നിർത്താതെ പിറുപിറുത്തു പെയ്യുന്ന ഭൂമിയുടെ സങ്കട പേമാരിയുടെ സ്വരം കാതോർത്തു അമ്മമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അമ്മമ്മയോടായി ഞാൻ ചോദിച്ചു.
അതിന്റെ ഉത്തരം എന്ന പോലെ എന്നോടായി പറഞ്ഞു...
“അതെന്റെ കുട്ടിയ്ക്കറിയില്ലേ? അമ്മമ്മയുടെ ജീവനല്ലേ എന്റെ കുട്ടി”. വയസായിട്ടും ആയുസ്സ് നീട്ടിക്കിട്ടാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നത് നിന്നെ കാണാനല്ലേ കുട്ട്യേ.....
അമ്മമ്മയുടെ സ്വരം ഇടറുന്നതും, വാർദ്ധക്യം എന്ന വില്ലൻ മാറ്റം വരുത്തിയ വെളുത്ത കൺപീലികളിൽ കണ്ണുനീർ തുള്ളികൾ ഇറ്റു ഇറ്റു വീഴുന്നതും ഞാൻ അറിഞ്ഞു .അത്രയും ആത്മാർത്ഥതയുള്ള സ്നേഹം ഞാൻ രുചിച്ചറിഞ്ഞിട്ടേയില്ല നാളിതുവരെ.
കുട്ടിയായത് കൊണ്ടാകാം മരണവും അതിന്റെ വേർപാടും, വേദനയും, അമ്മമ്മയുടെ കണ്ണീരിന്റെ അർത്ഥമൊന്നും അന്ന് ആഴത്തിൽ മനസിലാകാഞ്ഞത്. എങ്കിലും ഒന്നറിയാമായിരിന്നു മരണം വന്നാൽ എന്നിൽ നിന്ന് അമ്മമ്മ എന്നെന്നേക്കുമായി അകലുമെന്നും ഒരിക്കലും കാണാൻ തമ്മിൽ സാധിക്കില്ലെന്നും.
കുഞ്ഞു മനസ്സിൽ കളങ്കം ഇല്ലാത്തതു കൊണ്ടാകണം ഞാൻ അമ്മമ്മ യോട്തന്നെ ചോദിച്ചു
“അമ്മമ്മ ഉടൻ മരിച്ചുപോകുമോ?
എന്റെ മുഖത്തെ ഭയപ്പാടും അങ്കലാപ്പും കണ്ടിട്ടാവാം അമ്മമ്മ പറഞ്ഞത്
“എന്റെ കുട്ടിയുടെ കല്യാണവും, നിന്റെ കുട്ടിയേയും, കുട്ടിയുടെ കുട്ടിയേയും കണ്ടിട്ടേ അമ്മമ്മ പോവൂ.. പേടിക്കണ്ടാട്ടോ.. എന്റ കുട്ടി. “
അന്ന് പതിവിലും നേരത്തെ ഞാൻ ഉറങ്ങാൻ കിടന്നു . പ്രാർത്ഥനകൾക്ക് ശേഷം അമ്മമ്മ വന്നെന്റെ അരികിലായി കിടന്നു. കണ്ണടച്ച് കിടന്നപ്പോഴും അമ്മമ്മയുടെ ആയുസ്സിനെ കുറിച്ചുള്ള ആശങ്കയായിരുന്നു എന്റ കുഞ്ഞു മനസിലുടനീളം. അതിന്റെ ഒരു വേദന അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
ഇന്ന് എന്റെ കുട്ടികൾക്ക് ഷേക്‌സ്‌പെയർ നാടകത്തിലെ മരണത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന മഹത്തായ ഡയലോഗ് പഠിപ്പിക്കുമ്പോൾ ഇന്നും ഒരു ഷേക്‌സ്‌പീരിയൻ ലവർ ആയ എനിക്ക് ഈ ഷേക്‌സ്‌പീരിയൻ ചിന്തയെ അക്‌സെപറ്റു ചെയ്യാൻ സാധിക്കുന്നില്ല.
“Of all the wonders that I have heard,
It seems to me most strange that men should fear;
Seeing death, a necessary end,
Will come when it will come.”
മരണം ഒരിക്കൽ എല്ലാവരെയും തേടി വരുമെന്നറിഞ്ഞിട്ടും അതിനെ ഭയക്കുന്നത് രസകരമായ ഒന്നായിട്ടാണ് തോന്നുന്നതെന്നാണ് മേല്പറഞ്ഞ വരികളുടെ വിശദീകരണം.
