പഴയ പത്താംക്ലാസ്സുകാരനായ, കാര്യമായി ഒന്നും വായിച്ചിട്ടില്ലാത്ത അച്ഛന്‍ തേടുന്ന പുസ്തകം ഏതെന്ന് ആദ്യമൊക്കെ ഒരു ആകാംക്ഷ മകള്‍ക്കും ഉണ്ടായിരുന്നു. ഇതൊക്കെ ചിത്തഭ്രമത്തിന്റെ പതിവ് ചിട്ടവട്ടങ്ങളായി ഡോക്ടര്‍ തന്നെ പറഞ്ഞതോടെ അവളും കൂടുതലൊന്നും ചിന്തിചിട്ടില്ല. .
എന്നാലും അവരുടെ ചോദ്യങ്ങളോട് അവള്‍ സഹകരിച്ചു.
പ്രസിദ്ധനായ ഒരു പാചകക്കാരനായാണ് ആദ്യം പേരെടുത്തതെങ്കിലും, കേറ്ററിംഗ്, ഫുഡ് ശൃംഖലകളുടെ ഉടമസ്ഥതയില്‍ വിജയിച്ചതോടെയാണ് അയാളെപ്പോലും ഞെട്ടിച്ച അയാളുടെ വളര്‍ച്ച നാലാളറിഞ്ഞതെന്ന് അച്ഛന്റെ സുഹൃത്തുക്കള്‍ പറയുമായിരുന്നു. ചിലപ്പോള്‍ പമ്പരങ്ങളുടെ ഭ്രമണം അത്ഭുതപ്പെടുത്തുമ്പോലെ വിസ്മയകരമായിരിക്കണം അച്ഛന്റെ ജീവിതം മാറിമറിഞ്ഞത്. വന്നു പതിച്ച് പ്രതലം തൊടുംമുന്‍പ് ചെരിഞ്ഞുവീണ് നിശ്ചലമാകുമെന്ന് ചിന്തിക്കുന്നിടത്തുനിന്നും അല്‍പംമാറി വിസ്മയകരമായ, സുദീര്‍ഘമായ പ്രയാണം അതിന് ലഭിച്ചിരിക്കണം.. പക്ഷെ കൃത്യമായ, ഗുണപരമായ പരിവര്‍ത്തനം അച്ഛന് എന്നാണ്? എങ്ങനാണ്? ലഭിച്ചതെന്നറിയാന്‍ കഴിയുന്നില്ല.
'വല്ല നിധി കിട്ടിയതാകാം '
വീണ്ടും ഡോ അരുണിന്റെ അര്‍ത്ഥമില്ലാത്ത തമാശ. നിര്‍വികാരമായി അതും അവള്‍ പ്രതികരിക്കാതെ വിട്ടു.
ഓര്‍ത്തെടുത്ത് കഴിവതും കൃത്യമായി അവള്‍ തുടര്‍ന്നു.
'അച്ഛന്റെ വീഴ്ചകള്‍ തുടങ്ങുന്നത് എന്റെ ഡിവോഴ്സ് പെറ്റിഷനില്‍ തീര്‍പ്പ് വന്നതിനു ശേഷം ആണ്. എനിക്ക് കുടുംബ ജീവിതത്തില്‍ പിഴവ് വന്നത് എന്തോ മുജ്ജന്മ ദോഷം ആണെന്ന് അച്ഛന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.'
പെട്ടെന്ന് കൈവന്ന ഭക്തിയും ദാനധര്‍മങ്ങളും ആ ചിന്തയില്‍ നിന്നാവണം ഉണ്ടായത് .
'അമ്മയുടെ മരണം അച്ഛനെ എങ്ങനാണ് ബാധിച്ചത്' ഡോക്ടറുടെ ചോദ്യത്തിന് അധികം ആലോചിക്കാതെ മറുപടിയും അവള്‍ പറഞ്ഞു.
'മുടന്തിയായി ഒത്തിരി അപകര്‍ഷതാബോധവുമായി അടുക്കളയില്‍ ഒതുങ്ങിയ അമ്മയുടെ മരണം അച്ഛനെ ബാധിക്കുന്ന ഒന്നായിരുന്നില്ല'
അവള്‍ക്കു തീര്‍ച്ചയുള്ള കാര്യം ആയതിനാലാകണം ഉറപ്പിച്ച് പറയാന്‍ കഴിഞ്ഞത്.
