ഗദ്യത്തിലൂടെ ഗദ്ഗദം | സുമ സതീഷ് ബഹറിന്‍

ബാല്യം  അന്നും    ഇന്നും നാളെയും 

അന്ന് 
സ്‌നേഹവും കരുതലും പഠിപ്പിച്ച ക്ഷേത്രമേ ..
നീ എനിക്കേകി  വിദ്യയും 
ഗുരുക്കള്‍ തന്‍ അനുഗ്രഹവും.
പഠിച്ചു ഞാന്‍ പങ്കുവെക്കലിന്‍ 
മാധുര്യവും. നേര്‍ കാഴ്ചകള്‍, 
തിരിച്ചറിവിന്‍ വെളിച്ചങ്ങളായ്
പലതുമെനിക്കേകി.....
നുകര്‍ന്നു ചോറ്റു പാത്രത്തിന്‍  ഗന്ധവും 
പുളിങ്കുരുവിലെ കപ്പലോട്ടവും തേന്‍വരിക്കയും
നെല്ലിക്കയും പേരക്കയും കടുമാങ്ങയും.
പരിഹരിക്കാന്‍ ശ്രമിച്ചു കുഞ്ഞു
കശപിശകളെല്ലാം സ്‌നേഹവായ്‌പോടെ.
ആസ്വദിച്ചു ,ഞങ്ങള്‍, കൂട്ടമണിയിലെ
കൂടണയലും കൂടുവിട്ട് പറക്കലും.
ജാതി-മത-വര്‍ഗ്ഗ-നിറ-വേഷ-ഭൂഷ 
ഒന്നുമില്ലാതെ കൈമുതലാക്കി നമ്മള്‍ 
മാതാ-പിതാ-ഗുരു-ദൈവം
അതെനിക്കേകി സഹന ശക്തിയും സഹവര്‍ത്തിത്വവും
ഗുരുക്കള്‍തന്‍ പ്രിയ മക്കള്‍ നമ്മള്‍
'ഭാവിയുടെ വാഗ്ദാന'ങ്ങളെന്ന് കേട്ട്
അഭിമാനപുളകിതരായി, അന്ന് നാമേവരും.

ഇന്ന് 
സ്‌നേഹവും സാന്ത്വനവും പങ്ക് വെക്കലും 
സഹകരണവും നിഷ്‌കളങ്കതയും 
ബഹുമാനവും ഈശ്വരചിന്തയും , 
സാമൂഹ്യജീവി എന്ന പ്രതികരണവും
വിപ്ലവാത്മകചിന്തയും
എങ്ങോ പോയ്മറഞ്ഞു.

ഒറ്റസന്തതി ,ഒറ്റവീട്  ഒറ്റസുഹൃത്ത്....... 
കുഞ്ഞിനെക്കേള്‍ക്കാന്‍ സ്വന്തം 
അച്ഛനുമമ്മയുംപോലുമില്ലാതെ 
ബന്ധിക്കപ്പെട്ട ബാല്യമിന്ന് ......

കച്ചവടവത്കരിക്കപ്പെട്ട സരസ്വതീക്ഷേത്രം,
അകവും പുറവും വഞ്ചകരുടെ അധീശത്വം. 
മയക്കുമരുന്ന് ലോബികളും 
ഫാസ്റ്റ്ഫുഡ് ഉല്പാദകരും 
വരിഞ്ഞുമുറുക്കിയ ബാല്യം. ...

കൊല്ലാതെകൊല്ലുന്ന അധികാരികള്‍, 
സ്‌നേഹമോ പങ്കുവെക്കലോ ഇല്ലാത്ത 
നിര്‍വികാരകോലങ്ങളോ, 
അടുത്തവന്റെ നാമംപോലും 
അറിയാത്ത മക്കളോ,
തലച്ചോറിന് വിലപറയുന്ന, 
ആധുനിക ടെക്‌നോളജിയിലെ 
ഭീകരതയെ തിരിച്ചറിയാതെ 
എക്‌സ്-ബോക്‌സിലും  പബ്ജിയിലും 
നൂതന 'വയലെന്റ് ഗെയിംലും'
തളച്ചിട്ട ബാല്യമേ ?
ചേറിനു  തുല്യം തലച്ചോറ് .. 

