അനിരുദ്ധന് സമ്പത്തു എന്ന മുന്‍ എം പി സമ്പത്തിനെ വിട്ടൊരു കളി ഇല്ല അതു ഭരണപക്ഷം ആയാലും,പ്രതിപക്ഷം ആയാലും. ക്യാബിനറ്റ് പദവി നല്‍കി പരിചാരക വൃന്ദ സമേതിതാനായി വാണരുളന്‍ പുറപ്പെട്ട കേരള രാജ്യത്തിന്റെ പ്രത്യേക അധികാരിയോട് ശ്രീമാന്‍ ജനറല്‍ മുല്ലപ്പള്ളി അവര്‍കള്‍ ജടകള്‍ അഴിച്ചു ഇപ്രകാരം അലറിയത്രെ, മണ്ടും മഹാജനം വടക്കുനോക്കിയന്ത്രം കണക്കെ സര്‍ക്കാര്‍ തിരുമേനിയുടെ മുന്നില്‍ കര്‍മ്മയോഗ ഫലമായി കാരുണ്യത്തിനു കാത്തു നില്‍ക്കുമ്പോള്‍, ഇങ്ങനെ ഒരു ദൂത് കി നദി ഇവിടെ വേണോ എന്നു. മാന്യ മഹാജനങ്ങളെ പുകള്‍പെറ്റ മഹാമേരിയിലും കോരി കമഴ്ത്തുന്ന മഹാമാരിയിലും നിര്‍ത്താതെ കറങ്ങുന്ന കേരള രാഷ്ട്രീയ ചവിട്ടു നാടകത്തിലെ മഹാനടന്മാരെയും നടികളെയും മുന്‍നിര്‍ത്തി നിങ്ങള്‍ക്ക് ഒരു സാധാ വന്ദനം.
കേരളത്തിന് പ്രത്യേക പ്രതിനിധി ഉണ്ട് ഡല്‍ഹിയില്‍. കാര്യങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടു പോകാന്‍. കര്‍ണാടകം തമിഴ്‌നാട് തെലുങ്കാന തുടങ്ങിയവയും ഇതു പോലൊരു പോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ക്യാബിനറ്റ് പദവി ഉണ്ടോ ? ഉണ്ട് എന്നാണുത്തരം. പക്ഷെ ഒരു തോറ്റ എം പി യെ (തോറ്റ എം പി അല്ല തോറ്റ മുന്‍ എം പി യെ) ഇങ്ങനെ ഒരു ചുമതല ഏല്പിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ഇത്രയും ഐ എ എസ്, ഐ പി എസ് പിന്നെ ബാക്കി ഉള്ള 'എസ്' കാരുള്ളപ്പോ സമ്പത്തു സഖാവിനെ എന്തിന് അയച്ചു? ഇവിടെ ശുപാര്‍ശ കത്തും കൊണ്ടു പോകുന്ന സാധാരണ ഉദ്യോഗസ്ഥന് ഒത്തിരി പരിമിതികള്‍ ഉണ്ടെന്നും ആ കമ്പംമെട് കമ്പക്കെട്ട് ചാടി കടക്കാനായിട്ടാണ് ക്യാബിനറ്റ് പദവി കലക്കി കൊടുത്തതെന്നും ഒരു വാദം ഉണ്ട്. അപ്പൊ പിന്നെ ഈ എം പി മാര്‍ക്ക് എന്താ പണി ? നിയമ നിര്‍മാണത്തില്‍ സഹായിക്കുക. ചിരിക്കെരുത് അതാണ് പറഞ്ഞിരിക്കുന്ന പണി എന്നാണു അറിയാന്‍ കഴിഞ്ഞത്. എല്ലാ വാദവും അംഗീകരിച്ചാല്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റിന്റെ കാരുണ്യ കടാക്ഷം അങ്ങോട്ട് ഏൽക്കുന്നില്ലെല്ലോ ? ഞാന്‍ പറഞ്ഞതല്ല കേന്ദ്ര സര്‍ക്കാര് പറഞ്ഞാല്‍ കേള്‍ക്കൂല എന്നു തോമസ് സാര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അപ്പൊ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ഏകോപിക്കല്‍ ഓഫീസര്‍ ? ചില സംഘടനയിലെ കോ ഓര്‍ഡിനേറ്റര്‍മാരെ പോലെ ( ഇ-ദളം കോ ഓര്‍ഡിനേറ്റര്‍ ക്ഷമിക്കണം അങ്ങയെ ഉദ്ദേശിച്ചല്ല) എന്താ നടക്കുന്നതെന്നോ എങ്ങനെയാണ് നടത്തേണ്ടത് എന്നോ അറിയാത്തവരെ പോലെ ആണ്. അറിഞ്ഞിരുന്നു എങ്കില്‍ 157 കോടി എന്നു പറഞ്ഞപ്പോള്‍ എന്തെങ്കിലും നീക്കു പോക്ക് ഉണ്ടാകില്ലയൊരുന്നോ. ഈ അസൂയക്കാരുടെ ഒരു കാര്യം . ശെരി,ലയ്‌സണ്‍ ഓഫീസര്‍ക്ക് പറ്റില്ല. എന്നാ ആ തൊഴിലുറപ്പിന്റെ കിട്ടീട്ടില്ല എന്നു പറയുന്ന കൂലി എങ്കിലും മേടിച്ചു കൊടുക്കേരുതോ ? കുറഞ്ഞ പക്ഷം ഒരു അപകടം വരുമ്പോള്‍, കവടി, നിരത്തേണ്ട അല്ലാതെ തന്നെ അപകടമാണ് എന്നു അറിയരുതോ? കേന്ദ്ര സര്കാരിനെക്കാള്‍ മുന്‍പേ അടച്ചിടല്‍ പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ പ്രതിനിധി വരാന്‍ പോകുന്ന ലോക്ക് ഡൗണിനെ കുറിച്ചു അറിയാനെ പാടില്ലെങ്കില്‍ പിന്നെ എങ്ങനെയാ ചാമി കേരളത്തിലെ പ്രേശ്‌നങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്യുന്നത് ?
പ്രധാനമന്ത്രിയൊന്നും തന്നില്ല തന്നില്ല എന്നതായിരുന്നു ഇതു വരെ ഉള്ള ബഹളം. ഇതിപ്പോ 20 ലക്ഷം കോടിയുടെ പാക്കേജ് കൊടുത്തു കഴിഞ്ഞപ്പോ അതു പോരാ എന്നു. നോക്കണേ അഹങ്കാരം. എടൊ കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത് എങ്കില്‍ ഈ പറഞ്ഞ കോടികള്‍ വിപണിയെ ഇട്ടു മൂടാന്‍ ഉള്ള കോടി ആയേനെ എന്നാണു ഗോപികുറി അണിഞ്ഞ ഒരു സുഹൃത്തു പറഞ്ഞത്. ഇവര്‍ക്കൊന്നും ഒരു ബഹുമാനം ഇല്ല ജി. ഈ പറഞ്ഞ പാക്കറ്റിലെ കുറെ ഒക്കെ മുന്‍പേ പറഞ്ഞ പ്രഖ്യാപനമാണ് എന്നു ചിലര്‍ പറയുന്നുണ്ട്. അതിനെ കുറിച്ചു എന്ത് പറയാന്‍, രാജ്യത്തിന്റെ നന്മ മരത്തിനെ കുറിച്ചു ഇങ്ങനെയൊക്കെ പറയുന്നവരുടെ നാക്കു കോണം വരാതെ പോട്ടെ എന്നും പറഞ്ഞൊരു 'പ്രാക്ക് പ്രകടനം' നടത്തിയാലോ? എന്താണേലും നിർമലയായ മന്ത്രി പ്രഖ്യാപനങ്ങളോട് പ്രഖ്യാപനങ്ങള്‍ ആണ്. ഇതെല്ലം വിശദമായിട്ടു പഠിച്ചിട്ടാണ് ഈ സാമ്പത്തിക ഉത്തേജന പാക്കേജ് എന്നാണു ധനകാര്യ മന്ത്രി പറഞ്ഞത്. വിപണിയില്‍ ഡിമാന്‍ഡ് സപ്ലൈ എന്ന രണ്ടു കാര്യങ്ങള്‍ ഉണ്ടല്ലോ? ഈ ലോണ്‍ എടുക്കുന്നതും ലോണ്‍ കൊടുക്കുന്നതും, പ്രോവിഡന്റ് ഫണ്ടിലേക്ക് ഇടുന്നതും ഒക്കെ സാധാരണക്കാരനെ എങ്ങനെ ബാധിക്കും എന്നു ചോദിക്കെരുത് .
അല്ല ഫിനാന്‍സ് മന്ത്രി ഈ പറഞ്ഞ കാര്യങ്ങള്‍ പലതും ബഡ്ജറ്റില്‍ വകയിരുത്തിയതാണ് എന്നു പറഞ്ഞു കേട്ടാലോ? PPP കൊണ്ടുവരാന്‍ പോകുന്നു എന്നു പറഞ്ഞു നല്ല കാര്യം. ഇതിനു വേണ്ടി വിദേശ ബിനാമികള്‍ വരികയില്ലായിരിക്കും. മറ്റൊരിടത്തു പറയുന്നു സ്വയം പര്യാപ്തത വേണം എന്നു. പ്രതിരോധത്തില്‍ സ്വയം പര്യാപ്തത കൈവരിക്കും എന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന് ആര്‍ക്കാണോ കോണ്‍ട്രാക്ട്.
