പിറ്റേ മാസം സാലറിയായി ഒന്നും കയ്യില്‍ കിട്ടിയില്ല അഡ്വാന്‍സ് കഴിച്ച ബാക്കി പൈസ കടം വാങ്ങിയ പലര്‍ക്കുമായി അല്പാല്പമായി കൊടുത്തു... ഇടക്കൊരിക്കല്‍ കുട്ടികളെ കാണാനായി പോയപ്പോള്‍ അവര്‍ക്കുള്ള ബേക്കറി സാധനങ്ങളും വണ്ടിയുടെ എണ്ണയും കഴിഞ്ഞപ്പോള്‍ വീണ്ടും ശൂന്യമായ പോക്കറ്റുമായാണ് തിരിച്ചു പോന്നത്
അതിനിടയില്‍ വേറൊരു കമ്പനിയുമായി ടൈ അപ്പ് ആയെങ്കിലും പ്രൊഡക്ട് എത്താത്തതിനാല്‍ അതും ഡിലേ ആയി... സ്വയം മനസില്‍ പറഞ്ഞു
'ഞാന്‍ ചെന്നതുകൊണ്ടാവാം... പ്രൊഡക്ട് ഡിലേ ആയത്'
പല ഭാഗത്തു നിന്നും എന്‍ക്വയറി വന്നെങ്കിലും പ്രൊഡക്ട് എത്താത്തതിനാല്‍ ഒന്നും ചെയ്യാനാവാതെ ഇരുന്നു
മെസഞ്ചറില്‍ അനിതയുടെ പുതിയ മെസേജ് വന്നപ്പോള്‍ തുറന്ന് നോക്കി
'എവിടെയാണ് മാഷേ... വായനയൊക്കെ നിര്‍ത്തിയോ.. പുതിയ കഥയൊന്ന് വായിച്ചു നോക്ക് '
' എന്താണ് പുതുമ'
' വായിച്ചു നോക്കി പറയ്'
ഫേസ്ബുക്ക് തുറന്ന് കഥ വായിച്ചു നോക്കി... പണ്ട് സംസാരത്തിനിടയില്‍ പറഞ്ഞ പലതും കൂട്ടിചേര്‍ത്ത് അവള് എന്നെ കുറിച്ചൊരു കഥയുണ്ടാക്കിയിരിക്കുന്നു... അവസാനഭാഗമെത്തിയപ്പോള്‍ ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍ അവള് ചോദിച്ചിരിക്കുന്നു.. പക്ഷേ മനസ്സിലെവിടെയോ ചില വരികള്‍ കൊളുത്തി വലിക്കുന്ന പോലെ തോന്നി..
വൈകുന്നേരം മെസഞ്ചറില്‍ ചെന്ന് അവള്‍ക്ക് മറുപടി കൊടുത്തു
'നന്നായിരിക്കുന്നു മേഡം... മനോഹരം... എന്നെ കുറിച്ച് ഇത്രമാത്രം ഊഹങ്ങളൊക്കെ ഉണ്ടായിരുന്നോ...'
കുളി കഴിഞ്ഞ് ബാത്റൂമില്‍ നിന്നിറങ്ങുമ്പോള്‍ ഒരു കോള്‍ വരുന്നത് കണ്ടു ക്ലയന്റ്സ് ആവുമെന്ന് കരുതി ഫോണെടുത്തു
'ഹലോ.. ഗുഡ് ഈവനിംഗ്... ആരാണ് എവിടെ നിന്നാണ്'
കുറച്ച് നേരത്തെ മൗനത്തിന് ശേഷം പറഞ്ഞു
' ഞാന്‍ അനിത... അറിയുമോ'
' ഹേയ് എന്റെ നമ്പറെവിടുന്ന് കിട്ടി ഞാനാര്‍ക്കും നമ്പര്‍ കൊടുത്തിരുന്നില്ലല്ലോ '
' ഇയാളുടെ പ്രൊഫൈലില്‍ നമ്പര്‍ വെക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഫേസ്ബുക്കില്‍ നിന്ന് തന്നെ പൊക്കി ഒരു സംശയമുണ്ടായിരുന്നു മാറിയിട്ടുണ്ടാകുമോ എന്ന്.. അതേതായാലും മാറി കിട്ടി ' '
'എന്തു ചെയ്യുന്നു'
'കുളി കഴിഞ്ഞിറങ്ങിയതേ ഉള്ളൂ' '
' ഓഹോ... അങ്ങനുള്ള പരിപാടിയൊക്കെ ഉണ്ടല്ലേ... '
' ഉണ്ടല്ലോ'
' ഞാന്‍ വിളിച്ചത് ഇയാളുടെ കഥ ഞാനെഴുതിയിട്ട് അതിന് തക്കതായ ഒരു കമന്റ് വന്നില്ല അത് ചോദിക്കാനാണ് ഇത്ര കഷ്ടപ്പെട്ട് നമ്പറൊക്കെ എടുത്ത് വിളിച്ചത് '
