മണിയന്‍
രാവിലെ ഭാര്യയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടും. മടങ്ങിയെത്തി മകനെയും മകളെയും സ്‌കൂളിലെത്തിക്കും. പിന്നെ ഞാന്‍ പഠിപ്പിക്കുന്ന കോളേജിലേക്ക് പോകും.വൈകിട്ട് കോളേജ് വിട്ടാല്‍ മക്കളുടെ സ്‌കൂളിലും അവിടെനിന്ന് റെയില്‍വേ സ്റ്റേഷനിലും പോയി തിരിച്ചെത്തും. കൃത്യസമയം പാലിച്ചു എല്ലാ ദിവസവും അരങ്ങേറുന്ന ജീവിതചര്യ ആണിത്.
ഒരു ദിവസം റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് കാറിനുള്ളില്‍ നിന്ന് ഒരു പൂച്ചയുടെ കരച്ചില്‍ കേട്ടത്. ബോണറ്റിനുള്ളില്‍ നിന്നായിരുന്നു ശബ്ദമുയര്‍ന്നത്. ബോണറ്റ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് പരിഭ്രാന്തി നിറഞ്ഞ കണ്ണുകളോടെ വിറച്ചു കൊണ്ടിരിക്കുന്ന ചാര നിറത്തിലുള്ള ഒരു പൂച്ചക്കുട്ടിയെയാണ്. പൂച്ചയെ തിരയുവാന്‍ സഹായവുമായി മകനും മകളും വന്നില്ലായിരുന്നുവെങ്കില്‍ ബോണറ്റടച്ചു ഞാന്‍ യാത്ര തുടരുമായിരുന്നു. പോകുന്ന വഴിക്ക് എവിടെയെങ്കിലും പൂച്ചക്കുട്ടി താഴെ വീഴുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ മകനും മകളും കണ്ടയുടനെ പൂച്ചക്കുട്ടിയെ കയ്യിലെടുത്തു ലാളിച്ചു തുടങ്ങി. അവരതിനെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവര്‍ക്കായി എടുത്തുവെച്ചിരുന്ന പാലും റൊട്ടിയും നല്‍കി സത്കരിക്കുകയും ചെയ്തു. അവരോട് എന്തെങ്കിലും പറഞ്ഞു നിന്നാല്‍ ഭാര്യക്ക് ട്രെയിന്‍ കിട്ടാതെപോകുമെന്നതിനാല്‍ ഞാന്‍ വീണ്ടും കാര്‍ സ്റ്റാര്‍ട്ടാക്കി.
യാത്രാവേളയില്‍ ഞാന്‍ ഏറെയും സംസാരിച്ചത് പൂച്ചക്കുട്ടിയെ ഒഴിവാക്കുന്ന കാര്യമാണ്. എന്നാല്‍ പൂച്ചക്കുട്ടിയുടെ ഓമനത്തത്തിലും ദയനീയതയിലും മനസ്സലിഞ്ഞു പോയ ഭാര്യ 'സാരമില്ല നമുക്കതിനെ വളര്‍ത്താം' എന്നു പറഞ്ഞതോടെ ഞാന്‍ ഒറ്റപ്പെട്ടു. വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഒരു പഴയ പലകപ്പെട്ടിയില്‍ തുണിയൊക്കെ വിരിച്ച് മക്കള്‍ പൂച്ചക്കുട്ടിയെ കിടത്തിയി രിക്കുന്നതാണ്. വാതില്‍ തുറന്ന ശബ്ദം കേട്ടുണര്‍ന്ന പൂച്ചക്കുട്ടി ഭയത്തോടെ എന്നെ നോക്കി. തികച്ചും അലൗകിക ഭംഗിയുള്ള കണ്ണുകള്‍. 'അച്ഛാ ഞങ്ങളിതിന് മണിയന്‍ എന്നാ പേരിട്ടിരിക്കുന്നത് കൊള്ളാമോ?' മക്കളുടെ ചോദ്യത്തില്‍ പൂച്ചക്കുട്ടിയെ സ്വീകരിച്ചതിന്റെ സ്ഥിരീകരണം ധ്വനിച്ചിരുന്നു. അടയുവാന്‍ വെമ്പുന്ന കണ്ണുകള്‍ തുറന്നു പിടിച്ച് പൂച്ചക്കുട്ടി പിന്നെയും പിന്നെയും എന്നെത്തന്നെ നോക്കിയിരുന്നു.
