കാട്ടാളകൂട്ടമേ... മാപ്പില്ലൊരിക്കലും ► വരദേശ്വരി. കെ



മാപ്പില്ല കാട്ടാളകൂട്ടമേ, നിങ്ങള്‍ക്ക്
ഉപ്പോളം പോലും ദയയില്ലാവര്‍ഗ്ഗമേ!
അപ്പനുമമ്മയ്ക്കും കണ്ണിലെ കണ്‍മണി
ചിപ്പിയായ്, മുത്തായ്, വാത്സല്യനിധിയിവള്‍!

പപ്പ മരിച്ചപ്പോള്‍ ദുഖക്കടലിലായ്,
പാപ്പരായ് തീര്‍ന്നതിവളുടെ കുറ്റമോ?
പപ്പ മരിച്ചതിന്‍ ദുഖങ്ങള്‍ താങ്ങാതെ
പപ്പടംവില്ക്കാനലഞ്ഞു നടന്നിവള്‍!

അപ്പത്തിന്നായിട്ടു നെട്ടോട്ടമോടവേ.
കപ്പയല്പംകട്ടതോ കുറ്റമായ് വന്നു.
മാപ്പിരക്കുന്നയാ കണ്ണുകള്‍ കണ്ടില്ലേ?
ഒപ്പം കൂട്ടേണ്ടവര്‍ പീഡനങ്ങള്‍ നല്കി.

അപ്പോള്‍ കിട്ടിയ താഡന പീഡനങ്ങള്‍
ഒപ്പമവള്‍ക്കായില്ല താങ്ങാന്‍ മേനിയില്‍
ഇപ്പോളവള്‍ ഭൂവിലില്ലാതെ പോയതു
മിപ്പാരിതില്‍ കാരണമായവര്‍ നിങ്ങള്‍.

അപ്പുറമുള്ളൊരു മര്‍ത്ത്യന്റെ നൊമ്പര-
മിപ്പുറമുള്ളവരറിയേണം ദൃഢം.
ഇപ്പാരിലല്ലെങ്കിലെന്തിനീ ജന്മവും
മാപ്പു തന്നീടുമോ ഈശ്വര കല്പിതം!
**********



Post a Comment

0 Comments