'എടീ നശിച്ചവളേ... നീയൊക്കെ ഒരമ്മയാണോടീ...'
'നീയൊക്കെ നശിച്ചു പോവും..... '
വര്‍ഷങ്ങള്‍ പലതും കഴിഞ്ഞെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉമച്ചേച്ചി തലയില്‍ കൈവെച്ചു ശപിച്ചത് ഇന്നും കാതുകളില്‍ അലയടിക്കുന്നു. ഒരു മതിലിന്റെ അകലം മാത്രമേ ഞങ്ങളുടെയും ഉമചേച്ചിയുടെയും വീടുകള്‍ തമ്മിലുണ്ടായിരുന്നോള്ളൂ., പക്ഷെ അത്രപോലും അകലം മനസ്സുകള്‍ തമ്മില്‍ ഇല്ലായിരുന്നു. റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള, മുറ്റത്ത് ജമന്തി ചെടിയുള്ള , ഗേറ്റിന് മുന്നിലൂടെ ഓവുച്ചാലൊഴുകുന്ന, ചെളി മണക്കുന്ന ലോഡ്ജ് മുറിയില്‍ നിന്ന് ഉള്ളതെല്ലാം വിറ്റു പെറുക്കി പുതിയ വീട് വാങ്ങിക്കാന്‍ വന്ന അന്നു പരിചയപ്പെട്ടതാണ് ഉമചേച്ചിയെ. അന്നു ദീപുമോന് എന്റെ അടിവയറ്റിലാ...., ഏഴു വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ വിമ്മിഷ്ടവും പരവേശവുമായവന് വരവറിയിച്ചപ്പോള്‍ ജയേട്ടനാ പറഞ്ഞത്,
'കടം വാങ്ങി മുടിഞ്ഞാലും വേണ്ടില്ല സുമേ.., നമ്മുടെ കുഞ്ഞ് സ്വന്തം വീട്ടില്‍ പിറന്നാ മതി.. '
ആദ്യ മാസം കുഞ് ഒരു കടുക് മണിയുടെത്രേ ഉണ്ടാവോള്ളു ഉമചേച്ചിയാ പറഞ്ഞു തന്നത് .... അന്നു തുടങ്ങിയ കൂട്ടാ ഉമചേച്ചിയുമായിട്ട്.. അരി പൊടിപ്പിക്കാനും, പച്ചക്കറി വാങ്ങാനും ഒക്കെ ഞങ്ങള്‍ ഒരുമിച്ചാ പോയിരുന്നത്. ബസ് സ്റ്റാന്‍ഡിന്റെ അടുത്ത് ബേക്കറി നടത്തുന്ന ഉമചേച്ചിയുടെ ഭര്‍ത്താവ് മുരളി, ജയേട്ടനുമായി പെട്ടെന്ന് തന്നെ അടുത്തു. ഓണത്തിനും വിഷുവിനുമെല്ലാം അവര്‍ രണ്ടുപേരും ടെറസ്സില്‍ ഒത്തുകൂടി അര്മാദിച്ചുല്ലസിച്ചു. ഞാനുണ്ടാക്കുന്ന പലഹാരങ്ങളെല്ലാം ആദ്യം രുചി നോക്കുന്നത് ഉമചേച്ചിയുടെ പത്തു വയസ്സുകാരി സുമിയാണ്., മൗസുമിയെന്നാ മുഴുവന്‍ പേര്. ദീപു പിടിച്ചോണ്ട് വന്ന അണ്ണാറക്കണ്ണനെ അവള് പറഞ്ഞോണ്ടാ ഞാന്‍ ആരുമറിയാതെ തുറന്നുവിട്ടത്. 'പാവല്ലേ സുമമാമ്യേ... അയ്നും ണ്ടാവൂലെ അയിന്റെ വീട്ടിപോവാന്‍ പൂതി..? ' അവള് അങ്ങനെ പറഞ്ഞപ്പോ ശെരിയാന്ന് എനിക്കും തോന്നി. എന്നാലും ഞാന്‍ തര്‍ക്കിച്ചു നോക്കി, 'അതിനെന്താ..? ദീപു അയ്നെന്നും പാലും പഴവും കൊടുക്കാറുണ്ടല്ലോ... ! ' അതിന് അവള് മറുപടി പറയാതെ കൂട് വട്ടത്തില്‍ കറക്കികൊണ്ടിരുന്നു.
