ഓർമ്മയിലെവിടെയോ | ചെറുകഥ | ഡോ. മുഹ്സിന കെ. ഇസ്മയിൽ

dr-myhseena-k-esmaiel


 “ഇച്ച്മാണ്ടാ...” എത്ര തപ്പിത്തിരഞ്ഞാലും ഈ രണ്ടു വാക്കുകള്‍ മാത്രമേ പുറത്തുവരൂ. അതിന്‍റെ അര്‍ത്ഥം അവര്‍ക്കറിയില്ല എന്നത് ഒരഞ്ചു മിനുട്ടു സംസാരിച്ചാല്‍ മനസ്സിലാകും. കാരണം, എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ക്കൊരുത്തരമേ ഉള്ളൂ- ഇച്ച്മാണ്ടാ. അവരെക്കണ്ടതു മുതല്‍ എന്‍റെ മനസ്സ് ജപിച്ചുകൊണ്ടേയിരുന്നു- ഇച്ചുമാണ്ടാ. ഒരു പുതിയ മന്ത്രം പോലെ. 

മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തില്‍ ഏതോ ഒരു ഉള്‍പ്രദേശത്താണ് കക്ഷിയുടെ വീട്. കണ്ണിന് താഴെയുള്ള ഗര്‍ത്തങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത ചായം എത്ര തൂത്താലും പോകാത്തതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമായി. വെറും പാലും ബിസ്ക്കറ്റും കഴിച്ചു ജീവന്‍ നില നിര്‍ത്തുന്ന ഒരാള്‍ക്ക് പിന്നെ എത്ര ഉണര്‍വ്വ് പ്രതീക്ഷിക്കണം? 

കൂടെ വന്നത് ഒരു ആജാനബാഹുവായ പുരുഷനും അയാളുടെ ഭാര്യയുമാണ്. അവരുടെ പെരുമാറ്റത്തില്‍ നിന്നും മോനും മരുമോളുമാണെന്ന് മനസ്സിലാക്കുവാന്‍ വല്ലാതെ പ്രയാസമുണ്ടായില്ല. 

 സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു. കുറച്ചു നാളായി അലട്ടുന്ന ഒരു പ്രശ്നമാണത്. സൂപ്പര്‍ സ്പെഷ്യാലിറ്റി എൻട്രന്‍സിന് പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഈ ഉറക്കമില്ലായ്മ്മ. അന്നതിനൊരു കാരണമുണ്ടായിരുന്നു. ഒരു ലക്ഷ്യമുണ്ടായിരുന്നു. തലേ വര്‍ഷം നേഫ്രോളജിയ്ക്കു സീറ്റ് കിട്ടിയിട്ടും പോകാതെ പിടിച്ച് നിന്നത് ന്യൂറോളജി പീ ജി എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ വേണ്ടിയാണ്. ഇപ്രാവശ്യം അത് നടന്നില്ലെങ്കില്‍ താന്‍ നേരത്തെ എടുത്ത തീരുമാനം മണ്ടത്തരമായിപ്പോയി എന്നു തോന്നുക തന്നെ ചെയ്യും. പലരും പറഞ്ഞതാണ് ജോയിന്‍ ചെയ്തിടുവാന്‍. എന്നാല്‍, സീറ്റ് ഇട്ടിട്ടു പോകുമ്പോള്‍ കെട്ടി വെക്കേണ്ട ഭീമമായ കോംപെന്‍സേഷന്‍  തുക ഓര്‍ത്തപ്പോള്‍ മനസ്സ് വന്നില്ല. 
“ ദാറ്റ് ഈസ് ഫൂളിഷ്നെസ്സ്. യൂ നീഡ് ലക് ടു ക്രാക് ദി എൻട്രന്‍സ്.” ഭൂരിഭാഗം ആളുകളും എന്നോടു പറഞ്ഞത് ഇതാണ്. അത് ശെരി തന്നെ ആണ്. ഈ എൻട്രന്‍സ് എന്നു പറഞ്ഞാല്‍ പിരമിടിന്‍റെ ഓരോ നിലകള്‍ പോലെയാണ്. പ്ലസ് ടു കഴിഞ്ഞുള്ള എൻട്രന്‍സില്‍ മെഡിസിന് ജോയിന്‍ ചെയ്യുവാന്‍ ആദ്യ 1500 ല്‍ കയറിപ്പറ്റിയാല്‍ മതിയെങ്കില്‍ പീ ജി എൻട്രന്‍സിന് മെഡിസിന് സീറ്റ് കിട്ടണമെങ്കില്‍ ആദ്യ ഇരുപതിലെങ്കിലും എത്തണം. മൂന്നു വര്‍ഷം അതില്‍ കാല് കുത്തുമ്പോള്‍ ഒരു ന്യൂറോളജിസ്റ്റ് ആകുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനു മറ്റൊരു കാരണം കൂടി ഉണ്ട്. ഡോക്ടറാണെന്ന് പറയുമ്പോള്‍ ആളുകള്‍ക്കൊരു ചോദ്യമുണ്ട്,
“ എന്തിന്‍റെ ഡോക്ടറാ?”
അഞ്ചാറു വര്‍ഷമെടുത്ത് മെഡിസിന്‍ പഠിച്ചു രണ്ടു മൂന്നു വര്‍ഷം പിന്നേയും കുത്തിയിരുന്നു എൻട്രന്‍സ് നേടി മൂന്നു വര്‍ഷം പിന്നേയും ഉറക്കമൊഴിച്ചു ചക്രശ്വാസം വലിച്ചിട്ട് ഈ കണ്ടു മടുത്ത വളഞ്ഞ ചിഹ്നത്തിന് മുന്നില്‍ പകച്ചു നിന്നു പോകുന്ന ഈ അവസ്ഥ. അത് അനുഭവിച്ചു തന്നെ മനസ്സിലാക്കണം. ഒരു കണക്കിനു ഹാര്‍ട്ടിന്‍റെ ഡോകടരാണെന്ന് പറഞ്ഞൊപ്പിക്കുമ്പോള്‍ ദേ വരുന്നു അടുത്ത ചോദ്യം, എവിടെയാണ് കാര്‍ഡിയോളജി പഠിച്ചതെന്ന്. ഇന്‍റര്‍നെറ്റ് യുഗത്തില്‍ രോഗികള്‍ക്കു ഡോക്ടറെക്കാള്‍ വിവരമാണെന്ന കാര്യം മറന്നു ഇങ്ങനെ വല്ല ഉത്തരവും വായില്‍ നിന്നു വീണു പോയാല്‍ പെട്ടത് തന്നെ. 
                          
“ ഈ അസുഖത്തിന്‍റെ പേരെന്താ? മരുന്നൊന്നുമില്ലെ?”
“ മാറാന്‍ മരുന്നൊന്നുമില്ല. കൂടാതിരിക്കാന്‍ മരുന്ന് തരാം. കൃത്യമായി കൊടുക്കണം. “
“ അതിപ്പോ അസുഖമെന്താണെന്ന് ഡോക്ടറാദ്യം കണ്ടു പിടിക്കീന്നു. ന്നിട്ടു എയ്താം മരുന്ന്.”
പ്രശ്നമെന്താണെന്ന് വ്യക്തമായറിയണം എന്നു ശാഠ്യം പിടിച്ചത് കൊണ്ട് മാത്രമാണു ഞാന്‍ ഈ രോഗിയുടെ കാര്യത്തില്‍ സി ടീ സ്കാന്‍ നിര്‍ദ്ദേശിച്ചത്. കടിച്ചാപ്പൊട്ടാത്ത പേരുകള്‍ ഫയലിലാക്കി വെയ്ക്കാമെന്നല്ലാതെ അതുകൊണ്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്ന് പറയേണ്ടതില്ലല്ലോ. അല്‍ഷിമേഴ്സ് എന്ന രോഗത്തിന് ചികിത്സ വിധിക്കപ്പെടുന്നത് അവരെ പരിചരിക്കുന്നവര്‍ക്കാണ്. രോഗിയോട് സ്നേഹത്തോടും ക്ഷമയോടും കൂടി പെരുമാറുക എന്ന കടമ നിറവേറ്റേണ്ടത് അവരാണല്ലോ. 