ചില കലണ്ടര്‍ ചിത്രങ്ങളിലെ മാലാഖക്കുഞ്ഞുങ്ങളെ പോലെ നിഷ്‌കളങ്കതയും സൗന്ദര്യവും തുളുമ്പി നില്‍ക്കുന്ന ആ പൂച്ചക്കുട്ടി ഒരു മാലാഖ തന്നെയെന്നാണ് എനിക്ക് തോന്നിയത്. ചെറിയ ചിരിയോടെ മണിയനെ ഞാനെന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു.
മാലാഖപ്പൂച്ച
അടുക്കളയില്‍ കയറി മീന്‍ കട്ടുകൊണ്ടു പോവുക, അറിയാതെ തൊട്ടാലോ ചവിട്ടിയാലോ മാന്തുകയും കടിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പൂച്ചകളെ കുറിച്ച് സാധാരണയായി കേള്‍ക്കാറുണ്ട്. എന്നാല്‍ മണിയന് ഈ വിധ ശീലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
വൃത്തിയായി കഴുകിയ പാത്രത്തില്‍ കൊടുക്കുന്ന പാലും മഞ്ഞള്‍പ്പൊടിയും ഉപ്പുമിട്ട് വേവിച്ച മീന്‍ ചേര്‍ത്തു കുഴച്ച ചോറും കഴിക്കുവാനിഷ്ടപ്പെട്ട മണിയന്‍ എത്ര പ്രകോപനം ഉണ്ടായാലും ആരെയും ഉപദ്രവിക്കാറില്ല. എത്ര നേരം വീട്ടില്‍ അടച്ചിട്ടാലും തുറന്നു വിടുമ്പോള്‍ മാത്രം പുറത്തു പോയി 'ശീയും' 'ശൂവും' വയ്ക്കുന്ന മണിയന്‍ വൃത്തിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുവാന്‍ എന്തു കൊണ്ടും യോഗ്യനാണ് . ജോലി ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴുമെല്ലാം ഭാര്യയുടെ നിഴലായി അവനുണ്ടാവും. കുട്ടികള്‍ പഠിക്കുമ്പോള്‍ അടങ്ങിയിരിക്കുന്ന മണിയന്‍ അവര്‍ കളിക്കുമ്പോള്‍ ഉത്സാഹത്തോടെ കൂടെ കൂടും. പതിവുറക്കങ്ങളെല്ലാം വീട്ടിലാരുമില്ലാത്തപ്പൊ ഴും രാത്രിയിലുമാക്കാന്‍ അവന്‍ ശ്രദ്ധിച്ചു .
പല കാര്യങ്ങളിലും പരസ്പരം യോജിക്കാത്ത ഞാനും ഭാര്യയും മണിയനോടുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍ മാത്രം യാതൊരു അഭിപ്രായഭേദവും പുലര്‍ത്തിയില്ല. ഏതെങ്കിലും ചില കാര്യങ്ങളിലെങ്കിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ അഭിപ്രായമുള്ളവരായിരിക്കുന്നത് ദാമ്പത്യത്തിന്റെ ദൃഢതയ്ക്കു സഹായകരമാണെന്നു ആരോടും പന്തയം വയ്ക്കുവാന്‍ എനിക്കിപ്പോള്‍ സാധിക്കും.
ഏറ്റവും വിലപ്പെട്ട സമ്പാദ്യമായി മകനും മകളും കൂട്ടുകാര്‍ക്കു പരിചയപെടുത്തിക്കൊടുക്കുന്നത് മണിയനെ ആയിരുന്നു. അവരുടെ 'ഗുഡ്മോര്‍ണിംഗ്', 'ഗുഡ് നൈറ്റ് ' ചിത്രങ്ങള്‍ മണിയനല്ലാതെ മറ്റൊന്നുമായിരുന്നില്ല. നമുക്ക് പ്രിയപ്പെട്ടവര്‍ പൂച്ചയായി പുനര്‍ജനിച്ച് ഒപ്പം കൂടുമെന്ന പറച്ചില്‍ ശരി വയ്ക്കുന്ന തരത്തില്‍ പല ഭാവങ്ങളില്‍ മണിയന്‍ ഞങ്ങളോടൊപ്പം ജീവിച്ചു. എങ്കിലും പൂച്ചയ്ക്ക് വേണ്ടി സമയവും പണവും ചെലവാക്കുന്നതിന്റെ അര്‍ഥശൂന്യത ചിലപ്പോഴെങ്കിലും മനസ്സിലുണരാറുണ്ട് എന്നുകൂടി പറയാതെ വയ്യ.
(തുടരും)
നോവലെറ്റിന്റെ മൂന്നാം അദ്ധ്യായം 05.08.2020 ബുധനാഴ് രാത്രി എട്ടിന്.
0 Comments