ഒടുവില്‍ അടുക്കളയിലെ ചിലന്തിവലയില്‍ കുരുങ്ങിപ്പോലും അമ്മ മരിക്കുമെന്ന് ഞാന്‍ ഭയന്ന് പോയിരുന്നു അത്രയ്ക്ക് ചുക്കി ചെറുതായി പോയിരുന്നു ആ രൂപം എന്നവള്‍ ഓര്‍ത്തു.
കുട്ടിയെന്നുള്ള അന്നത്തെ തന്റെ നിസ്സഹയാവസ്ഥ കാരണം അമ്മയുടെ മരണം അടിച്ചേല്പിക്കപ്പെട്ടതാണന്നുള്ള അന്നത്തെ സന്ദേഹം നിവര്‍ത്തിക്കാന്‍ ഒരു മാര്‍ഗവും ഇല്ലായിരുന്നു. അമ്മയുടെ ഉള്‍വലിവും, അച്ഛനുമായുള്ള കുടുംബജീവിതവും ഒരു വിലയിരുത്തലിന് കൂടുതല്‍ ശ്രമിച്ചില്ല എന്നതില്‍ അവള്‍ക്ക് ആദ്യമായി കുറ്റബോധം തോന്നി. ഒരു പതിനഞ്ചുകാരിക്ക് കുറച്ചുകൂടി കാര്യങ്ങള്‍ ഗ്രഹിക്കാമായിരുന്നു എന്നവള്‍ക്കു തോന്നി.
ഒത്തിരി ചോദ്യങ്ങള്‍ മനസ്സില്‍ നിറയുകയാണ്. ഡോക്ടറിന്റെ മുറിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ സമയം വൈകിയിരുന്നു. കോറിഡോറിലൂടെ ചെന്നപ്പോഴെ രാജേന്ദ്രന്‍ മുറിക്കു പുറത്തുണ്ടായിരുന്നു.
'ഉറങ്ങുകയാണ്'
നന്ദന ശബ്ദമുണ്ടാക്കാതെ വാതിലില്‍ നിന്ന് അച്ഛനെ അല്‍പനേരം നോക്കിനിന്നതിനു ശേഷം. ഉറക്കത്തിന് ഭംഗം വരുത്താതെ പതിയെ തിരിച്ചു നടന്നു.
ഇത്തവണ കൂടുതല്‍ തയ്യാറെടുപ്പോടെ ആധുനിക സങ്കേതത്തെ അവലംബിച്ചാണ് ഡോക്ടര്‍ അരുണ്‍; മാധവന്റെ മനസിനെ കീഴ്പ്പെടുത്താന്‍ തീരുമാനിച്ചത്. ഒന്നുകില്‍ ഭൂതകാലത്തെ ബന്ധിക്കുന്ന ഒരാളുടെ ജിവിതത്തിലെ രസകരവും ഉദ്വേഗജനകമായ വഴിത്തിരുവിന്റെ ഒരു കഥ ആയിരിക്കും കാത്തിരിക്കുന്നത്. അതയാളുടെ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ കാഴ്ചകളും ചിന്താപരിസരങ്ങളും അനാവൃതമാകുമെന്ന ഉന്മേഷകരമായ അറിവ് ഡോക്ടറെ ഗ്രസിച്ചിരുന്നു.
കൈപ്പുണ്യം വന്നവഴി
------------------------------------
ഇടവത്തിലെ മഴ നനഞ്ഞ വരമ്പിലൂടെ ചെറിയച്ചന്റെ വേഗത്തിലുള്ള നടത്തത്തെ പിന്തുടരാന്‍ അവന്‍ പണിപ്പെട്ടു. കൃത്യം ഒരു വര്‍ഷത്തെ ഇടവേളയില്‍ അച്ഛനെയും അമ്മയേയും നഷ്ടമായ പതിനഞ്ച് കടക്കാത്ത ബാല്യം അച്ഛന്റെ ഇളയ സഹോദരനായ മനുഷ്യനെയായിരുന്നു പ്രപഞ്ചം ആയി കണ്ടത്.
സുരക്ഷിതത്വവും, കരുതലും ഒന്നും ഒരിക്കലും അറിഞ്ഞിട്ടില്ലെങ്കിലും വീണുകിട്ടിയ ജീവിതവും കഴിക്കാനുള്ള അന്നവും വലിയകാര്യമായി മനസ്സില്‍ കരുതിയിരുന്നു.
