പുകപിടിച്ച ചരിപ്പിലെ അങ്കം തീരുമ്പോള്‍ അവന് തിരികെ പോകാം. സദ്യവട്ടത്തിലെ ഭക്ഷണം അവന് ഇഷ്ടമല്ല. വീട്ടിലെ ചട്ടിയില്‍ വറ്റല്‍മുളക് പൊടിച്ചതും, മോരും മാലതിയുടെ അമ്മയുടെ സ്ഥിരം കടുമാങ്ങ അച്ചാറും ആണ് അവനു പ്രിയം.
ചില പതിവ് കൂട്ടം കൂടി, ചില ഉല്ലാസ് നേരമ്പോക്കുകള്‍ കഴിഞ്ഞേ പണിക്കര്‍ വീടണയു.
'അടി എന്നടി കാമാച്ചി' ....സ്വയം രൂപപ്പെടുത്തിയ ഏതോ പാട്ടിന്റെ സാമ്യമുള്ള ശീലുകള്‍ പാടി; പഞ്ചരമണ്ണില്‍ മെടഞ്ഞിട്ട മേച്ചിലോലയില്‍ ചവിട്ടാതെ സ്വയം ഒരു നര്‍ത്തകനും ഗായകനുമായി മാറിക്കൊണ്ടാണ് മാധവന്റെ മടങ്ങി വരവ്. മുറ്റത്തോ പറമ്പിലോ മാലതിയെ കണ്ടാല്‍ പാട്ടും നിലക്കും നൃത്തവും നിലക്കും. നീരൊഴുക്ക് ഉള്ള നെടുത്തോട്ടിലെ കുളിയും അത്യാവശ്യം തുണി അലക്കലും കഴിഞ്ഞാല്‍ പിന്നെ ഒരു ഉറക്കമാണ് പതിവ്.
കാലം കഴിഞ്ഞപ്പോള്‍ ഗൗരവമുള്ള ചില നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നത് കാരണം അത്യാവശ്യം ചില സദ്യവട്ടങ്ങള്‍ ഒറ്റക്ക് ചെയ്യാന്‍ തുടങ്ങിയിരുന്നു. പണിക്കര്‍ക്കും അത് ആശ്വാസം ആയിരുന്നു.
യൗവനയുക്തയായ മാലതിയുടെ മുഖത്തെ വശ്യമായ സൗന്ദര്യം കൊണ്ടുമാത്രം പറ്റിയൊരു കല്യാണം കിട്ടാന്‍ തരമില്ല എന്ന് വീട്ടിലെല്ലാവര്‍ക്കും മനസിലായ നാളുകളായിരുന്നുഅത്. അവളുടെ മുടന്ത് പലരുടേയും വീക്ഷണകോണുകള്‍ക്കും വ്യതിരക്തങ്ങള്‍ ആയ ആധി ആയിരുന്നു. പലരുടെയും പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിച്ചത് .
മീനമാസത്തിലെ അല്പം വെയില്‍ മങ്ങിയ ദിവസം നടുത്തോടിന്റെ വരമ്പിലെ കൈതപ്പടര്‍പ്പുകളില്‍ ഒതുങ്ങി വേഗം നടന്ന് രണ്ട് പേര് പടിപ്പുരയില്‍ പ്രത്യക്ഷപ്പെട്ടു. മേലെ റോഡില്‍ ബസ്സിറങ്ങിയാണ് അവര്‍ എത്തിയത്.
കുട്ടിയുടെ പോരായ്മ അറിഞ്ഞുള്ള കൂട്ടരായിരുന്നു
മൂന്നാന്റെ ആമുഖം അല്പം നീരസം ഉണ്ടാക്കിയെങ്കിലും പണിക്കര്‍ ഒന്നും പറഞ്ഞില്ല.
