വിവാഹം...
കഥ ഇതുവരെ...
തന്റെ കഥകേള്‍ക്കാന്‍ വന്ന രാത്രിയോടാണ് അവള്‍ കഥ പറഞ്ഞു തുടങ്ങിയത്. രാത്രിയോട് ഒരു കൊച്ചുകുട്ടിയുടെ വാശിയോടെ തന്റെ കഥകേള്‍ക്കുവാന്‍ അവള്‍ കലഹിച്ച് കൂട്ടിരുത്തുന്നു. എന്നാല്‍ എല്ലാം അറിയുന്ന രാത്രി അവളുടെ കഥ അവളോട് തന്നെ പറഞ്ഞുതുടങ്ങിയതില്‍ അവള്‍ അത്ഭുതം കൂറി. തന്റെ മനസ്സിലെ പ്രണയദിനങ്ങള്‍ ഓര്‍ത്തെടുത്ത് അവള്‍ രാത്രിയോട് പറഞ്ഞു തുടങ്ങി. കടല്‍ത്തീരത്ത് തനിക്കഭിമുഖമായി അവനിരുന്നപ്പോള്‍ രണ്ട് സാഗരം ഒരുമിച്ച് കണ്ടെന്നു പറഞ്ഞ് അവള്‍ വാചാലയാവുന്നു... പക്ഷേ അവള്‍ക്ക് പകലിനെ ഭയമായിരുന്നു... പകല്‍ പരുക്കന്‍ഭാവത്തോടെ അവളെ ഭയപ്പെടുത്തിയിരുന്നു... (തുടര്‍ന്ന് വായിക്കുക)
ചിലപ്പോഴെങ്കിലും വാടിയ ഇതളുകളില്‍..
നിന്റെ നനുത്ത സ്പര്‍ശം നല്‍കിയ ഊര്‍ജം അടരാതെ കൊഴിയാതെ കാത്തുസൂക്ഷിച്ചു...
എത്ര കൊട്ടിയടക്കപ്പെട്ടിട്ടും എന്നെ അലോരസപ്പെടുത്തിയതെല്ലാം...
എന്നെ മുറിപ്പെടുത്തിയതെല്ലാം...
ഓരോന്നായി മുറിച്ചുകടക്കുവാന്‍
നീ തന്നെയാണ് എനിക്കെന്നും ഊര്‍ജം...
എത്ര നേരം ആ ഇരുപ്പ് തുടര്‍ന്നുവെന്നറിയില്ല... അകലെ ഒരു ട്രെയിന്‍ ചൂളം വിളിച്ചു പായുന്ന ശബ്ദമാണ് അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്... ഇല്ല നേരം വെളുത്തിട്ടില്ല.. പക്ഷേ... രാത്രി തന്നെ കേള്‍ക്കാന്‍ തന്റെ പക്കല്‍ ഇല്ല... എന്നവള്‍ക് മനസിലായി... ട്രെയിന്‍ ശബ്ദം പതുക്കെ അലിഞ്ഞു ഇല്ലാതാവുകയും ചെയ്തു...
അപ്പോഴാണ് പണ്ട് അവള്‍ റയില്‍വേ സ്റ്റേഷനില്‍ അവനായി കാത്തിരുന്നത് ഓര്‍ത്തത്... ട്രെയിന്‍ ഇറങ്ങി ഒരു പതിനഞ്ചു മിനിറ്റിനകം അവന്‍ ഓടി പാഞ്ഞെത്തി... ഓടി വന്നതും തന്റെ കൈകള്‍ നുകര്‍ന്നതും... തന്റെ കണ്ണുകളിലേക്കു നോക്കി സ്വയം മറന്നു നിന്നതും.. ഒരുമിച്ചു കൈകള്‍ കോര്‍ത്തു കുറെയേറെ ദൂരം നടന്നതും... നടക്കുമ്പോഴൊക്കെയും അവന്‍ പറഞ്ഞുകൊണ്ടിരുന്നത് വിവാഹ കാര്യമായിരുന്നു...
