കോവിഡ് കാലം.
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിൻ്റെ ആദ്യദിനങ്ങളിലൊന്ന്.
കരുതൽ .. ജാഗ്രത ..
ഗതാഗത നിയന്ത്രണം,
ഉണ്ണിപ്പോലീസിന് ജംഗ്ഷനിലായിരുന്നു ഡ്യൂട്ടി ..
മധ്യാഹ്നമായിട്ടുകൂടി അടുത്ത പറമ്പിൽ കരീലക്കിളികളുടെ ചിലമ്പൽ.
അത്യാവിശ്യസാധനങ്ങൾ വാങ്ങാൻ പോകുന്നവരുണ്ട്.
സംശയം തോന്നിയ ചിലരെ തടഞ്ഞുനിർത്തി സത്യവാങ്ങ്മൂലം നോക്കി കടത്തിവിട്ടു..
ഇതിനിടയിലും ചിലർ കളവായകാരണങ്ങൾ നിരത്തി കടന്നു പോകുന്നുണ്ട്.കോറോണയെ സംബന്ധിച്ച് ചെയ്യാവുന്നതും ചെയ്യരുതാത്തതും മനസ്സിലാക്കി പ്രവർത്തിച്ചാൽ മതി, എന്തുചെയ്യാം ചില മനുഷ്യർക്ക് ചെയ്യരുതെന്നു പറയുന്നത് ചെയ്യാനാണ് താല്പര്യം.
"നിങ്ങൾ നിങ്ങളെത്തന്നെ വിഡ്ഡികളാക്കുന്നു. കഷ്ടം. ''
കടത്തിണ്ണയിൽ സ്ഥാനം പിടിച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച, കാഴ്ച്ചയിൽ മാനസികനില തെറ്റിയവരെപ്പോലൊ തോന്നുന്നയാൾ വിളിച്ചു പറയുന്നു ..
രാവിലെ ഉണ്ണിപ്പോലിസും ശ്രീകുമാർ സാറും കൂടി ഡ്യൂട്ടിക്കു വരുമ്പോഴെ അയാൾ ആ പൂട്ടിക്കിടക്കുന്ന ഫാൻസിക്കടയുടെ മുമ്പിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു ..
ശ്രീകുമാർ സാർ,
റേഷൻ വാങ്ങാൻ ന്യൂ ജെൻ ബൈക്കിലെത്തിയ രണ്ടു ഫ്രീക്കൻമാരേപ്പൊക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ചോദിക്കുമ്പോൾ റേഷൻ കാർഡുമില്ല,കാർഡു നമ്പരുമറിയില്ല..
കൂടുതൽചോദ്യം ചെയ്തപ്പോൾ സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയതിന് തെരയുന്ന ഒന്നാംപ്രതിയും കുട്ടാളിയും,
ലോക് ഡൗണായിട്ടും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. കൂട്ടുകാരനെ കണ്ടു് സ്ഥിരം റേഷൻ വാങ്ങാൻ പോവുന്നു... സത്യം .
പിന്നെ ശ്രീകുമാർ സാറിനെ വിളിച്ചപ്പോൾ, ഭർത്താവ് വിറകുകൊണ്ട് തലയടിച്ചു പൊട്ടിച്ചെന്നും പറഞ്ഞു ചോരയുമൊലിപ്പിച്ച് സ്റ്റേഷനിൽ ചെന്ന സ്ത്രീയുടെ പരാതി അന്വേക്ഷിക്കാൻ അങ്ങോട്ട് പോയന്നറിഞ്ഞു.
പാവം ഭാര്യ.. ലോക് ഡൗണായതിനാൽ ഇറങ്ങി ഓടാനും കഴിഞ്ഞിട്ടുണ്ടാവില്ല.
Stay at home .
ജംഗ്ഷനിൽ ഒരു ബേക്കറി മാത്രം തുറന്നിട്ടുണ്ട്.
മറ്റ് ഏതെങ്കിലും ഡിപ്പാർട്ട്മെൻ്റാ യിരുന്നെങ്കിൽ ചക്കയിൽ എന്തെങ്കിലുമൊക്കെ പാചക പരീക്ഷണങ്ങൾ നടത്തി, കഴിച്ചു പിള്ളാരുമൊത്തു വീട്ടിൽ കഴിയാമായിരുന്നു.മനോഗതം.
" അശാന്തിയുടെ തീരത്ത് ആരോരുമില്ലാതെ ഞാൻ അലയുന്നു, പ്രകാശമിനിയുമെത്രെ അകലെ. അതിജീവനത്തിനായി അവസാന ആസ്ത്രവും പരതുന്ന മനുഷ്യാ നീയെത്ര നിസ്സാരൻ, ലോക ശാന്തിയ്ക്ക് നിൻ്റെ അഹന്തയെത്ര അപര്യാപ്തം."
മറു സൈഡിൽ ഭ്രാന്താൻ്റെ വാക്ക്ദോരണി ഉച്ചസ്ഥായിലായി..
