ഒരു വൈബ്... • സുനീസ

 

anubhavam-suneesa

2022 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് ഉണ്ടായ ഒരു സംഭവം!

ബാംഗ്ലൂര്‍ നിന്നും കൊച്ചിയിലേക്ക് വന്ന ഞാന്‍, എത്തിയതിന്റെ അന്ന് കൊച്ചിയിലെ വൈബ് കിട്ടാന്‍ ഇടപ്പള്ളി നിന്നും ഒബ്രോണ്‍ മാള്‍ വരെ പോയി. തിരിച്ച് വരുമ്പോള്‍ സമയം 7 ഓ 8 ഓ ആയി. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ആണ് ഒരാള് എന്നെ ഫോളോ ചെയ്ത് പുറകിലൂടെ വരുന്നത് അറിയുന്നത്. ഞാന്‍ നടന്നു വരുന്ന വഴി അറിയാന്‍ ഓരോ മൂലക്കും വണ്ടി നിര്‍ത്തുന്നു. വീണ്ടും പുറകില്‍ വരുന്നു .ഞാന്‍ ആകെ പെട്ടെന്നു എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചു നിന്നു. അപ്പോഴത്തെ ബുദ്ധിയില്‍ ഒരുപാട് അടുപ്പം ഉള്ള രണ്ട്, മൂന്ന് ആളുകളെ വിളിച്ചു കാര്യം പറഞ്ഞു. ഇരുട്ട് നിറഞ്ഞ സ്ഥലത്തേക്ക് ഒക്കെ എത്തിയപ്പോള്‍ എനിക്ക് പേടി കൂടാന്‍ തുടങ്ങി. എന്റെ കൈവശം പ്രതിരോധിക്കാന്‍ പറ്റിയ ഒന്നും തന്നെയില്ല. എന്റെ റൂമിലേക്ക് പോവുന്നത് ചെറിയ ഒരു വഴിയില്‍ കൂടെയാണ്. എന്നിരുന്നാലും, ഞാന്‍ വിളിച്ച് സംസാരിച്ച ആളുകള്‍ തന്ന ബലത്തില്‍ ഒരു വിധം റൂമില്‍ എത്തി. വേറെ ഒരു നാട്ടിലും ഇങ്ങനെ പേടിക്കേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടില്ലല്ലോ എന്ന ചിന്ത എന്റെ ഉള്ളില്‍ കനത്തില്‍ പുകയാന്‍ തുടങ്ങി. സ്വന്തം നാട്ടില്‍ സുരക്ഷ കിട്ടാത്തത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല. എല്ലാ രീതിയിലും പുരോഗമനം ഉണ്ടെന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം!

ഇത്രയും പുകിലിന്റെ ഇടയില്‍ എന്നെ ഒരുപാട് കാലം ആയി അറിയുന്ന ഒരു വ്യക്തി വിളിച്ചു. അപ്പോഴത്തെ അവസ്ഥയില്‍ പെട്ടെന്ന് തന്നെ ഞാന്‍ കാര്യം പറഞ്ഞു. പേടി എന്റെ സ്വരത്തില്‍ നിന്നും അറിയാന്‍ പറ്റുമായിരുന്നു. 

ആ മാന്യ വ്യക്തി ആദ്യം ചോദിച്ചത്, ഞാന്‍ ഏത് ഡ്രസ്സ് ഇട്ടിട്ടാണ് പുറത്ത് പോയത് എന്നായിരുന്നു - അത് കൂടാതെ ഈ സമയത്ത് പുറത്ത് പോകാന്‍ പാടില്ല എന്നും, കൊച്ചിയില്‍ ഇപ്പൊള്‍ ഒരുപാട് ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നും, രാത്രിയില്‍ പുറത്ത് പോകുന്ന പെണ്ണുങ്ങളെ അവര്‍ ആ കണ്ണില്‍ കാണും എന്നും എന്നെ പ്രത്യേകം താക്കീത് ചെയ്തു. ആ സമയത്തെ, ആ അവസ്ഥയില്‍ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ നിന്ന എന്നോട് വീണ്ടും വീണ്ടും ഉപദേശ വര്‍ഷങ്ങള്‍ ചൊരിഞ്ഞു.എനിക്ക് മനസ്സിലാവാത്തത് എന്നെക്കാള്‍ ഒരു രണ്ട് വയസ്സിന് മൂപ്പുള്ള ഒരു മനുഷ്യന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ ആണ് . അദ്ദേഹം ഒരു സമൂഹത്തിന്റെ പ്രധിനിധിയാണ്. ഇപ്പോഴും മാറാത്ത മനസ്സുള്ള പച്ചയായ സമൂഹത്തിന്റെ പ്രതിനിധി!

