കാലന്‍ • ജെ. ഹാഷിം

kaalan-j-hashim


രോഗ്യവാനായിരുന്ന സഹനന് പെട്ടെന്നു ശാരീരിക തളര്‍ച്ചയുണ്ടായി.പരിഭ്രാന്തിയോടെ ഭാര്യ അടുത്ത വീട്ടിലെ കിരണിനെ വിളിച്ചുവരുത്തി.കിരണ്‍ കാര്‍ കൊണ്ടുവന്ന് സഹനനെ കയറ്റി നേരെ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു.

അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ച സഹനനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ അഡ്മിറ്റ് ചെയ്ത് വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡില്‍ ആക്കിയ സഹനന് നേരെ  ഡോക്ടറുടെയോ നഴ്‌സിന്റെയോ ഒരു എത്തിനോട്ടമെങ്കിലും പ്രതീക്ഷിച്ചു ഭാര്യ കണ്ണും നട്ടിരുന്നു.ചില ബന്ധുക്കള്‍ ഒക്കെ ആശുപത്രിയില്‍ എത്തി.വൈകിട്ടോടെ സഹനന് വീണ്ടും ശാരീരിക അസ്വസ്ഥത ഉണ്ടായി.കരഞ്ഞുകൊണ്ട് ഭാര്യ നേഴ്‌സിന്റെ അടുത്തേക്ക് ഓടിയെത്തി. യാചനയുടെ പ്രതികരണമാകാം, നഴ്‌സ് സഹനന്റെ അടുത്തെത്തി നന്നായി നോക്കി.പന്തികേട് തോന്നിയ നഴ്‌സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അടുത്തേക്ക് പോയി തിരികെ വന്നു പറഞ്ഞു '  നിങ്ങള്‍ പെട്ടെന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റിക്കോളൂ സ്‌ട്രോക്ക് ആണെന്ന് തോന്നുന്നു.' പെട്ടെന്ന് തന്നെ ആംബുലന്‍സ് വരുത്തി സഹനനെ അതില്‍ കയറ്റി നേരെ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച് റഫറന്‍സ് കത്ത് അത്യാഹിത വിഭാഗത്തില്‍ ഏല്‍പ്പിച്ചു. കാത്തിരിപ്പ് വീണ്ടും ...... നിസ്സഹായതയോടെ ഭാര്യയും ബന്ധുക്കളും കണ്‍പാര്‍ത്തിരുന്നു.സഹനന്റെ ഊഴമെത്തി ഡോക്ടര്‍ പരിശോധിച്ചു സഹനന് ബോധം നഷ്ടപ്പെട്ടിരുന്നു 'സ്‌ട്രോക്ക് ആയിരുന്നു നേരത്തെ ഒരു ഇഞ്ചക്ഷന്‍ നല്‍കിയിരുന്നുവെങ്കില്‍ അത് ഒഴിവാക്കിയാമായിരുന്നു' ഡോക്ടര്‍ കുറുപ്പടിയില്‍ കുറിച്ചുകൊണ്ട് ബന്ധുക്കളോട് പറഞ്ഞു.ശേഷം സഹനനെ വാര്‍ഡിലേക്ക് മാറ്റി.ഇവിടെയും ഡോക്ടറോ നഴ്‌സൊ നോക്കുന്നേയില്ല. എന്തുചെയ്യണമെന്നറിയാതെ ബന്ധുക്കള്‍ പരസ്പരം മുഖാമുഖം നോക്കിയും ഭാര്യയെ ആശ്വസിപ്പിച്ചും ഡോക്ടറിന്റെ വരവിനായി കാത്തിരുന്നു.ഭാര്യസഹോദരിയുടെ പുത്രന്‍ മനു പരിചയക്കാരനായ പാര്‍ട്ടിക്കാരനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു.അല്പം കഴിഞ്ഞ്  പരിചയക്കാരന്‍ തിരികെ വിളിച്ചു മനുവിനോട് പറഞ്ഞു 'മന്ത്രിയുടെ പി എയോട് പറഞ്ഞിട്ടുണ്ട്  പരിഗണന കിട്ടും...' അതനുസരിച്ച് മനു പി.ആര്‍. ഒ- യെ കണ്ടു. 'ഇപ്പം ശരിയാക്കിത്തരാം'   എന്ന വാക്ക് പിആര്‍ ഒ-യില്‍ നിന്നും കിട്ടി. വീണ്ടും കാത്തിരിപ്പ് തന്നെ.മനു നാട്ടുകാരനായ എം എല്‍ എയെ വിളിച്ചു സഹായം അഭ്യര്‍ത്ഥിച്ചു. പി ആര്‍ ഒയോട് പറഞ്ഞിട്ടുണ്ട് പോയി കണ്ടോളാന്‍ എം എല്‍ എ യില്‍ നിന്നും വിവരം ലഭിച്ചു.അങ്ങനെ ഒരു ജൂനിയര്‍ ഡോക്ടര്‍ എത്തി പരിശോധിച്ചു. ഡോക്ടര്‍ പോകാന്‍ തുടങ്ങവേ ഒരു ബന്ധു ചോദിച്ചു 'ഐസിയുവിലേക്ക് മാറ്റണ്ടേ ഡോക്ടറെ' ചോദ്യം ഇഷ്ടപ്പെടാതിരുന്ന ഡോക്ടര്‍ അനിഷ്ടത്തോടെ പറഞ്ഞു 'ഐസിയുവില്‍ സ്ഥലമില്ല.' അബോധാവസ്ഥയിലുള്ള സഹനന്‍ വീണ്ടും അതേ കിടപ്പ് . അടുത്തുള്ള കിടക്കകളുടെ സമീപത്തു നിന്നും ഇടയ്ക്കിടയ്ക്ക് അലമുറയിട്ട് ചിലരുടെ കരച്ചിലുകള്‍ കേള്‍ക്കാം. ജീവന്‍ നഷ്ടപ്പെടുന്ന പലരുടെയും ഉറ്റവരുടെ രോദനമാണത്.

