സംഭവം എന്താണെന്ന് വച്ചാൽ ഞാൻ എന്നെത്തന്നെയങ്ങു കൊന്നിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ, ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നു. എന്നെ ഇന്നലെയാണ് അടക്കം ചെയ്തത്. ഇപ്പോൾ ഞാൻ നിൽക്കുന്നത് ഏതോ ഒരു ഇടത്താണ്. "എന്നെ പോലെ" മരിച്ചവർക്ക് മാത്രമായി താമസിക്കാൻ ഏർപ്പാടാക്കിയ ഒരു സ്ഥലത്ത്. ഞാൻ ഇവിടെ വളരെ സുഖ ജീവിതം ആണ് നയിക്കുന്നത് എന്ന് ആരും വിചാരിച്ചു പോകല്ലേ.. വളരെ മോശം അന്തരീക്ഷം. ഭക്ഷണം വളരെ മോശം. കീറ തുണികൾ മാത്രമുണ്ട് ഇടാൻ. ഇപ്പൊ ഭൂമിയിലായിരുന്നുവെങ്കിൽ വീടിനടുത്തുള്ള രായനണ്ണന്റെ ഹോട്ടലിൽ നിന്നു ചൂട് പൊറോട്ടയും , തക്കാളിയിലിട്ടു വഴറ്റിയ കിടിലൻ ബീഫ് കറിയും കഴിക്കാമായിരുന്നു. എന്ത് പറയ്യാൻ,, യോഗമില്ല അമ്മിണിയേ ആ പായ അങ്ങട്ട് മടക്കിക്കോളിൻ....
പക്ഷേ, ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന്റെ അങ്ങ് അപ്പുറത്ത് വേറൊരു സ്ഥലമുണ്ട്. അവിടെ താമസിക്കുന്നവർ ആരാണെന്ന് ചോദിച്ചാൽ ഈ സ്ഥലത്തിന്റെ ഓണറുടെ ഭാഷയിൽ പറഞ്ഞാൽ "ധീരർ ".
സത്യമാണ്. അവർ ധീരർ തന്നെയാണ്. ഭൂമിയിൽ, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ ബലിയാടാക്കിയവരാണ്. അതിൽപ്പെട്ട ഒരാളെ ഞാൻ പരിചയപ്പെട്ടിരുന്നു . അയാൾ ഒരു ആസ്സാമി മുസൽമാൻ ആയിരുന്നു. കേരളത്തിൽ പണി എടുക്കാൻ വേണ്ടി വന്ന ഒരു സാധു. അയാൾ ഒരു വീട്ടിൽ പണി എടുത്തു കൊണ്ടിരിക്കവേ, അവിടുത്തെ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടി കാൽ വഴുതി കിണറ്റിലേക്ക് വീണു. അതിനെ രക്ഷിക്കാൻ കൂടെ ചാടിയതാണ്. കുഞ്ഞു രക്ഷപെട്ടു. പക്ഷേ ആ സാധു.....
അദ്ദേഹത്തെ കിണറ്റിനു വെളിയിൽ എത്തിക്കുന്നതിനു മുമ്പേ ശ്വാസം പോയിക്കഴിഞ്ഞിരുന്നു. അയാൾ എന്നോട് പറഞ്ഞത് താൻ രക്ഷപെടുത്തിയ കുട്ടിക്ക് തന്റെ കുഞ്ഞിന്റെ അതേ പ്രായമുള്ളൂ എന്നാണ്. ശെരിക്കും കണ്ണ് നിറഞ്ഞു പോയി. ഞാൻ എനിക്ക് കിട്ടിയ ശ്വാസം മനപ്പൂർവം അവസാനിപ്പിച്ചപ്പോൾ, അദ്ദേഹം മറ്റുള്ളവനു വേണ്ടി... എന്തൊരു അവസ്ഥ.
അതിന്റെ പ്രതിഫലമായി അയാൾ ഇവിടെ തികച്ചും സുഖജീവിതം തന്നെ നയിക്കുന്നു. ആഡംബര ജീവിതം.
ചുരുക്കി പറഞ്ഞാൽ ഞാൻ ഇവിടെ ഉണക്ക റൊട്ടി കഴിക്കുമ്പോ അയാൾ അവിടെ അയാൾ ഭൂമിയിൽ പോലും കാണാത്തതും രുചിച്ചു നോക്കിയിട്ടു പോലുമില്ലാത്ത ഭക്ഷണങ്ങൾ.