പാടം കടക്കുമ്പോള്‍ തന്നെ കാഴ്ചകള്‍ അവ്യക്തമായിരുന്നു. തെങ്ങിന്‍ തോപ്പില്‍ രാത്രി കാത്തുനിന്ന പോലെ പെട്ടെന്ന് ഇരുള്‍ വന്നണഞ്ഞു. ഇരുളില്‍ വ്യക്തമായ ലക്ഷ്യത്തോടെ നടന്നു. ചെറുതും വലുതുമായ പ്രകാശബിന്ദുക്കള്‍ ദൂരെ കാണാന്‍ തുടങ്ങി. ഒരു കല്യാണവീടിന്റെ ചമയങ്ങളാണ് തെളിഞ്ഞു വന്നത്. പെട്രോള്‍ മാക്സ് വിളക്കുകള്‍, നനുത്ത തുണി കുത്തിമറച്ച കമുങ്ങിന്റെ കാലുകളിലുറപ്പിച്ച് ഓലമേഞ്ഞ പന്തല്‍. വീടിന്റെ അടുക്കലേക്കു അനുബന്ധമായി ചെരിച്ചു കെട്ടിയ ദേഹണ്ഡപ്പുര. വലുതും ചെറുതുമായ അടുപ്പുകള്‍. നിലത്തിരുന്ന് പച്ചക്കറി നുറുക്കുന്ന പെണ്ണുങ്ങളുടെ റൗക്കയിലും മേല്‍മുണ്ടിലും വിയര്‍പ്പിന്റെ നിഴല്‍ പാടുകള്‍. താഴെ ചെറുതോട്ടില്‍ തവളകളുടെ മത്സരിച്ചുള്ള കരച്ചില്‍. കലവറയുടെ കിഴക്കെ ചെറുതിണ്ണയിലെ ഇരുമ്പുകസേര നിറഞ്ഞിരിക്കുന്ന സ്ഥൂലപ്രകൃതിയായ ആള്‍. മുറുക്കിച്ചുവന്ന അയാളുടെ ചുണ്ടുകള്‍ വളര്‍ന്ന് നിറഞ്ഞു നില്‍ക്കുന്ന മീശരോമത്തിനും താടിരോമത്തിനും ഇടയിലൂടെ ഭാഗികമായി മാത്രം കാണാന്‍ കഴിയുകയുള്ളായിരുന്നു.
'ഇയ്യാളാണോ ആ പയ്യന്‍'
ഗാംഭീര്യമുള്ള ശബ്ദം തന്റെ നേര്‍ക്ക് നോട്ടം നീളുന്നത് കണ്ട്, ചെറിയച്ഛന്റെ പിന്നിലേക്ക് ഒതുങ്ങിമാറി.
'എന്താണ് പേര്'
ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ചെറിയച്ഛന്‍ തിരിഞ്ഞു അവനെ ശാസനയുടെ ഭാവത്തോടെ നോക്കി.
'മാധവന്‍'
ഗത്യന്തരമില്ലാതെ അവന്‍ പറഞ്ഞു.
തിരിച്ചു പോകുമ്പോള്‍ ചൂട്ടിന്റെ വെട്ടത്തു പിറകില്‍നടന്നുകൊണ്ട് ചെറിയച്ചന്റെ മുഖത്ത് ആശ്വാസത്തിന്റെ അയവ് അവന്‍ തിരിച്ചറിഞ്ഞു.
സത്യത്തില്‍ ചെറിയച്ഛന്‍ പാവമാണ്. കല്യാണം കഴിക്കാതെ ഒറ്റത്തടിയായി കഴിയുന്ന ആള്‍. അന്ന് അത്താഴം കഴിച്ചു കിടക്കാനൊരുങ്ങുമ്പോള്‍ ആണ് കാര്യങ്ങള്‍ പറയുന്നത്.
'കാരാട്ടുംപാടിയിലെ വിജയനുണ്ണിയുടെ മലബാറിലെ അടക്കാ തോട്ടത്തില്‍ മൂന്നുമാസത്തെ പണിക്ക് ഞാന്‍ പോകുവാ, അത്രയും നാള് നീ ദിവാകരപ്പണിക്കയുടെ ഒപ്പം നില്ക്കണം അദ്ദഹം സമ്മതിച്ചത് തന്നെ ഭാഗ്യം ആണ്'
'അദ്ദഹം ദൈവാനുഗ്രഹമുള്ള ആളാണ്. മണം കൊണ്ട് രുചിയറിയുന്ന കൈപ്പുണ്യമുള്ള ആള്‍...'