'ഞാന്‍ പറഞ്ഞില്ലേ മനോഹരമായിരുന്നെന്ന്.. ഒരു ആഗ്രഹമുണ്ട് '
' എന്താണ്... പറഞ്ഞോളൂ '
' അതിന്റെ ഒരു കോപ്പി... കഥാകൃത്തിന്റെ സൈനോടുകൂടി കിട്ടിയാല്‍ നല്ലതായിരുന്നു.. ആദ്യമായൊരാളെന്റെ കഥ എഴുതിയതല്ലേ.. പോസ്റ്റലയച്ചാലും മതി.. അല്ലാതെ നമ്മള് കാണില്ലല്ലോ'
' എന്തിനാണത്'
' ഫ്രെയിം ചെയ്ത് ഉമ്മറത്ത് തൂക്കാന്‍.. തരാന്‍ പറ്റുമെങ്കില്‍ തരൂ.. ജാഡയാണെങ്കില്‍ വേണ്ട'
' ഞാനൊരു ജാഡക്കാരിയാണെന്ന് തോന്നുന്നുണ്ടോ... ഇയാള്‍ പണ്ട് പറഞ്ഞ പോലെ എന്റെ നേരം പോക്കിനായി ഒഴിവുള്ള സമയത്ത് വെറുതെ സംസാരിച്ചിരിക്കാനുള്ള ഒരു വായനക്കാരന് ... പുകമറക്കുള്ളിലെ ജാഡക്കാരി'
' അങ്ങനെയല്ലെന്ന് എനിക്ക് തോന്നിയതോണ്ടാണല്ലോ ഇത്ര നേരം നിങ്ങളോട് സംസാരിച്ചത് തന്നെ'
' ഒകെ.. ഞാന്‍ തരാം... പോസ്റ്റലായിട്ടല്ല നേരിട്ട് തരാം'
' എങ്ങനെ... '
' ഇങ്ങോട്ട് വരണം.. '
' അത് വേണോ... പത്ത് രൂപക്ക് പോസ്റ്റലയക്കാനുള്ളതിന് അറനൂറ് ചിലവാക്കണോ '
' അതിനുള്ള ഫണ്ട് ഞാന്‍ ഗൂഗിള്‍ പേ ചെയ്യാം മാഷേ.. '
' അയ്യോ... വേണ്ട... അതൊക്കെ ഒരേ തരത്തിലുള്ള വിശ്വാസമുള്ള ആളുകള്ക്കിടയിലേ പറ്റു.. നിങ്ങളുടെ റേഞ്ചിലുള്ള ആളല്ല ഞാന്‍.. എന്നെ നിങ്ങള്‍ കണ്ടിട്ടില്ല.. നിങ്ങളെ ഞാനും... നിങ്ങളുടെ ഹസ് പറഞ്ഞപോലെ ഞാനൊരു ഫ്രോഡാണെങ്കില്‍ നിങ്ങളിടുന്ന ഫണ്ട് പോവില്ലേ... ഞാനാണെങ്കില്‍ അതോണ്ട് ഈ നാട്ടില്‍ നിന്ന് ഓടിപ്പോയി ഒരു കുത്തബ് മിനാര്‍ പണിഞ്ഞ് അതിനകത്തെങ്ങാനുമിരുന്നാലോ അതോണ്ട് വേണ്ട... വിശ്വാസമുള്ളവര്ക്കിടയിലേ ഇടപാട് പാടൂ എന്ന് അച്ഛന് പറയാറുണ്ട്'
' കുത്തുകയാണല്ലോ ഇയാള്‍'
' ഹേയ്... ഞാനാരെയും കുത്താനും നുള്ളാനുമില്ല... എവിടേക്കെത്തുമെന്നറിയാത്തൊരു യാത്രക്കാരനാണ് ഞാന്‍... വഴിയിലെവിടെയോ വെച്ച് പരിചയപ്പെട്ട രണ്ടപരിചിതരാണ് നാം '
' ഇയാളോട് സംസാരിക്കുമ്പോള്‍ തോന്നും ഞാനാണോ ഇയാളാണോ കഥാകൃത്തെന്ന്... എത്ര മനോഹരമായാണ് വാക്കുകള്‍ പറയുന്നത്'
' ജീവിതത്തില്‍ അത്ര മനോഹരമല്ലാത്ത കാഴ്ചകള്‍ കണ്ട ജീവിതത്തിന്റെ കയ്പൂനീര്‍ രുചിച്ചൊരാള്ക്ക് വാക്കുകള്‍ മാത്രമേ മനോഹരമാക്കാനാവൂ '
' എന്നാലിനി ഇയാള്‍ പ്രിന്റെടുത്ത് വേണമെങ്കില്‍ സൂക്ഷിച്ചോ... '
' ഫോര്‍മാലിറ്റിക്കായി പറഞ്ഞതാണെന്നറിഞ്ഞു കൊണ്ട് തന്നെ പറഞ്ഞതാണ് ഞാന്‍ ''
'എന്ത്'
'ഇതുവരെ നിങ്ങള്‍ പറഞ്ഞതെല്ലാം..'