ഒറ്റയ്ക്കുള്ള ജീവിതം മതിയായെന്നും... ഓരോ നിമിഷവും നീ എന്റെ അരികിലുണ്ടാകണമെന്നും പറഞ്ഞു എന്നെ അവന്‍ നെഞ്ചിലേക്ക് ചേര്‍ത്തു നിര്‍ത്തിയപ്പോഴാണ്... എന്റെ ഹൃദയവും ആഗ്രഹിക്കുന്നത് അതുതന്നെയാണെന്നു...എനിക്കു മനസ്സിലായത്..
പറയാതെ പകുതിയില്‍ നിര്‍ത്തിയ
വാക്കുകള്‍ക്കിടയില്‍...
നീ പറഞ്ഞു തീര്‍ത്ത സ്വപ്നങ്ങളില്‍...
ആഗ്രഹിക്കുമ്പോഴൊന്നും കൂടെ ഇല്ല
എന്നുള്ള പരിഭവങ്ങളില്‍...
നിനക്കെന്നോടുള്ള ഭ്രാന്തമായ ഇഷ്ടം..
നീ എത്ര ഭംഗിയായി ഒളിപ്പിച്ചു..
ഇനി ജീവിതത്തില്‍ എത്ര ദൂരം ബാക്കി ഉണ്ടെന്നറിയില്ല.. ദൂരങ്ങള്‍ താണ്ടുവാന്‍ നീ കൂടെ ഉണ്ടായേ മതിയാകു... നിന്നെ കാണാതെ... എന്റെ ജീവിതത്തില്‍ ഇനി ഒരു ദിവസം കൂടി കടന്നുപോകരുത് അതാണ് എന്റെ ആഗ്രഹം... അവന്‍ അതു പറയുമ്പോള്‍ തന്റെ മിഴികള്‍ നിറഞ്ഞൊഴുകുകയായിരുന്നു...
ഓരോ തവണ കണ്ടു പിരിയുമ്പോഴും രണ്ടാള്‍ക്കും ഉണ്ടാകുന്ന വേദന ... അതു തന്നെയായിരുന്നു വിവാഹം എത്രയും വേഗം നടത്താന്‍ രണ്ടാളും തീരുമാനിച്ചത്...
വിവാഹത്തിന് നാള്‍ കുറിച്ചത് മുതല്‍ ഭൂമിയിലും അല്ല സ്വര്‍ഗത്തും അല്ല എന്ന മട്ടിലായിരുന്നു എന്റെ ഓരോ ദിവസവും കടന്നു പോയിരുന്നത്... വരുന്ന ചിങ്ങത്തില്‍ നല്ലൊരു മുഹൂര്‍ത്തം കുറിച്ചു വാങ്ങി എന്നവന്‍ അറിയിച്ചപ്പോഴുണ്ടായ ആനന്ദം.. അത്യധികമായിരുന്നു..
ഞാന്‍ ഓര്‍ത്തു എന്തുകൊണ്ട് എനിക്കു ഇതൊന്നും രാത്രിയോട് പറയാന്‍ കഴിഞ്ഞില്ല....
അപ്പോഴേക്കും നേരം വെളുക്കാറായിരുന്നു.. ഇതൊക്കെ ഇന്ന് രാത്രിയില്‍ എനിക്കു പറയണം... എന്നു ഞാന്‍ മനസുകൊണ്ടുറച്ചു... രാത്രിയാകാന്‍ കാത്തിരുന്നു....
വളരെ തീഷ്ണമായ പകലിനപ്പുറം താന്‍ കാത്തിരുന്ന രാത്രി അവള്‍ക്ക് അരികിലെത്തി...
ഇന്നലെ എന്താ നിനക്കു സംഭവിച്ചത്...? എത്ര നേരം ഞാന്‍ നിന്നോട് സംസാരിച്ചു... നീ എന്നോടൊന്നിനും മറുപടി നല്‍കിയില്ലല്ലോ...? അനുകമ്പാപൂര്‍വം രാത്രി ചോദിച്ചു..
അതേ അതു പറയാന്‍ തന്നെയാണ് ഞാന്‍ ഇന്ന് നിന്നെ കാത്തിരുന്നത്...
പറഞ്ഞോളൂ.. ഒട്ടും വൈകണ്ട...
അതേ..അതുതന്നെ ഇനി ഒട്ടും വൈകരുത്... ഉടനെ ആ വിവാഹം നടക്കണം...
