കടലിന്റെ മരണം © ആതിര അംഗിരസ്



ഇതൊരു ശ്മശാനഭൂമിയാണ്.
അനേകായിരം മീനുകളുടെ,
കഥ പറഞ്ഞ മത്സ്യകന്യകയുടെ.
ഇനി ഇവിടെ കാടു പൂക്കും
അതിരും അതിര്‍ത്തിയുമുയരും.
അവയ്ക്കുമീതെ ഉപ്പ് പെയ്യും.
കൂടെ കൂടെ കാറ്റ് വീശും,
മത്സ്യഗന്ധമുള്ള കനല്‍കാറ്റ്.
പണ്ട് ഇതൊരു കടലായിരുന്നു.
കര തിരയുന്ന തിരകളുള്ള വന്‍കടല്‍.
ചെറുമീനുകളും വമ്പന്‍ സ്രാവും
തിമിംഗലവീരന്മാരും
വിഹരിച്ചിരുന്ന ആഴക്കടല്‍.
പവിഴപ്പുറ്റിനെ ചുംബിച്ചും,
നക്ഷത്ര മത്സ്യങ്ങളെ വാരിപ്പുണര്‍ന്നും,
മുത്തുച്ചിപ്പികളെ ഇക്കിളിപ്പെടുത്തിയും,
അലയടിച്ച് അലയടിച്ച്,
ഒടുക്കം,
അക്കടല്‍ മരിച്ചു,
ഒരിറ്റു വെള്ളം കിട്ടാതെ.
athiraangiras

Post a Comment

0 Comments