'ചവറ തെക്കുഭാഗത്തെ ഈരിക്കത്തറ കുടുംബക്കാരെപ്പറ്റി കേട്ടിട്ടുണ്ടാവും'
അതിശയോക്തിയില്‍ നിര്‍ത്തിയ മൂന്നാന്റെ നയചാതുര്യം നിര്‍ഗ്ഗമിക്കുകയാണ്.
പിന്നയും പോക്കുവരവുകള്‍ നടന്നു. ഒരു വേനല്‍ മഴ ദിവസം പെണ്ണുകാണല്‍ ചടങ്ങു നടന്നു. ദേവസ്വത്തിലെ പരികര്‍മിയാണ് പയ്യന്‍. ചന്ദനത്തിന്റെ മണവും മെഴുക്കു കൂടുതലുള്ള മുടിയും ഉള്ള ചെറുക്കനെ മാലതിക്കും പിടിച്ചിരുന്നു. കാര്യങ്ങള്‍ എല്ലാം ഒരു വ്യവസ്ഥ ആയപ്പോഴാണ് പണിക്കരും കാര്യത്തിന്റെ ഗൗരവം അറിയുന്നത്. പണം കണ്ടെത്തുന്ന കാര്യം അത്ര സുഗമമായിരുന്നില്ല. പണ്ട് ഉപകരിച്ചവരില്‍ ചിലര്‍ സൂത്രത്തില്‍ ഒഴിഞ്ഞങ്കിലും പ്രതീക്ഷിക്കാത്തിടങ്ങളില്‍ നിന്ന് ചിലര്‍ തന്ന വലിയ പിന്തുണ കാര്യങ്ങളെ ഒരു കരക്കെത്തിക്കുകയായിരുന്നു.
ഇടവത്തിലെ മഴ നേരത്തെ എത്തി. പെയ്തുവീഴുന്ന തുള്ളികള്‍ ഓരോന്നും ഓളങ്ങളുടെ കമ്രവലയങ്ങള്‍ തീര്‍ത്താണ് നെടുംതോട്ടില്‍ പരക്കുന്നത്. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഒഴിയാന്‍ വയ്യാത്ത ചില സദ്യവട്ടങ്ങള്‍ക്ക് മാധവനാണ് പോകുന്നത്. ഓരോ കാര്യങ്ങള്‍ക്കും അയാളുടെ ശ്രദ്ധയുണ്ടാകണം എന്നു നിര്‍ബന്ധമുള്ളപോലെ അയാള്‍ നിറഞ്ഞുനിന്നു.
'ഇനി നീയും ഇവിടെ കാണണം നാളെ രാവുണ്ണിയേയും കൂട്ടി നമുക്ക് കമ്പോളത്തില്‍ പോയി പൊടി വഹകള്‍ക്കുള്ള സാധനങ്ങള്‍ എടുക്കാം' നൂറു സദ്യക്കുള്ള സാധനങ്ങള്‍ എടുക്കാന്‍ അറിയാവുന്ന ആള്‍ക്ക് ഒരു വിശ്വാസമില്ലായ്മ പിടികൂടിയപോലെ .
ദിവസങ്ങള്‍ അടുക്കുന്തോറും ദിവാകരപ്പണിക്കാരുടെ പെരുമാറ്റത്തിലും ഒരസ്വാഭാവികത നിഴലിച്ചിരുന്നു. ഒത്തിരി കല്യാണങ്ങള്‍ക്കു അഭിഭാജ്യഘടകമായി മാറിയ വ്യക്തിയുടെ സ്വന്തം കാര്യത്തിലെ അമിത ആകാംക്ഷയായി കരുതാനാണ് മാധവനടക്കം അടുപ്പമുള്ളവര്‍ ഇഷ്ടപെട്ടത്.
