4. സുന്ദരീ പരിണയം
വളര്‍ച്ചയെത്തുന്ന ആണ്‍ പൂച്ചകള്‍ ഇണയെ തേടി വീടുവിട്ടു പോകുന്ന ശീലമുള്ളവരാണ്. എന്നാല്‍ മണിയന്‍ ഒരു പെണ്‍പൂച്ചയെ വീട്ടിലേക്കു കൂട്ടികൊണ്ടു വരുകയാണ് ചെയ്തത്.വളരെ അവകാശബോധത്തോടെയാണ് അവന്‍ ഇണയോടൊപ്പം കയറിവന്നത് സ്വര്‍ണനിറത്തിലുള്ള ഇണപ്പൂച്ച ആകെ ഭയന്ന അവസ്ഥയിലായിരുന്നു. അടുക്കള വാതിലിനരികെ അവള്‍ പരുങ്ങി നിന്നു. മണിയന്‍ ഏറെ നേരം അവളുടെ അരികിലേക്കും വീട്ടിനുള്ളിലേക്കും ഉലാത്തി. ഒരു നിമിഷം ഉറച്ച തീരുമാനം കൈകൊണ്ട പെണ്‍പൂച്ച മണിയന്റെ പിന്നാലെ വീട്ടിലേക്കു കയറി വന്നു. ഭാര്യയും മക്കളും പതിവു പോലെ സൗഹൃദത്തോടും സ്‌നേഹത്തോടും അവളെ സ്വാഗതം ചെയ്തു. എന്നാല്‍ ഞാനാകട്ടെ ഒരു പൂച്ചകുടുംബം രൂപപ്പെടുന്നതില്‍ ആകെ അസ്വസ്ഥനായിരുന്നു. പൂച്ചയുടെ വളരെ കുറഞ്ഞ ഗര്‍ഭകാലത്തെ ക്കുറിച്ചും ഒരൊറ്റ പ്രസവത്തില്‍ത്തന്നെ മൂന്നും നാലും കുഞ്ഞുങ്ങള്‍ പിറക്കുന്നതിനെക്കുറിച്ചെല്ലാമു ള്ള അസ്വസ്ഥതകള്‍ എന്നെ വേവലാതിപ്പെടുത്തി. പെണ്‍പൂച്ചയെ മാത്രമല്ല മണിയനെ കൂടി വീട്ടില്‍ നിന്നു ഓടിച്ചുകളയാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ ഭാര്യയും മക്കളും പെണ്‍പൂച്ചയെ 'സുന്ദരി' എന്നു പേരിട്ട് വീട്ടിലെ അംഗമായി സ്വീകരിച്ചു. മണിയനെയും സുന്ദരിയെയും ഔട്ട് ഹൗസിലേക്ക് മാറ്റണമെന്ന എന്റെ താല്പര്യം അംഗീകരിച്ചു എന്നത് മാത്രമാണ് എന്നെ സമാശ്വസിപ്പിക്കാന്‍ അവര്‍ കാണിച്ച വിട്ടുവീഴ്ച.'എല്ലാം വരുന്നത് പോലെ വരട്ടെ' എന്ന് കരുതി ഞാനും സമാധാനിച്ചു. ഇച്ഛിക്കുകയും യത്‌നിക്കുകയും ചെയ്തു ജീവിതം രൂപപ്പെടുത്തിയ ആളാണെങ്കിലും ജീവിതം നിയോഗനിര്‍വഹണമാണ് എന്നുള്ള വിചാരം പലപ്പോഴും മനസ്സില്‍ നിറയാറുണ്ട്. നിയോഗം നിമിത്തങ്ങളിലൂടെയാണ് വെളുപ്പെടുത്തന്നത് എന്ന ചിന്ത മണിയനും സുന്ദരിയും എന്തിനെല്ലാമോ ഉള്ള നിമിത്തങ്ങളാണ് എന്നുള്ള ബോധ്യത്തിലേക്കാണ് എന്നെ കൊണ്ടു ചെന്നെത്തിച്ചത്. ജീവിതം പൂര്‍വ്വനിശ്ചിതമോ ആകസ്മികമോ എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക് എന്നെ എടുത്തെറിയാറുള്ളത് സാധാരണയായി സര്‍ഗാത്മക സാഹിത്യകാരന്മാരോ കലാകാരന്മാരോ ആണ്. അതെ തീവ്രതയില്‍ ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുകളിലേക്ക് മണിയനും സുന്ദരിയും എന്നെ പലപ്പോഴും നയിച്ചു എന്നതാണ് സത്യം.
