പൂര്‍ണ്ണത്തില്‍നിന്ന് പൂര്‍ണ്ണം | എ.വി.സന്തോഷ്‌കുമാര്‍


ണ്ണില്‍ തിമിര്‍ക്കുന്ന
കൃമികള്‍ കീടങ്ങള്‍
സൂക്ഷ്മജീവികള്‍
അവ നോക്കിനില്‍ക്കുന്നു.

നോക്കിനോക്കി നില്‍ക്കേ
സൂക്ഷ്മതയില്‍ ഒരു വേര് കിളിര്‍ക്കുന്നു.
വേരില്‍ ഒരു മുളപൊട്ടുന്നു
മുളയൊരു മരമായി പടരുന്നു

പടര്‍പ്പില്‍ ഇളകിയാടുന്ന ഇലകള്‍
കാറ്റില്‍ ഒഴുകിപ്പോകുന്ന ഒരിലയെ കാണുന്നു
അതിനുമുമ്പ് ശൂന്യതയില്‍ നീന്തിത്തുടിക്കുന്ന കാറ്റിനെ കാണുന്നു
അതിനുമുമ്പ് ശൂന്യതയില്‍ നീന്തിത്തുടിക്കുന്ന ശൂന്യത കാണുന്നു

അതിന്റെ ഉന്‍മാദം പൂണ്ട നീന്തലില്‍
ചിതറിത്തെറിക്കുന്ന ശൂന്യതയുടെ തുള്ളികള്‍
തുള്ളികള്‍ക്കുള്ളിലെ ശൂന്യതയുടെ ഇരമ്പം
അതിന്റെ മുഴക്കത്തിനുള്ളില്‍ ശൂന്യത അടയിരിക്കുന്ന മുട്ടകള്‍
അത് വിരിഞ്ഞ് വരുന്ന ശൂന്യതയുടെ കുഞ്ഞുങ്ങള്‍
അവ കൊത്തിപ്പെറുക്കുന്ന ശൂന്യതയുടെ കൃമികള്‍ കീടങ്ങള്‍ സൂക്ഷ്മജീവികള്‍
സൂക്ഷ്മതയില്‍ ജീവന്‍ വെക്കുന്ന ശൂന്യതകള്‍.

Post a Comment

0 Comments