എന്തായാലും ട്രംപ് വെന്റിലെറ്റര്‍ കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ടത്രെ. 9.6 ലക്ഷം ആവും ഒരെണ്ണത്തിന് എന്നാണു ചില പത്രക്കാര്‍ പറയുന്നത്. നാടായ നാട് മുഴുവന്‍ എഞ്ചിനീറിങ് കോളേജ് പിന്നെ ഐ ഐ ടി കൂടാതെ എന്‍ ഐ ടി ഇതൊന്നും പോരാതെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ആയിരകണക്കിന് സ്ഥാപനങ്ങള്‍. വെന്റിലെറ്റര്‍ വികസിപ്പിച്ച ഒരുപാട് സ്ഥാപങ്ങള്‍ ഉണ്ട്. സ്വയം പര്യാപ്തത വാചകത്തില്‍ പോരാ പ്രവര്‍ത്തിയില്‍ ആണ് വേണ്ടത്. റേഡിയേഷന്‍ ഗവേഷണത്തിലും മറ്റും സ്വകാര്യ പങ്കാളിത്തം എന്നു കണ്ണുംപൂട്ടി പറഞ്ഞാല്‍ പോരാ. വൈദ്യവിശ്യത്തിനായി 293 റേഡിയോ ഐസോടോപ് ഡിപ്പാര്‍ട്‌മെന്റ് ഉണ്ട് അവയില്‍ തന്നെ 14% ശതമാനം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളത്. എന്തെ സാധാരണക്കാരന് ഇവ ആവശ്യം ഇല്ല എന്നതു കൊണ്ടാണോ അതോ സര്‍ക്കാരിനു ബാധ്യത ആവും എന്നുള്ളത് കൊണ്ടാണോ 14% എന്ന വലിയോരു ഭൂരിപക്ഷത്തിലേക്കു ഒതുങ്ങിയത്. ഇനി ധാതു ലവണങ്ങളും കല്‍ക്കരിയും എയര്‍പോര്‍ട്ടും ആണ്, സ്വകാര്യ പങ്കാളിത്തത്തോടെ സന്തോഷത്തോടെ നടത്തിയാലും. ടാറ്റയ്ക്കും അംബാനിക്കും തീറെഴുതി ബാക്കി ഉണ്ടെങ്കില്‍ പൊരിവെയിലത്തു കിലോമീറ്ററുകള്‍ ചവിട്ടി തള്ളി വീടണയാന്‍ ദിവസങ്ങളായി നടക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്; ദിവസക്കൂലി ചെയ്തു ജീവിക്കുന്ന തൊഴിലാളികള്‍. സുപ്രീം കോടതിക്കു അവരെ നിരീക്ഷിക്കാനോ തടയുവാനോ കഴിയില്ല അത്രേ അതൊക്കെ സര്‍ക്കാര്‍ ചെയ്യേണ്ടതാണ് എന്നു. സര്‍ക്കാര്‍ നോക്കിയിരുന്നു എങ്കില്‍ കോടതിയില്‍ പോകേണ്ടി വരില്ലായിരുന്നെല്ലോ? 'ആത്മ നിര്‍ഭഭര്‍ ഭാരത് അഭിയാന്‍' ആഹാ അന്തസ്സ്.
ചൊറിതണം: എംപിക്കും എം എല്‍ എ ക്കും കോറിന്റൈന്‍ എന്നു ഒരു കൂട്ടര്‍,രാഷ്ട്രീയം ആണെന്ന് ചിലര്‍. മന്ത്രിയും കൊറന്റീനില്‍ പോകണം എന്നു വരെ ചിലര്‍. നാടിനു വേണ്ടാത്ത ഇത്തരം കുപ്പായക്കാരെ കോളറില്‍ പിടിച്ചു പുറത്തേറിയണം അറബിക്കടലിലേക്ക്. വീടെത്താന്‍ പറ്റാതെ മരണപ്പെട്ടവരെ ഒരു നോക്കു കാണാന്‍ കഴിയാതെ ഉരുകുന്ന നൂറു കണക്കിന് സാധാരണക്കാരുണ്ട് ഈ നാട്ടില്‍. ഇലക്ഷന്‍ വരുമ്പോ അല്ലെ? അതുവരെ എങ്കിലും സമാധാനം താടോ രാഷ്ട്രീയ പ്രബുദ്ധരെ.
♥

0 Comments