'നാട്ടുകാര്‍ക്ക് ഉപകാരി ആയതിനാല്‍ സദ്യയൊരുക്കുന്നവരില്‍ നിന്നും ദക്ഷിണയായി വെറ്റിലയും അടക്കയും ഒരു രൂപയും ആണ് പതിവ്, പക്ഷെ പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇത് മനസിലാക്കാം കുന്നത്തെ ഭാസ്‌കരകൈമളിന്റെ മകളുടെ കല്യാണവും അതെ കോലളവ് അയാല്‍ എന്താ ചെയ്ക'
വടക്കെ കുളത്തിന്റെ കല്പടവില്‍ അന്തിക്കള്ളടിച്ചിരിക്കുമ്പോള്‍ രാവുണ്ണി പലപ്പോഴും പറയുന്ന കാര്യമാണ്.
പടിഞ്ഞാറെ ചക്രവാളത്തിലേക്ക് പറന്ന് മാഞ്ഞില്ലാതാകുന്ന എരണ്ടപക്ഷികളുടെ പറക്കലിന്റെ അസാമാന്യ താളത്തിലും, ചുകന്ന ആകാശത്തില്‍ കറുത്തനിറത്തിലുള്ള കൂറ്റന്‍ പട്ടംപോലെ ഓളംവെട്ടുന്ന അവയുടെ കൂട്ടത്തിന്റെ ചേലും നോക്കി മിണ്ടാതിരിക്കുകയാണ് മാധവന്റെ പതിവ്.
.....'മുടന്തിപെണ്ണിന്റെ കാര്യം വരുമ്പോള്‍ എല്ലാരും ഒത്തുകൂടും...നമ്മളെന്തിനാ ഇതൊക്കെ പറയുന്നത്'
പലപ്പോഴും രാവുണ്ണി തന്നെ തന്റെ ചിന്തകളെ ഉപസംഹരിക്കും.
കാര്യങ്ങള്‍ അത്രയ്ക്ക് ഭംഗിയായില്ല എന്നതാണ് സത്യം. ചവറക്കാരുടെ നിലപാടുകളിലെ മാറ്റം വ്യക്തമായിരുന്നു. മുടന്തിപെണ്ണിനെ കെട്ടണമെങ്കില്‍ സ്വത്തും മുതലും കൂടുതല്‍ വേണമെന്ന ഒരു പിടിവാശി..
ഓരോന്നും സമ്മതിക്കുമ്പോള്‍ പുതിയ ഓരോ ആവശ്യങ്ങളും അവര്‍ കൊണ്ടുവരുന്നു. മനയ്ക്കലെ അച്യുതന്‍ തെക്കുംഭാഗത്തെ മരുമോനെയും മോളെയും കാണാന്‍ പോയി വന്ന് കാര്യം പറഞ്ഞതോടെ ദിവാകരപ്പണിക്കര്‍ തളര്‍ന്നിരുന്നു.
'മാധവാ'
കല്യാണാവശ്യത്തിന് അറയിലെ വലിയ വാര്‍പ്പും ഉരുളിയും പുറത്തേക്കടുക്കാനായി തുടങ്ങുമ്പോഴാണ് പൂമുഖത്തുനിന്നും പതിവിലും ഒച്ചയിലാണെങ്കിലും മൂര്‍ച്ചകുറഞ്ഞ ഒരു പതം വന്ന സ്വരപ്പകര്‍ച്ച ഉണ്ടായിരുന്നു വിളിക്ക് ഉണ്ടായിരുന്നു.
ഇടവത്തിന്റെ ഉച്ചതോര്‍ച്ചയില്‍ പാദമുറപ്പിക്കാതെ കടന്നുവന്ന് ഉറങ്ങുന്ന കുറിഞ്ഞിപ്പൂച്ചയുടെ മട്ടിലുള്ള ഒരു തണുത്ത വെയില്‍ മുറ്റത്തും നടുംതോടിന്റെ വെള്ളപ്പരപ്പിലും വിടര്‍ന്നുകിടന്നിരുന്നു. പടിഞ്ഞാറ് മേഘം ഘനീഭവിച്ചുകിടന്നു. ദിവാകരപ്പണിക്കര്‍ കിടക്കുന്ന ചാരുകസ്സേരയുടെ പിറകിലായി മാധവന്‍ നിന്നു.
