ജീവിതം മനോഹരം © വരദേശ്വരി കെ.



കാലങ്ങളേറെക്കഴിഞ്ഞു കൊഴിഞ്ഞിട്ടും
കണ്‍മണികളായിട്ടാരും പിറന്നില്ല.
കായലക്കരയിലെ വീടിന്റെ മുറ്റത്ത 
കാതരയായിക്കരഞ്ഞവള്‍ ചെമ്പകം

ആലില കൂട്ടങ്ങള്‍ ആലോലമാട്ടിയാ - 
ചെമ്പക ദു:ഖത്തെ തൂത്തെറിയാന്‍
നാളുകള്‍ നാലു കഴിഞ്ഞപ്പോള്‍ കാണാം.
ഇളം മൊട്ടുകള്‍ മെല്ലെ തുടുത്തു വരുന്നു.

ചെമ്പകച്ചോട്ടിലെ ചെറുതെന്നല്‍ നന്നായ്
ചാഞ്ചാടിയാടി കളിച്ചു തെരുതെരെ .
ചെമ്പകപ്പൂവിനെ  മൃദുവായ് തലോടി
ചെവിയില്‍ കുസൃതിയാല്‍ കളിയും ചൊല്ലി. 

നാട്ടില്‍ മുഴുവനും വാര്‍ത്ത പരത്തണം.
പ്രസൂനക്കുഞ്ഞിനെ പ്രസവിച്ച വാര്‍ത്ത .
ഒത്തൊരു യൗവ്വനത്തിമിര്‍പ്പിലെത്തി
ചെമ്പകപ്പെണ്‍മണിയെന്നതും ചൊല്ലണം.

പൊള്ളുന്ന വേനലില്‍ സൂര്യന്റെ നോട്ടത്താല്‍
പൊട്ടിക്കരഞ്ഞവള്‍ ചെമ്പകമെങ്കിലും
കാലമാം സൗഹൃദം കൈ പിടിക്കേ,
കല്മഷക്കടലുകള്‍ നീന്തിക്കടന്നു.

ചെമ്പകച്ചോട്ടിലെ ചെറുതെന്നല്‍ ചേലില്‍
നര്‍ത്തന ഭാവത്തില്‍ തുള്ളിക്കളിച്ചു പൊയ്!
കാട്ടിലും മേട്ടിലും വാര്‍ത്ത പരത്തുവാന്‍
സുഗന്ധത്തിലാറാടി നീങ്ങിയക്കാറ്റ്.

സന്തോഷം തുളുമ്പും കണ്‍തടത്തോടെ
ഹിന്ദോള രാഗങ്ങള്‍ മീട്ടിയിളംതെന്നല്‍ .
ചാലേ മനോഹരം മോഹിതജീവിതം
ചൊല്ലാതെ ചൊല്ലി കിളിക്കുഞ്ഞിന്‍ പറ്റങ്ങള്‍.

വാര്‍ത്ത കേട്ടുളളില്‍ തംബുരു മീട്ടി,
ചില്ലകളാടി ചരിഞ്ഞാടി ചേലിലായ്!
പൊട്ടിച്ചിരിയില്‍ മുഴുകി ചില്ലകള്‍
നന്മയാം  സുഗന്ധത്തില്‍ മുങ്ങി മയങ്ങി.
varadeswarik

Post a Comment

0 Comments