കഷ്ടം .. ജീവിതത്തിലെ ഏതോ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ കഴിയാതെ
മനോനിലതെറ്റയതാവും,
പക്ഷെ അയാൾ പറയുന്നതൊക്കെയും...?
മനക്കരുത്തുള്ളവരാകുക.
സമയം ഒന്നര കഴിഞ്ഞുകാണും രണ്ടു യുവാക്കാൾ ബൈക്കിൽ തൂക്കിയ സഞ്ചിയുമായെത്തി.
"സാർ ഭക്ഷണം കരുതിയിട്ടുണ്ടോ?''
"ഇല്ല .. "
നൈറ്റിൽ പാറവു ഡ്യൂട്ടിയുണ്ടായിരുന്നു, ആയാൾക്ക് വീട്ടിൽ പോകാൻ കഴിഞ്ഞില്ല..
അവർ കവറിൽ കരുതിയ ഒരു ഭക്ഷണപ്പൊതിയും ഒരു കുപ്പി വെള്ളവും ഉണ്ണിയ്ക്ക് നീട്ടി..
കാതിൽ ഉച്ചത്തിലുള്ള ജല്പനങ്ങൾ.
അവരോട് ഒരു പൊതി കൂടി വാങ്ങി, വെള്ളവും,
എതോ സന്നദ്ധ സംഘടനയിലേ പ്രവർത്തകർ, കേരള യുവത്യത്തിൻ്റെ മറ്റൊരു മുഖം.
" നിൻ സൂഷ്മ, ദൂരദർശനികളിലും നീയതിനെ കണ്ടില്ല.
അടുത്തു നിൽപ്പവൻ വിറച്ചു വീഴുന്നു 'അടുത്ത ഊഴവും കാത്തു ഞാനും നിൽക്കുന്നു,
ഭയത്തോടും ഞാനും നിൽക്കുന്നു. ..
ഇനിയുമെത്ര വൈതരണികൾ?."
അയാൾ പറഞ്ഞു കൊണ്ടേയിരുന്നു ...
സമയം രണ്ടു കഴിഞ്ഞു,
റോഡ് വിജിനം.
വിശപ്പുണ്ട്. ഊണു് കഴിച്ചു കളയാം.
വാക്ദോരണി മുഴക്കുന്ന വക്താവിൻ്റെ അടുത്തുചെന്നു ആയാൾക്കു നേരെ ഒരു പൊതിയും കുപ്പിവെള്ളവുംനീട്ടി',,
ആയാൾ ഉണ്ണിപ്പോലീസിൻ്റെ കണ്ണിലേക്ക് നോക്കി, രൂക്ഷമായി...
"ഊണാണ്.. സുഹൃത്തെ. ഇനി ഇത് കഴിച്ചിട്ടാവാം ". അനുനയത്തിൻ്റെ ഭാഷ.
പൊതിയിലൊന്നു നോക്കി. വളർന്നു കിടന്ന എണ്ണ കണ്ടിട്ടില്ലാത്ത മുടി പിറകോട്ടൊതുക്കി കെട്ടിവെച്ചു.
"ഉണ്ണാതെ ഉടുക്കാതെ എത്ര പേർ?
എത്ര നാൾ, എത്ര കുഞ്ഞുങ്ങൾ."
പൊതിയോടൊപ്പം നീട്ടിയ വെള്ളക്കുപ്പി വാങ്ങി.. അടപ്പു തുറന്ന് വെള്ളം കുടിച്ചു.. എന്നിട്ടും പൊതി വാങ്ങിയില്ല.
നീട്ടി മുഷിഞ്ഞപ്പോൾ
പൊതിയുമായി ഉണ്ണിപ്പോലീസു കടത്തിണ്ണയുടെ ഒരു കോണിൽ പോയിരുന്നു. കഴിക്കാനായി തൻ്റെ പൊതി അഴിക്കുമ്പോൾ കുപ്പിയിലെ ബാക്കി കുറച്ചു വെള്ളം കൊണ്ട് കൈകഴുകി,
ആയാൾക്കു നീട്ടിയ പൊതി വന്നെടുത്തു
കുറച്ചു മാറിയിരുന്നു ..
ശ്രദ്ധയോട് പൊതിയഴിച്ച് ഒരോ ചെറിയ പൊതികളും തുറന്നുവെച്ച് ചോറ് വാരി കഴിക്കാൻ തുടങ്ങി ...
"എന്താ പേര്... ?
വീട് എവിടെയാണ് ?
വീട്ടിലാരൊക്കെയുണ്ട്....?"
ഉണ്ണിപ്പോലീസ് ചോദിച്ചു.
അയാൾ ഒന്നും മിണ്ടിയില്ല.
അർത്ഥമറിയാൻ കഴിയാത്ത നോട്ടം മാത്രം.
ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ ഇഷ്ടമില്ലാത്ത ആളാവും ഈ സംസാരപ്രീയൻ'
റോഡിൽ രണ്ടു ബൈക്കുകൾ ഇരു സൈഡിലേക്ക് പോയി..
