പിന്‍ബെഞ്ചില്‍ ഒറ്റവരിയില്‍ തുന്നിച്ചേര്‍ത്തപോലെ
ചെറ്റും മുഷിഞ്ഞൊരുപാവാടത്തുമ്പിലായ്
ഒട്ടിപ്പിടിച്ചൊരു കനവുപോലെ
ആരാണ് നീയെന്നാരാഞ്ഞുപോയിഞാന്‍
ഒഴുകിപ്പരക്കുന്നതായ് സ്മൃതികള്‍
വറ്റിയകാര്‍ത്തുണ്ടിന്‍ നെഞ്ചിലഞ താപമായ്
ഇരുളുകുത്തിത്തുരന്നു നീ വന്നുവോ
എങ്ങനെ ഞാനുറങ്ങും?
വിഷമഭിന്നമായ് നീ അരികില്‍ നില്‍ക്കെ
ഉപ്പുനീരോലുമീകാറ്റിന്റെ വിളികളില്‍
പൊട്ടിയചില്ലുപാത്രം കണക്കു നീ.
കണ്ടുഞാന്‍ തെളിവോലുമാകിനാവള്ളിയില്‍
നീ പകുത്തിട്ടതാം പുസ്തകത്താളുകള്‍
ഒറ്റയുമിരട്ടയും തെറ്റിയും പോറിയും
ചെംമഷിപ്പാടില്‍ വിറച്ചൊരാ പുസ്തകം.
ഒഴുകുന്ന പുഴയോടും തഴുകുന്ന വയലോടും
അലയുന്ന കിളിയോടും ചക്രവാളത്തോടും
ഒരു കുഞ്ഞുജാലകം മാത്രം തുറന്നിട്ട വീടും വരച്ചിട്ട പുസ്തകത്താളുകള്‍.
എങ്ങനെ ഞാനുറങ്ങും? നീ വിശപ്പിന്റെ തീക്കനല്‍പാകമായരികില്‍ നില്‍ക്കെ
ഉച്ചചുടുംചോറിന്‍ ശിഷ്ടവും പേറി നിന്‍ അക്ഷരഭാണ്ഡം നിറഞ്ഞു നില്‍ക്കെ.
ഒരുകുട്ടിയുണ്ടായിരുന്നില്ലേ
പിന്‍ബെഞ്ചില്‍
കരയില്‍പിടിച്ചിട്ട മീനുപോല്‍താന്തമായ്
ഉന്നിദ്രമായൊരു രാവിലുദ്വേഗമാം
കനവിലെയൊറ്റയാം സാക്ഷി പോലെ
ഓര്‍ക്കുന്നു ഞാനീ കുട്ടിതന്‍ നിഴലുകള്‍, ചിന്നിയചിരികളും വേര്‍ത്ത സ്വരങ്ങളും.
തെറ്റിയചോദ്യത്തിനുത്തരപ്പാടുകള്‍
ഏറ്റുവാങ്ങുന്നൊരാ കൈവെള്ളയും
എങ്ങനെ ഞാനുറങ്ങും? അനാഥശില്പമായ് നീ തെരുവില്‍ നില്‍ക്കെ
കണ്ണുനീര്‍ ഈടുവെയ്പില്‍
കനംവെച്ച കണ്ണുകളനന്തമായ് നീളുംന്നേരം.
എന്നെ മറക്കുമോ ?ഒരുചോദ്യമെന്റെ പിന്നാലെയെത്തിയെന്‍ കാതില്‍ തറയ്ക്കുന്നു.
ഓര്‍മതന്‍ മുള്‍മരംപാതവക്കില്‍
പൊഴിച്ചിട്ടൊരായേടുകള്‍ തൊട്ടിടുമ്പോള്‍.
എങ്ങനെ ഞാനുറങ്ങും?അനാഥ മന്ദിരത്തില്‍ നിന്റെ നിഴലന്യമാകവേ
എന്നെ മറക്കുമോ എന്നൊരുചോദ്യം കതകിന്നു പിന്നിലായ് തേങ്ങിടുന്നു.
ഒരു കുട്ടിയുണ്ടായിരുന്നില്ല.
ഇതു വെറും കനവല്ലേ പിന്‍ബെഞ്ചിന്‍ സൂത്രമല്ലേ?
ഇനിയെത്ര രാവിലുറങ്ങാതിരിക്കണം നിന്നെ മറന്നൊരു കനവുകാണാന്‍.
© silja mohanam
0 Comments