ഇന്റര്‍വെല്ലിന് ക്ലാസ് വിട്ടു. പെരുമാറ്റത്തില്‍ നിന്നും ഏകദേശം എന്റെ നിലവാരം തോന്നിച്ചിരുന്ന, ഡൊണാള്‍ഡ് എന്ന സൗത്ത് ആഫ്രിക്കന്‍ ഫെയ്‌സ് ബൗളറുടെ ലുകള്ള ബിനുവിനെ സമീപിച്ച് ഞാന്‍ ചോദിച്ചു
'അളിയാ ഇന്ന് വന്ന ആ സ്ലിം ബ്യൂട്ടി ഏതാടേയ്?'
'ഏത് , സെക്കന്റ് ഔവറില്‍ വന്നതോ?'
ഇത്തരം കാര്യങ്ങളില്‍ ഒരു താല്‍പര്യവുമില്ല എന്ന അര്‍ത്ഥത്തിലുള്ളതും എന്നാല്‍ ക്യൂട്ടായിട്ടുള്ളതുമായ ഒരു ചിരിയോടെ അവന്‍ ചോദിച്ചു
'അതെ, അറിയാവോ?'
ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
' ഓ! അത് മുസ്ലീം കുട്ടിയാണ്, നെജി, പാളയത്തോട്ടത്തില്‍ നിന്ന് വരുന്നതാണ്.
ജിജ്ഞാസ വെര്‍സസ് പ്രണയം
'ഡോ. രാധാകൃഷ്ണന്‍ സെയ്‌സ്: ദ ഫസ്റ്റ് ആന്റ് ഫോര്‍ മോസ്റ്റ് ഫാക്ടര്‍ ഇന്‍ ഔവര്‍ ലൈഫ് ഈസ് ദാറ്റ് വീ മസ്റ്റ് ഹാവ് എഡ്യുക്കേഷന്‍ , മാഗ്‌നിഫി സെന്റ് ബില്‍ഡിംഗ്‌സ് ആര്‍ നോട്ട് സബ്സ്റ്റിറ്റിയൂട്ട് ഫോര്‍ എ ഗുഡ് ടീച്ചര്‍. ഫേവറബിള്‍ സര്‍ക്കംസ്റ്റാസസ് മസ്റ്റ് ബീ പ്രൊവൈഡഡ് ഫോര്‍ ദ ടീച്ചേഴ്‌സ് ഫോര്‍ മോള്‍ഡിംഗ് ഗുഡ് സ്റ്റുഡന്‍സ് ' ജനറല്‍ ഇംഗ്ലീഷ് ക്ലാസ് പ്രൊഫസര്‍ ഗോപിനാഥന്‍ സാറിന്റെ ശബ്ദത്തില്‍ ഉജ്ജ്വലമായി. പിന്‍സീറ്റില്‍ ഞാന്‍ പോയിന്റുകള്‍ എഴുതിയെടുക്കും പോലെ അഭിനയിച്ചു... എന്റെ സീറ്റിന്റെയടുത്തുള്ള ജാലകത്തിലൂടെ തൊട്ടടുത്ത വിമണ്‍സ് കോളേജ് ക്യാമ്പസില്‍ നില്‍ക്കുന്ന ആകെ പൂത്ത് ചുവന്ന വാഗമരം കാണം. ഇടക്കിടെ വീശുന്ന ഇളം വടക്കന്‍തെന്നലും ചുവന്ന വാഗമരപ്പൂക്കളുo നല്‍കുന്ന കാല്‍പ്പനിക അനുഭൂതിയും മുന്‍ വൈസ് പ്രസിഡന്റിന്റെ റിയലിസ്റ്റിക് ഉപന്യാസവും എണ്ണയും വെള്ളവും പോലെ കൂടിക്കലരാതെ ചിന്തകളെ സങ്കീര്‍ണ്ണമാക്കി.
ഞാന്‍ അടുത്തിരുന്ന ബിനുവിനോട് തലേ ദിവസം നിര്‍ത്തിയ സംഭാഷണത്തിന്റെ രണ്ടാം എപ്പിസോഡിന് തുടക്കം കുറിച്ചു. ഒപ്പം ലക്ചര്‍ നോട്ട് എഴുതുന്നതായും അഭിനയിച്ചു:
' ആ പാളയത്തോട്ടത്തില്‍ നിന്ന് വരുന്ന നെജിയുടെ ഫാമിലിയെങ്ങനെ?'
കോളറിന് പിടിച്ച് നിര്‍ത്തി അടി തരുന്ന ആങ്ങളമാരെ സങ്കല്‍പിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു..
'അതൊന്നുമറിയില്ല. അവളുടെ അച്ഛന് ഹോട്ടലൊക്കെയുണ്ട് '.
ബിനു ഒച്ച താഴ്ത്തി പറഞ്ഞു.
'ആണോ?'നിനക്കെങ്ങനറിയാം?