ഡോക്ടര്‍മാരെക്കാണുമ്പോള്‍ ചാടിയെഴുന്നേല്‍ക്കുകയും സാറേ മേഡം എന്നൊക്കെ വിളിക്കുകയും ചെയ്യുന്ന കാലം എന്നെ പോയ്മറഞ്ഞിരിക്കുന്നു. നമ്മുടെ അടുത്ത് വരുന്ന രോഗിങ്ങളില്‍ പത്തില്‍ ഒരാള്‍ മെഡിസിന് പഠിക്കുകയാണെങ്കില്‍ ആര് ആരെ ബഹുമാനിക്കണം എന്നു കണ്ടു തന്നെ അറിയണം. മറ്റ് ചിലരുടെ കാര്യം അതിലും രസമാണ്. തങ്ങള്‍ ഗൂഗിള്‍ ചേച്ചിയുടെ അടുത്ത് നിന്നും മനസ്സിലാക്കിയ രോഗം തന്നെയാണോ എന്ന സംശയനിവാരണത്തിനായി വരുന്നവരാണ് അതിലധികവും. മറ്റുചിലരാകട്ടെ അയല്‍വാസി കഴിച്ചു വരുന്ന മരുന്ന് തന്നെ മതിയോ എന്നു ചോദിക്കാന്‍ വരുന്നവരും. ടെക്നോളജിയുടെ അഡ്വാന്‍സ്മെന്‍റ് കൊണ്ട് ഒരുപകാരം കൂടി ജനങ്ങള്‍ക്കുണ്ടായി. ഒരാള്‍ ചീട്ടെടുത്തു അകത്തു കയറിയാല്‍ രണ്ടാളുടെ അസുഖത്തിന്‍റെ ഫോട്ടോ കൂടി കയ്യിലുണ്ടാകും. അതു നോക്കി രോഗനിര്‍ണ്ണയം നടത്തി മരുന്നെഴുതുക എന്ന പുതിയൊരു വിദ്യ കൂടി അഭ്യസിക്കേണ്ടിയിരിക്കുന്നു. അവസാനം, രോഗിയെ നേരിട്ടു കാണാതെ മരുന്നെഴുതുന്നതിലുള്ള പരിഭവം മനസ്സിലൊതുക്കി ഒരു പുഞ്ചിരിയോടെ മരുന്ന് കുറിക്കും. 
                          തൊട്ടടുത്ത നിമിഷത്തില്‍ തന്നെ താന്‍ പറഞ്ഞ കാര്യങ്ങള്‍ മറന്നു പോകുന്ന ഒരുപാട് രോഗികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി പീ ജി ചെയ്യുന്നതിനിടയ്ക്ക് കണ്ടു മുട്ടിയിട്ടുണ്ട്. 
“ എവിടെയാണ് വീട്? എപ്പോഴാണ് വന്നത്? പേരെന്താ?” തുടങ്ങിയ പൊതുവായുള്ള കാര്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരിക്കും. മിക്കവാറും അവര്‍ക്ക് തന്‍റെ മുന്നില്‍ ഇരിക്കുന്നത് ആരാണെന്ന് തിട്ടമുണ്ടാകില്ലല്ലോ. എന്നാല്‍, ഇങ്ങനെ ഒരു രോഗിയെ ഞാന്‍ ആദ്യമായിട്ടാണ് കണ്ടു മുട്ടുന്നത്. 
‘ഇച്ച്മാണ്ടാ’ എന്ന നാലക്ഷരം ഉരുവിടുമ്പോള്‍ അവരുടെ മുഖത്ത് വരുന്ന സന്തോഷം ഒന്നു കാണേണ്ടത് തന്നെയാണ്. മറ്റുള്ളവരുടെ കലപിലയിലേക്ക് മുതല്‍കൂട്ടാക്കുവാന്‍ താനും എന്തോ സംഭാവന ചെയ്തു എന്ന തൃപ്തി ആയിരിയ്ക്കും അതിനു പിന്നിലെന്ന് ഞാന്‍ ഊഹിച്ചു. താങ്കളുടെ മനസ്സിലെന്താണെന്ന് അവരോടു ചോദിച്ചിട്ടു കാര്യമില്ലല്ലോ. ആദ്യത്തെ ഒരു ഒന്നു രണ്ടു മാസങ്ങള്‍ ഒരു കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കാലഘട്ടത്തിനെക്കാളും ദുര്‍ബ്ബലമായ ഒന്നാണ് ഇത്തരം രോഗികളുടേത്. 