അവസാനമായി ഉമചേച്ചിയെ കണ്ടത് തെളിവെടുപ്പിന് പോലീസ്കാര്‍ക്കൊപ്പം പോയപ്പോഴാണ്. അന്ന് ഉമച്ചേച്ചി ഞാന്‍ നടന്ന വഴികളെല്ലാം ചാണകവെള്ളം തളിച്ച് ശുദ്ധി വരുത്തുന്നത് കണ്ടില്ലെന്നു നടിച്ചു. മുരളിച്ചേട്ടനെ കണ്ടില്ല, ഞായറാഴ്ച പോലും ബേക്കറി തുറക്കുനാളാ...., അല്ലെങ്കി ചിലപ്പോ കാഴ്ച കാണാനിഷ്ടമില്ലാതെ അകത്തുണ്ടാവും.സുമി എന്റെ മുഖത്ത് നോക്കാനുള്ള ശക്തിയില്ലാതെ അകത്തെ മുറിയിലുണ്ടാവും. മനസ്സ് അവളെ അവസാനമായി ഒരു നോക്ക് കാണാന്‍ കൊതിച്ചിരുന്നു. പറമ്പില്‍ തടിച്ചു കൂടിയ ആളുകളെ ഒരു നോട്ടം മാത്രമേ നോക്കിയുള്ളൂ. ആ കൂട്ടത്തില്‍ പാല്‍ക്കാരനും, പത്രക്കാരനും, സാരി ഇന്സ്റ്റാള്മെന്റില് വില്ക്കാന് വരുന്ന തമിഴന് ചെക്കനും പിന്നെ പേരറിയാത്ത കണ്ടിട്ടു പോലുമില്ലാത്ത കുറെയേറെ ആള്ക്കാര്. ചിലരൊക്കെ അടക്കം പറയുന്നതെനിക്ക് കേള്‍ക്കാമായിരുന്നു,
'അയ്ന് പ്രാന്താ .., അയിന്റെ അമ്മയും പ്രാന്ത് വന്നല്ലേ ചത്തത്...! ' അങ്ങനെ ചിലര്‍.
'അല്ലല്ലാ..., വേറെ ആള്‍ക്കാരൊക്കെ വരവ് പോക്ക് ണ്ടെര്ന്ന് ന്നാ കേള്‍ക്ക്ണത് ...!' ഇങ്ങനെ മറ്റുചിലര്‍.
കല്ലെറിഞ്ഞും, വടിയോങ്ങിയും വേറെ ചിലര്‍. എന്നെ സുരക്ഷിതയായി വീടിനകത്തെത്തിക്കാന്‍ പോലീസ്കാര് നന്നായി പാടുപെട്ടു. പോലീസ്കാര്‍ക്ക് ദീപുനെ എങ്ങനെ കൊന്നുവെന്ന് കാണിച്ചു കൊടുക്കുമ്പോള്‍ ജയേട്ടന്റെ അമ്മയും ചോദിച്ചു, ' ഏതവനെ സന്തോഷിപ്പിക്കാനാണെടി....,? ' എന്ന്. ഇവിടെയെല്ലാം നിസ്സംഗതയായി ഞാനും. പക്ഷെ, ജയേട്ടന്റെ മുഖം..., അടുക്കള വാതിലില്‍ ചാരി കാരണമില്ലാതെ നഷ്ടങ്ങള്‍ സഹിക്കുന്നവന്റെ വേദനയോടെ ജയേട്ടന് നില്‍ക്കുന്നത് കണ്ടപ്പോള്‍..... ' ന്നാലും സുമേ... !'എന്ന് പറഞ്ഞു ജയേട്ടന് ചുമരിനോട് ചാരി നിന്ന് പൊട്ടിക്കരഞ്ഞപ്പോള്‍, ഭ്രാന്തിയായിരുനെങ്കില് എന്ന് ആശിച്ചു പോയി. സ്ഥലകാല ബോധമില്ലാതെ ആസ്ഥാനത്തു കരയുകയും, ഉടനടി അട്ടഹസിക്കുകയും ചെയ്യുന്ന... ചങ്ങല കൊണ്ട് മാത്രം നിയന്ത്രിക്കാനാവുന്ന, ബുദ്ധിയും മനസ്സും മരിച്ചുപോയ യന്ത്രമായിരുനെങ്കില് ഞാന്‍ .....
