മരണമുറ്റം >>> മനു കൈരളി

നെഞ്ചുവേദനയ്ക്കിടെ 
ഉറങ്ങിപ്പോയവന്‍ 
തിരിച്ചെണീക്കില്ലെന്നറിയാതെ
മുറ്റം നിറയെ
പൂക്കള്‍
പൂത്ത് തളിര്‍ത്തു.
പന്തലുകാരന്‍ ചവിട്ടിയെറിഞ്ഞ
റോസാക്കമ്പുകള്‍
മുള്ളുകൊണ്ട്
മുനയില്ലാതെ
മുരണ്ടു,
ചുവരുകള്‍ പൊരിഞ്ഞടര്‍ന്ന്
വീണ്ടും വീണ്ടും 
സങ്കടപ്പെട്ടു.
വെയില്‍ പെയ്തിറങ്ങുമ്പോഴും 
ഇത്തിരിയില്ലാത്ത
മുറ്റം നിറയെ
നീലടാര്‍പ്പാളിന്‍
നിറം പടര്‍ത്തി.
നീലാകാശം കാറുനിറഞ്ഞു
കറുത്തതുപോലെ
സങ്കടമുറ്റം
ചുവന്നു തുടുത്തു,
എണീറ്റുവന്ന്
ഇത്തിരി വര്‍ത്താനം
പറയണമെന്ന്
ദിനപ്പത്രവും
പഞ്ചാരയില്ലാത്ത
കട്ടന്‍ചായയും ആവിപടര്‍ത്തി.
മരിച്ചവന്റെ
മൂളിപ്പാട്ടുകള്‍ക്ക്
ചെവിയോര്‍ത്ത് 
അവിടമാകെ
നിശബ്ദമായി.
ജീവിതത്തിന്റെ വരവും ചിലവും
ഉമ്മറക്കോലായിലെ 
കടലാസുതുണ്ടില്‍
തൂങ്ങിയാടി വിറങ്ങലിച്ചു.
ആഴമില്ലാത്ത കിണറിന്റെ താഴെ
ഒരു പുതിയ മുറ്റം
ഉറവകൊണ്ടു.
മുകളിലേയ്ക്ക്
പോകാന്‍ മടിച്ച്
അവനും നിഴലും 
ഉറവപൊട്ടി
നിലവിളിച്ചു.
മരിച്ചവനെ മുറ്റത്തേക്കിറക്കി.
ഒരു തുള്ളി മഴ
കടലുപോലെ
പെയ്തിറങ്ങി. 
- - - - - - - - - - -
© manu kairali

Post a Comment

1 Comments