ഇവരോട് ക്ഷമിക്കേണമേ... | സുനിമോള്‍ ബളാല്‍

യാളും കൊറോണയും ജനലിനിരുവശത്തുമായി നിന്ന് കുറേ സംസാരിച്ചു.മുഖം മറച്ച്,ഭയം ഒട്ടുമേ നിഴലിക്കാത്ത അയാളുടെ കണ്ണുകളിലേക്ക് അല്‍പനേരം കൂടി നോക്കി നിന്ന ശേഷം കൊറോണ വന്ന വഴിയേ തിരിച്ചുപോയി.

മുതുകില്‍ ചാക്കുകെട്ടും പേറി,മൂക്കും വായും മറച്ച രണ്ടുപേര്‍ തിളയ്ക്കുന്ന വെയിലത്ത് വിയര്‍പ്പിന്റെ വെറുപ്പിനെ തുടച്ചുമാറ്റി കുന്നു കയറുന്ന കാഴ്ച കണ്ട് അഞ്ചാം ക്ലാസുകാരനായ ആകാശ് ചോദിച്ചു. 'അച്ഛാ.,ഈ കൊറോണ കാരണം എന്തു കഷ്ടപ്പാടാണല്ലേ ? ഒരു തണല്‍മരം പോലുമില്ല അവര്‍ക്കൊന്നു വിശ്രമിക്കാന്‍.. പാവങ്ങള്‍..!''
'ഉം...''അയാള്‍ അലസമായി മൂളി.അവധിക്കാല പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്രങ്ങള്‍ മുറിച്ചൊട്ടിക്കുകയായിരുന്ന അവനി ഒരു പത്രവുമായി ഓടി വന്നു. 'ഈ കൊറോണ വേഗൊന്നും പോവണ്ടാരുന്നു.ദാ,നോക്ക്യേ...''
മകളുടെ സന്തോഷം കണ്ട് അയാള്‍ പത്രം പിടിച്ചുവാങ്ങി.അവനി തൊട്ടുകാണിച്ച ചിത്രത്തിന്റെ ക്യാപ്ഷന്‍ വായിച്ചു.

'രണ്ടു പതിറ്റാണ്ടിനുശേഷം പൊന്നുമുണ്ടത്തോട്ടില്‍ തെളിനീരൊഴുകി.' തുടര്‍ന്നുള്ള വാര്‍ത്തകളിലൂടെയും കണ്ണുകള്‍ പാഞ്ഞു. 

'ലോക്ഡൗണിനെത്തുടര്‍ന്ന് അറവുശാലകളും ഹോട്ടലുകളും തുറക്കാത്തതിനാല്‍,മാലിന്യനിക്ഷേപമില്ലാത്ത തോട്ടില്‍ തെളിനീരുറവ..' പൊന്നുമുണ്ടത്തോടിന്റെ സന്തോഷക്കണ്ണീര്‍ കണ്ട് അയാളുടെ കണ്ണിലും ഉറവ പൊട്ടി. ഇത്തിരിമുമ്പ് കൊറോണ പറഞ്ഞ കാര്യങ്ങള്‍ അയാള്‍ വീണ്ടും ഓര്‍മ്മിച്ചു.

'വെന്റിലേറ്ററിലായിരിക്കുന്ന അവനിയെ രക്ഷിക്കാന്‍ ഇത്തിരിക്കുഞ്ഞന്‍ മാരായ  ഞങ്ങളെക്കൊണ്ടേ കഴിയൂ എന്ന് സൃഷ്ടി തന്നെയാണ് ഞങ്ങളോടു പറഞ്ഞത്.അദ്ദേഹത്തിനു പറ്റിയ ഏറ്റവും വലിയ കൈപ്പിഴവാണത്രെ നിങ്ങളെ ഏറ്റവും മുകളില്‍ പ്രതിഷ്ഠിച്ചത്.ഞങ്ങളെക്കൊണ്ടാണ് ജീവലോകത്തിന്റെ അടിത്തറയുണ്ടാക്കിയിരിക്കുന്നതെന്നും അവനിയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഞങ്ങള്‍ മാത്രമാണ് പ്രതിവിധിയെന്നും.''
അദൃശ്യനായ സ്രഷ്ടാവു പറഞ്ഞുവിട്ട സംഹാരി!

