കുടുംബസമേതം കാനഡയില്‍ | ഹാഷിം കുറ്റിയില്‍


രു പാട് കാഴ്ചകള്‍ കാണാനുള്ള സ്ഥലം തന്നെയാണ് ക്യാനഡ. എന്നാല്‍ ക്യാനഡയില്‍ വന്നിട്ടു നയാഗ്ര വാട്ടര്‍ ഫാള്‍ കാണാതെ പോകരുത്. ഒരു വെള്ളച്ചാട്ടം എങ്ങനെ ലോകാത്ഭുതങ്ങളില്‍ ഒന്നായി സ്ഥാനം പിടിച്ചു. അത് മനസ്സിലാകണമെങ്കില്‍ നേരിട്ടു തന്നെകാണണം.

ഞങ്ങള്‍ ഒക്ടോബര്‍ അഞ്ചാം തിയതി ശനിയാ ഴ്ചനയാഗ്ര കാണാന്‍ രാവിലെ 9 മണിക്ക് ഫ്‌ലാറ്റില്‍ നിന്നും ഇറങ്ങി. ടൊറന്റോയില്‍ ഞങ്ങള്‍ താമസിക്കുന്നിടത്ത് നിന്നും 130 കിലോമീറ്റര്‍ ദൂരമുണ്ട്. ബസില്‍ ഒന്നര മണിക്കൂര്‍ യാത്ര. നേരത്തേ തന്നെ Safe way tours -ല്‍ മൂന്ന് സീറ്റ് ബുക്ക് ചെയ്തിരുന്നു. ഞങ്ങള്‍ 09.20 ന് ബസ് പോയിന്റില്‍ എത്തി. 09.30 ന് തന്നെ ബസ് എത്തിച്ചേര്‍ന്നു. ബുക്കു ചെയ്തവരും അല്ലാത്തവരുമായ യാത്രക്കാര്‍ എല്ലാവരും ബസില്‍ക്കയറി. 09.45 ന് തന്നെ ബസ് പുറപ്പെട്ടു.
 എല്ലാ കാലാവസ്ഥയിലും നയാഗ്ര കാണാന്‍ അനുയോജ്യമല്ല. അത് കൊണ്ട് അതിശൈത്യമായ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ അവിടെ പ്രവേശനമില്ല. എപ്പോഴായാലും തെളിഞ്ഞ കാലാവസ്ഥയാണ് നയാഗ്രാ കാണാന്‍ അനുകൂലം. എന്തായാലും ഞങ്ങള്‍ ചെന്ന ദിവസം വളരെ നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു.

റോഡിന്റെ ഇരുവശത്തുമുള്ള മനോഹരമായ ഫ്‌ലാറ്റുകള്‍, apartments, വില്ലകള്‍, നൂറു കണക്കിന് നിര നിരയായി കിടക്കുന്ന, കാറുകളുടേയുംട്രക്കുകളുടേയും, ഷോറൂമുകള്‍. ഒരു വശത്ത് വിശാലമായ ഒന്റേറിയോ തടാകം, നയാഗ്രാ നദി, മനോഹരമായ വൃക്ഷങ്ങള്‍, ഫലവൃക്ഷത്തോട്ടങ്ങള്‍ എന്നിവയെല്ലാം കണ്ടു കൊണ്ടു ക്യൂന്‍ എലിസബത്ത് ഹൈവേയിലൂടെയുള്ള യാത്ര. ഇതിനിടയില്‍ SNC LAVLINE. എന്ന ബോര്‍ഡ് വെച്ച ഒരു കെട്ടിടം എന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോഴാണ് SNC ലാവ് ലിന്റെ ആസ്ഥാനം ക്യാനഡ ആണെന്ന് ഓര്‍മ വന്നു. യാത്രാവേളയില്‍ ബസില്‍ ഒരു ജാപ്പനീസ് വനിത വന്ന് ഞങ്ങളുടെ ടിക്കറ്റുകള്‍ I D എന്നിവ പരിശോധിച്ചു. 11.15 AM - ന് ഞങ്ങള്‍ നയാഗ്രാ യിലുള്ള കാസിനോ ഹോട്ട ല്‍ സമുച്ചയത്തില്‍ എത്തിച്ചേര്‍ന്നു. അവിടെയും ID (Passport) പരിശോധനയ്ക്ക് വിധേയമാക്കി പ്രവേശിക്കാനുള്ള അനുവാദം ലഭിച്ചു.
അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നയാഗ്രായുടെ ഒരു ദൂരക്കാഴ്ച കാണാന്‍ സാധിക്കും. ശരിയായ ഭംഗിയും വെള്ളത്തിന്റെ ഒഴുക്കും വെള്ളംനയാഗ്ര നദിയിലേക്ക് പതിക്കുന്നതും കാണണമെങ്കില്‍ അവിടെ നിന്നും പുറപ്പെടുന്ന ബോട്ടില്‍, വെള്ളം പതിക്കുന്നതിന് വളരെ അടുത്തു വരെ ചെല്ലുന്ന ബോട്ടില്‍ യാത്ര ചെയ്യണം. ബോട്ടുയാത്ര ഒഴിവാക്കിയുള്ള നയാഗ്രാ വീക്ഷണം പൂര്‍ണ്ണമല്ല.