എന്റെ ദേഹത്തെ തണുപ്പ് ഇപ്പോളും മുഴുവനായിട്ടു മാറിയിട്ടില്ല. അങ്ങ് ഭൂമിയിൽ എന്നെ മോർച്ചറിയിൽ വച്ചപ്പോ ഉള്ള തണുപ്പാണ്.
എന്തൊരു തണുപ്പാണപ്പാ അവിടെ. ഒരു രക്ഷയുമില്ല. ഗൾഫിൽകിടന്നു ജോലി ചെയ്യുന്ന അപ്പൻ വരാൻ വേണ്ടി നാലു ദിവസമാണ് ഞാൻ അവിടെ കിടന്നത്. ശരീരം അവര് കീറിമുറിച്ചു വെച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം എന്ന്. ഒരു വല്ലാത്ത ഏർപ്പാട് തന്നെ. ഇതിന്റെ വല്ലതും ആവശ്യമുണ്ടോ ഈ എനിക്ക്??? മര്യാദക്ക് അവിടെ വെല്ലോം ജീവിച്ചാൽ മതിയാർന്നു. ഒരൊറ്റ നിമിഷത്തിലെ ഒരു ദുർബുദ്ധി.
പുല്ല്, മരിക്കണ്ടായിരുന്നു. അവള് പോയാൽ പോകട്ടെ എന്നങ്ങു വെച്ചാൽ മതിയാരുന്നു . അവള് പെട്ടെന്ന് ഇങ്ങനെയൊക്കെ പറയുമെന്ന് ആര് കരുതി? പ്രേമം തലയ്ക്ക് പിടിച്ചു അവളെ ഭൂമിയിലെ എല്ലാമെല്ലാമെന്ന് കരുതി കൊണ്ട് നടന്നിട്ട് അവള് ഒടുക്കം പറയ്യുവാ ഒഴിഞ്ഞു തരണമെന്ന്. ഇതു കേൾക്കേണ്ട താമസം, ഉടനെ വണ്ടിയുമെടുത്തു വീട്ടിലേക്ക്. എന്റെ മുറിയിലേക്ക് കേറാൻ തുടങ്ങിയപ്പോ അമ്മ മര്യാദക്കു പറഞ്ഞതാണ് " വാടാ വന്നു ചോറുണ്ണാൻ. മീൻ വറുത്തതുണ്ടെടാ" എന്ന്. അപ്പൊ അത് ആര് കേൾക്കുന്നു.
നേരെ കേറി മുറിയും അടച്ചു കുറ്റിയുമിട്ടിട്ടു കസേരയും പിടിച്ചിട്ട് ഫാനേൽ തൂങ്ങാൻവേണ്ടി ഒരൊറ്റ നിൽപ്പ്. തൂങ്ങുന്നതിനു മുമ്പ് ഒരിക്കൽ കൂടെ അവൾ പറഞ്ഞ വാക്ക് ഓർത്തു. " ഒഴിഞ്ഞു തരണമെന്ന് " ഒഴിഞ്ഞു തന്നേക്കാടി, ഈ ഭൂമിയിൽ നിന്നു തന്നെ. ഇതും പറഞ്ഞു ഒരൊറ്റ തൂങ്ങ്. ആ കയറിൽ ഇങ്ങനെ തൂങ്ങികിടക്കുമ്പോഴാണ് എന്നെ വളർത്തി വലുതാക്കിയ എന്റെ അച്ഛനെയും, അമ്മയെയും, പിന്നെ എന്റെ സ്വന്തം കൂട്ടുകാരെയും ഓർക്കുന്നതു.
അപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടാകുന്നത്. എനിക്ക് തിരിച്ചു വരണമെന്നും ഒരു പെണ്ണിനുവേണ്ടി അവസാനിപ്പിക്കേണ്ടതല്ല എന്റെ ശ്വാസമെന്നും മനസ്സിലായി. പക്ഷേ, അപ്പോഴേക്കും എന്റെ ശരീരം മുഴുവനും പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥ .
എനിക്ക് മരിക്കേണ്ട, എങ്ങനെയെങ്കിലും ഈ ഫാനിൽ നിന്ന് ഞാൻ താഴെ വീണു രക്ഷപെടണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
എനിക്ക് ജീവിക്കണം... പക്ഷേ സാധിക്കുന്നില്ല. കൈ പൊക്കാൻ വയ്യ. ശബ്ദം വെക്കാൻ വയ്യ. കാലനക്കാൻ വയ്യാ. കതകും കുറ്റിയിട്ടു പോയി. അല്ലെങ്കിൽ അമ്മഎങ്ങനേലും വന്നു രക്ഷപെടുത്തിയേന്നേം.