മഴ പെയ്യാന്‍ പോകുന്ന അന്തരീക്ഷത്തിന്റെ ചുരമാന്തല്‍ മാധവന് ആ കാത്തിരിപ്പില്‍ അനുഭവപ്പെട്ടു.
'മാധവാ ചവറക്കാരുടെ കല്യാണം നടക്കില്ല. നിനക്ക് മാലതിയെ കല്യാണം കഴിക്കാമോ?'
മിന്നലും ഇടിയും പോലെയുള്ള ഒരു ഞെട്ടലും പിന്നൊരു തരിപ്പും മാധവന് അനുഭവപ്പെട്ടു.
പക്ഷെ അപ്പോഴേക്കും പുറത്ത് മഴ ശാന്തമായി പെയ്തു തുടങ്ങിയിരുന്നു.
പറഞ്ഞുറപ്പിച്ച ദിവസം മാലതിയുടെ കഴുത്തില്‍ മിന്നുകെട്ടി. വിറകുവെട്ടാന്‍ പോയ ആള്‍ക്ക് സ്വര്‍ണകോടാലി കിട്ടിയ കഥയിലെ ഭാഗ്യവാനും അപ്പുറമായിരുന്നു മാധവന്റെ അവസ്ഥ.
ഹിപ്നോടൈസിങ് പ്രക്രിയക്ക് ശേഷം മുറിയില്‍ ക്ഷീണിച്ചുറങ്ങിയ അച്ഛന്റെ അടുക്കല്‍ അന്ന് നില്ക്കാന്‍ നന്ദന തീരുമാനിച്ചു. പറ്റെ മുടിവെട്ടിയ അച്ഛന്റെ രൂപം നോക്കി ഇരുന്നപ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളാകുകയായിരുന്നു. രാജേന്ദ്രന് അന്ന് വീട്ടില്‍ പോകാന്‍ അവള്‍ അനുമതി കൊടുത്തിരുന്നു. കണ്ണില്‍ ഉറക്കം വ്യാപനം ചെയ്തപ്പോള്‍ സൈഡ് ബെഡ്ഡില്‍ ഷീറ്റും തലയിണകവറും മാറിയിട്ട് നന്ദന കിടന്നു.
എപ്പോഴോ കണ്ണുകള്‍ തുറന്നു നോക്കുമ്പോള്‍ അവള്‍ ഞെട്ടി പോയി. പഴയ പടി എന്തോ തിരയുകയാണ് അച്ഛന്‍. ചാടി എഴുന്നേറ്റു അടുത്ത് ചെന്നു. സാധാരണ കാണുന്ന അക്ഷമതയോ ദേഷ്യമോ ഇപ്പോള്‍ മുഖത്ത് കാണുന്നില്ലായിരുന്നു. ചുമലില്‍ അവള്‍ പതിയെ തൊട്ടപ്പോള്‍ മുഖത്തേക്ക് നോക്കി നിഷ്‌കളങ്കമായി അയാള്‍ ചിരിച്ചു. പറയുന്നതിനോട് കലഹിക്കാതെ കട്ടിലില്‍ വന്നിരുന്നു.
'എന്താ അച്ഛാ വെള്ളം വേണോ? അതോ... ഫ്ളാസ്‌കില്‍ ചായ ഉണ്ട്'
ചായയുടെ കാര്യത്തില്‍ കണ്ണിലൊരു പ്രതിഫലനം അവള്‍ കണ്ടു.
