എഡിറ്റോറിയല്‍ | അജുസ് കല്ലുമല | ചീഫ് എഡിറ്റര്‍


എഴുത്തിനെ കൂട്ടുപിടിക്കരുത്!

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഒരു സാഹിത്യഗ്രൂപ്പില്‍ വന്ന കവിത അയച്ചുതന്നിട്ട് പറഞ്ഞു... ഒന്ന് വായിച്ചുനോക്കൂ... എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല... വലിയൊരു വികലചിന്തയുണ്ടതില്‍ എന്ന്.

ആ മുന്‍വിധി മാറ്റി നിര്‍ത്തി സാധാരണ ഒരു കവിത വായിക്കും പോലെ വായിച്ചതാണ്. ആദ്യ വരികളില്‍ നിന്നുതന്നെ കല്ലുകടിയുണ്ടായി. രണ്ടായിരത്തില്‍ എഴുതിയെന്ന് രചയിതാവ് പറയുന്ന കവിതയില്‍ പ്രകൃതി ചൂഷണം അവതരിപ്പിച്ചിരിക്കുന്നത് ജാതി ചിന്തയിലൂന്നി... തന്റെ ഉള്ളില്‍ അന്തര്‍ലീനമായ ചില ചിന്തകള്‍ കവിതയുടെ വരികളില്‍ അറിയാതെ പ്രവേശിച്ചത് രചയിതാവ് അറിഞ്ഞിട്ടുണ്ടാവില്ല, അതല്ലെങ്കില്‍ മനഃപൂര്‍വ്വമായിരിക്കാം.

എഴുത്തുകള്‍ ഇന്ന് വിവാദമാക്കപ്പെടുന്നതുതന്നെ ജാതി-മത പരാമര്‍ശങ്ങളിലൂടെയാണ്. അപ്പോഴും ഒന്ന് വിമര്‍ശിക്കപ്പെടുകപോലുമില്ലാത്ത പരാമര്‍ശങ്ങള്‍ മനുഷ്യനെ മാനുഷിക പരിഗണന നല്‍കാതെ അവന്റെ ജന്മാവസ്ഥകളിലൂടെ മാത്രം ആലേഖനം ചെയ്യപ്പെടുന്ന രചനകളും വായിക്കപ്പെടുന്നു. ബാഹ്യമായതെല്ലാം മാറ്റി മനുഷ്യനിലെ മനുഷ്യനിലേക്കുള്ള കാഴ്ചപ്പാടാവുമ്പോഴേ സാഹിത്യം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളു. 

പുരോഗമനം വേണ്ടത് ഭൗതിക സാഹചര്യങ്ങളില്‍ മാത്രമല്ല. വാക്കിലും എഴുത്തിലും എല്ലാം അതുണ്ടായാലേ നന്മയുള്ള ഒരുലോകം ഉണ്ടാവുകയുള്ളു. നന്മയുള്ള ലോകമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നത് കഴിഞ്ഞ ദിവസം തിരുവല്ല-മാവേലിക്കര റോഡില്‍ അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന് മരിച്ച ജിബുവിന്റെ മരണം നമ്മളോട് പറയുന്നുണ്ട്. നാണയം വിഴുങ്ങിയ കുഞ്ഞിന് ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരും നന്മയെന്ന ലോകം ഇനിയും അകലെയാണെന്ന് കാണിച്ചു തന്നു. ഇത്തരം അവസ്ഥകളില്‍ എഴുത്തുകാരും മനുഷ്യനിലെ മനുഷ്യത്വത്തിന് വേണ്ടി എഴുതുന്നതാവും നല്ലത്. നന്മയുള്ള ലോകം ഉണ്ടാവാന്‍ വേര്‍തിരിവുകളെ എഴുത്തില്‍ കൂട്ടുപിടിക്കാതിരിക്കാം.

Post a Comment

0 Comments