റീഡിംഗ് റൂം : ഒരു തണല്‍ വൃക്ഷം .
റീഡിംഗ് റൂമില്‍ അങ്ങിങ്ങ് സീനിയര്‍ സ്റ്റുഡന്‍സ് ഫസ്റ്റ് ഇയര്‍ സ്റ്റുഡന്‍സിനെ ആകര്‍ഷിക്കുന്നതിനും പ്രണയം സ്ഥാപിക്കുന്നതിനും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. കാമുകന്‍മാരുടെ പ്രണയ വിവശമായ മുഖം കണ്ട് ചിരിയടക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. പ്രഭാത ഭക്ഷണമായി ഒരു ചായമാത്രമായിരുന്നു കഴിച്ചിരുന്നത്. അതുകൊണ്ടായിരിക്കാം നല്ല ക്ഷീണവും ഉറക്കവും വരുന്നുണ്ടായിരുന്നു.. ബിനു യാത്ര പറഞ്ഞ് പോയി. ഞാന്‍ ഒഴിഞ്ഞ ഒരു കോണില്‍ തേക്കിന്‍ തടിയില്‍ തീര്‍ത്ത വലിയ വൃത്താകാരമായ ടേബിളിനരികില്‍ ഇരുപ്പുറപ്പിച്ചു. ടേബിളിന്റെ പുറത്ത് പത്രങ്ങളും പഴയതും പുതിയതുമായ മാസികകള്‍ ചിതറിക്കിടന്നിരുന്നു.. ഒരു വാരികയെടുത്ത് ഞാന്‍ വെറുതെ മറിച്ചു നോക്കി. ആദ്യ പേജില്‍ 'സില്‍ക്ക് സ്മിത'യുടെ മനോഹരമായ ചിത്രം. അവരുടെ മയങ്ങിയ വശ്യമായ കണ്ണുകളിലേക്കും മനോഹരമായ ചുണ്ടുകളിലേക്കും നോക്കിയിരിക്കെ എന്റെ കാതുകളില്‍ തലേന്തെ ദിവസത്തെ ലാസ്റ്റ് ഔവറില്‍ പഠിപ്പിച്ച ഓണ്‍ ടോപ് ഓഫ് ദ വേള്‍ഡ് എന്ന പാഠഭാഗങ്ങള്‍ ഇംഗ്ലീഷ് പ്രോഫസറിന്റെ ശബ്ദത്തില്‍ കാതില്‍ മുഴങ്ങി.. ' ദ ഡയറക്ടര്‍ കമാന്‍ഡഡ്, ഇറ്റ് സ്റ്റാര്‍ട്ട ഡ് പ്ലെയിംഗ് എ ഫാസ്റ്റ് സോംഗ് ,ദ പൂവര്‍ ആക്ട്രസ് സഫേര്‍ഡ് എ ലോട്ട്.... ഷീ മൂവ്ഡ് ഹെര്‍ ഹിപ്‌സ് എഗയ്ന്‍ ആന്റ് എഗയ്ന്‍, ഷീ ട്രൈയ്ഡ് ഹെര്‍ ബെസ്റ്റ് നോട്ട് ടു ബേര്‍സ്ര്‍സ്റ്റ് ഇന്‍ ടു ടീയേഴ്സ്.. '... സിനിമാ ലോകത്തിന്റെ കറുത്ത വശം വിവരിക്കുന്ന പാഠം. ആ പാഠം മറക്കാതിരിക്കാന്‍ ഒരു കാരണം കൂടി എനിക്കുണ്ടായിരുന്നു. പ്രൊഫസര്‍ ഗോപിനാഥന്‍ സാര്‍ പഠിപ്പിക്കുന്ന സമയത്ത് ആ നടിയുടെ മുഖവും ദൈന്യഭാവവും ഒക്കെ ചിന്തിച്ച് ഞാനങ്ങനെ ഇരുന്നു. ... ഒരു ഭാവനാലോകത്ത്... അപ്പോള്‍ ഗോപിനാഥന്‍ സാര്‍ എന്റെയരുകില്‍ വന്ന് വാല്‍സല്യത്തോടെഎന്റെ കവിളില്‍ മെല്ലെത്തട്ടിയിട്ട് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു ' ഇമാജിന്‍ ചെയ്യടാ ....ഇമാജിന്‍ ചെയ്യ് ' ഏതൊരു ബിലോ ആവറേജ് സ്റ്റുഡന്റിനെയും പോലെ എനിക്കും അത് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന രോമാഞ്ച ദായകമായ ഒരു അവാര്‍ഡായിരുന്നു. ചുരുക്കം ചില അധ്യാപകര്‍ക്കു മാത്രമേ എല്ലാ വിദ്യാര്‍ത്ഥികളുടെയും മനസ്സ് വായിക്കാന്‍ കഴിയു .. ഞാന്‍ ചിന്തിച്ചു ... നാലു മണിക്ക് കടന് പോകുന്ന ട്രെയിന്‍ കിതച്ചുകൂവിക്കൊണ്ട് കടന്ന് പോയി: --- ഞാന്‍ വീട്ടിലേക്ക് പോകാന്‍ തയ്യാറായി...