മെഡിസിന്‍ പഠനവും ഹൗസെര്‍ജെന്‍സിയും കഴിഞ്ഞു ഒരു ആറേഴു മാസക്കാലം എന്‍ ആര്‍ എച്ച് എം എന്നു പറഞ്ഞു മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടില്ലായിരുന്നെങ്കില്‍ ഈ നാലക്ഷര വാക്ക് കേട്ടു നിങ്ങളില്‍ ചിലരെപ്പോലെ ഞാനും അന്തം വിട്ടു നിന്നു പോയേനെ. ഇക്കാലമത്രയും മലയാള നിഘണ്ടുവില്‍ തപ്പിയാല്‍ കാണാത്ത അനവധി മലയാള വാക്കുകള്‍ ഞാന്‍ ഹൃദ്യസ്ഥമാക്കിയത് ജീവിതത്തില്‍ വളയേറെ ഗുണം ചെയ്തിട്ടുണ്ട്. പലപ്പോഴും മറ്റ് ദേശക്കാരായ ഡോക്ടര്‍മാര്‍ തര്‍ജ്ജമയ്ക്കായി എന്നെയാണ് ഫോണ്‍ ചെയ്യാറുള്ളത്. 
“ ഇത്രേം ദൂസം കൊയ്പ്പല്യേര്‍ന്ന്. ഇന്ന് പെല്‍ച്ചേ തൊടങ്ങിയതാ. കുട്ടികള്‍ടെ വാപ്പാന്‍റെ പുതിയ ഷര്‍ട്ടില്‍ ഇമ്മാ തുപ്പി വെച്ചു. അത് ഇഷ്ട്പ്പെട്ടിട്ടില്ല.”
ഭര്‍ത്താവ് അവളെ തറപ്പിച്ചൊന്നു നോക്കി. പിന്നെ ചെവിയില്‍ എന്തോ പറഞ്ഞു. അവളുടെ കണ്ണു നിറഞ്ഞു. താന്‍ ഇതില്‍ ആളല്ല എന്ന ഭാവത്തില്‍ അവള്‍ അയാളുടെ പുറകിലേക്ക് മാറി നിന്നു. മകന്‍റെ പിന്നീടുള്ള സംഭാഷണങ്ങള്‍ തീര്‍ത്തും വിപരീതമായിരുന്നു. 
“ ഇമ്മാക്ക് ഒരു ബോധോല്ല. എല്ലാസോം ഇങ്ങനാ. നോക്കി നോക്കി മടുത്ത്ക്കുണ്. ഓളല്ലെ ഇത്രേം കാലം നോക്കിയത്. ഇമ്മാക്കു വേറെ വീട്ടില് പോയാ സ്ഥലറീല. അതോണ്ട് വേരോടേം കൊണ്ടാക്കാന്‍ പറ്റൂല.
“ ഇച്മാണ്ടാ...ഇച്മാണ്ടാ...”
അപ്പോഴും അവര്‍ ഉരുവിട്ടുകൊണ്ടിരുന്നു. ആരും ശ്രദ്ധിക്കാത്തത്തിലുള്ള നിരാശ ആ മുഖത്ത് വ്യക്തമായിരുന്നു. 
“ ഇമ്മാക്ക് എപ്പോഴും ആരേലും  സംസാരിച്ച് കൊണ്ടിരിക്കണം. കുട്ടികളെ നല്ല ഇഷ്ടാ. ഓരെത്തന്നെ നോക്കിയിരിക്കും.മ്മക്ക് എവിടുന്ന സമയം. ഡോക്ടറുടെ അടുത്താകുമ്പോ.”
“ അതൊന്നും പറ്റില്ല. നിങ്ങള്‍ വല്ല ഹോംനേര്‍സിനേം ഏര്‍പ്പാട് ചെയ്യൂ. ഞാന്‍ വേണമെങ്കില്‍ ഏജെന്‍സിയുടെ നമ്പര്‍ തരാം.”

