മിഴി ► റജീന നൗഷാദ്

mizhi-rajeena-noushadh


ലഹരി

ലഹരിയെന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മവരുന്നത് യുവതലമുറയെയാണ്. പൊതു സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു മഹാവിപത്താണ് ഈ ലഹരി. എത്ര കുട്ടികള്‍ മാനസികനില തെറ്റി ഈ സമൂഹത്തിലലയുന്നു?  എത്ര കുടുംബങ്ങള്‍ വഴിയാധാരമായി?. ഇതൊക്കെയാരോര്‍ക്കുന്നു ?

കുറച്ചു നേരത്തേ മായാലോകത്തിന് വേണ്ടി ഇവരെന്തു വേണമെങ്കിലും ചെയ്യും. മോഷണം, പിടിച്ചുപറി, കൊലപാതകം അങ്ങനെയെന്തെല്ലാം. എന്തൊക്കെ പ്രതീക്ഷയോടെയാണ് ഓരോ രക്ഷകര്‍ത്താക്കളും തങ്ങളുടെ മക്കളെ വളര്‍ത്തുന്നത്?  അവരെയൊരു കുറവും കൂടാതെ ആവശ്യപ്പെടുന്നതതെല്ലാം വാങ്ങിക്കൊടുത്തു ലാളിച്ചു വളര്‍ത്തുമ്പോള്‍ അവരറിയുന്നില്ല മക്കളുടെ വഴിവിട്ട ബന്ധങ്ങള്‍ .

സ്‌കൂളിലേക്കെന്നും പറഞ്ഞു വീട്ടില്‍ നിന്ന് പോകുന്ന മക്കള്‍ അത് പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആകട്ടെ അവര്‍ സ്‌കൂളിലെത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയില്‍ ?

നമുക്ക് നമ്മുടെ മക്കളെ പരിപൂര്‍ണ്ണ വിശ്വാസമാണ് അല്ലേ.. എന്നാല്‍ ഇടയ്‌ക്കൊക്കെ ഒന്ന് ശ്രദ്ധിക്കുക അവരെ.. ക്ലാസ് കട്ട് ചെയ്ത് പാര്‍ക്കിലും,ബീച്ചിലും , സിനിമാ തീയേറ്ററുകളിലുമവര്‍ കറങ്ങുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും. മിക്ക കുട്ടികളും, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഇന്ന് ലഹരിക്കടിമകളാണ് . കൂട്ടുകെട്ടുകള്‍ ആണ് മിക്ക കുട്ടികളും വഴി തെറ്റാനുള്ള പ്രധാന കാരണം . പണമുള്ള കുട്ടികള്‍ക്ക് എന്തുമാകാം എന്നരീതിയില്‍ ആര്‍ഭാടം കാണിക്കുമ്പോള്‍  പാവപ്പെട്ട വീട്ടില്‍ നിന്നും വരുന്ന കുട്ടികളോ അതേ നിലവാരത്തില്‍ ഉയരാന്‍ വേണ്ടി തെറ്റുകള്‍ ചെയ്തു തുടങ്ങും . അവിടെ തുടങ്ങും ആ കുട്ടികളുടെ തകര്‍ച്ച.

ലഹരിയുടെ ഉപയോഗം കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. മയക്കുമരുന്നുമായി ഏജന്റ് എത്തുമ്പോള്‍ കാശിനു വേണ്ടി പരക്കംപായും . കിട്ടാതെ വരുമ്പോള്‍ വീട്ടില്‍ നിന്നും മോഷണം തുടങ്ങും പിന്നീടത് സമൂഹത്തിലേക്കും വ്യാപിക്കും. വീട്ടുകാരറിഞ്ഞു വരുമ്പോഴേക്കും ആ കുട്ടിയുടെ ജീവിതം തിരിച്ചു പിടിക്കാനാകാത്ത അവസ്ഥയിലായി മാറിയിട്ടുണ്ടാകും. ഉള്ളതെല്ലാം വിറ്റുപറക്കിയാപാവങ്ങള്‍ അവനെ ചികിത്സിച്ചു ഭേദമാക്കാന്‍ നെട്ടോട്ടമോടും. എല്ലാം ഭംഗിയായി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നാലോ സമൂഹം അവരെ തെമ്മാടികള്‍, അല്ലെങ്കില്‍ കള്ളന്‍ എന്ന മുദ്രകുത്തിക്കഴിഞ്ഞിരിക്കും . ചിലര്‍ അതൊക്കെ തരണംചെയ്തു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരും.എന്നാല്‍ ചുരുക്കം ചില കുട്ടികള്‍ കുറ്റബോധം കാരണം നാടുവിടും അല്ലെങ്കില്‍ വീണ്ടും ലഹരിയുടെ ലോകത്തേക്ക് പറക്കും . 

ഇവിടെ ഒരു പെണ്‍കുട്ടിയാണ് ലഹരിക്കടിമപ്പെടുന്നതെങ്കില്‍ അവളുടെ ജീവിതം ചതിക്കുഴികളില്‍പ്പെട്ട് ജീവിതം തന്നെ നശിച്ചു പോകും. അതില്‍ നിന്നും കരകയറുകയത്ര എളുപ്പമല്ല. തെറ്റുകള്‍ തിരുത്തി പഴയ ജീവിതത്തിലേക്ക് തിരികെ പോകണമെന്നവള്‍ക്ക് തോന്നിയാലും ലഹരിമാഫിയ അവളെ അതിനനുവദിക്കില്ല. ലഹരിയുടെ മായാലോകത്ത് അവള്‍ കാട്ടിക്കൂട്ടിയതൊക്കെ. ഫോട്ടോയുടെ രൂപത്തില്‍ തിരികെ വരും. ഇതില്‍ നിന്നൊക്കെ രക്ഷനേടാന്‍ ഒന്നുകില്‍ വീടിന്റെയൊരു കോണില്‍ ശേഷിച്ച കാലം കഴിച്ചു കൂട്ടും. അതിനും കഴിയാതെവന്നാല്‍ ഒരു മുഴം കയറിലെല്ലാം അവസാനിപ്പിക്കും .നഷ്ടമാര്‍ക്കാണ് ?  അവനവനുതന്നെ ,പിന്നെ കൈ വളരുന്നോ, കാല്‍ വളരുന്നോ എന്നു നോക്കിയിത്രയും നാള്‍ വളര്‍ത്തി വലുതാക്കിയ , തങ്ങളുടെയവസാന കാലത്ത് തുണയാകുമെന്ന് മോഹിച്ച  പാവം മാതാപിതാക്കള്‍ക്ക് . അവര്‍ക്കാണ് നഷ്ടം. അത് നികത്താന്‍ ഒരു ലഹരി മാഫിയായ്ക്കും കഴിയില്ല. ഉണരൂ സമൂഹമേ നമ്മുടെ മക്കള്‍ക്കായി. തുടച്ചുനീക്കാം നമുക്കീമണ്ണില്‍ നിന്നും മായാലോകത്തിന്‍ മായക്കാഴ്ചകള്‍ കാട്ടും ലഹരിതന്‍ കരങ്ങളെ...

© rejeena noushadh

Post a Comment

0 Comments