ശാകുന്തളം
കാളിദാസന്റെ ശാകുന്തളം ഒന്നാം അങ്കമാണ് നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. മലയാളം ജനറല്‍ ക്ലാസ് പ്രതിഭ ടീച്ചറിന്റെ സ്വരമാധുരിയിലൂടെ സജ്ജീവമായി. ക്ലാസ് പിന്‍ഡ്രോപ്പ് സൈലന്റായി... 'പുക കൊണ്ട് കണ്ണ് മറഞ്ഞിട്ടും പതിക്കേണ്ടത് ഹോമകുണ്ഠത്തില്‍ത്തന്നെ പതിച്ചു. ' ശകുന്തളയുടെയും സുഷ്യന്തമഹാരാജാവിന്റെയും രഹസ്യ സമാഗമത്തെക്കുറിച്ചുള്ള കണ്വമഹര്‍ഷിയുടെ വര്‍ണ്ണന ടീച്ചര്‍ ആകര്‍ഷകമായി അവതരിപ്പിച്ചു. തൊട്ടു മുന്നിലിരുന്ന, ചിരിക്കുമ്പോള്‍ നുണക്കുഴി തെളിയുന്ന ,മലയാളം മെയിനില്‍ പഠിക്കുന്ന ദീപ്തിയോട് ഞാന്‍ഒച്ച താഴ്ത്തി പറഞ്ഞു.
' അല്‍പം കൂടി വലത്തോട്ട് നീങ്ങിയിരിക്കുമോ?'
'എന്താ മറയുണ്ടോ? ടീച്ചറെ കാണാന്‍ പറ്റുന്നില്ലേ?'
'മറയില്ല. ടീച്ചറിനെന്നെ കാണാം. മറയാന്‍ വേണ്ടിയാണ് നീങ്ങിയിരിക്കാന്‍ പറഞ്ഞത് ,അല്ലെങ്കില്‍ ടീച്ചറിന്റെ രണ്ടാമങ്കം എന്നോടായിരിക്കും.'
അവള്‍ തിരിഞ്ഞ് നോക്കി വശ്യമായ ഒരു കുസൃതിച്ചിരി സമ്മാനിച്ചിട്ട് എനിക്ക് മറയായി നീങ്ങിയിരുന്നു.
അവളുടെ മുടിയില്‍ച്ചൂടിയിരുന്ന മുല്ലപ്പൂ ഗന്ധം ഒരു ഉണര്‍വും ഊര്‍ജ്ജവും നല്‍കി ..
ഞാന്‍ ദുഷ്യന്തനും നെജിന ശകുന്തളയുമായി.., ഹോമകുണ്ഡത്തില്‍ നെയ്യ് ചൊരിയുന്ന കണ്വ മഹര്‍ഷിക്ക് പകരം പാളയത്തോട്ടത്തില്‍ ഏതോ ഒരു ഹോട്ടലില്‍ ബിരിയാണിച്ചെമ്പിലേക്ക് ചിക്കന്റെ കഷണങ്ങള്‍ തട്ടിയിടുന്ന അവളുടെ വാപ്പയുടെ സങ്കല്‍പ രൂപം ഒരു പുകമറ പോലെ മനസ്സില്‍ തെളിഞ്ഞു. വാരിക്കോരി ഭക്ഷിക്കാനുണ്ടായിട്ടും സ്ലിം ബ്യൂട്ടിയായി ശരീരം സൂക്ഷിക്കുന്ന അവളോട് അല്‍പം ബഹുമാനം തോന്നി. രണ്ട് ദിവസമായി നെജീന ആബ്‌സന്റാണ്.
