്ന ഇടുങ്ങിയ വഴി. പിന്നെ കൊടുംകാട്. കുത്തനെയുള്ള മല കയറിയിറങ്ങിയാല്‍ താഴ് വാരത്താണ് കടമ്മാങ്കുന്ന് കോളനി. ഇത്രയും സാഹസപ്പെട്ട് പുറം വെളുത്തവര്‍ പുറം കറുത്തവരെ തേടി അവിടെയെത്തുന്നത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്ത്താനൊന്നുമല്ല സ്വന്തം ലാഭേച്ഛയ്ക്കു വേണ്ടി മാത്രം .
നിസ്സഹായരായ നിരാലംബരായ ഹതാശരായ നിരക്ഷരരായ ഈ മനുഷ്യരൂപങ്ങളെ വിദ്യാഭ്യാസംകൊണ്ട് മാത്രമേ ഇരുളില്‍ നിന്ന് കരകയറ്റാനാവു എന്ന് വിശ്വസിച്ച ജോണ്‍ സേവ്യര്‍,അവരെ മനുഷ്യരായി ചേര്‍ത്തു നിര്‍ത്തിയ വേണുമാഷ്, അവര്‍ക്കിടയില്‍ നിന്നും നാലക്ഷരം പഠിച്ച ചോയി, ആദിവാസികളുടെ വെള്ളംകുടി മുട്ടിക്കുന്ന സ്വകാര്യ ചെക്ക്ഡാമിന് എതിരെ പ്രിചോയിയും കൂട്ടരും നടത്തുന്ന സമരത്തില്‍ മാധ്യമധര്‍മ്മം നിര്‍വഹിക്കുന്ന സുധി എന്ന യുവാവ് ,പരാശ്രയമില്ലാതെ സ്വന്തം കാലില്‍ ജീവിച്ച് കാണിച്ച ചെറിയമ്മ, കുറുക്കനായ ജോസഫ് ചെറിയാന് തുടങ്ങി ഒരുപാട് ജീവിതങ്ങള്‍ ഇഴചേര്‍ത്ത് കഥ പുരോഗമിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ഒരു വേദിയില്‍ നിന്നോണം തട്ടും തടവുമില്ലാതെ മനസ്സിലേക്ക് ഇറങ്ങി വരുന്നു.
കാലാന്തരങ്ങളിലൂടെ സഞ്ചരിച്ച് മനുഷ്യമനസ്സുകളുടെ നോവുകളും നൊമ്പരങ്ങളും പ്രതീക്ഷകളും ആവാഹിച്ച് വായനക്കാരില്‍ ആസ്വാദനത്തിന്റെ ഒരു പുതുലോകം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് .ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
---------------------------
© usha manalayal
5 Comments
This comment has been removed by a blog administrator.
ReplyDeleteGood
ReplyDeleteമനോഹരം
ReplyDeleteനിറഞ്ഞ സന്തോഷം
ഞാനും ഈ നോവൽ വായിച്ചു. നിങ്ങളുടെ അഭിപ്രായത്തോട് നിരുപാധികം യോജിക്കുന്നു. വളരെ നല്ല രീതിയിൽ review നൽകിയിട്ടുണ്ട്. മനോഹരം.
ReplyDeleteനിലവാരം പുലർത്തിയ റിവ്യു.പുസ്തകം വായിക്കാൻ മനസ്സിനെ പ്രേരിപ്പിക്കും.തീർച്ച.
ReplyDelete