എത്രയെന്ന് കരുതി ഇങ്ങനെ കിടത്തും ഒരു പരിഗണന കിട്ടാന്‍ വീണ്ടും മനുവിന്റെ ശ്രമം.പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ച് അവഗണനയുടെ ആഴം അറിയിച്ചു.മന്ത്രിയുടെ പി എ വിളിച്ചിട്ടുണ്ട് എന്നറിഞ്ഞ് മനു വീണ്ടും പി ആര്‍ ഒയെ പോയി കണ്ടു. സഹികെട്ട് പി ആര്‍ ഓ പ്രധാന ഡോക്ടറെ വിളിച്ചുവരുത്തി ഡോക്ടര്‍ വന്ന് പരിശോധിച്ചിട്ട് പറഞ്ഞു 'ഇനി രക്ഷയില്ല ഒരുപാട് താമസിച്ചുപോയി തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്.' അപ്പോള്‍ ഒരാള്‍ ചോദിച്ചു 'ഓപ്പറേഷന്‍ ചെയ്താല്‍ എന്തെങ്കിലും പ്രതീക്ഷ ...' ഡോക്ടറുടെ മറുപടി 'അതിന്റെ സമയം കഴിഞ്ഞു.' സഹനന്റെ ഭാര്യ സ്തബ്ധയായി നിന്നു .ഉടന്‍തന്നെ ബന്ധുക്കള്‍  ഗള്‍ഫിലുള്ള മകനെ വിവരം അറിയിച്ചു. അച്ഛനെ ജീവനോടെ ഒന്ന് കാണണമെന്ന് മകന്റെ ആഗ്രഹം. ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മെയില്‍ ചെയ്താല്‍ ഉടന്‍ ജോലി സ്ഥലത്തുനിന്നും തിരിക്കാം.മനു നഴ്‌സിംഗ് സ്റ്റേഷനില്‍ എത്തി നേഴ്‌സിനോട് വിവരം പറഞ്ഞു 'അതൊന്നും തരാന്‍ പറ്റില്ല ' എന്ന്  മറുപടി. നേരെ പി ആര്‍ ഒ പോയി കണ്ടു 'അത് ജൂനിയര്‍ ഡോക്ടറോട് പറഞ്ഞാല്‍ മതി തരും' എന്ന് മറുപടി ലഭിച്ചു.ജൂനിയര്‍ ഡോക്ടറെ സമീപിച്ചപ്പോള്‍ അവിടെയും നിഷേധാത്മക മറുപടി തന്നെ ' അതൊന്നും തരാന്‍ പറ്റില്ല' .മനു വീണ്ടും പഴയപടി പാര്‍ട്ടിക്കാരനെയും പരിചയക്കാരനെയും വിളിച്ചു ബുദ്ധിമുട്ടിച്ചു. പി ആര്‍ ഒ ക്ക് വീണ്ടും സമ്മര്‍ദ്ദം പി ആര്‍ ഒ പ്രധാന ഡോക്ടറെ വിളിച്ചു. പ്രധാന ഡോക്ടര്‍ ജൂനിയര്‍ ഡോക്ടറെ വിളിച്ചു. ജൂനിയര്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് എഴുതി നല്‍കി. രണ്ടര മണിക്കൂര്‍ പൊരുതി കിട്ടിയ സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ തന്നെ മനു ഗര്‍ഫിലേക്ക് മെയില്‍ ചെയ്തു.