'എന്റെ ഖല്‍ബ്ബ് കവര്‍ന്ന നെജീ , നീ നാളെയെങ്കിലും വരുമോ?'
ഞാന്‍ ഹൃദയവേദനയോടെ ആത്മഗതം ചെയ്തു.
''എന്താ അളിയാ രാവിലെ അഗാധമായി ചിന്തിക്കുന്നത് '
തൊട്ടടുത്തിരുന്ന ഫിസിക്‌സ് മെയിന്‍ എടുത്തു പഠിക്കുന്ന ആദര്‍ശിന്റെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.
'അല്ലളിയാ, ഹോമം ചെയ്യാന്‍ പോകുമ്പോള്‍ ഈ കണ്വന് ശകുന്തളയെക്കൂടി കൊണ്ട് പൊയ്ക്കൂടെ? എന്നാലോചിക്കുകയായിരുന്നു . മാന്യനായ ദുഷ്യന്തനായത് കൊണ്ട് അവള്‍ക്ക് മോതിരം കൈമാറി, മോതിരം കാണിക്കുമ്പോള്‍ സ്വീകരിക്കാം എന്ന് പ്രതിജ്ജ ചെയ്ത് വിട പറഞ്ഞു. എന്റെ ക്ലാസ്സിലെ മനുവെങ്ങാനമായിരുന്നെങ്കില്‍ അവളുടെ മാനവുംപോയേനെ മോതിരവും പോയേനെ!'
ഞാന്‍ വെറുതെ തട്ടി വിട്ടു.
'ഏത് ,നിന്റെ ക്ലാസ്സിലെ രാഹുല്‍ ദ്രാവിഡിന്റെ പോലെ കണ്ണുള്ള മനുവോ?
' അതെ ' മനുവിന്റെ ഗ്ലാമറും അവന് പെണ്‍കുട്ടികള്‍ക്കിടയിലുള്ള സ്വീകാര്യതയും എന്നിലുളവാക്കിയ അസൂയ അവനെതിരെയുള്ള ആക്ഷേപങ്ങളായി ബഹിര്‍ഗമിച്ചു.
'എന്താണ് പിന്‍ബെഞ്ചില്‍ ഡിസ്‌കഷന്‍, സ്റ്റാന്‍ഡ് അപ് '
ടീച്ചര്‍ എനിക്ക് നേരെ വിരല്‍ ചൂണ്ടി.
'നീ പെട്ടെടാ '
ആദര്‍ശ് മെല്ലെ പറഞ്ഞു.
'അല്ല ടീച്ചര്‍, കണ്വ മഹര്‍ഷി ശകുന്തളയുടെ വളര്‍ത്തച്ഛനാണെന്ന് ഇവനോട് പറഞ്ഞ് കൊടുക്കുകയായിരുന്നു.'
'ശരിയാണ്'. ടീച്ചര്‍ എന്നെ നോക്കി ഒരു 'അഭിനന്ദനച്ചിരി' ചിരിച്ചു. ' ആദര്‍ശ് ,ശ്രദ്ധിച്ചിരിക്കുന്നവരെ ശല്യപ്പെടുത്തരുത്. നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത് '. ടീച്ചര്‍ ആദര്‍ശിനെ താക്കീന്ന് ചെയ്തു.
'എടാ കള്ളാ !'
ആദര്‍ശ് എന്നെ ശബ്ദം താഴ്ത്തി വിളിച്ചു.
ഞാന്‍ അവനെ കണ്ണിറുക്കിക്കാണിച്ചു.
ഓപ്ഷണല്‍ ക്ലാസ്സിലേക്ക് പോകുന്നതിന് ബെല്‍ മുഴങ്ങി.
(തുടരും)
നോവലെറ്റിന്റെ അടുത്ത ഭാഗം 28.07.2020 ചൊവ്വാഴ്ച രാത്രി 8.00ന്
◘
0 Comments