കൂടുതല്‍ പറയാന്‍ പ്രോത്സാഹിപ്പിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു:
'നീ ഒന്നു മിണ്ടാതിരി , സാറ് ചോദ്യം ചോദിക്കും'-
ബിനു അനിഷ്ടത്തോടെ പറഞ്ഞു.
'ചോദിച്ചാലെന്താ നിന്റെ ആന്‍സര്‍ കിറുകൃത്യമല്ലേ?'
അവന്റെ മുഖത്ത് നോക്കാതിരിക്കാനായി ഞാന്‍ നോട്ട് ബുക്കിലെ പുറംചട്ടയിലെ ഹിന്ദി നടന് ഒരു കൊമ്പന്‍ മീശ വരച്ച് നല്‍കാന്‍ ശ്രമിച്ച് കൊണ്ട് പറഞ്ഞു.
'എന്ത് ആന്‍സര്‍? പാഠം തുടങ്ങിയതല്ലാ ഒള്ള് ? ' അവന്‍ അല്‍പം കണ്‍ഫ്യൂഷനോടെ എന്നെ നോക്കി...
' നിനക്ക് മലയാളം സാറിനോടായാലും ഇംഗ്ലീഷ് സാറിനോടായാലും ഒറ്റയാന്‍സറല്ലാ ഒള്ള് 'അറിയില്ല ' എന്ന ആന്‍സര്‍ '
നോട്ട് ബുക്കിന്റെ പുറംചട്ടയിലെ ഹിന്ദി നടന്റെ മുഖത്ത് നോക്കി ഞാന്‍ ബിനുവിന് മറുപടി നല്‍കി.
പക്ഷേ അത് അവന് 'അത്ര സുഖിച്ചില്ല. അവന്‍ എനിക്ക് നേരെ അല്‍പം രൂക്ഷമായ ഒരു നോട്ടം പായിച്ചു...
' സ്‌ട്രൈക് ഓണ്‍ സ്‌ട്രൈക് ഓണ്‍ ,F S I സ്‌ട്രൈക് ഓണ്‍ , ' ഓഫീസ് റൂമിന്റെ മുന്നില്‍ നിന്നും ഉച്ചത്തിലുള്ള ശബ്ദമുയര്‍ന്നു.
'ഓ അവന്‍മാര് തൊടങ്ങി '
ഗോപി സാര്‍ പുസ്തകമടച്ച് വരാന്തയിലേക്കിറങ്ങി.
ക്ലാസ് സിസ് ഓര്‍ഡറായി ...
ഞാന്‍ ജനലില്‍കൂടി എത്തി നോക്കി.
ഓഫീസിന് മുന്നില്‍ സമരം വയ്ക്കാനായി മാത്രമാണ് അഡ്മിഷനെടുത്തത് എന്ന ഭാവത്തില്‍ കണ്ണനും പാര്‍ട്ടിയും. എനിക്കെപ്പോഴും കണ്ണനോട് നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ...
വലത് മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കുയര്‍ത്തി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന അവന്റെ ഇടത് കൈയ്യില്‍ എപ്പോഴും രണ്ട് നോട്ട് ബുക്കുകള്‍ സുരക്ഷിതമായിരുന്നു. ആ ബുക്കുകളുടെ പേജുകളില്‍ എന്തായിരിക്കും എന്ന ചിന്ത എന്നെ പലപ്പോഴും ഭ്രാന്ത് പിടിപ്പിച്ചു.
'ഒരിക്കലും ക്ലാസ്സില്‍ കയറാത്ത കണ്ണന്റെ ഇടങ്കയ്യിലെ നോട്ട് ബുക്കുകള്‍ ' ....
എങ്കിലും കണ്ണനോട് എനിക്ക് അല്‍പം ആരാധനയൊക്കെയുണ്ടായിരുന്നു. 'നട്ടം തിരിയിച്ച ക്ലാസ്സുകളുടെ ഊഷരഭൂമിയില്‍ സമരത്തിന്റെ കുളിര്‍ മഴ പെയ്യിച്ച കണ്ണന്‍, ഇടം കൈയ്യില്‍ രണ്ട് നോട്ടുബുക്കുകള്‍ പിടിച്ച് മുദ്രാവാക്യം വിളിക്കുന്ന കണ്ണന്‍, ഞങ്ങടെ ഉണ്ണിക്കണ്ണന്‍, ....'
സ്‌ട്രൈക് രൂക്ഷമായി...
കൂട്ടമണി മുഴങ്ങി...
ഞാനും ബിനുവും ലൈബ്രറിയുടെ രണ്ടാം നിലയിലെ റീഡിംഗ് റൂമിന് നേരേ നടന്നു.
(തുടരും)
നോവലെറ്റ് രണ്ടാം ഭാഗം 26.07.2020 (ഞായര്‍) രാത്രി 8.00 മണിക്ക്
0 Comments