Advertisement

Responsive Advertisement

പാവകളി » ശ്യാംകുമാര്‍ മുനി

poem,malayalam,shyamkumar


മകരമഞ്ഞുകൊള്ളാതെ
യിരിക്കുവാന്‍ കേറും
രാത്രിയാ  കൂത്തുമാടത്തിന്‍
പടിയ്ക്കല്‍.
രായാമമൊന്നായി അടരും
അന്ത്യത്തില്‍ പാവകള്‍ കൂത്താട്ടമാടാനിറങ്ങും.
'കളരിച്ചെണ്ടു'പാടുവാന്‍ 
തിരിയാത്തവനപ്പൊള്‍ 
പേടമാനിന്റെ തൊലി
ഒരാഹാര്യമാക്കും.
മാറത്തുരാത്രിയില്‍ 
കാരമുള്ളിന്‍ സൂചി
തുളയിട്ട് കുത്തി
തറച്ചുവെക്കും.
പിന്നെ 
മുളവടിയിലൂന്നി 
കറുപ്പും വെളുപ്പും
നിറഞ്ഞതിരശീലയില്‍   
ഒരു നിഴല്‍
ത്തോല്‍പ്പാവയാകും.
മാടത്തിന്‍
നടുക്കിരിക്കും 
രസിക്കുവാന്‍
കാളകൂടം ജനിപ്പിച്ച
കാളി!
ചിരട്ടവിളക്കുകള്‍
കത്തും,
യാമങ്ങള്‍ 
ഭാവരൂപങ്ങളാല്‍
തെളിയും.
ഉരുളന്‍പറച്ചെണ്ട കൊട്ടും 
കൂത്തുശിങ്കപ്പുലവറുറയും.
കുറുങ്കുഴല്‍ രാപ്പക്ഷി മൂളും 
ചേങ്ങിലകള്‍ ചീവീട് തീര്‍ക്കും 
ഇരുളില്‍ തളം കെട്ട കാലം
ഇലത്താളം മുറുക്കിയും നില്‍ക്കും.
'അടിപ്പറ്റ് 'പാടിത്തുടങ്ങും മെല്ലെ
തോല്‍ക്കൂത്തുമാടപ്പുലവര്‍ 
കാതില്‍ തറയ്ക്കയാണിമ്പം 
കമ്പരാമായണത്തിന്റെ ഈണം.
പോര്‍വിളി പൊങ്ങിത്തുടങ്ങി
രാവൊരു സംഗ്രാമമായി.
ഒടുവില്‍ 
ബോധം ക്ഷയിച്ച് 
അടര്‍ന്ന കൈയ്യില്‍ 
ചന്ദ്രഹാസവുമായി 
പൗലസ്ത്യന്‍ കിടന്നു.
നേരം പുലര്‍ന്നേറെയായി
വെള്ളാളച്ചെട്ടിയും പോയി.
പാറക്കല്ലുകളെ
അലിയിക്കുന്ന 
രാസവിദ്യയിലൊരു
രാവണവീണയിരുന്ന്
തനിയെ മൂളുന്നു.
അന്‍പേ
പരാജയപ്പെട്ട് 
പിന്‍പേ നടന്നു.
സേതുബന്ധിക്കുവാന്‍
ചാടിയപോലൊരു 
വായുവെന്റെ
മുന്‍പേ കടന്നു.
©shyamkumar muni

Post a Comment

2 Comments