കനല്‍ത്തരികളിലെന്‍
ഉടലതിരുകള്‍ പഴുത്ത് പൊടിഞ്ഞുകൊണ്ടിരുന്നു.
ഉപേക്ഷിക്കപ്പെട്ട ഒരു ഹൃദയം
ഉള്ളിലെവിടെയോ ഉണ്ടായിരുന്ന
ഓര്‍മ്മയില്‍ ഞാന്‍ ആ
അരക്കില്ലത്തിനകത്തെത്തി.
തീക്കടലിന്റെ തിരത്തല്ലലുകള്‍ക്കിടയിലും
ഇനിയും തോല്‍ക്കാത്ത
തുടിപ്പുകള്‍ ഉയര്‍ന്ന് കേട്ടു.
ശരിയുത്തരങ്ങളില്‍ അടക്കിയ
ചോദ്യങ്ങളുടെ പ്രേതങ്ങള്‍
വാതില്‍ക്കലെ വലകള്‍ക്കുള്ളില്‍
കാവലുണ്ടായിരുന്നു -- ചത്തിട്ടും
ചിരിക്കുന്നവരെ അവര്‍ തടയാറില്ലത്രേ!
അരുതായ്മകളൊക്കെയും,
തെറ്റിന്റെ നരച്ച കുപ്പായങ്ങളിട്ട്
വിചാരണത്തടവില്‍ വീണ് പിടയുന്നുണ്ടായിരുന്നു -- എവിടേയും വൈകിവരുന്ന സത്യവും കാത്ത്..
തിരിച്ചറിവിന്റെ മൂര്‍ച്ച കൊത്തിയ വെളിച്ചപ്പഴുതുകളില്‍ അപ്പോഴും
ശ്വാസം ചീറ്റുന്നുണ്ടായിരുന്നു.
വാതിലിന്റെ മൂലയില്‍ മറന്നുകിടന്ന
ഒരു മഷിപ്പേനയുടെ നിറമില്ലായ്മയിലും
ആ താഴിന്റെ പഴക്കം വാതുറന്ന് വീണു.
വിരുന്നെത്താതിരുന്ന വെളിച്ചവര്‍ഷങ്ങളില്‍
പ്രതിഷേധിച്ച് വാതിലുകള്‍ കനത്തില്‍ മുരണ്ടു, വലിച്ചടച്ചയന്ന് പിണങ്ങിയടര്‍ന്ന
വിജാഗിരി നിവരാന്‍ കൊതിച്ച് തേങ്ങിനിന്നു.
തിളച്ച് തൂവി ഒലിച്ചിറങ്ങിപ്പോയ പ്രളയത്തില്‍
ഒഴുകിപ്പോകാത്ത ഓര്‍മ്മകളുടെ ചങ്ങലപ്പാടുകള്‍ തറയിലങ്ങിങ്ങ്
തുരുമ്പുചിത്രങ്ങളില്‍ ഒട്ടിക്കിടന്നു.
പ്രളയത്തിന്റെ പൊക്കം ഒപ്പിയെടുത്ത്
തൊട്ടാലലറുന്ന നോവുകളൊക്കെ
നീല നക്ഷത്രങ്ങായ്
മേല്‍ക്കൂരയില്‍ ചോര്‍ന്ന് നിന്നു.
വിഴുങ്ങാന്‍ പ്രളയമെത്തും മുന്നേ മോചനം
തേടിയ മൊഴിയെല്ലാം, നഖമുനകള്‍ പോറിത്തോറ്റ ചുവരിലെ ചാലുകളിലൂടെ ഊര്‍ന്നിഴഞ്ഞ്
നിലത്ത് വിറങ്ങലിച്ച്കിടന്നു.
കൊളുത്തറ്റ് ചെരിഞ്ഞാടുന്ന ആട്ടുക്കട്ടിലില്‍ ആകുലതകള്‍ പനിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു -- നിറവും മിനുസവും ഒലിച്ചുപോയ ഒരു പട്ടുത്തുണി പുതപ്പിച്ച് അവരെ ഞാന്‍ മയക്കിയിട്ടു.
പ്രളയമൂര്‍ച്ചയില്‍ ഉടഞ്ഞുള്ളിലേക്കുന്തിയ
ചില്ലുക്കഷ്ണത്തെ തെല്ലുമൊന്നലട്ടാതെ പെന്‍ഡുലം അപ്പോഴും മിഥ്യയുടെ അറ്റങ്ങളിലേക്ക് ഉന്മാദവേഗത്തില്‍ മിടിച്ചാടിക്കൊണ്ടിരുന്നു.
ചട്ടക്കൂടുകളുടെ ചതുരരേഖകള്‍ ചിതലിന്‍ ദംഷ്ട്രകള്‍ കീറിയെറിഞ്ഞിരുന്നു. - ഉഴറിയുലയും ഉള്ളത്തിനുച്ചിയില്‍ നിന്നും ചേതന,കുത്തിയൊഴുകി ചോക്കുന്നുണ്ടായിരുന്നു.
മിന്നലിന്‍ മുനയില്‍ തുന്നലറ്റ് ചീന്തിയ കണ്ണാടിയിലെ ചില്ലിനിഴകള്‍ ഓരോന്നിലും ഞാന്‍ അഭംഗിയായ് പരന്നൊഴുകി -- വരണ്ടുകീറിയ ചില്ലാഴങ്ങളിലെ ക്രമംതെറ്റിയ
എന്റെ കണ്ണുകള്‍ കാണാനാവാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
നിലാവിനെ നടുക്കിയെത്തിയൊരു മേഘഗര്‍ജ്ജനത്തില്‍ ഹൃദയം പിന്നെയും ജീവരേഖകള്‍ വരച്ച് ഉണര്‍വ്വറിഞ്ഞു.
മിഴിമേഘങ്ങള്‍ രണ്ടും ഉരുകിയലിഞ്ഞതില്‍
എരിയാനാവാതെ നിലാവ് വെളുത്ത് നിന്നു -- പടരാന്‍ ദിശയറിയാതെ കനലുകളെല്ലാം
ചാപിള്ളകളായി.
പ്രളയം ഇനിയും വറ്റാത്ത ഇരുട്ടുമൂലയിലെ
ചെളിക്കുണ്ടില്‍ നിന്നും ആകാശമറ്റ് ആറിത്തണുത്ത സൂര്യനെ ഞാന്‍ വാരിയെടുത്തു.
പ്രളയം മുട്ടിവിളിച്ചപ്പോളകന്ന ജനല്‍പാളി, ഞാന്‍ അസ്തമിക്കാനാകാത്ത
വെയില്‍ വാരിതേച്ചൊട്ടിച്ചു -- ഇനി ഒരു നാളും അടയാത്ത വാതിലിനിപ്പുറം
ഞാന്‍ പിന്നേയും പ്രണയമായി.
#Divya Menon
0 Comments