കേരള സര്‍ക്കാരിന്റെ ആയിരം രൂപ ധനസഹായം വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം:
ലോക്ഡൗണ്‍ കാലത്ത് പെന്‍ഷന്‍, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപയുടെ സഹായ വിതരണം സഹകരണവകുപ്പ് അടുത്ത വ്യാഴാഴ്ച (മെയ് 14) ആരംഭിക്കും. കോവിഡ് 19 സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ് 1000 രൂപയുടെ ധനസഹായം ലഭിക്കുന്നത്. ഇതിനായി  14,78,236 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറായി. ഓരോ റേഷന്‍ കാര്‍ഡിന്റെയും ഉടമയെയാണ് ഗുണഭോക്താവായി കണക്കാക്കുന്നത്. ഗുണഭോക്താക്കളുടെ ലിസ്റ്റ് എല്ലാ റേഷന്‍ കടകളിലും പഞ്ചായത്ത് ഓഫീസുകളിലും നാളെ (ബുധന്‍) പ്രസിദ്ധീകരിക്കും. ഇന്നത്തെ ദിനപത്രങ്ങളില്‍ വന്നിരിക്കുന്ന സത്യപ്രസ്താവന ഫോം സഹകരണബാങ്ക് ജീവനക്കാര്‍ വീട്ടില്‍ പണവുമായി വരുമ്പോള്‍ പൂരിപ്പിച്ച് നല്‍കണം. തുക വിതരണം ചെയ്യുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ ഓരോ സഹകരണ ബാങ്കിനും പ്രത്യേകം അനുവദിച്ചിട്ടുള്ളതിനാല്‍ തുകയുമായി വരുന്നവര്‍ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. 

സത്യപ്രസ്താവനയില്‍ കൃത്യമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പരും ആധാര്‍കാര്‍ഡ് നമ്പരും പൂരിപ്പിക്കേണ്ടതുണ്ട്. കാരണം കൃത്യമായി യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെയാണോ തുക ലഭിച്ചതെന്ന് മനസ്സിലാക്കുവാനും തുടര്‍ന്ന് എന്തെങ്കിലും ധനസഹായങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നതിനും സര്‍ക്കാരിന് സഹായകമാകും. 

ബി പി എല്‍ അന്ത്യോദയ റേഷന്‍ കാര്‍ഡുടമകളുടെ പട്ടിക സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ /ക്ഷേമ നിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയുമായി ആധാര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ ഒത്തു നോക്കി പെന്‍ഷന്‍ വാങ്ങാത്തവരെ കണ്ടു പിടിക്കുകയാണ് ചെയ്തത്. ഇതിനു വേണ്ട സാങ്കേതിക സഹായം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്മാറ്റിക്സ് സെന്റര്‍ കേരളം, സംസ്ഥാന സര്‍ക്കാരിന്റെ ഐഐടിഎംകെ എന്നീ സ്ഥാപനങ്ങള്‍ ചെയ്തത്. അര്‍ഹരെ കണ്ടെത്തിയത് റേഷന്‍കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയതിനാല്‍ റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഈ പദ്ധതിയുടെ പരിതിയില്‍ വരികയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയിരിക്കുന്നത്. 

Post a Comment

0 Comments