കുറെ നടന്ന് കണ്ടു. തറനിരപ്പില്‍ നിന്നും വളരെ താഴെയായിട്ടാണ് നയാഗ്രാ നദി ഒഴുകുന്നത്. നയാഗ്രാനദി ക്യാനഡായുടെ ഭാഗമാണ്. എന്നാല്‍ എതിര്‍ ഭാഗത്ത് ഉയരത്തില്‍ കാണുന്ന പാറക്കൂട്ടങ്ങളും മലനിരകളും അതില്‍ കൂടി മലവെള്ളപ്പാച്ചില്‍ പോലെ രൗദ്ര ഭാവം പൂണ്ടു വരുന്ന വെള്ളവുമെല്ലാം അമേരിക്കയുടെ ഏരിയ ആണ്. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയാണ് നയാഗ്രാ. ഇരു വശത്തു നിന്നും വെള്ളച്ചാട്ടം കാണാമെങ്കിലും ക്വാനഡയില്‍ നിന്നുള്ള കാഴ്ചയാണ് കൂടുതല്‍ മനോഹരം. കുറച്ചു സമയം നടന്ന് കാഴ്ചകള്‍ കണ്ടു. സമയം ഏതാണ്ട് ഒന്നരയായി. ലഘു ഭക്ഷണങ്ങള്‍, ഐസ് ക്രീം, സ്‌നാക്കുകള്‍ എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍ കാണാം. ചെറിയ വിശപ്പുള്ളതിനാല്‍ ഓരോ hot dogs കഴിക്കാമെന്ന് കരുതി. Hotdog എന്നാണ് പേരെങ്കിലും പട്ടിയുമായി യാതൊരു ബന്ധവുമില്ല. വാഴയ്ക്കാ അപ്പത്തിന്റെ വലിപ്പമുള്ള ഒരു ബ്രഡ് നീളത്തില്‍ മുറിച്ച് അതില്‍ പാചകം ചെയ്ത ചിക്കനോ, ബീഫോ ഫില്‍ ചെയ്തു തരും. കൂടാതെ സവാള , ലെറ്റിയൂസ് എന്നിവ അരിഞ്ഞതും മയണൈസും , സോസും ചേര്‍ത്തു കഴിക്കാം. സാധാരണ ഹോട്ട് ഡോഗ് ഒരു പീസിന് നാലോ അഞ്ചോ ഡോളറാണ് വില. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ എട്ടോ പത്തോഡോളര്‍ വരെ കൊടുക്കണം. ലഘു ഭക്ഷണം കഴിഞ്ഞ് ബോട്ട് യാത്രയ്ക്ക് തയ്യാറെടുത്തു. തറനിരപ്പില്‍ നിന്നും വളരെ താഴെയാണ് ഫെറി. ലിഫ്റ്റുവഴിയാണ് താഴേക്ക് പോകുന്നത്. പോകുന്നതിന് മുമ്പായി അവിടെയും പരിശോധന ഉണ്ട്. ഞങ്ങളുടെ മൂന്നുപേരുടേയും ഫോട്ടോയും എടുത്തു. താഴെ ചെല്ലുമ്പോള്‍ ബോട്ടിലേക്ക് കയറുന്നതിനു മുമ്പായി കടും ഓറഞ്ചുനിറത്തിലുള്ളതും കനം കുറഞ്ഞ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ചതുമായ ഒരു റെയിന്‍ കോട്ട് തരും. നദിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തുമ്പോള്‍ അവിടെ ഉണ്ടാകുന്ന വെള്ളത്തുള്ളികള്‍ ശക്തിയായ ഒരു ചാറ്റല്‍മഴ പോലെ നമ്മുടെ ദേഹത്ത് പതിക്കുകയും നമ്മള്‍ നനയുകയും ചെയ്യും. അതില്‍ നിന്നും ഒഴിവാകുന്നതിനാണ് ഈ റെയിന്‍ കോട്ട്. യാത്ര കഴിഞ്ഞ് ഇത് തിരികെ ഏല്പിക്കണം. ബോട്ടുയാത്ര തുടക്കം മുതല്‍ യാത്രക്കാരില്‍ ആവേശം ഉണര്‍ത്തിയിരുന്നു. വെള്ളം പതിക്കുന്നിടത്തേക്ക് അടുക്കുന്തോറും സകലരുടേയും ആവേശം കൂടി വരുന്നതായി അവരുടെ ആരവങ്ങളില്‍ നിന്നും മതി മറന്നുള്ള ച അട്ടഹാസത്തില്‍ നിന്നും നമ്മള്‍ക്ക് ബോധ്യമാകും. ഇവിടെയാണ്‌നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ  ശരിയായ ആസ്വാദനം. ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും മലയാളിയെ കാണാം. ആ ബോട്ടിലും ഞങ്ങള്‍ കണ്ടു വള്ളികുന്നം സ്വദേശിയായ ബിപിനേയുംകൂട്ടരേയും, വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവവും സൗന്ദര്യവും ആകര്‍ഷണീയതയും എങ്ങനെ എഴുതിയാലും പൂര്‍ണ്ണമാകില്ല. ഇതിനോടൊപ്പമുള്ള വീഡിയോ കണ്ടു നോക്കുക.
ഉച്ച കഴിഞ്ഞു മൂന്നു മണിയോടുകൂടി ബോട്ടുയാത്ര കഴിഞ്ഞു. അവിടെ മറ്റു പലതും കാണാനുണ്ട്. വാക്‌സ് മ്യൂസിയം., അമ്യൂസ്‌മെന്റ് ഗാലറി, മോട്ടോര്‍ കാര്‍ യാത്ര,തുടങ്ങി പലതും.