വടക്ക് നിന്ന് ഒരു കാർ വന്നു പടിഞ്ഞാറേക്ക് പോയി..
കാറിൽ നാലുപേര് കാണും' '
ഊണ് കഴിക്കുന്ന തന്നെ കണ്ടു ഡ്രൈവർ, താൻ പോലീസിനെ പറ്റിച്ച ഭാവത്തിൽ ഓടിച്ചു പോയി...
രണ്ടുപേരെ പാടുള്ളൂ. മാനസ്സിക വെല്ലുവിളി നേരിടുന്ന ഇയാൾ ചോദിച്ചത് പോലെ
കഷ്ടം... ഇവർ ആരെയാണ് ഈ പറ്റിയ്ക്കുന്നത്:
"നിങ്ങളെപ്പോലുള്ളവരെ താമസിപ്പിക്കാൻ ഷെൽറ്റർ ഹോമുണ്ട്,
ഞാൻ താങ്കളെ അവിടെയാക്കാം..
ആഹാരവും നല്ല വസ്ത്രവും മരുന്നുമൊക്കെ ലഭ്യമാവും.....
പേരാമോ? പോരണം.
മറുപടി മൗനം.
താടിയും വടിച്ചുകളഞ്ഞു കുളിച്ചു വൃത്തിയുള്ള
വസ്ത്രവും ധരിച്ച അയാളുടെ രൂപം ഉണ്ണി മനസ്സിൽ കണ്ടു.
സുമുഖൻ.. ഏതാണ്ട് തൻ്റെ പ്രായം.
"നിങ്ങൾ എൻ്റെ കൂടെ വന്നേ പറ്റു..
ഞാൻ നിങ്ങളെ കൊണ്ടു പോകും".
സഹജീവി സ്നേഹം.
ആയാൾ വളരെ വേഗം വാരി കഴിച്ചു. പേപ്പർ മടക്കി എണീക്കുമ്പോൾ പിറുപിറുത്തു:
"വീടില്ലാത്തവർ എത്ര പേർ... കൂടില്ലാത്തവർ എത്ര പേർ? അഭയമില്ലാത്തവർ എത്രപേർ ?"
ചോറു പൊതിഞ്ഞ ഇലയും പേപ്പറും റോഡരികലെ വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചയാൾ വീണ്ടും വെള്ളക്കുപ്പിയെടുക്കാനായി കഴിച്ചു കൊണ്ടിരുന്ന ഉണ്ണി പോലീസിൻ്റെ അടുത്തു വന്നു ..
അപ്പോഴും ഉണ്ണിപ്പോലീസ് ആ പഴയ
ചോദ്യം ആവർത്തിച്ചു?
എവിടെയാണ് വീട്?
നിങ്ങളവിടെ നിൽക്കുക. പോകരുത്..,
മാറി നിന്നു് കുപ്പിയിലവേശേഷിച്ച വെള്ളം കൊണ്ട് കൈയ്യും വായും കഴുകിയിട്ട് ഉണ്ണിയേ നോക്കിയിട്ടായാൾ തിരിച്ചു ചോദിച്ചു.
"ആരാ....?"
"ഞാനോ
ഞാനൊരു പോലീസുകാരൻ,
പേര് ഉണ്ണി .''
"പോലീസോ ..
ഹാ...ഹാ.. ഹാ
അയാൾ ഉണ്ണിപ്പോലീസിനെ നോക്കി ഉറക്കെ ഉറക്കെ ചിരിച്ചു..
ഉണ്ണി പോലീസ് ചുറ്റും നോക്കി..
ആരും കാണുന്നതും കേൾക്കുന്നതുമില്ല.ബേക്കറിയിലും ആരുമില്ല. .. ഭാഗ്യം
"ഹ..ഹാ വലിയ പോലിസും ഉണ്ണിയായി പോയി...
ആ ലോകപോലീസ് എവിടെപ്പോയി ഒളിച്ചു ..
അണുവിനെപ്പേടിച്ചു പത്തായത്തിലൊളിച്ചോ'.'' ?
ഹാ.. ഹാ ലോകപോലീസും ഉണ്ണിയായിപ്പോയി.. "
ഉച്ചത്തിൽ വീണ്ടും വീണ്ടുമാവർത്തിച്ചയാൾ നടന്നു നിങ്ങി....
ലോകപോലീസ് എവിടെപ്പോയി... പനി പേടിച്ചു പത്തായത്തിലൊളിച്ചോ..?
എന്തെങ്കിലും പറയാൻ കഴിയാതെ, ഒന്നനങ്ങാൽ പോലും കഴിയാതെ പൊളിച്ച വായിൽ ചോറുരുളയുമായി ഉണ്ണിപ്പോലീസയാളേ നോക്കിയിരുന്നു...കാഴ്ചയിൽ നിന്ന് മറയും വരെ...
---------------------------


0 Comments