
1.
രോഗസൗഹൃദം പൂത്ത വരാന്തകള്‍
മരണവാതം മണത്ത സായന്തനം
ചുഴിയുമോര്‍മ്മയില്‍ ചുട്ടുപഴുത്തുഞാന്‍
മിഴികളില്‍ തീകൊളുത്തിയിരിക്കവേ
'അധികശ്രദ്ധാമുറി'ക്കുള്ളിലാണമ്മ,
ഹൃദയതാളം പിഴച്ചേ കിടക്കുന്നു!
2.
രോഗമൊന്നുമില്ലോതി ഭിഷഗ്വരന്‍
അധികഡിഗ്രികള്‍പേരില്‍കൊരുത്തവന്‍
രോഗമേതുമില്ലോതുന്നു പിന്നെയും
മിന്നി നീങ്ങുന്ന' മോണിറ്റര്‍ 'രേഖകള്‍
ഹൃദയസംഗീതമാകെ പകര്‍ത്തുന്ന
ചടുല വൈദ്യുത യന്ത്ര സാമഗ്രികള്‍.
എങ്കിലും ചങ്കു പൊട്ടുന്ന നോവുമായ്
വിങ്ങി മെല്ലെ കരയുകയാണമ്മ !
3.
ഒരു ഭിഷഗ്വരന്‍ നോക്കിയാല്‍ കാണാത്ത
ഹൃദയരോഗമാണമ്മയ്ക്ക്, വാല്‍വുകള്‍-
തരളമായി ത്രസിക്കയാം, അറകളില്‍
തിങ്ങി നില്‍ക്കയാം സ്‌നേഹപ്രവാഹിനി.
യന്ത്രമാപിനിക്കറിയുവാനാവാത്ത
മഹിത രോഗമാണമ്മയ്ക്ക്,സാന്ത്വന-
ക്കവിത കവിയുന്ന ഹൃദയമാണമ്മയ്ക്ക്.
അതു നിലയ്ക്കുവാനാവില്ല, നര്‍ഗ്ഗള-
ജീവതാളമായ് സ്‌നേഹമായ് നമ്മളില്‍,
മക്കളില്‍ ചെറു മക്കളില്‍ പിന്നെയും
പകരുമൊരു മഹാ രോഗമാണമ്മയ്ക്ക്..
അറകള്‍ നാലില്‍ തളയ്ക്കുന്നതെങ്ങനെ
തിരകളാര്‍ക്കുന്ന സ്‌നേഹസമുദ്രത്തെ?
രാജന്‍ കൈലാസ്


3 Comments
കവിത ഒത്തിരിയിഷ്ടം
ReplyDeleteസന്തോഷം..
ReplyDeleteരാജൻ കൈലാസ്
അതിമനോഹരമായ കവിത.അമ്മയുടെേത് ഹൃദയതാളമല്ല സ്നേഹതാളമാണ്.അത് മരുന്നുകള്‍ക്കോ ശാസ്ത്രോപകരണന്ങ്ങള്‍ക്കോവഴങ്ങുന്നതല്ല.രാജന്‍ കൈലാസിന് ഒരുവലിയനമസ്കാരം.
ReplyDelete