വേഗം ഫ്ളാസ്‌കില്‍ നിന്നും കപ്പിലേക്കു ചായ പകര്‍ന്നു അവള്‍ അച്ചന്റെ ചുണ്ടോടു ചേര്‍ത്തു, പക്ഷെ അവളെ അമ്പരപ്പിച്ചുകൊണ്ട്. അയാള്‍ ചായ വാങ്ങി കുടിച്ചു. സംഘര്‍ഷഭരിതമായ സ്ഥിതിവിശേഷങ്ങളിലൂടെ മനസ്സും ശരീരവും കടന്നു പോകുന്നതിന്റെ ഒരു പതര്‍ച്ചയും അവള്‍ അച്ഛനില്‍ കണ്ടില്ല. രണ്ടു കവിള്‍ കുടിച്ചു കഴിഞ് അയാള്‍ അവളുടെ മുടിയിഴകളില്‍ പതിയ തലോടി. ഒരു അച്ഛനുമാത്രം നല്‍കാവുന്ന വാത്സല്യത്തിന്റെ സ്പര്‍ശം അവള്‍ അറിഞ്ഞു.
'അച്ഛെനെന്താണ് തിരയുന്നത് ഞാന്‍ എടുത്തു തരാം'
പ്രതീക്ഷിക്കാതെ അവളുടെ ചോദ്യത്തിനോട് അയാള്‍ പ്രതികരിച്ചു.
'ആ പുസ്തകം നിന്റെ അപ്പുപ്പന്‍ തന്നതാണ്. കുറച്ചു നാളായി അത് കാണുന്നില്ല '
'എന്താണ് അതിലുള്ളത്'
എന്തോ ഓര്‍മകളില്‍ തിരയുന്ന വിമ്മിട്ടം; അയാളുടെ പാടമൂടിയ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നു.
പിടിതരാത്ത നിശ്ശബ്ദതയാണ് പ്രതീക്ഷിച്ചതെങ്കിലും അയാള്‍ പറഞ്ഞു.
'നിന്റെ 'അമ്മ വലിയ കുടുംബക്കാരി ആയിരുന്നു. നാലാളറിയുന്ന പാചക വിദഗ്ധനും പ്രതാപിയും ആയിരുന്ന ദിവാകരപ്പണിക്കാരുടെ ഏക മകള്‍. ഞാനോ അയാളുടെ കീഴിലെ ദേഹണ്ണത്തിനുള്ള സഹായികളില്‍ ഒരുവന്‍... അനാഥന്‍. മുടന്തിയായ നിന്റമ്മയുടെ പറഞ്ഞുവെച്ച വിവാഹം നടക്കാതെപോയപ്പോള്‍ പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു എന്റെ ജീവിതവും ഇക്കാണുന്ന എല്ലാം' ഒരു പഴങ്കഥ പറയുന്ന ചിട്ടവട്ടങ്ങളിലായിരുന്നു അയാളുടെ പറച്ചില്‍ പുരോഗമിച്ചത്.
'സ്വത്തുവകകള്‍ തന്നെ രണ്ടു തലമുറക്കുള്ളതുണ്ടായിരുന്നു. എങ്കിലും തനിക്കു സിദ്ധിച്ച പാചകവൈദഗ്ധ്യം മുഴുവന്‍ എനിക്കായ് പറഞ്ഞു തന്നിരുന്നു.'
സദ്യവട്ടങ്ങള്‍ക്ക് പണം ചോദിച്ചു വാങ്ങരുതെന്നും സ്ഥിതിയുള്ളവര്‍ അറിഞ്ഞു തരുന്ന ദക്ഷിണ മാത്രമേ സ്വീകരിക്കാവൂ എന്നായിരുന്നു വാക്ക്.
മരിക്കുന്ന ദിവസം എന്നെ അടുത്ത് വിളിച് ഒരു പുസ്തകം തന്നിട്ട് അദ്ദേഹം പറഞ്ഞു എന്റെ മോളാണ് എന്റെ കൈപ്പുണ്യം എന്നാലും എപ്പോഴെങ്കിലും രുചിക്കൂട്ടുകള്‍ താളം തെറ്റി പോകുമ്പോള്‍ മാത്രം ഇത് നിനക്ക് സഹായമാകും എന്നു പറഞ്ഞാണ് ആ പുസ്തകം തന്നത്. സൂക്ഷിച്ചു വെയ്ക്കുക എന്ന സന്ദേശം വ്യക്തമായിരുന്നു.