ഒരു ഞെട്ടല്‍ അന്തരാളത്തിലുണ്ടായങ്കിലും ചെറിയച്ചന്റെ തുടര്‍ന്നുള്ള സംസാരം ആ അങ്കലാപ്പിനെ തണുപ്പിക്കുന്നതായിരുന്നു.
' പാചകം ദിവ്യമായ ജോലിയാണ് നള ഭഗവാന്റെ അനുഗ്രഹമുള്ളവരെ ആ രംഗത്ത് ശോഭിക്കുകയുള്ളു എന്തേലും പഠിച്ചെടുത്താല്‍ നിനക്ക് നാളെകാലം ഉപകരിക്കും അത്രതന്നെ.'.
അപ്പുറത്തെ തഴപ്പായില്‍ കിടക്കുന്ന ചെറിയച്ഛന്റെ മുഖത്തിന് ദിവാകരപ്പണിക്കരുടെ ഛായ കൈവരുന്നതായതും, അത് കൊല്ലകയിലമ്പലത്തിലെ ബാലെയിലെ കഥാപാത്രത്തിന്റെ വേഷഭൂഷകള്‍ കൈവരിച്ച സാക്ഷാല്‍ നളദേവനായി മാറുന്നതും മാധവന്‍ അറിഞ്ഞു.
പുറത്തെ മഴ കനക്കുകയാണ് മൂടിപുതച്ചുറങ്ങുന്ന പിഞ്ചിയ തുണിക്ക് പുറത്തുകാണുന്ന ചെറിയച്ഛന്റെ ഉണങ്ങി ശുഷ്‌കിച്ച കാല്പാദം കണ്ടതോടെ അവന്റെ ഹ്രസ്വസ്വപ്നം മുറിഞ്ഞിരുന്നു. അപ്പോഴേക്കും സംസാരം നിര്‍ത്തി ചെറിയച്ഛന്‍ ഉറങ്ങിയിരുന്നു.
ദിവാകരപ്പണിക്കരുടെ വീടിനു മുകളില്‍ ആദ്യ സൂര്യകിരണം പതിക്കുന്നതിനു സാക്ഷിയായി മാധവന്‍ പൊളിഞ്ഞ പടിപ്പുരയുടെ കോണില്‍ ഉണ്ടായിരുന്നു. അപ്പോഴക്കും ചെറിയച്ഛന്‍ അവനെ അവിടെ വിട്ടിട്ടു മലബാറിലേക്കുള്ള യാത്രപോയിരുന്നു.
ഒത്തിരി അംഗങ്ങള്‍ ഉണ്ടങ്കിലും പണിക്കരും ഭാര്യയും മകള്‍ മാലതിയും ആയിരുന്നു പ്രധാന അംഗങ്ങള്‍. ബാക്കിയെല്ലാവരും തായ് വഴി മാത്രം ആയിരുന്നു. സാരമായി മുടന്ത് ഉണ്ടങ്കിലും കണ്ടാല്‍ ഒരു ഐശ്വര്യദീപം ആയിരുന്നു മാലതി. പരോപകാരം കൊണ്ട് പലരുടെയും സദ്യവട്ടങ്ങള്‍ സൗജന്യമായാണ് പണിക്കര്‍ ചെയ്തു കൊടുക്കാറുള്ളെത്. സഹായികള്‍ക്കുപോലും ചിലപ്പോള്‍ കയ്യില്‍നിന്നും പണം കൊടുത്താണ് മടങ്ങാറുള്ളത്.
വേവും, പാകവും; നോക്കിയും, മണത്തും അറിയും ജ്ഞാനം. പൂര്‍വികരില്‍ നിന്നും പകര്‍ന്നു കിട്ടിയ അനുഗ്രഹത്തെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അയാള്‍ സൂക്ഷിച്ചിരുന്നു. കല്യാണ വീടുകളില്‍ നിന്നും കല്യാണ വീടുകളിലേക്കുള്ള യാത്രകളില്‍ ഒരു നിഴലായി അവന്‍ കൂടി.
(തുടരും)
അടുത്ത ഭാഗം 27.07.2020 തിങ്കള്‍ രാത്രി 8.00ന്
0 Comments