ഇക്കഴിഞ്ഞ പരിസ്ഥിതിദിനത്തിലേക്ക് അയാള്‍ പിന്തിരിഞ്ഞു. 'വാര്‍ദ്ധക്യത്തില്‍ നട തള്ളിയ അമ്മയെപ്പോലെ,ഭൂമിയുടെ ഓരോ നെടുവീര്‍പ്പിലും ജീവജാലങ്ങള്‍ പൊള്ളിയടരുകയാണ്.അമ്മയുടെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്നത് തെളിനീരല്ല,നാം മനുഷ്യര്‍ കുത്തിക്കയറ്റുന്ന വിഷമാണ്..വിഷം.! നമ്മള്‍ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ജീവദായിനിയായ നമ്മുടെ ഭൂമിയെ രക്ഷിക്കേണ്ടത് എന്റെയും നിങ്ങളുടേയും കടമയാണ്.നിങ്ങള്‍ തയ്യാറാണോ എന്നോടൊപ്പം വരാന്‍..?''

മന്ത്രസ്ഥായിയില്‍ തുടങ്ങിയ വാക് സഞ്ചയം അയാള്‍ ഉച്ചസ്ഥായിയില്‍ നിര്‍ത്തി.ലോകപരിസ്ഥിതി ദിനത്തില്‍ കഷ്ടിച്ച് നൂറോളം വരുന്ന തന്റെ കുട്ടികള്‍ക്കു മുമ്പില്‍ അയാള്‍ തന്റെ പ്രകൃതിസ്നേഹത്തിന്റെ അണക്കെട്ടു തുറന്നു.പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളോടാണ് പറയുന്നതെന്ന ബോധം പോലുമില്ലാതെ അയാള്‍ മറുപടിക്കായി വീണ്ടും ചോദ്യമെറിഞ്ഞു.

 'എന്താ കുട്ടികളേ നമുക്ക് രക്ഷിക്കേണ്ടേ നമ്മുടെ ഭൂമിയെ..? അതോ..കൊലയ്ക്കു കൊടുക്കണോ?..'' കുട്ടികള്‍ തങ്ങള്‍ക്കു മുന്നില്‍ നിരന്നുനില്‍ക്കുന്ന ഓരോ അധ്യാപകരുടേയും മുഖം മാറി മാറി നോക്കി.അവരുടെ മുഖത്ത് നിറഞ്ഞുനിന്ന ഭാവം എന്തെന്ന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് വായിച്ചെടുക്കാനായില്ല.

കൂട്ടത്തില്‍,സ്മാര്‍ട്ട്ബോയ് എന്ന് ശരണ്യ ടീച്ചര്‍ എപ്പോഴും പറയാറുള്ള, ദിവസവും എന്തെങ്കിലും സ്മാര്‍ട്ട്നെസ്സ് കാണിച്ചിരിക്കണം എന്നു നിര്‍ബന്ധബുദ്ധിയുള്ള മമ്മിയുടെ മകന്‍
നാലാംക്ലാസുകാരന്‍ അഭിനന്ദന്‍ ചോദിച്ചു. 'ആരെക്കൊല്ലുന്ന കാര്യമാ രവിമാഷ് പറഞ്ഞുവരുന്നത്.?''

'ഹോ..ഒരു നൂറുവട്ടം രക്ഷയെക്കുറിച്ചുപറഞ്ഞാലും ഒരു വട്ടം കൊലയെക്കുറിച്ച് പറയുന്നതുമാത്രമേ കുട്ടികളായ നിങ്ങള്‍ക്കു പോലും കേള്‍ക്കൂ..''അയാള്‍ വീണ്ടും തുടരാന്‍ ഭാവിക്കവേ പി.ടി.എ പ്രസിഡന്റ് ഇടപെട്ടു.'മാഷേ,കുട്ടികള്‍ പൊരിവെയിലത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് സമയം കുറേയായി. ഒരു പിരീഡാണു പോകുന്നത്.നിങ്ങളുടെ ഒരു പ്രകൃതിസ്നേഹവും പരിസ്ഥിതിപ്രശ്നവും..ഹെഡ്മാഷേ, അസംബ്ലി പിരിച്ചുവിട്..''
കുട്ടികള്‍ വരി തെറ്റിക്കാതെ ക്ലാസിലേക്ക് തിരിഞ്ഞുനടക്കുമ്പോള്‍ രവിമാഷ് വൃക്ഷത്തൈകളുമെടുത്ത് വിറ പൂണ്ട ഹൃദയത്തോടെ സ്‌കൂള്‍വളപ്പിലേക്കു നടന്നു. മൂന്നാലുദിവസമായി സ്‌കൂള്‍ വിട്ട വൈകുന്നേരങ്ങളില്‍ ചാറ്റല്‍ മഴ നനഞ്ഞ് അയാള്‍ ഉണ്ടാക്കിയ ഭുമിക്കണ്ണുകളില്‍ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു.

