6 . ദിവ്യാംഗ
പൂച്ചക്കൊട്ടാരം മാത്രമല്ല വീടും പരിസരവുമെല്ലാം മണിയന്റെയും സുന്ദരിയുടെയും വിഹാരകേന്ദ്രമായി മാറാറുണ്ട് . ഓടിപ്പാഞ്ഞും കലഹിച്ചും സ്നേഹിച്ചും തികഞ്ഞ സന്തുഷ്ടിയോടെ അവര്‍ ജീവിക്കുന്നത് ശ്രദ്ധയോടെനിരീക്ഷിക്കുന്നതിലൂടെ മാത്രം മനസ്സിന്റെ ഇടുക്കം കൈയൊഴിക്കാമെന്ന് എനിക്ക് അനുഭവപെട്ടു. ദാമ്പത്യത്തെ മാത്രമല്ല ജീവിതത്തെയാകെ പുതുക്കുവാനും പുനര്‍നിര്‍വചിക്കുവാനും അവരെന്നെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സുന്ദരിയുടെ ഭാവം മാറി. വളരെ ആലസ്യത്തോടെ അവള്‍ പകലും രാത്രിയും മയങ്ങി കിടന്നു. പതിവില്ലാത്ത നിശബ്ദത പുലര്‍ത്തിയ അവള്‍ ആരെങ്കിലും അടുത്തേക്ക് ചെല്ലുമ്പോള്‍ കൂടുതല്‍ സ്നേഹപ്രകടനത്തിനും തുനിഞ്ഞു. മണിയന്‍ വളരെ ജാഗ്രതയോടെ സുന്ദരിക്കരികില്‍ തന്നെ ചുറ്റിക്കറങ്ങി. സുന്ദരി ഗര്‍ഭിണിയാണെന്ന് ഞങ്ങളെല്ലാം മനസിലാക്കി. ഭാര്യക്കും മക്കള്‍ക്കും വളരെ സന്തോഷവും ആകാംഷയുമുണ്ടെന്നു എനിക്ക് ബോധ്യമായി. എന്നാല്‍ ഞാനാകട്ടെ അനുനിമിഷം ആശങ്കയും അസഹിഷ്ണുതയും അനുഭവിച്ചു. പൂച്ചക്കുടുംബം വലുതാവുമ്പോഴുള്ള അസൗകര്യങ്ങളെ കുറിച്ചുള്ള വേവലാതി എന്നില്‍ വളര്‍ന്നു കൊണ്ടേയിരുന്നു. ഒരു ദിവസം സുന്ദരി എവിടേക്കോ അപ്രത്യക്ഷയായി. രണ്ടുമൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് വീണ്ടുമവള്‍ ഭക്ഷണം തേടിയെത്തിയത്. ഒറ്റയ്ക്കാണവള്‍ വന്നത്. ഭക്ഷണം കഴിച്ച് തിടുക്കപ്പെട്ടു പോവുകയും ചെയ്തു. വീണ്ടും ഒരാഴ്ച കഴിഞ്ഞു ഞങ്ങളെയെല്ലാം അനുസരിപ്പിച്ചു കൊണ്ട് കുഞ്ഞിനേയും കൂട്ടി അവള്‍ തിരിച്ചെത്തി. സുന്ദരി കഴുത്തില്‍ കടിച്ചുപിടിച്ചുകൊണ്ടു വന്ന പൂച്ചക്കുഞ്ഞിന്റെ കാലുകള്‍ പുറകോട്ടു വളഞ്ഞവയായിരുന്നു. നാലുകാലില്‍ നില്‍ക്കുവാനോ നടക്കുവാനോ ആ കുഞ്ഞിന് കഴിയുമായിരുന്നില്ല. മുന്‍കാലുകള്‍ നിലത്തൂന്നി ശരീരം മുന്നോട്ടു വലിച്ചിഴച്ചാണ് പൂച്ചകുഞ്ഞ് സഞ്ചരിച്ചത്. മുന്നില്‍ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ പൂച്ചയെപ്പോലെ ദൃശ്യമായെങ്കിലും പുറകില്‍ നിന്നുള്ള കാഴ്ച സങ്കടപ്പെടുത്തുന്നതായിരുന്നു. ആ പൂച്ചകുഞ്ഞു വിധിയുടെ ഒരു വിശേഷ സൃഷ്ടിയായിരുന്നു.
7 ദിവ്യ
ഭിന്ന ശേഷിക്കാരെ കുറിക്കുവാന്‍ മുന്‍പ് ഉപയോഗിച്ചിരുന്ന വികലാംഗര്‍ എന്ന സംജ്ഞ നിന്ദയും അവജ്ഞയും ദ്യോതിപ്പിക്കുന്നു എന്ന ബോധ്യമാണ് ദിവ്യാംഗര്‍ എന്ന പരാമര്‍ശത്തിനാധാരം. ഭാഷയുടെ ചാരുതയും ക്ഷമതയും തെളിയിക്കുന്ന പദമായാണ് പ്രഥമ ശ്രവണത്തില്‍ തന്നെ 'ദിവ്യാംഗ'എനിക്കനുഭവപെട്ടത്. ആ അനുഭവത്തിന്റെ ആവിഷ്‌കാരം എന്ന നിലയ്ക്കാണ് മണിയന്റെയും സുന്ദരിയുടെയും മകള്‍ക്കു ഞാന്‍ ദിവ്യ എന്ന പേര് നിര്‍ദേശിച്ചത്. മകന്റെ മനസ്സില്‍ 'സ്‌കൂബി ' എന്നൊരു പേരും മകളുടെ മനസ്സില്‍ തക്കുടു എന്നൊരു പേരുമുണ്ടായിരുന്നെങ്കിലും അര്‍ത്ഥവും ആദര്‍ശവും ഒത്തിണങ്ങിയതെന്ന പരിഗണനയില്‍ അവരും. ദിവ്യ എന്ന പേര് അംഗീകരിച്ചു. ആരോടും യോജിക്കുക എന്ന ശീലം തനിക്കു ദോഷമുളള കാര്യങ്ങളില്‍ പോലും പുലര്‍ത്തുന്ന ഭാര്യയ്ക്ക് പൂച്ചക്കുട്ടിയുടെ പേര് എന്തായാലും സാരമില്ല എന്ന മട്ടായിരുന്നു.
തിരിച്ചറിയുവാനും പ്രതികരിക്കുവാനും നായ്ക്കള്‍ക്കുള്ള കഴിവ് പൂച്ചകള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ബുദ്ധിയുടെ കാര്യത്തിലും ഓര്‍മ്മയുടെ കാര്യത്തിലുമെല്ലാം പൂച്ചയ്ക്ക് എടുത്തു പറയത്തക്ക പ്രത്യേകതയൊന്നും ഉള്ളതായും ഞാന്‍ മനസ്സിലാക്കിയിട്ടില്ല. ദിവ്യ എന്നാല്‍ വ്യത്യസ്തയായിരുന്നു. ശാരീരികമായ അവശത മറികടക്കുന്ന സാമാന്യബുദ്ധി എല്ലാ കാര്യങ്ങളിലും അവള്‍ പുലര്‍ത്തി. അവള്‍ക്കായി ഒഴിച്ചിട്ടിരുന്ന സ്ഥലത്തു മാത്രം ഇരിക്കുകയും കിടക്കുകയും ചെയ്തു. ദിവ്യ ഒന്നോ രണ്ടോ ദിവസം വീട്ടിലാരുമില്ലെങ്കിലും ഒരു പ്രയാസവും കാണിച്ചില്ല.
(തുടരും)
○
0 Comments