വിശപ്പ് ഒരു രോഗമായി അംഗീകരിച്ചിട്ടില്ല ► സജി.വി. ദേവ്

vishappu-oru-rogamai

സ്‌ക്കൂളിലേക്ക് പോകുന്ന
വഴിക്കിരുപുറവുമുള്ള
മാവും പ്ലാവും 
പൂച്ചപ്പഴ കാടുകളും
ഒരു കാലത്ത്
വിശപ്പടക്കിനടത്തിച്ചത്.

ഇന്ദിരാ ഗാന്ധിയുടെ
പേര് എഴുതിയ അരസെന്റ്
സ്ഥലത്തെ കിണറ്റിന്‍കര
ദാഹം തീര്‍ത്ത നാളുകള്‍.

വിശപ്പ് അന്ന് ഒരു 
രോഗമായി
അംഗീകരിച്ചിരുന്നില്ല.
അതുള്ളത് കൊണ്ടു മാത്രം
ആദ്യം ഉസ്‌ക്കൂളില്‍
എത്തുന്നത് ഞാനാണ്.

മുറ്റത്തെ കരികില മുതല്‍
ഓരോ ക്ലാസ് റൂമും
ഓഫീസും വരാന്തയും
അടിച്ചു വാരണം

പാത്രം കഴുകണം
വിറക് അടുപ്പിക്കണം
വെള്ളം കോരണം
അരി കഴുകണം
പയര്‍ കുതിര്‍ക്കണം
തീ പടര്‍ത്തണം.

എന്റെ ഉള്ളിലും
വയറ്റിലും അത്
തനിയെ പടര്‍ന്നിട്ടും
വിശപ്പ് ഒരു രോഗമായി
അംഗീകരിച്ചിരുന്നില്ല.

ഓരോ പുതിയ അധ്യാപകര്‍
വരുമ്പോഴും
ഉസ്‌കൂളിന്റെ മകനെന്നാണ്
ഹെഡ്മാസ്റ്റര്‍
പരിചയപ്പെടുത്തുന്നത്.

ഉസ്‌ക്കൂളില്‍ എന്തിനും
ഞാന്‍ വേണം
മഹേശ്വരി ടീച്ചറിന്
പച്ചക്കറി വാങ്ങണം
സോമന്‍ സാറിന് 
മുറുക്കാന്‍ മേടിക്കണം
ആയിഷ ടീച്ചര്‍ക്ക്
ചിട്ടിക്കാശടക്കണം
വിലാസിനി ടീച്ചറിന് 
റേഷന്‍ കടയില്‍ പോണം
കൈമള് സാറിന്
വളം  മേടിക്കണം
അന്ത്രുക്കാന്റെ ചായ
പീടികേന്ന്
സമയാസമയം 
ചായയും ചോറും
എത്തിക്കണം
ജനലും വാതിലുമടക്കണം.

ഓരോ ക്ലാസിലും പത്ത്
മിനിട്ട് തികച്ചിരുന്നിട്ടില്ല
ഇരുത്തിയിട്ടില്ലന്നേ.

അലാവുദീന്റെ 
ഭൂതത്തിന് ഒന്നിന്
പുറകെ ഒന്നായി
പണികള്‍ വന്നിരുന്നു.

ഇത്രയുമൊക്കെ പണി 
എടുപ്പിച്ചിട്ടും ഈ
ടീച്ചര്‍ന്‍മാര്‍ എന്നെ മാത്രം
ഓരോ ക്ലാസിലും
രണ്ടും മൂന്നും വര്‍ഷമിരുത്തി.

പരാതിയും പരിഭവും ഇല്ലാതെ
ഒടുവിലത്തെ ബഞ്ചില്‍ ഞാനും.

വിശപ്പ് ഒരു രോഗമായി അംഗീകരിച്ചിരുന്നില്ല.

വിദ്യ ക്ലാസുകള്‍ 
കയറി കയറി പോയി
ഓരോ അഭ്യാസങ്ങള്‍
പഠിച്ചതിനാല്‍ ഞാനും
അവളും മക്കളുമിന്ന്
പട്ടിണിയില്ലാതെ
കടന്നുപോകുന്നു.

വിശപ്പ്  ഒരു രോഗമായി അംഗീകരിക്കുന്നില്ല
ഇന്നും.
-------------------------------
© saji v dev

Post a Comment

0 Comments