എരിവെയിലില്‍ ഓരോ തൈ നടുമ്പോഴും അയാള്‍ക്ക് മീതെ അവ പച്ചക്കുട നിവര്‍ത്തി. കുഞ്ഞുവേരുകള്‍ ആഴങ്ങളില്‍ പടരാന്‍ വെമ്പല്‍ കൊണ്ടു.ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ വരിയായി നില്‍ക്കുമ്പോഴും അയാള്‍ കൃത്യമായ അകലത്തില്‍ ജീവവായുവിനെ നട്ടുനനക്കുകയായിരുന്നു.'രവിമാഷേ.,ഭക്ഷണം കഴിക്കണ്ടേ..?''ഹെഡ്മാസ്റ്റര്‍ ഉച്ചത്തില്‍ വിളിച്ചുചോദിച്ചെങ്കിലും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.ആറാം പിരീഡ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലിന്റെ മണിയടി ശബ്ദം കേട്ടപ്പോഴാണ് അയാള്‍ക്കു സമയബോധമുണ്ടായതും മൂന്നാം ക്ലാസിനുനേര്‍ക്ക് തലയുയര്‍ത്തിയതും.

കുട്ടികള്‍ മെസ്സിയുടേയും റൊണാള്‍ഡോയുടേയും പണിപ്പുരയിലായിരുന്നു. ഇന്ന് ക്ലാസ് തീര്‍ത്തും അനാഥമായിരുന്നുവെന്ന് അപ്പോഴാണ് അയാള്‍ക്ക് ഓര്‍മ്മ വന്നത്. പിന്നെ വേഗം ക്ലാസിലേക്ക് നടന്നു.'കുട്ടികളേ.,ഇന്നത്തെ ക്ലാസ് ഏതായാലും പോയി.നമുക്ക് കുന്നോരം കാവില്‍ ഇന്നൊരു പ്രകൃതിപാഠമായാലോ..''അയാള്‍ പറഞ്ഞുതീരുംമുമ്പേ കുട്ടികളെല്ലാം കുന്നോരം കാവിലേക്ക് തവളച്ചാട്ടം ചാടി.കാവിനു ചുറ്റും അയാളും കുട്ടികളും ചങ്ങല തീര്‍ത്തു.കാവ് സംരക്ഷണപ്രതിഞ്ജ എടുത്തു. 'കാവ് തീണ്ടല്ലേ...മക്കളേ കുളം വറ്റും,എന്നൊരു ചൊല്ലുണ്ട് കേട്ടിട്ടുണ്ടോ..?'' കുട്ടികളോടാണയാള്‍ ചോദിച്ചതെങ്കിലും ഇടിവാള്‍ പ്രഹരം പോലെ കിട്ടിയ മറുപടി നാട്ടിലെ പ്രമാണിയായ തങ്കച്ചന്‍ മുതലാളിയില്‍ നിന്നുമായിരുന്നു. 'ഈ ഭൂമി ഞാന്‍ വിലക്കെടുത്തു.ഒരാഴ്ചക്കകം ഇവിടം വെട്ടിനിരത്തും.പോകിനെടാ എല്ലാം..'' തങ്കച്ചനോടയാള്‍ പലതും പറയാന്‍ ശ്രമിച്ചെങ്കിലും,'നീ പോയി പിള്ളേരെ പഠിപ്പിക്കെടാ.. അതിനാ നിനക്ക് സര്‍ക്കാര് രൂഫാ എണ്ണിത്തരുന്നത്..അല്ലാതെ പിള്ളാരേം കൂട്ടി നാടു നിരങ്ങാനല്ല..'' അയാള്‍ക്ക് പിന്നെ ഒന്നും പറയാനില്ലാതായി. തങ്കച്ചന്‍ പരമാവധി വളച്ചൊടിച്ച കഥകള്‍ നാട്ടിലൊക്കെ പാട്ടായി.നാട്ടുകാരും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ പറഞ്ഞു.'മാസാമാസം ശമ്പളോം വാങ്ങി പിള്ളേരെ പഠിപ്പിക്കാതെ നാടു തെണ്ടാനിറങ്ങുന്നു,കള്ളപ്പരിഷ!അവനെയൊക്കെ പിരിച്ചുവിടുകയാ വേണ്ടത്.''
രക്ഷിതാക്കളും നാട്ടുകാരും ഇളകിയപ്പോള്‍ സഹപ്രവര്‍ത്തകരും ആമക്കുപ്പായമെടുത്തണിഞ്ഞു.

