ഇവിടെ ക്ഷേത്ര ചുറ്റു മതിലില്‍ മൂന്നു നിലകളോടുകൂടിയ ഗോപുരത്തിന് ഇരുവശത്തും ഗീതോപദേശ ചിത്രങ്ങളും, വചനങ്ങളും ഭംഗിയായി ആലേഖനം ചെയ്തിരിക്കുന്നു. പ്രധാന കവാടമായ ഇതിലൂടെ അകത്തു കടന്നാല്‍ കൊടിമരവും അതിനപ്പുറത്ത് വലിയ ബലിക്കല്ലും കാണാം. പേര് സൂചിപ്പിയ്ക്കുന്നതുപോലെ പാര്‍ത്ഥസാരഥിയായ ഭഗവാന്‍ ശ്രീകൃഷ്ണനാണ് മുഖ്യ പ്രതിഷ്ഠ. ആയിരത്തിലധികം വര്‍ഷം പഴക്കം കണക്കാക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ആദിശങ്കരാചാര്യരാണെന്നാണ് ചരിത്രം.
ദീര്‍ഘ ചതുരാകൃതിയില്‍ തീര്‍ത്ത, സ്വര്‍ണ്ണം പൂശിയ, വളരെ മനോഹരമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. നാല് ചക്രങ്ങളുള്ള ശ്രീകൃഷ്ണന്റെ തേരിനു സമാനമായ രീതിയിലാണ് ശ്രീകോവിലിന്റെ രൂപകല്‍പ്പന. അതുകൊണ്ടു തന്നെ ഈ ശ്രീകോവില്‍ പാര്‍ത്ഥസാരഥീഭാവത്തിന് ഏറ്റവും അനുയോജ്യമായതായി കണക്കാക്കപ്പെടുന്നു. തേരിലുള്ള കുതിരകളും തേരിന്റെ ചക്രങ്ങളും അതേപോലെ ആവിഷ്‌കരിയ്ക്കപ്പെട്ടിട്ടുണ്ട്. ഇരുവശത്തു നിന്നും അകത്തേയ്ക്ക് കയറാവുന്ന രീതിയില്‍ സോപാനപ്പടികളും, പ്രവേശന കവാടത്തിന്റെ ചുവട്ടില്‍ ഗീതോപദേശ രൂപവും കാണാം. തറ നിരപ്പില്‍ നിന്ന് നല്ല ഉയരത്തിലാണ് ശ്രീകോവില്‍. ഏകദേശം മൂന്നടിയോളം ഉയരം വരുന്ന അതി മനോഹരമായ പാര്‍ത്ഥസാരഥീവിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിഗ്രഹത്തിന് വലം കൈയില്‍ തേര് തെളിയ്ക്കാനുള്ള ചമ്മട്ടിയും (ചാട്ട) മറുകയ്യില്‍ ശംഖും കാണാം. ചമ്മട്ടി സമര്‍പ്പണമാണ് ഇവിടെ ഭഗവാന് പ്രധാന വഴിപാട്. കൂടാതെ മറ്റ് മഹാവിഷ്ണു ക്ഷേത്രങ്ങളിലെ പോലെ തന്നെയുള്ള വഴിപാടുകളും ഉണ്ട്.
ഭക്തര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ വഴി മുഴുവന്‍ നടപ്പുര പണിതിട്ടുണ്ട് പ്രദക്ഷിണവഴിയില്‍ നിന്നുമാറി ഒരു വിശിഷ്ട നവഗ്രഹ ക്ഷേത്രം ഉണ്ട്. വൃത്താകൃതിയിലുള്ള ഒറ്റക്കല്ലില്‍ പരസ്പരാഭിമുഖമല്ലാതെയാണ്, ധ്യാനശ്ലോകത്തില്‍ പറയുന്നതു പ്രകാരമുള്ള നവഗ്രഹങ്ങള്‍ ഇവിടെ കുടികൊള്ളുന്നത്. കേരളത്തിലെ പ്രസിദ്ധമായ നവഗ്രഹ ക്ഷേത്രങ്ങളില്‍ ഒന്നാണിത് എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.
