ബന്ധവും ബന്ധങ്ങളും | രജിന്‍.എസ്.ഉണ്ണിത്താന്‍


ലേഖനം
രാത്രി ഏറെ ആയി. അടുക്കളയില്‍ ഒരു പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ആശങ്കയോടെ ഞാന്‍ അവിടെ എത്തിയത്. പൂച്ചകുഞ്ഞ് കരഞ്ഞുകൊണ്ട് ആ മുറിയില്‍ എല്ലാം നടക്കുകയാണ്. എന്താണ് സംഭവമെന്ന് മനസ്സിലായില്ല. അതിനെ കുറച്ചുനേരം ഞാന്‍ നിരീക്ഷിച്ചു. വിശന്നിട്ടാകും എന്നുകരുതി ബിസ്‌കറ്റ് എടുത്തുകൊടുത്തു. ഒരു രക്ഷയും ഇല്ല. അമ്മ പൂച്ചയുമായി കളിച്ചുനടക്കുന്നതുകണ്ടിട്ടുണ്ട്. ഇനി അമ്മയെ കാണാഞ്ഞിട്ടാവും എന്ന് കരുതി ഞാന്‍ വാതില്‍ തുറന്നുകൊടുത്തു. പെട്ടന്ന് അത് ചാടി, മുറ്റത്തേക്ക്, വേറൊന്നിനുമല്ല പാവത്തിന് അപ്പിയിടാനാണ്. അപ്പിയിട്ടിട്ട് അതിന്റെ മുകളിലേക്ക് പിന്‍കാലുകള്‍ കൊണ്ട് മണ്ണ് വാരിയിടുന്ന അതിനെ ഞാന്‍ അത്ഭുതത്തോടെ നോക്കി. ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ ആയിട്ടുള്ളു എങ്കിലും അമ്മ പഠിപ്പിട്ട പാഠം കൃത്യമായി നിറവേറ്റുന്നു. വൃത്തിയുള്ള തറയില്‍ അപ്പിയിടാതിരിക്കാന്‍ ആ അമ്മ പറഞ്ഞുകൊടുത്തിട്ടുണ്ടാവാം. പെട്ടന്ന് അടുക്കളയിലേക്ക് തിരിച്ചുവന്ന് സുഖമായി വന്നുകിടന്നു, ഏറെ സന്തോഷവനായിട്ട് എല്ലാ ബുദ്ധിമുട്ടുകളും മാറി എന്ന ഭാവത്തോടെ. മാതാപിതാക്കള്‍ അത് മനുഷ്യനാണെങ്കിലും മൃഗം ആണെങ്കിലും അവര്‍ പറഞ്ഞുനല്‍കുന്ന ശീലങ്ങള്‍ ഒരു പരിധിവരെ കുഞ്ഞുങ്ങളെ സ്വഭാവത്തെ ബാധിക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

തൊട്ടടുത്ത ദിവസം തന്നെ കേള്‍ക്കുന്ന വാര്‍ത്ത പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു പൂച്ചയെ കുറച്ചു നരാധമന്‍മാര്‍ കെട്ടിത്തൂക്കി കൊന്നിരിക്കുന്നു. കുറച്ചുപേര്‍ ചോദിക്കുന്നു ഇവിടെ മനുഷ്യര്‍ക്ക് ഇതിലും മോശമായ അവസ്ഥയാണ് പിന്നയല്ലേ പൂച്ച. അങ്ങനെ ചിന്തിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല കാരണം സമുഹത്തിലെ കുറ്റങ്ങളും കൊലപാതകങ്ങളും മനുഷ്യന്റെ ചിന്തകള്‍ക്കും അപ്പുറമാണ്. നിറവയറുമായി തൂക്കുമരത്തിലേറിയ പൂച്ചയുടെ കൊലപാതകം ഭൂരിഭാഗം സമൂഹവും ഏറ്റെടുത്തത് മാതൃത്വത്തിനോടുള്ള സ്‌നേഹം കൊണ്ടുകൂടിയാണ്.