ഒരു മാസം തികയും മുമ്പു തന്നെ അയാളുടെ കയ്യില്‍ കിട്ടി സസ്പെന്‍ഷന്‍ ഓര്‍ഡര്‍!വീട്ടിലെത്തിയതും ഭാര്യ ചീറി. 'നിങ്ങളോട് എത്ര തവണയായി പറയുന്നു ഉള്ള പിള്ളേരേം പഠിപ്പിച്ച് കിട്ടിയ കാശും കൊണ്ട് വീടും കുടുംബവും നോക്കിയാ മതീന്ന്.പിള്ളേരെ പട്ടിണിക്കിട്ടപ്പോ സമാധാനായല്ലോ..'' ഒരു പൊട്ടിക്കരച്ചിലോടെ ഭാര്യ അവസാനിപ്പിച്ചപ്പോള്‍,അയാള്‍ മണ്ണിനോടും മരങ്ങളോടും ആകാശത്തോടും പറഞ്ഞു, ഇവരോട് ക്ഷമിക്കേണമേ....!

അയാളുടെ അമ്പത് സെന്റ് പുരയിടം ഒരു കാവായി മാറാന്‍ ഏറെ നാളൊന്നും അയാള്‍ക്ക് പണിപ്പെടേണ്ടി വന്നില്ല. പഴം-പച്ചക്കറി വ്യാപാരികള്‍ അയാളുടെ വിളവുകള്‍ക്ക് വേണ്ടി മല്‍സരിച്ചു. ചുറ്റും കുന്നുകള്‍ മൊട്ടയടിച്ച് ശവക്കുഴി തോണ്ടുമ്പോഴും അയാളുടെ പറമ്പ് മാത്രം പച്ചപ്പിന്റെ പീലിക്കുട നിവര്‍ത്തി. സസ്പെന്‍ഷനിലായതിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ സ്നേഹത്തിന്റെ ഭാഷയില്‍ സഹതാപത്തിന്റേയും ആശ്വാസത്തിന്റേയും വാക്കുപൊതികളുമായി പടി കയറി വന്ന ബന്ധുക്കളും അയല്‍ക്കാരും സഹപ്രവര്‍ത്തകരും ശത്രുക്കളായത് പെട്ടെന്നായിരുന്നു.ഒരാളുടെ തകര്‍ച്ചയില്‍ തേടി വരുന്ന സ്നേഹത്തിന്റെ മൂടുപടം അഴിഞ്ഞുകാണാന്‍ അയാളുടെ ഉയര്‍ച്ച കാരണമാകണം,എന്നൊരു ജീവിതപാഠം കൂടി അയാള്‍ക്ക് പ്രകൃതി പകര്‍ന്നു നല്‍കി.

അവനി പത്രം തിരിച്ചുവാങ്ങുമ്പോള്‍ മാസ്‌ക് ഊരിമാറ്റിക്കൊണ്ട് അയാള്‍ ഒന്നുകൂടി ആ വാര്‍ത്തയിലേക്ക് ഊളിയിട്ടു. ഭൂമിയുടെ ഭൂതകാലത്തിലേക്ക് റിവേഴ്സ് ഗിയറിട്ട കൊറോണയ്ക്ക് നന്ദി പറഞ്ഞു. അപ്പോള്‍ ജനലഴിയിലൂടെ ഇളംകാറ്റില്‍ പറന്നെത്തിയ വാഴക്കൂമ്പിന്റെ തേനല്ലി അയാളുടെ ചുണ്ടില്‍ മധുരം ഇറ്റിച്ചു.

Post a Comment

0 Comments