'ശരി... അങ്ങനെയെങ്കിലങ്ങനെ ഇയാള്ക്കെന്നെ ആ കഥ വായിച്ചിട്ടും ഒട്ടും മനസിലായില്ലല്ലോ..'
'കഥയില്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ കൂടുതല്‍ നിങ്ങളുടെ ഭാവനയല്ലേ..'
'ഭാവന മാത്രമായാണോ തോന്നിയത്.. അതില്‍ കുറച്ചെങ്കിലും സത്യമില്ലേ.. '
'ഉണ്ടോ...'
' ഉണ്ടാവാം.. അത്ര പെട്ടെന്നൊന്നും ആര്ക്കുമെത്തിപിടിക്കാന് ഞാന്‍ നിന്നുകൊടുക്കാറില്ല... '
' ഞാനും.. '
' ശരി... കാണാം '
അവള് ഫോണ്‍ വെച്ചപ്പോള്‍ ഒരിക്കല്‍ കൂടി കഥയെടുത്തൊന്ന് വായിച്ചു... കഥയിലെവിടെയോ അവളുടെ മനസുമുള്ളത് പോലെ തോന്നി..വെറുതെ കുത്തുവാക്കുകളുപയോഗിക്കേണ്ടിയിരുന്നില്ല.....ജീവിതത്തിലെല്ലാഭാഗത്തു നിന്നും കുത്തുവാക്കുകള്‍ കേട്ട് തഴമ്പിച്ച ഞാനിങ്ങനെയല്ലാതെ എങ്ങനെ സംസാരിക്കാന്‍....
പിറ്റേദിവസം ഫീല്‍ഡില്‍ പോയി ഡീസല്‍ വില കൂടിയതിനാല്‍ മെറ്റീരിയല്‍ വില കൂടിയിട്ടുണ്ടെന്ന് ഓഫീസില്‍ നിന്ന് പറഞ്ഞു
'അപ്പോള്‍ ഞാനിതുവരെ സംസാരിച്ച കസ്റ്റമേഴ്സിനൊടെന്ത് പറയും'
'അവരെ പറഞ്ഞ് പുതിയ റേറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്യിക്കണം..' '
' അതെങ്ങനെയാണ് സാര്‍... ഒരു രൂപയോ രണ്ടു രൂപയോ അല്ല അഞ്ചു രൂപയാണ് കൂടിയത്... ടോട്ടല്‍ എമൗണ്ടില്‍ നല്ല സംഖ്യയുടെ മാറ്റം വരും... അതിന് കസ്റ്റമര്‍ സമ്മതിക്കില്ല' '
' ഒരു മാര്‍ക്കറ്റിംഗ് മാനേജരുടെ ജോലി എന്താണെന്ന് ഇതുവരെ നിങ്ങള്‍ക്ക് മനസിലായില്ലേ...അഞ്ചു രൂപയുടെ സാധനം പത്തു രൂപക്ക് വില്ക്കാന് പഠിക്കണം.. അതിനാണ് സാലറി തരുന്നത്... വെറുതെ കോട്ടും സ്യൂട്ടുമിട്ട് നടക്കാനാണെങ്കില് ധാരാളമാളുകളുണ്ട്' '
' ഇതുവരെ ഞാന്‍ കോട്ടും സ്യൂട്ടുമിട്ട് നടന്നിട്ട് കമ്പനിക്ക് നഷ്ടമൊന്നുമുണ്ടാക്കിയിട്ടില്ലെന്നാണ് എന്റെ വിശ്വാസം... കൊവിഡ് വരുന്നതിന് മുമ്പ് വരെ എല്ലാ മാസവും എന്റെ ടീം ടാര്‍ജറ്റ് അച്ചീവ് ചെയ്തിട്ടുണ്ട്... ഇപ്പോള്‍ മാര്‍ക്കറ്റ് അനലൈസ് ചെയ്യുമ്പോള്‍ ഫണ്ട് ഇഷ്യൂ നല്ലവണ്ണമുണ്ട്.. ഞാന്‍ ചെയ്യുന്ന ജോലിയില്‍ കമ്പനി സാറ്റിസ്ഫൈഡല്ലെങ്കില് പിന്നെ ഈ ജോലി ഞാന്‍ തുടരുന്നതിലര്‍ത്ഥമില്ല.. എന്നെ കൊണ്ടാവില്ല കസ്റ്റമറോട് റേറ്റ് മാറ്റി പറയാന്‍... പഴയ സ്റ്റോക്ക് വെച്ച് ഞാന്‍ അവരോട് പറഞ്ഞ റേറ്റില്‍ വര്‍ക്ക് ചെയ്യാനാവുമെങ്കില്‍ മാത്രമേ കഴിയൂ... നമ്മള് മാത്രമല്ല ഫീല്‍ഡില്‍ വേറെയും കമ്പനികളുണ്ട്.. അവര്‍ പഴയ റേറ്റിന് ചെയ്തു കൊടുത്താല്‍ പിന്നെ ഞാനീ പണിപെട്ടതെല്ലാം വേസ്റ്റല്ലേ... '
അതു പറഞ്ഞ് കമ്പനി ഫോണ്‍ മേശപ്പുറത്ത് വെച്ച് ടാഗ് ഊരിയപ്പോള്‍ ജി. എം പറഞ്ഞു
' ഹേയ്... എന്താണ് നിങ്ങള്‍ ചെയ്യുന്നത്... അത് ഞാനൊരു ഓളത്തില്‍ പറഞ്ഞതല്ലേ.. എനിക്ക് നല്ല പ്രഷറുണ്ട് മുകളില്‍ നിന്ന്.. ഈ ഫീല്‍ഡില്‍ എഫിഷ്യന്റായ നീയില്ലെങ്കില്‍ ടീം പൊട്ടില്ലേ... ഒരു പ്രോബ്ലവുമില്ലാതെ എക്സിക്യൂട്ടീവ്സിനെ മെയിന്റൈന്‍ ചെയ്യുന്നത് നീ മാത്രമേ ഉള്ളൂ... ഏത് കസ്റ്റമറും നിന്റെ വാക് ചാതുരിയില്‍ വീഴുന്നുമുണ്ട്... നീയാ ഫോണെടുക്ക് ടാഗ് നേരെയിട്ട് പോകൂ... നമുക്ക് വേണ്ടത് ചെയ്യാം... കസ്റ്റമര്‍ ഫോളോ അപ് നടക്കട്ടെ... '
ജിഎം ന്റെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ ഫൈസല്‍ ചോദിച്ചു
' മൂപ്പരുടെ പ്രഷര്‍ നിങ്ങള്‍ക്കും തന്നോ '
' എന്ത് പ്രഷര്‍... ജീവിതത്തില്‍ ഞാനനുഭവിക്കുന്ന പ്രഷര്‍ വെച്ച് നോക്കിയാല്‍ ഇയാള്ക്കോന്നുമൊരു പ്രഷറുമില്ല.. ''
ഓഫീസില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ചിന്തിച്ചു
'അപ്പോള്‍ ചിലര്‍ക്കെങ്കിലും എന്നെ ആവശ്യമുണ്ട്...'
അപ്പോഴേക്കും തൃശ്ശൂരില്‍ നിന്നൊരു കോള്‍ വന്നു മെഷ്വര്മെന്റിന് ചെല്ലാന്‍ പറഞ്ഞു കൊണ്ട്
ലേബറെ കൂട്ടി വണ്ടിയെടുത്ത് തൃശ്ശൂരിലേക്ക് പോയി അപ്പോള്‍ സമയം പതിനൊന്ന് മണിയാവുകയായിരുന്നു
(തുടരും)
---------------©ramesh_krishnan--------------
6 Comments
Superb
ReplyDeleteThankz
DeleteWaiting..
ReplyDeleteThanks
Deleteഅഭിനന്ദങ്ങൾ 🌹🌹🌹
ReplyDeleteThanks
Delete