സംസ്‌കാരങ്ങളും പൈതൃകങ്ങളും ഒരുപാട് അറിവുകള്‍ നമ്മളിലേക്ക് എത്തിക്കുന്നു. പലരും അതിനോട് പിന്‍തിരിഞ്ഞുനില്‍ക്കാറാണ് പതിവ് കാരണം ഫാസ്റ്റ് ലൈഫിലേക്കുള്ള ഓട്ടത്തിലാണ് എല്ലാവരും അവിടെ പരമ്പരാഗത ജീവിതരീതിക്ക് യൊതൊരു പ്രശക്തിയുമില്ല. ബന്ധങ്ങള്‍ ബന്ധങ്ങളായി കാണാനാണ് പലരും ആഗ്രഹിക്കുന്നത്. കുട്ടികള്‍ ഉണ്ടാവാന്‍ കല്യാണം പോലും കഴിക്കണ്ട എന്ന് ചിന്തിക്കുന്നു. ഒരു മുറിയില്‍ ഒന്നിച്ചിരുന്ന് മദ്ധ്യക്കുപ്പിയില്‍ ലഹരി നുണയുന്നവര്‍ ഇവരെ കണ്ട് പഠിക്കുന്ന യുവതലമുറ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുന്നില്ല. അവിടെയാണ് ഒരു പൂച്ച തന്റെ കുഞ്ഞുങ്ങള്‍ക്ക് നല്ല ശീലങ്ങളും അതിലെ നന്മയും പകര്‍ന്നുനല്‍കുന്നത്. മനുഷ്യര്‍ പലരും അതിന് മുന്‍പില്‍ തോറ്റുപോകുന്നു, ഒരു നല്ല രക്ഷകര്‍ത്താവാകാന്‍. നമ്മുടെ ജീവിതസുഖത്തിനുവേണ്ടി പലജീവനുകളെയും നമ്മള്‍ കാണാതെപോകുന്നു അല്ലെങ്കില്‍ ബോധപൂര്‍വ്വം അവഗണിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കാമവെറിയിലൂടെ നോക്കുന്ന കഴുകന്‍മാരുടെ ഇടയിലാണ് നാം ജീവിക്കുന്നത്. അവിടെ മാതാവും പിതാവും ആയി ജാഗരൂകരായി ഇരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ സമൂഹത്തെ ഈ നിലയില്‍ എത്തിച്ചതിന്റെ പങ്ക് നമ്മള്‍ മനുഷ്യര്‍ക്കുള്ളതാണ്. മാറ്റങ്ങള്‍ എപ്പോഴും ആഗ്രഹിക്കുന്ന നമ്മള്‍ ജീവിത കെട്ടുറപ്പുകളെ പോലും അടര്‍ത്തി മാറ്റാന്‍ ശ്രമിച്ചു. അതിന്റെ വേദനകള്‍ പേറുന്നത് വരും തലമുറയാണ്. ഒരു കോടതിമുറിയില്‍ അവസാനിപ്പിക്കുന്ന ബന്ധങ്ങള്‍ ഒരുപാട് പേരുടെ ത്യാഗങ്ങളാണെന്ന് പലരും മനസ്സിലാകുന്നില്ല എന്നതാണ് യാഥാര്‍ത്യം, അത് മനസ്സിലാക്കാന്‍ പോലും നമുക്ക് സമയം കാണില്ല.

ഒരു പൂച്ചയുടെ പ്രവര്‍ത്തിയില്‍ നിന്നും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഒരു മാതാവ് ചെറുപ്പത്തിലെ തന്റെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് അവന്റെ വ്യക്തിത്വത്തിന് തറക്കല്ലിടുന്നത്. ബന്ധങ്ങള്‍ ബന്ധങ്ങളായി ചിന്തിക്കുന്നവര്‍ക്ക് വരും തലമുറയിലേക്ക് കൊടുക്കാനുള്ള സന്ദേശം ചുരുങ്ങിയതാവും. ഒരു കുഞ്ഞ് വളരും തോറും അതിന്റെ ചുറ്റുമുള്ളവരെയും മാതൃകയാക്കുന്നു. അതില്‍ മുത്തശ്ശനും മുത്തശ്ശിക്കും അമ്മാവന്‍മാര്‍ക്കും ചിറ്റപ്പനും എല്ലാവര്‍ക്കും കഥാപാത്രങ്ങളാകുന്നു. ബന്ധങ്ങളെ മുറിച്ചുമാറ്റുന്നവര്‍ ഇത് ചിന്തിക്കുന്നില്ല. തന്റെ മനസ്സുഖങ്ങള്‍ക്ക് വേണ്ടി ദ്രോഹിക്കുന്നത് വരും തലമുറയെയാണ്. ബന്ധങ്ങളും നല്ല പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പുതുതലമുറയ്ക്കായി നമുക്ക് മാര്‍ഗ്ഗം തെളിക്കാം.

രജിന്‍.എസ്.ഉണ്ണിത്താന്‍

Post a Comment

3 Comments