ലെഫ്റ്റ് സൈഡെഡ് ഫ്രോണ്ടല്‍ ഡിമെന്‍ഷ്യ എന്നു വിധിയെഴുതിയ അവരുടെ പ്രിസ്ക്രിപ്ഷന്‍ പാഡ് എന്നെ നോക്കി കൊഞ്ഞനം കുത്തി. അതിനു കാരണക്കാരനായ രോഗിയുടെ തലയോട്ടിയുടെ കറുപ്പും വെളുപ്പും ചേര്‍ന്ന പടം ഒരു പ്രേതമെന്നോണം അവിടെ അലഞ്ഞു തിരിഞു. പിന്നേയും അവരുടെ കുശു കുശുപ്പുകള്‍. 
“ വീട്ടിക്ക് കൊണ്ടോവാന്‍ പറ്റൂല. ഡോക്ടറേന്നെ എന്തേലും ചെയ്യണം.”
“ ഞാനെന്തു ചെയ്യാനാ?”
“ അങ്ങനെ പറേരുതു. ഇങ്ങളാകുമ്പോ ന്കു വിശ്വാസാ.”
ഞാന്‍ രോഗിയുടെ മുഖത്തേക്ക് നോക്കി. തീര്‍ത്തും എല്ലും കോലുമായ മുഖത്തെ ഭാവശൂന്യമായ അവരുടെ കണ്ണുകള്‍ എന്നെ കുത്തിനോവിച്ചു. 
“ ഇച്ചുമാണ്ടാ...”
അടുത്ത രോഗി കണ്‍സെല്‍റ്റിങ് റൂമില്‍ കയറിയപ്പോള്‍ മനസ്സില്ലാമനസ്സോടെ അവര്‍ മുറിവിട്ടിറങ്ങി. ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണം. വീട്ടിലേക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്. ഓ പി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ പുറത്തെ  മരബെഞ്ചില്‍ ഇരിക്കുന്ന രോഗിയെക്കാണ്ട് ഞാന്‍ ഞെട്ടി.
“ മോനെവിടെ?” 
“ ഇച്ച്മാണ്ടാ... ഇച്ച്മാണ്ടാ...” എന്നിങ്ങനെയുള്ള ശബ്ദങ്ങള്‍ കൂടിക്കൂടി വന്നു. അവര്‍ എന്നോടു എന്തൊക്കെയോ പറയുവാന്‍ ശ്രമിക്കുകയാണെന്ന് എനിക്കു തോന്നി. പറയുവാന്‍ ബാക്കി വെച്ചതെന്തോ...
----------------------------------------------------
ഡോ. മുഹ്സിന കെ. ഇസ്മയിൽ
  • രചയിതാവിന്റെ അനുവാദം കൂടാതെ ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചന മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ, മറ്റാരുടെയെങ്കിലും പേരില്‍  രചനയോ,  രചനയുടെ വരികള്‍ ഓര്‍ഡര്‍ മാറ്റി പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. 
  • ഇ-ദളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളുടെ ആശയവും രചനയുടെ പൂര്‍ണ്ണ ഉത്തരവാദിത്വവും എഴുതിയ ആള്‍ക്ക് തന്നെയാണ്.
  • ഇ-ദളം ഓണ്‍ലൈനില്‍ രചനകള്‍ക്ക് താഴെ രേഖപ്പെടുത്തുന്ന കമന്റുകള്‍ ഇന്ത്യന്‍ സൈബര്‍ നിയമത്തിന് വിരുദ്ധമായാല്‍ അതിന്മേലുള്ള നിയമനടപടികള്‍ നേരിടേണ്ടത് അത്തരം കമന്റുകള്‍ ഇടുന്നവര്‍ മാത്രമായിരിക്കും. 
Adv. Manu Mohan Charummoodu (Legal Advisor, E-Delam Online)

Post a Comment

18 Comments

  1. സമകാലീന സംഭവം. തനതായ രചന. ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  2. സങ്കടകരമായ ജീവിതയാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിക്കാൻ ഒരു കഥ....
    അഭിനന്ദനങ്ങൾ.

    ReplyDelete
  3. Very nice story. Realistic. Heart touching.

    ReplyDelete
  4. Heart touching words. Keep going God bless you dear

    ReplyDelete
  5. സമകാലീന പ്രസക്തം.
    ഇനിയും ഒരുപാട് എഴുതൂ

    ReplyDelete
  6. ഭാഷാ വിഷ്ക്കാരം നന്നായിട്ടുണ്ട് തുടരുക,

    ReplyDelete
  7. This comment has been removed by the author.

    ReplyDelete