വളരെ അർത്ഥമുള്ളതും സത്യമുള്ളതുമായ വരികളാണെങ്കിലും എവിടെയാ ഒരു ചെറിയ വേദന......
എല്ലാവരും മരണത്തെകാളും ഭയക്കുന്നത് അവർ സ്നേഹിക്കുന്നവരുടെ ഒറ്റപെടലിനെ കുറിച്ചോർത്താവും... താനില്ലാത്ത ലോകത്ത് തന്റെ പ്രിയപ്പെട്ടവർ എങ്ങനെ ജീവിക്കും എന്ന് ഓർത്തിട്ടാവും. എന്തിനും ഏതിനും അമ്മമ്മ വേണമെന്ന് വാശിപിടിക്കുന്ന ഞാൻ അവരില്ലെങ്കിൽ എങ്ങനെ ജീവിക്കുമെന്നോർത്തിട്ടാവണം അന്ന് അമ്മമ്മ ആയുസ് നീട്ടിതരാൻ ഈശ്വരനോട് അപേക്ഷിച്ചത്. ഇന്ന് അതെനിക്ക് മനസ്സിലാവും. അല്ലാതെ മരണത്തെ ഭയന്നിട്ടാവില്ല. 11 മക്കൾക്ക് ജന്മം നൽകിയ ആ സ്ത്രീയാണോ മരണത്തെ ഭയക്കുക.. ഒരിക്കലുമില്ല .
വീട്ടിൽ അമ്മമ്മയായിരുന്നു അധികാരി. അഛനെയും അമ്മയെയും കുറിച്ചുള്ള എന്റ കുഞ്ഞു പരാതികൾ കേൾക്കുന്നതും, എന്റ കുഞ്ഞു മനസ് അറിഞ്ഞു അവർക്കു സ്നേഹ ശാസനകൾ നല്കുന്നതും, എന്റ കൊച്ചു കുരുത്തക്കേടുകൾക്കു കൂട്ടുനിൽക്കുന്നതുമൊക്കെ അമ്മമ്മയാണ്.
ചിലപ്പോൾ എന്റ അമ്മ പരിഭവം പറയുന്നത് കേൾക്കാം അമ്മമ്മ യുടെ ബലത്തിലാണ് ഞാൻ ചൂരൽകഷായത്തിൽ നിന്നും രക്ഷപെടുന്നതെന്ന്.
ഞാൻ വളരും തോറും എന്റെ സമയം പഠനത്തിലേക്കും, കൂട്ടുകാരിലേയ്ക്കും തിരിഞ്ഞു . അപ്പോഴും വെള്ള ചട്ടയും മുണ്ടുമണിഞ്ഞു. മുടി വൃത്തിയായി ഒതുക്കികെട്ടി കയ്യിൽ ഒരു കൊന്തയുമായി കാലും നീട്ടി എനിക്ക് കൂട്ടായി ഞാൻ പുസ്തകം വായിക്കുന്നതും കേട്ട് അടുത്തുണ്ടാവും
ഒരിക്കൽ എനിക്ക് കലശലായ പനി. അമ്മയ്ക്കാണെങ്കിൽ അത്യാവശ്യമായി പുറത്തേക്കിറങ്ങേണ്ടതുണ്ട്. എന്നെ അമ്മമ്മയെ ഏല്പിച്ചു അമ്മ പുറത്തു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പനിച്ചു വിറച്ചു തുടങ്ങി. അതുകണ്ടയുടൻ തന്നെ കൂനി കൂനി അടുക്കളയിലേയ്ക്ക് പോയി തിരികെ വന്നപ്പോൾ അസൽ ചുക്കുകാപ്പിയും, ഒരു കയ്യിൽ വെള്ളം നനച്ച തുണിയുമായി വന്നു എന്റെ അരികിൽ ഇരിന്നു എന്നെ പരിചരിച്ചു .
എനിക്കെഴുന്നേറ്റിരിക്കാമെന്നാ യപ്പോൾ അത്രയും നേരം ഒളിപ്പിച്ചു വെച്ച ഭയം കണ്ണുനീര്തുള്ളികളായി വെളുത്ത നനുത്ത രോമങ്ങളോടുള്ള കവിളുകളിൽ കൂടി പൊടുന്നനെ ചാലുകൾ തീർത്തു...