ഹേയ്.. അപ്പോ വിവാഹം അതു നടന്നില്ലേ... ഇതുവരെയും...
ഇല്ല, വിവാഹത്തിനുള്ള നാള്‍ വരെ കുറിച്ചതാണ്...
പിന്നെയോ..?
ഇത്ര അധികം പരസ്പരം മനസിലാക്കിയ രണ്ടുപേര്‍.... പ്രകൃതിക്കു പോലും അസൂയ ഉണ്ടാകും ഞങ്ങള്‍ ഒന്നിക്കുന്നതിനു... ഇനി അത് വൈകരുത്... എത്രയും വേഗം നടക്കണം... അവന്‍ എത്ര വിഷമിച്ചിട്ടുണ്ടാകും... ഇനി അവനെ വിഷമിപ്പിക്കാന്‍ വയ്യ...
നീ എന്തൊക്കെയാ പറയുന്നത്എന്റെ കുട്ടി...
അതേ അന്നു ഉറപ്പിച്ച വിവാഹം... അതു നടക്കാത്തതിനു കാരണം പ്രകൃതി തന്നെയാണ്.. കാലം തെറ്റി പെയ്തു തുടങ്ങി...ഒടുക്കം ഒരു പ്രളയമായി നാടിനെ ആകെ കവര്‍ന്നില്ലേ.. ഉരുള്‍ പൊട്ടലില്‍ വീടും വീട്ടുകാരേയും ഇല്ലാതാക്കിയില്ലേ... എത്ര പേരുടെ സ്വപ്നങ്ങളും ജീവിതവുമാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതെ ആയതു... പിന്നെ എങ്ങനെ വിവാഹം നടക്കും... ഇനി അത് വൈകരുത്.. ഇനിയും ഒറ്റപ്പെടാന്‍ വയ്യ...
ആ വിവാഹം നടക്കില്ല... രാത്രി നിര്‍വ്വികാര യായി മറുപടി നല്‍കി...
എപ്പോഴും എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്... ഞങ്ങള്‍ ഒന്നാകുന്നത് നിനക്കും ഇഷ്ടമില്ലേ...
എന്തുതന്നെ ആയാലും ഈ വിവാഹം നടക്കില്ല...
ഇത്രയും നേരം നീ പറയുന്നത് ഞാന്‍ ക്ഷമയോടെ കേട്ടിരുന്നത്. നീയും എനിക്കു അത്രമേല്‍ പ്രിയപ്പെട്ടവളയതുകൊണ്ടാണ്.. രാത്രിയോടായി അവള്‍ പറഞ്ഞു..
എങ്കില്‍ നീ പറ നിനക്കു എന്തുകൊണ്ടാണ് പകലിനെ പേടി..?
പേടിയോ... എനിക്കോ.. ആരുപറഞ്ഞു..?
അതേ.. നിനക്കു പകലിനെ പേടിയാണ്... സാധാരണ മനുഷ്യര്‍ക്കു രാത്രിയെ ആണ് പേടി.. പക്ഷേ നീ.. അങ്ങനെയല്ല..
അതും വിവാഹവും തമ്മില്‍ എന്താണ് ബന്ധം? നിനക്കു അറിവുള്ളതല്ലേ എന്നെ കാണാതെ അവന്‍ എത്ര മാത്രം സങ്കടപെട്ടിട്ടുണ്ടാകും എന്നു...
അവന്റെ സങ്കടം ഇപ്പോ നിന്നെക്കാളും നന്നായി എനിക്ക് അറിയാം.. അതുകൊണ്ടു തന്നെയാണ് പറഞ്ഞതു... ആ വിവാഹം നടക്കില്ല... എന്നു...
ഇല്ല.. അതു നടക്കും... അവള്‍ തര്‍ക്കിച്ചു..
അവന്‍ എന്നോട് പറഞ്ഞതും അതുതന്നെയാണ്...
എന്തു..?
വിവാഹം നടക്കില്ല...എന്നു.....
എനിക്ക് അറിയാം എന്തു ചെയ്യണമെന്ന്... ഞാന്‍ ഉറച്ച തീരുമാനത്തോടെ രാത്രിയെ നോക്കി പറഞ്ഞു...
(തുടരും)


0 Comments