5. പൂച്ചക്കൊട്ടാരം
ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ തന്നെ ജീവിക്കണമെന്നായിരുന്നു ആഗ്രഹിച്ചതെങ്കിലും ജോലി ലഭിച്ചത് അകലെയുള്ള പട്ടണത്തില്‍ ആയിരുന്നു . കുറെ കാലം ദിവസവും നന്നേ ബുദ്ധിമുട്ടി പോയിവന്നു ജോലി ചെയ്തത് നാട്ടില്‍ നിന്നും അകന്നു നില്ക്കുന്നതിലെതാല്പര്യക്കു റവ് കൊണ്ടുതന്നെയാണ്. എന്നാല്‍ കോളേജിനടുത്ത് സൗകര്യത്തിനു സ്ഥലം വാങ്ങുവാന്‍ സാഹചര്യം ഒരുങ്ങിയപ്പോള്‍ മാറിചിന്തിക്കേണ്ടി വന്നു. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദ്യത സദാ പകര്‍ന്നു തരുന്ന സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഒരുമിച്ചു സ്ഥലം വാങ്ങി വീടുവെയ്ക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ഒപ്പം കൂടി. വീടുപണിക്ക് മുന്‍പേ ഒരു ചെറിയ കെട്ടിടം നിര്‍മിക്കേണ്ട ആവശ്യം വന്നു ചേര്‍ന്നു. നിര്‍മാണ വസ്തുക്കള്‍ സൂക്ഷിക്കാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ താമസിക്കുവാനും ഏറ്റവും പ്രയോജനപ്പെട്ട ആ കൊച്ചു കെട്ടിടമാണ് മണിയന്റെയും സുന്ദരിയുടെയും പാര്‍പ്പിടമായത്. ഇതുവരെയും ഔട്ട് ഹൗസ് എന്നത് ഇപ്പോള്‍ പൂച്ചക്കൊട്ടാരമായി. പഴയ വീട്ടുസാധനകളും പണിയായുധങ്ങളും സൂക്ഷിച്ചിരുന്ന മുറിയും ചേര്‍ന്നുള്ള വരാന്തയും പൂച്ചദമ്പതികള്‍ സാമ്രാജ്യമാക്കി. അവരുടെ വിഹാരത്തിനു തടസ്സമായേക്കുമെന്ന മുന്‍കരുതലില്‍ പണിയായുധങ്ങളും ഏണിയുമൊക്കെ എപ്പോഴും അടച്ചിടാറുള്ള ചായ്പ്പിലേക്കു മാറ്റിയതോടെ പൂച്ച കൊട്ടാരത്തിനു പുതിയൊരു രൂപവും കൈവന്നു. ഇതുവരെയും മണിയന് ആഹാരം കൊടുത്തിരുന്നത് അടുക്കളയില്‍ തന്നെയായിരുന്നു. അതുമിപ്പോള്‍ പൂച്ചക്കൊട്ടാരത്തിന്റെ വരാന്തയിലേക്ക് മാറ്റി. മനുഷ്യരെ മുട്ടിയുരുമ്മി കഴിയുവാന്‍ കിട്ടുന്ന എല്ലാ അവസരവും പ്രയോജനപ്പെടുത്തിയിരുന്ന മണിയനിപ്പോള്‍ ഏതു നേരവും സുന്ദരിക്കൊപ്പമാണ്. ഓട്ടവും ചാട്ടവും കെട്ടിമറിയലും ഒളിച്ചിരിക്കലും കൊണ്ട് പൂച്ചക്കൊട്ടാരം സജീവമായി. മതിലിനപ്പുറത്തു ചിലപ്പോഴൊക്കെ ഉയരാറുള്ള നായ്ക്കളുടെ കുര മാത്രം മണിയനെയും സുന്ദരിയെയും നിശ്ശബ്ദരാക്കി. പൂച്ചവളര്‍ത്തലിന്റെ ഏക പ്രയോജനം പണ്ടൊക്കെ എലികളെ ഒഴിവാക്കാമെന്നതായിരുന്നു. എന്നാലിപ്പോള്‍ ആഹാരം കൊടുത്തു വളര്‍ത്തുന്ന പൂച്ചകള്‍ക്ക് എലികളെ തേടി പോകേണ്ട കാര്യമില്ല. എങ്കിലും ചിലപ്പോഴൊക്കെ മണിയനും സുന്ദരിയും എലിയെ കൊന്നു തട്ടിക്കളിക്കുന്നതു കണ്ട് സന്തോഷിക്കുവാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട് . ഒരിക്കല്‍ രണ്ടുപേരും വളഞ്ഞുവെച്ചു ഒരു പാമ്പിനെ കൊന്നതോടെ പൂച്ചവളര്‍ത്തലിന്റെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന വേവലാതികളും ഇല്ലാതെയായി. എനിക്ക് ജീവിതത്തിലേറ്റവും പേടി പാമ്പിനെ ആണെന്നതു തന്നെ കാരണം.
(തുടരും)
നോവലെറ്റിന്റെ നാലാം ഭാഗം 07.08.2020 വെള്ളിയാഴ്ച രാത്രി 8.00ന്
0 Comments