“അമ്മമ്മ പേടിച്ചു പോയെന്റ കുട്ടിയെ”......എന്നു വിതുമ്പി കൊണ്ട് കൊച്ചു കുട്ടികളെ പോലെ എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
“എന്റ അമ്മാമ്മേ എന്തോരു പാവമാണ്, ഒരു ചെറിയ പനിയല്ലേ “യെന്നു പറഞ്ഞു തൂങ്ങിയാടുന്ന കവിളുകളിൽ പിടിച്ചു വലിക്കുമ്പോൾ പല്ലില്ലാത്ത മോണകാട്ടി കൊച്ചു കുട്ടികൾ ചിരിക്കുന്നതുപോലെ നിഷ്കളങ്കതയോടെ ചിരിക്കും.
തൂവെള്ള ചട്ടയണിഞ്ഞു കയ്യിലൊരു കൊന്തയുമായി വായിൽ ചുമന്നു തുടത്തു മുറുക്കാൻ ചവച്ചു വീടിന്റെ ഉമ്മറപ്പടിയിൽ കാണും എന്റ സ്കൂളിൽ നിന്നുള്ള വരവും കാത്ത് . ഞാനും തിടുക്കത്തിലാവും സ്കൂളിലെ കഥകൾ പറഞ്ഞു കേൾപ്പിക്കാനുള്ള തിടുക്കം.
മധുരം കഴിച്ചു എന്റ പല്ല് കേടാകുന്ന ലക്ഷണം കാണിച്ചപ്പോൾ തുടങ്ങി അമ്മ എനിക്ക് മിഠായിക്കു വിലക്കേർപ്പെടുത്തി. എന്റെ വിഷമം കണ്ടു ആരും കാണാതെ വെറ്റില വാങ്ങാൻ കൊടുക്കുന്ന പണത്തിൽ നിന്ന് പകുതി എനിക്ക് ചോക്ലേറ്റ്നായി തന്നുതുടങ്ങി. അങ്ങനെ എന്റെ കണ്ണിൽ എന്റ അമ്മമ്മയായി സൂപ്പർ വുമൺ.
സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ ഞങ്ങൾ കുട്ടികൾക്കായി ഒരു കഥ പറഞ്ഞു സിൻഡ്രേല്ല രാജകുമാരിയുടെ കഥ. അതെനിക്ക് അമ്മമ്മ നേരത്തെ തന്നെ പറഞ്ഞ കഥയായിരുന്നു. ടീച്ചർ കഥ തുടങ്ങി ക്ലൈമാക്സ് എത്തുന്നതിനു മുന്പേ സസ്പെൻസ് ഞാൻ പൊളിച്ചു. എന്നിട്ടിത്തിരി അഭിമാനത്തോടെയും അഹങ്കാരത്തോടെയും ചുറ്റിലുള്ള എല്ലാവരെയും നോക്കി. എന്റെ അഭിമാനത്തിന് ചെറുതായി മങ്ങലേൽപ്പിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു “കഥ നേരത്തെ അറിയാവുന്നവർ മൗനം പാലിക്കണമെന്ന്” .
അന്ന് ഞാൻ വളരെ സന്തോഷത്തോടെ ഓടിച്ചെന്നു വിവരം പറഞ്ഞപ്പോൾ
ഇതൊക്ക എന്ത്.... എന്ന ഭാവം.
അമ്മമ്മയ്ക്കറിയാത്ത കഥകൾ വല്ലതുമുണ്ടോ ഈ ലോകത്തു എന്ന് പറഞ്ഞു പല്ലില്ലാത്ത മോണകാട്ടി വീണ്ടും നിഷ്കളങ്കമായി ചിരിച്ചു. അവിടെയും എന്റ അമ്മമ്മയായി സൂപ്പർ വുമൺ.
പിന്നീട് ഞാൻ ഗ്രാജുവേഷന് 2nd ഇയർ പഠിക്കുന്ന കാലം, സാർ ക്ലാസ്സിൽ വന്നു ഷേക്‌സ്‌പെയറിന്റെ കിങ്‌ലിയർ എന്ന നാടകം എടുത്തപ്പോൾ എന്റ അമ്മമ്മ പറഞ്ഞ അതെ കഥ പക്ഷെ ക്ലൈമാക്സ് പൊളിക്കാൻ ഇത്തവണ ധൈര്യമില്ലായിരുന്നു. കാരണം ഇംഗ്ലീഷ് സാഹിത്യവും അമ്മമ്മയ്ക്കറിയാമെന്നു വിശ്വസിക്കാൻ പ്രയാസം. പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തി അമ്മമ്മ പറഞ്ഞ അതെ ക്ലൈമാക്സ് സാർ വിശദീകരിച്ചു.