ഒരിക്കലും നിന്റെ അമ്മക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് പറയാതെ പറയുന്ന ഒരു ആജ്ഞാസ്വരവും എല്ലാത്തിനും മീതെ ഉണ്ടായിരുന്നു.
കെട്ടിനിറച്ചു നിര്‍ത്തിയിരിക്കുന്ന വെള്ളക്കെട്ട് തകര്‍ത്തൊഴുകുന്ന മാതിരി അയാള്‍ കരഞ്ഞു ഒപ്പം തേങ്ങലും, സ്വയം ശപിക്കലും ഒക്കെയായി ഒരു കുമ്പസാരം പോലെ പറഞ്ഞൊപ്പിച്ച കാര്യങ്ങള്‍ കേട്ട് നന്ദന തളര്‍ന്നിരുന്നു.
പുറത്തെ തെങ്ങിന്റെ തലപ്പുകളില്‍ രാത്രിയുടെ അവശിഷ്ടങ്ങള്‍ അപ്പോഴും തങ്ങി നിന്നിരുന്നു. പുലര്‍ച്ചയുടെ ലക്ഷണമായി ആകാശത്തെ നിറമാറ്റങ്ങളായി പ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. അവിശ്വസനീയമായി തോന്നിയ ഏറ്റു പറച്ചിലിന്റെ നടുക്കം അവളെ വിട്ടൊഴിഞ്ഞിരുന്നില്ല.
അച്ഛന്റെ ജിവിതത്തിലെ നേട്ടങ്ങള്‍ അമ്മയുടെ രൂപത്തിലായിരുന്നു. ആ അമ്മയെ ക്രൂരമായി അവഗണിച്ചതും ഒടുവില്‍ ഒഴിവാക്കാനായി കൊന്നുകളഞ്ഞതും ഒരു നിയതമായ ദുരന്തം ആണെങ്കില്‍ കാലം കണക്ക് ചോദിക്കുന്ന പോലെ ഇന്ന് അനുഭവിക്കുന്ന മനോരോഗം അച്ഛനെ സംബന്ധിച്ച്
കൃത്യമായ ഒരു അനിവാര്യതയാകണം.
സിലോണില്‍നിന്നും നാട്ടിലേക്ക് പറിച്ചു നട്ട ഏതോ ഒരു ശേഖരന്‍ കൈമളിന്റെ മകളില്‍ തോന്നിയ കമ്പം അമ്മയുടെ ജീവിതവും ജീവനും എടുക്കാന്‍ കാരണമായെന്ന അറിവിനോടെ പൊരുത്തപ്പെടാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നന്ദന വീണ്ടും അച്ഛന്‍ പതിവ് തിരയല്‍ നടത്തുന്നതാണ് കണ്ടത്. ദേഷ്യവും വെറുപ്പും അവളെ മഥിച്ച നിമിഷങ്ങളായിരുന്നു അത്. അയാളുടെ ചലനങ്ങള്‍ നിര്‍ന്നിമേഷയായി അവള്‍ കുറേനേരം നോക്കി നിന്നു.