*മരിക്കാൻ വേണ്ടി തൂങ്ങിയിട്ടു, മരണത്തിലേക്ക് കുതിക്കുന്ന അവസാന നിമിഷം, ജീവിത്തിലേക്ക് തിരികെ വരണം* എന്നാഗ്രഹിച്ച എന്റെ, മാനസികാവസ്ഥ നിങ്ങൾക്കു ഊഹിക്കാൻ സാധിക്കുമോ???
പ്രഗൽഭനായ ഒരു വലിയ എഴുത്തുകാരനു പോലും അത് മുഴുവനായി വിശദീകരിച്ചു തരാൻ പ്രയാസമാണ്. എല്ലാം കഴിഞ്ഞപ്പോഴാണ് അമ്മ " ഡാ ചെറുക്കാ, ചോറ് തണുക്കുന്നു " എന്ന് പറഞ്ഞു കതകിൽ വന്നു മുട്ടിയത്. അപ്പോൾ എനിക്ക് പറയ്യണം എന്നാഗ്രഹമുണ്ടായിരുന്നു
"അമ്മേ, ഞാൻ ഈ ലോകത്തിൽ നിന്ന് പോയികഴിഞ്ഞിരിക്കുന്നുവെന്ന് " പക്ഷേ, എങ്ങനെ പറയ്യാൻ, എന്റെ വാക്കുകൾ അമ്മക്ക് കേൾക്കാൻ സാധിക്കില്ലല്ലോ....
ഒടുവിൽ സംശയം തോന്നി കതക് തല്ലിതുറന്നപ്പോൾ എന്റെ അമ്മ കണ്ടത് ഞാൻ ഇങ്ങനെ ചത്തു കിടക്കുന്ന രംഗം. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അമ്മ ഞാനും കൂടെ വന്നിട്ട് കഴിക്കാൻ നിന്നതാവാം. പാവം. എല്ലാ നാട്ടുകാരും, കൂട്ടുകാരും വന്നു അമ്മയോടാണല്ലോ കാര്യം തിരക്കുന്നത്. അമ്മ എന്ത് പറയ്യാൻ??
വീട്ടിൽ നിന്ന് നേരെ മോർച്ചറിയിലേക്ക്. ഇന്നലെ എന്റെ അടക്കവും കഴിഞ്ഞു. സത്യം പറഞ്ഞാൽ എന്റെ അടക്കത്തിനു ഇത്രേം ആളുകൾ വരുമെന്ന് ഞാൻ ഓർത്തതേ ഇല്ല. ബന്ധുക്കൾ, നാട്ടുകാർ, കൂട്ടുകാർ അങ്ങനെ ഒരു ജനക്കൂട്ടം തന്നെ.
ഒരു കാര്യം ഓർക്കുമ്പോൾ ചെറിയ ചിരി തന്നെ വരുന്നു. മൈക്കും , സ്‌പീക്കറുമൊക്കെ ഉണ്ടായിരുന്നു എന്റെ അടക്കത്തിനു. എന്നെ പൊക്കി പറഞ്ഞും, ജീവിച്ചിരുന്നപ്പോൾ ചെയ്ത മേന്മകൾ എല്ലാം നാലാൾ കേൾക്കാൻ പറയ്യാൻ നിന്നവരുടെ കൂട്ടത്തിൽ, പീടികയുടെ അടുത്ത് താമസിക്കുന്ന ഒരാൾ നിൽക്കുന്നു. അയാളെ കണ്ട മാത്രയിൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി. കാരണം, കുറച്ചു നാളുകൾ മുമ്പ് എന്നോട് എന്തോ മോശം വർത്താനം പറഞ്ഞപ്പോ ഞാൻ തിരിച്ചു അയാളുടെ കരണത്തിനിട്ടൊന്നു പൊട്ടിച്ചായിരുന്നു. ഇനീം അത് പറയ്യാനാണോ അയാൾ നിൽക്കുന്നതെന്ന് ഞാൻ ഒന്ന് ഭയന്നായിരുന്നു. ഭാഗ്യം, അങ്ങനെയൊന്നും നടന്നില്ല. അയാൾ മൈക്കിൽ കൂടെ പറയ്യുവാ ഈ ഞാൻ വളരെ തങ്കപ്പെട്ട ചെക്കൻ ആയിരുന്നുവെന്നും സൽസ്വാഭാവി കൂടെയായിരുന്നു എന്നും.