ഞങ്ങള്‍ വന്ന ബസ് അടുത്ത ട്രിപ്പിന് വേണ്ടി തിരികെ പോയിരുന്നു. ഞങ്ങള്‍ക്ക് തിരികെ പോകേണ്ട ബസ് നമ്പര്‍ 8 ആണെന്നും അഞ്ചു മണിക്ക് തിരികെ പോകുമെന്നും അറിയിച്ചിരുന്നു. 4.30 ന് ബസ് നമ്പര്‍ 8 എത്തി. കൃത്യം അഞ്ചു മണിക്ക് തന്നെ മടക്ക യാത്ര ആരംഭിച്ചു. 7.PM -ന് തിരികെ ഫ്‌ലാറ്റില്‍ എത്തി.
നയാഗ്രാ രാത്രയിലും കാണേണ്ടത് തന്നെയാണ്. വിവിധതരത്തിലുള്ള നിറങ്ങളോടു കൂടിയ ദീപാലങ്കാരങ്ങളും കാണേണ്ട കാഴ്ച യാണ്.അതിനാല്‍ നയാഗ്രയില്‍ പോകുന്നെങ്കില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് എത്തിച്ചേരുക. പകല്‍ ബോട്ടുയാത്ര മറ്റു കാഴ്ചകള്‍ . രാത്രിയില്‍ ദീപാലങ്കാരക്കാഴ്ച. രാത്രിയിലും തിരികെ വരാന്‍ ബസ് ലഭ്യമാണ്.
(തുടരും)





ഇ-ദളത്തിലേക്ക് നിങ്ങളുടെ കഥ, കവിത, നിരൂപണം, വാര്‍ത്തകള്‍, നോവല്‍, പുസ്തക പരിചയം എന്നിവ പ്രസിദ്ധീകരിക്കുവാന്‍ 
വാട്ട്സ് ആപ്പ് ചെയ്യൂ...
8592020403

Post a Comment

0 Comments