മകന്‍ ഗള്‍ഫില്‍ നിന്നും ചുരുങ്ങിയ സമയം കൊണ്ട് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തി. വാഹനത്തില്‍ കയറി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴി ഫോണ്‍വിളി എത്തി ' അച്ഛന്‍ മരിച്ചു '. അച്ഛനെ ജീവനോടെ ഒന്ന് കാണണമെന്ന മകന്റെ ആഗ്രഹം സഫലമായില്ല. എല്ലാം സഹിച്ച സഹനന്റെ ജീവന്‍ കാലന്‍ കവര്‍ന്നെടുത്തു. ഭാര്യയുടെ മനസ്സില്‍ കുറച്ചുസമയത്തിന് മുമ്പ് വരെ ദൈവത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഡോക്ടര്‍മാരുടെ മുഖം ഇപ്പോള്‍  കാലന്റെ പ്രതീകമായി  മിന്നി മറഞ്ഞു...

'അരമണിക്കൂര്‍ മുമ്പ് എത്തിയിരുന്നുവെങ്കില്‍ അച്ഛനെ ജീവനോടെ കാണാമായിരുന്നു ' എന്ന് ഒരു ബന്ധു വിഷമത്തോടെ മകനോട് പറഞ്ഞപ്പോള്‍     മനു , സര്‍ട്ടിഫിക്കറ്റിന് വേണ്ടി ആശുപത്രിയില്‍ ഉള്ളവര്‍ തട്ടിക്കളിച്ച രണ്ടര മണിക്കൂര്‍ സമയത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചു പോയി.

സഹനന്റെ മൃതശരീരം പുറത്തേക്ക് എടുത്ത് ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ മറ്റൊരു ആംബുലന്‍സില്‍ സ്‌ട്രോക്ക് വന്ന ഒരു ചെറുപ്പക്കാരനുമായി  സ്ത്രീ  അലറിക്കരഞ്ഞു കൊണ്ട് ആശുപത്രിയില്‍ എത്തി. അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ ശേഷം  ആമ്പുലന്‍സ് ഡ്രൈവര്‍  അടുത്തു നിന്ന ആളോട് പറഞ്ഞു ' ആരും സഹായത്തിനില്ലാത്തവരാ , രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ആ സ്ത്രീയും മാത്രമേ ഉള്ളൂ എല്ലാത്തിനും ഓടാന്‍ '.

പാര്‍ട്ടിക്കാരും പരിചയക്കാരും ഒന്നുമില്ലാത്ത പാവം സ്ത്രീയെ നിസ്സംഗതയോടെ മനു അല്പനേരം നോക്കി നിന്നുപോയി.

---------------------------------------------

© j hashim

Post a Comment

4 Comments

  1. Good story... Well expressed

    ReplyDelete
  2. Well explained

    ReplyDelete
  3. ഇതാണാവസ്ഥ... ഒരു നേർക്കുകഴ്ച്ച. Keep it up.

    ReplyDelete