ആദ്യം തന്നെ ഏത് ഡ്രസ്സ് ആണ് ഇട്ടതെ ന്ന് ചിരിച്ച് കൊണ്ട് ചോദിക്കാന്‍ കാണിച്ച ആ മനസ്സിനെ ഞാന്‍ ഏത് രീതിയില്‍ ആണ് കാണേണ്ടത്? ഏത് ഡ്രസ്സ് ഇട്ടിട്ട് ഉണ്ടെങ്കിലും എന്റെ പുറകില്‍ ഞാന്‍ താമസിക്കുന്ന സ്ഥലം വരെ എന്നെ stalk ചെയ്ത് വരാന്‍ ഉള്ള ഒരു അധികാരവും ഞാന്‍ ഒരാള്‍ക്കും കൊടുത്തിട്ടില്ല.  വസ്ത്രത്തിന്റെ പേരിലുള്ള ആക്ഷേപങ്ങള്‍ ഈ നൂറ്റാണ്ടിലും മാറ്റം ഇല്ലാതെ തുടരുന്നു. എന്റെ സൗണ്ടില്‍ നിന്നും പേടി ആണെന്ന് അറിഞ്ഞ ഇത്രേം വര്‍ഷം ആയി എനിക്ക് പരിചയം ഉള്ള ആള്‍ പറഞ്ഞത്, പേടിയാണെന്ന് പറയാന്‍ കുറച്ചില്‍/കുറവ് ആണോ എന്നാണ്. പേടി ഒരു വികാരം ആണ്. എല്ലാ മനുഷ്യര്‍ക്കും ഉള്ളത് തന്നെ. അത് എനിക്ക് ഒരു നാണക്കേട് ആയിട്ട് തോന്നുന്നില്ല. പേടിക്കേണ്ട സമയത്ത് പേടിക്കുകയും, സന്തോഷിക്കേണ്ട സമയത്ത് സന്തോഷിക്കുകയും, കരച്ചില്‍ വരുമ്പോള്‍ കരയുകയും ചെയ്യുന്ന എല്ലാ ഇമോഷന്‍സും ഉള്ള, അത് പ്രകടിപ്പിക്കുന്ന ഒരു ഹ്യൂമന്‍ ബീയിങ് ആണ് ഞാന്‍. 

രാത്രി 8 മണി സമയത്ത് ഞാന്‍ പുറത്ത് ഇറങ്ങുമ്പോള്‍ prostitute ആണ് എന്ന് കരുതി എന്റെ പുറകില്‍ വരാന്‍ ഉള്ള ഒരു സിഗ്‌നല് ഞാന്‍ കാണിച്ചിട്ടില്ല.  Prostitution ഒരു തൊഴില്‍ ആണ്. അത് വേണ്ടവര്‍ക്ക് ചൂസ് ചെയ്യാം, അല്ലാത്തവര്‍ക്ക് അത് ചെയ്യുന്നവരെ വെറുതെ വിടാം. അവരെ പറ്റി സംസാരിച്ച് മോശക്കാര്‍ ആക്കുന്ന പ്രവണത മാറ്റേണ്ടത് തന്നെയാണ്.  

 എനിക് എന്തെങ്കിലും പറ്റിയാല്‍ തന്നെ അവള് ആ ഡ്രസ്സ് ഇട്ടത് കൊണ്ടാണ്, അവള് രാത്രി പുറത്ത് ഇറങ്ങിയത് കൊണ്ടാണ്, അവള്‍ നടന്നു വന്നത് കൊണ്ടാണ് എന്നൊക്കെയുള്ള  ആരോപണശരങ്ങള്‍ എനിക്ക് നേരേ ചൂണ്ടാം. ഞാന്‍ മാത്രമല്ല, ഞാന്‍ അടങ്ങുന്ന ഒരു വലിയ സ്ത്രീ സമൂഹം ഇതേ പോലെയുള്ള ഒരുപാട് കാര്യങ്ങള്‍ അനുഭവിക്കുകയാണെന്ന് നിസ്സംശയം പറയാം. നമ്മളില്‍ ഓരോരുത്തരും എന്തൊക്കെ തരണം ചെയ്തിട്ടാണ് ജീവിക്കുന്നതെന്ന് നമുക്ക് മാത്രമാവും ബോധ്യം ഉണ്ടാവുക.  നമ്മുടെ നാട് എത്രയൊക്കെ പുരോഗമിച്ചു എന്ന് അവകാശപ്പെട്ടാലും മാറാത്ത ഒരുപാട് കാര്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന വസ്തുത സത്യമാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. പൊട്ട കിണറ്റിലെ തവള പോലെയുള്ള സമൂഹത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്.


Post a Comment

2 Comments

  1. വെരി ഗുഡ് നന്നായി പറഞ്ഞു

    ReplyDelete
  2. അനുഭവ വിവരണത്തിൽ നിന്ന് തുടങ്ങി പിന്നെ അത് റൈറ്റ് അപ്പ് ആയി മാറി. ആശയം കൊള്ളാം

    ReplyDelete