മുഴുവന്‍ രാത്രിയും ഉറങ്ങാതിരുന്ന നന്ദനക്ക് ഉറങ്ങാനുള്ള ആഗ്രഹം തോന്നി. എല്ലാം മറന്നു ഒന്നുറങ്ങണം, മരിച്ചുപോയ അമ്മയുടെ ഓര്‍മകളും ജീവിച്ചിരിക്കുന്ന അച്ഛന്റെ വിഭ്രാന്തിയുടെ ആകാംക്ഷകളും കുടഞ്ഞെറിഞ്ഞുള്ള ഒരു ഉറക്കം അവള്‍ കൊതിച്ചു. വേഗം തന്റെ ഹാന്‍ഡ് ബാഗില്‍നിന്നും അവളുടെ നോട്ട്പാഡ് എടുത്തു അച്ചന്റെ നേരെ നീട്ടി; പരീക്ഷണമോ, കുസൃതിയോ അല്ല അവളെ അപ്പോള്‍ ഭരിച്ചത്. പെട്ടന്നുള്ള ഒരു തോന്നല്‍ മാത്രമായിരുന്നു.
'ഇതാണോ തിരയുന്നത്'
ആ വാചകത്തില്‍ അച്ഛന്‍ എന്ന പ്രയോഗം കൈമോശം വന്നത് അവള്‍ മനസ്സിലാക്കി.
നിഗൂഢമായ ഗുഹാവഴികളില്‍ അലഞ്ഞ മനുഷ്യന്റെ മുന്നില്‍ പെട്ടന്ന് പുറത്തെ സൂര്യപ്രകാശം കണ്ടെത്തിയ പോലുള്ള ഒരു.ആശ്വാസം അവള്‍ കണ്ടു. വെച്ച് നീട്ടിയ ആ ബൂക്കുമായി അയാള്‍ വേച്ചുവേച്ച്് കട്ടിലിലേക്ക് നടന്നു. ചിത്രപുസ്തകം കിട്ടിയ കുട്ടിയുടെ ആകാംക്ഷയോടെ അതിന്റെ പേജുകളിലൂടെ കണ്ണോടിച്ചിരിക്കുന്ന അച്ഛന്റെ രൂപം നിരാശയും വേദനയും അവളിലുണര്‍ത്തി. ഒരു മുഴുഭ്രാന്തിന്റെ ചലന ലക്ഷണങ്ങള്‍ അവള്‍ നേരിട്ട് കാണുകയായിരുന്നു.
ഡോറിലെ ശക്തമായ മുട്ടുകേട്ടാണ് അവള്‍ ഉണര്‍ന്നത്. നേരം പുലര്‍ന്നിരിക്കുന്നു. ബോധമനസും ശരീരവും ക്ഷീണിച്ചിരുന്നു. രാത്രിയില്‍ ഏല്‍പിച്ച നോട്ട്പാഡ് ഭദ്രമായി നെഞ്ചില്‍ ചേര്‍ത്ത് വെച്ച് അച്ഛന്‍ ഉറങ്ങുന്നു. ചിരി തോന്നിയെങ്കിലും വേഗം ഡോര്‍ തുറന്നു . ചില വിറ്റാമിന്‍ ഗുളികകള്‍ അടക്കം രാവിലെയുള്ള മരുന്ന് ഏല്‍പ്പിച് നേഴ്സ് പോയി. ടോയ്ലെറ്റില്‍ പോയി കണ്ണും മുഖവും കഴുകിയെത്തിയപ്പോഴും അച്ഛനുറക്കമാണ്. ശ്രദ്ധയോടെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ചിരുന്ന ബുക്ക് പതിയെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ബലമായി അമര്‍ത്തി പിടിച്ചിരിക്കുന്നതായി അവള്‍ക്ക് തോന്നി. മുഖത്തിനോടെ അടുത്ത് അവള്‍ പതിയെ വിളിച്ചു.
'അച്ഛാ...'
മരണത്തിന്റെ നിശ്ശബ്ദത അവള്‍ അറിഞ്ഞു. നാളുകളായി അയാള്‍ തേടിയ 'പ്രശ്നപരിഹാരം' നെഞ്ചോടെ അപ്പോഴും ചേര്‍ത്ത് അയാള്‍ പിടിച്ചിരുന്നു. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച സംതൃപ്തിയോടെ...
(അവസാനിച്ചു)
0 Comments