ഇതിന്റെ ഭവിഷ്യത്ത് ദൂരവ്യാപകമല്ല
ഇന്നാണ്, ഇന്ന്..! 
ചോരയെ നീരായും
വാളിനെ പേനയായും 
വികാരമില്ലാതെ കാണുന്നോ ചിലര്‍. 
ചിന്ത നശിച്ച യൗവ്വനത്തിലേക്കും 
പിടിപ്പുകേടിന്റെ 
ലോകത്തേക്കുമല്ലേ ഇവരെ  നയിക്കപ്പെടുന്നത്
വിഷമയമായ ഇത്തരം സാഹചര്യങ്ങള്‍ക്ക്, 
അറുതിയാക്കാനായില്ലെങ്കില്‍,
ശൂന്യമാകില്ലേ ലോകം കരുത്തരില്ലാതെ?
ഇതല്ലോ ഇന്നിന്റെ നേര്‍ക്കാഴ്ച.
രക്ഷിതാക്കളെ ജാഗ്രതൈ  
കാലത്തെ അറിയാതെ,
മാതാവിനെ കാണാതെ,
സമൂഹജീവിയാകാതെപോകുന്ന ഈ കുരുന്നുകളെ 
നമുക്ക് തിരിച്ചുപിടിക്കണം..
വേണ്ടേ....?

നാളെ 
നമ്മളറിയുന്നു  വൈറസ് ഭീകരത. 
നല്ല പാഠങ്ങളേറെയേകിയെങ്കിലും 
വിതക്കുന്ന കഷ്ടതകളെല്ലാം 
 അരവയറു പോലും നിറക്കാനാവാത്തവനല്ലോ..  
അതികഠിനമീ ജീവിതയാത്ര പലരിലും.
താങ്ങായി തണലായി ഉന്നതരില്ലെങ്കിലത് 
മഹാകഷ്ടമല്ലേ ദൈവമേ..
അടുക്കാന്‍ പഠിപ്പിച്ചു മഹാപ്രളയം 
അകലാനോതുന്നു മഹാമാരി
നാളെയുടെ ബാല്യം നാലുകെട്ടിലമരുമോ
ഗൃഹാലയം തന്നെ വിദ്യാലയമാകുന്നു 
പുത്തന്‍ പരിവേഷമില്ലാതെ നിറക്കൂട്ടുകളില്ലാതെ 
അധ്യാപകര്‍ സ്‌ക്രീനില്‍ വിളയാടുമ്പോള്‍  
മക്കളോ വീട്ടില്‍ കളിയാടില്ലേ
എവ്വിധമെങ്കിലും പഠിക്കേണ്ടവര്‍ 
എല്ലാം നേടുന്നു. വേണ്ടാത്തവരോടോ..
യുദ്ധം ചെയ്യുന്നു മാതാപിതാക്കള്‍.
വിദ്യ ഇ-വിദ്യയിലേക്കു കുതിക്കുമ്പോള്‍ 
നേട്ടവും കോട്ടവും സമ്മിശ്രമാകും 
ആരംഭ നിക്ഷേപം ആജീവനമെങ്കിലും 
പരിവര്‍ത്തങ്ങള്‍ പ്രവചനാതീതം.
സാമൂഹ്യപാഠങ്ങളും സൗഹൃതാനുഭവവും 
സ്‌ക്രീനില്‍ മാത്രമാകും മക്കളെ 
ഇനിയുമിത് നീളില്ലെന്നാശ്വസിക്കാം 
വിദ്യ വിദ്യാലയത്തിലാവുന്നതും കാത്ത് 
'വിരുതനെ' മറികടക്കാന്‍ ഒന്നിക്കാം
 നാമേവര്‍ക്കും ഒറ്റകെട്ടായി 
ജാഗ്രതയോടെ നയിക്കാം ബാല്യത്തെ. 

Post a Comment

0 Comments