ഹെന്റമ്മോ.. ഇയാൾ എന്തൊരു കള്ളമാണയ്യാ പറയ്യുന്നത്..
അവളും വന്നായിരുന്നു കല്ലറയിൽ. കൂടെ കുറച്ചു കണ്ണുനീർ കൂടെ. ഇനി ഇതിപ്പോ എന്തിനാണപ്പാ. പ്രേമിക്കുന്ന സമയത്ത് അവൾ പറഞ്ഞായിരുന്നു മരിക്കുന്നുവെങ്കിൽ നമ്മൾ ഒരുമിച്ചാണെന്ന്. ഇപ്പൊ എന്റെ കല്ലറയുടെ അടുക്കൽ വരെ മാത്രമേ അവൾക്കു വരാൻ കഴിഞ്ഞുള്ളു. ഇങ്ങോട്ട് വേറെ ആർക്കും വരാൻ പറ്റില്ലെന്ന് അവൾക്ക് അറിയാം. എന്താണേലും അടക്കമൊക്കെ പെട്ടെന്ന് കഴിഞ്ഞു. അടക്കുന്നതിനു മുമ്പ് എന്റെ അച്ഛന്റെയും അമ്മയുടെയും കാൽപ്പാദം പിടിച്ചു ഞാൻ കരഞ്ഞിരുന്നു. പക്ഷേ അത് അവർക്ക് കാണാൻ സാധിക്കില്ലല്ലോ...
ഇപ്പോൾ ഞാൻ പുതിയ ഒരു സ്ഥലത്ത്. ഇവിടെ ഒരു രസ്സവും ഇല്ല. എന്റെ കൂടെ താമസിക്കുന്നവർ രണ്ടു പേർ വേറെ ഏതോ രാജ്യക്കാരാണ്. അവർ പറയ്യുന്നത് എനിക്കും മനസ്സിലാവില്ല, ഞാൻ പറയ്യുന്നത് അവർക്കും മനസ്സിലാവൂല. എന്താണേലും ഇവിടെ താമസിക്കുന്ന എല്ലാർക്കും ഒരു കാര്യം മനസ്സിലായി. ചെയ്തത് വലിയ ഒരു മണ്ടത്തരം ആണെന്ന്.
കുറച്ചു മുമ്പേ, ഒരു പതിനെട്ടു വയസ്സു മാത്രം പ്രായമുള്ള ഒരു പയ്യൻ കൂടി ഇങ്ങോട്ട് വരുകയുണ്ടായി. അവനോട് ഞാൻ ചോദിച്ചപ്പോ അവൻ പറയ്യുവാ, അവനു ബൈക്ക് എടുത്തു കൊടുക്കാം എന്ന് പറഞ്ഞിട്ട് അവന്റെ അപ്പനും അമ്മയും എടുത്തു കൊടുത്തില്ലെന്ന്.
" ഇതൊക്കെ ഒരു കാരണമാണോടാ മണ്ടൻ ചെറുക്കാ" എന്ന് അവനോട് ചോദിച്ചപ്പോ അവൻ എന്നോട് തിരിച്ചു ചോദിക്കുകയാണ് "ചേട്ടൻ ചെയ്തതു പിന്നെ വലിയ ഏതോ കാരണം ഉള്ളത് കൊണ്ടാണല്ലോ " എന്ന്.
എന്താണേലും അവനു ഇന്ന് മുഴു പട്ടിണി ആണ്. ആദ്യ ദിവസം ഇവിടെ ആർക്കും ഇതിന്റെ മുതലാളി ഒരു തുള്ളി വെള്ളം പോലും കൊടുക്കാറില്ല.
എനിക്കും ഇന്നലെ കിട്ടിയിരുന്നില്ല.
ഇപ്പൊ എന്റെ വീട്ടിൽ... അന്ന് വിളമ്പി വച്ച ചൂട് ചോറും വറുത്ത മീനുമെല്ലാം അപ്പുറത്തെ വീട്ടിലെ പട്ടി കഴിച്ചു കാണും.
ഇനീം ഞാൻ ഇവിടെ സംസാരിച്ചോണ്ട് ഇരുന്നാൽ ഞാൻ മുമ്പേ പറഞ്ഞ ഉണക്ക റൊട്ടി പോലും കിട്ടാതെ വരും. ഞാൻ പോവാണ്.

0 Comments