വടക്കു ഭാഗത്തു കിഴക്കോട്ട് ദര്‍ശനമായി ആറടിയോളം ഉയരം വരുന്ന, ഇരിയ്ക്കുന്ന രൂപത്തിലുള്ള ശങ്കരാചാര്യരുടെ പ്രതിഷ്ഠയുണ്ട്. ശൈവാംശമായി കണക്കാക്കപ്പെടുന്ന ശങ്കരാചാര്യരെ ശിവനായി സങ്കല്പിച്ചുകൊണ്ടുള്ള പൂജകളാണ് ഇവിടെ നടത്തി വരുന്നത്. കാവിപ്പട്ടു ചാര്‍ത്തലാണ് ശങ്കരാചാര്യര്‍ക്ക് പ്രധാന വഴിപാട്. കൂടാതെ ധാര, കൂവളമാല, ഭസ്മാഭിഷേകം, ഇളനീരഭിഷേകം തുടങ്ങിവയും പ്രധാനമാണ്.
ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രവും പാര്‍ത്ഥസാരഥി ക്ഷേത്രവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ഏറെക്കുറെ സമാനമായ ആചാരങ്ങളാണ് രണ്ടിടത്തും. ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആനകളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര ഇവിടെയെത്തി തിരിച്ചുപോകുന്നു. അതുപോലെ തന്നെ ദീപാരാധനയ്ക്ക് ശേഷം, ശ്രീകൃഷ്ണ വിഗ്രഹം പതിച്ച മനോഹരമായി അലങ്കരിച്ച രഥം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കും പോകാറുണ്ട്.
അഷ്ടമിരോഹിണി, വിഷു, കുചേലദിനം, ശങ്കരജയന്തി, ഇല്ലം നിറ, തൃപ്പുത്തരി എന്നിവയെല്ലാം വിശേഷമാണിവിടെ. ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമാണ് വൃശ്ചിക മാസത്തിലെ വെളുത്ത ഏകാദശിയായ ഗുരുവായൂര്‍ ഏകാദശി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഉത്സവമായാണ് ഇത് ഇവിടെ ആചരിച്ചു വരുന്നത്. ഗുരുവായൂരിലെ ഏകാദശി വിളക്ക് തുടങ്ങുന്ന തുലാമാസത്തിലെ വെളുത്ത ഏകാദശി ദിവസമാണ് കൊടിയേറ്റം. തുടര്‍ന്നുള്ള 28 ദിവസം വിശേഷാല്‍ പൂജകളും കലാപരിപാടികളുമായി ആചരിച്ചു വരുന്നു. വിശേഷ ദിവസങ്ങളില്‍ ഇവിടെ ഭക്തര്‍ക്ക് പ്രസാദ ഊട്ട് നടത്തി വരുന്നു. അതിനായുള്ള ഊട്ടുപുരയും ക്ഷേത്രാങ്കണത്തില്‍ കാണാം.
മറ്റ് ഉപദേവതകളായി ഗണപതി, അയ്യപ്പന്‍, ബ്രഹ്മരക്ഷസ്സ് എന്നീ ദേവതകളും ഇവിടെ കുടികൊള്ളുന്നു.
2017, നവംബര്‍ മാസത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഈ ക്ഷേത്രം ഏറ്റെടുത്തത് വളരെ വിവാദം സൃഷ്ടിച്ച സംഭവം ആയിരുന്നു.
വിശേഷ ദിവസമൊന്നുമല്ലാതിരുന്ന ഒരു പ്രവര്‍ത്തി ദിവസമായതിനാലാകണം വലിയ തിരക്കുണ്ടായിരുന്നില്ല ഞങ്ങളെത്തിയ ദിവസം. ലോകത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ഒരു സാരഥിയാകൂ എന്ന പ്രാര്‍ത്ഥനയോടെ വളരെ ശാന്തമായ ഒരന്തരീക്ഷത്തില്‍ അല്‍പ്പനേരം അവിടെ ചിലവഴിക്കാനായത് മനസ്സിനും, ശരീരത്തിനും നല്‍കിയ ഉന്‍മേഷവും, കരുത്തും ചെറുതായിരുന്നില്ല.
© anil neervilakam
0 Comments