ഓടി വീട്ടിൽ ചെന്ന് പറയാനും, തൂങ്ങിയാടുന്ന കവിളുകളിൽ പിടിച്ചു വലിക്കാനും അതു കണ്ട് പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കാനും ആരുമില്ലെന്നോർത്തപ്പോൾ എന്റ കണ്ണുനീർ തുള്ളികൾ എന്റെ നിയന്ത്രണത്തിനു നിൽക്കാതെ പുസ്തക താളുകളിൽ പതിച്ചു. ഇതൊക്ക കണ്ടു എന്റെ സൂപ്പർ വുമൺ ഞാനറിയാതെ ഏതുലോകത്തിരിന്നു പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നുണ്ടാകും.
ഇന്ന് ഞാൻ ഇംഗ്ലീഷ് സാഹിത്യത്തിൽ പ്ലസ്ടു അധ്യാപികയാണ്. മാധവികുട്ടിയുടെ My mother at 66 എന്ന ഇംഗ്ലീഷ് poem കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയാണ്. അമ്മയും മകളും തമ്മിലുള്ള ബോണ്ടിങ് ആണ് പ്രമേയം. വയസായ അമ്മ തന്റെ കൂടെ എത്ര നാൾ ഉണ്ടാകും?, തന്റെ അമ്മയുടെ മരണത്തെ കുറിച്ച് ചിന്തിച്ചു ആകുലതപെടുകയും, തന്റെ അമ്മ കാണാതിരിക്കാൻ ഭയവും ആശങ്കയും മറച്ചു വെച്ച് സന്തോഷം പുറമെ കാണിച്ചു വീണ്ടും കാണാം തിരികെ വന്നിട്ട് എന്നു പറഞ്ഞു യാത്രയ്ക്ക് പുറപ്പെടാൻ ഒരുങ്ങുന്ന കവിയത്രിയുടെ മാനസികഅവസ്ഥ കുട്ടികൾക്കു പഠിപ്പിച്ചു കൊടുക്കുമ്പോൾ ഇടനെഞ്ചിൽ എവിടെയോ ഒരു വേദന.
സ്കൂളിലെയ്ക്ക് പോകുമ്പോൾ താനും പറഞ്ഞിരുന്നു ഉള്ളിൽ ഒരു ഭയത്തോട് കൂടി.. “തിരിച്ചു വരുമ്പോൾ കാണാം അമ്മമ്മ” എന്ന്....
തിരിച്ചു വന്നപ്പോൾ വെറ്റിലകാശിന്റെ പകുതിയുമായി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു എന്നെയും കാത്തു ഉമ്മറ പടിയിൽ ഇരിക്കാൻ ആരും ഉണ്ടായിരിന്നില്ല.
എനിക്ക് തന്ന വാക്ക് തെറ്റിച്ചു ഞാൻ വരുന്നതിനു മുന്നേ അമ്മയുടെ ലോകത്തെയ്ക്ക് അമ്മമ്മയും യാത്രയായി.
മാധവി കുട്ടിയുടെ ഇംഗ്ലീഷ് poem പഠിപ്പിക്കുന്നതിനീടയിൽ രംഗബോധമില്ലാതെ ഓടികയറി വന്ന കോമാളിയായ എന്റെ സങ്കടം ശിഷ്യർ കാണാതിരിക്കാൻ നന്നേ ഞാൻ പാടുപെട്ട്.
ക്ലാസ്സ് കഴിഞ്ഞു സ്കൂളിന്റെ വരാന്തയിൽ കൂടി നടന്നു നീങ്ങുന്ന എന്റെ പിന്നാലെ പ്രിയ ശിഷ്യരിൽ ഒരാൾ ഓടിവന്നു ചോദിച്ചു.. ക്ലാസ്സിനീ ടയിൽ ടീച്ചറിന്റെ ശബ്ദം അറിയാതെ ഒന്ന് ഇടറിയെല്ലോ... എന്താ പറ്റിയത്?
ചെറുതായൊന്നു മന്ദഹസിച്ചു എന്നിട്ട് തുടർന്നു
“കുറച്ചു നേരം ടീച്ചർ അറിയാതെ കവിയത്രിയായി മാറി പോയതാണ്.” ചിരിച്ചുകൊണ്ട് മറുപടി നൽകി സങ്കടം മറച്ചു വെച്ച് നടന്നു നീങ്ങുമ്പോഴുംഎനിക്കറിയാം
പല്ലില്ലാത്ത മോണകാട്ടി എനിക്കറിയാത്ത ഏതുലോകത്തിരിന്നു ചിരിക്കുകയാവും എന്റ സൂപ്പർ വുമൺ അമ്മമ്മയെന്ന്.

0 Comments