കോടതിക്കുള്ളില്‍ വെച്ച് ജഡ്ജിയും ചോദിച്ചു, 'പ്രതിക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ..? ' ഇല്ല എന്ന് തലയാട്ടാന്‍ മാത്രമേ എനിക്കപ്പോള്‍ കഴിഞ്ഞുള്ളു. പിന്നീട് ഒരിക്കല്‍ ജയേട്ടന് എന്നെ കാണാന്‍ ജയിലില്‍ വന്നു.
'സുമയ്ക്ക് ഒരു വിസിറ്ററുണ്ട് 'എന്ന് വനിതാ പോലീസ് വന്നു പറഞ്ഞപ്പോള്‍ ജയേട്ടന് അവരുതേയെന്ന് പ്രാര്‍ത്ഥിച്ചു. അന്ന് ജയേട്ടന് ഒന്നേ ചോദിച്ചൊള്ളു,
'എന്തിനാ സുമേ, നീ ഇത് ചെയ്തത്...? കണ്ണീര് തുടച്ച് പിന്നെയും തുടര്‍ന്നു...
'ന്നോടെങ്കിലും പറ സുമേ... ' ജയേട്ടന്റെ മുഖത്തു നോക്കാനുള്ള ശക്തിയില്ലാത്തത് കൊണ്ട് മറുപടി പറയാതെ താഴെ നോക്കി നിന്നു. ക്ഷമ ചോദിക്കാന്‍ പോലും തോന്നിയില്ല.
'എന്നോട് ക്ഷമിക്കൂ... ' എന്ന് പറയുന്നതിനേക്കാള്‍ നീചവും അര്‍ത്ഥ ശൂന്യവുമായ മറ്റൊന്നുമില്ല. വേട്ടക്കാരന് തന്നെ ഇരയ്ക്ക് മോക്ഷക്രിയ ചെയ്യുന്നതില്‍ പരം അപഹാസ്യമായ മറ്റെന്തുണ്ട്...? പിന്നീടൊരിക്കലും ജയേട്ടനും വന്നില്ല..
നാളത്തെ തൂക്കു മഴയില്‍ നിങ്ങള്‍ എനിക്കുമേലെ പടുത്തുയര്‍ത്തിയ സങ്കല്‍പ്പസൗധം വീണടിയുകയാണ്.മുകളിലേക്ക് നോക്കുമ്പോള്‍ സഹതാപം മാത്രം. മിഥ്യാ തിരകളില്‍ നീന്തി തുടിച്ച് , സ്നേഹത്തിന്റെയും സ്നേഹചൂഷണങ്ങളുടെയും ചുഴിയില്കപ്പെട്ട് ...., ജീവിതത്തിന്റെ ഉപ്പു രുചിച്ച് ...., കുറ്റബോധത്തിന്റെ, അനിവാര്യമായ അടിത്തട്ട് നിങ്ങളെയും കാത്തിരിക്കുന്നു.. കാലത്തിന്റെ ചട്ടുകത്തില്‍ നിങ്ങളിവിടെ എത്തി ചേരുക തന്നെ ചെയ്യും. തിരിച്ചറിവിന്റെ ഈ താഴ്വരയില് മറ്റൊരു വികാരത്തിനും സ്ഥാനമില്ല., കുറ്റബോധത്തിനല്ലാതെ.... വൈകി കിട്ടുന്ന തിരിച്ചറിവ് കുറ്റബോധത്തിനാക്കം കൂട്ടും... അത് കാലം തെറ്റി പെയ്യുന്ന മഴ പോലെയാണ്. കര്ഷകന് ആത്മഹത്യാ പരവും, കൃഷിക്ക് ഉപയോഗ ശൂന്യവുമായ മഴ. ഈ മഴയില്‍ നിങ്ങലേല്പ്പിക്കുന്ന പ്രഹരങ്ങള്‍ ഞാനാസ്വദിക്കുകയാണ്..... ഇനി എത്ര തന്നെ ആഴ്ന്നിറങ്ങിയാലും കാര്യകാരണങ്ങള്‍ പേറി ഞാനിരിക്കുന്നിടം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിങ്ങളതില്‍ പരാജയപ്പെട്ടിരിക്കുന്നു.
4 Comments
Touching
ReplyDeleteമനോഹരം...
ReplyDeleteSuperb
ReplyDeleteSuper
ReplyDelete