സരോജത്തിന്റെ സമാധാന വഴികള്‍ © ബിന്ദു തേജസ്



കൈകളില്‍ കുണുക്കുകള്‍ തൂങ്ങുന്ന വളകളിട്ട 
ഒരുവള്‍ സമാധാനത്തിന്റെ വഴിയേ ഉത്സാഹപൂര്‍വ്വം നടക്കുന്നു...

അഴിഞ്ഞുലഞ്ഞ തലമുടി അവള്‍ 
ഒതുക്കി വെച്ചില്ല കാലിലെ ഒറ്റചിലമ്പുമ- വള്‍ വലിച്ചെറിഞ്ഞില്ല.
ഒന്നുമില്ലായ്മയുടെ വല്ലായ്മകളൊന്നും 
അവളുടെ കണ്ണുകളില്‍ കണ്ടിരുന്നില്ല.

നോവ് പാറ്റിയ മഴത്താളം മറന്ന് മുളപൊട്ടുന്ന
 ചെറു പുല്‍ വിത്തുകള്‍ പോലെ പ്രതീക്ഷയുടെ 
നാമ്പു പൊടിഞ്ഞമനസ്സോടെ
ആര്‍ക്കും കണ്ടെത്താനാവാത്ത
ഒരുതരം ശാന്തതയുമായി ഒന്നും അറിയാത്തവളായി 
നടന്നുകൊണ്ടിരുന്നു..

അടിത്തട്ട് ചെളി മൂടിയതെങ്കിലും 
പൊന്‍ താമര വിടരുന്ന കുളത്തിലെപ്പോലെ
പച്ചകുത്തിയ  വലതു കൈത്തണ്ടയില്‍
സരോജമെന്നപേര്  വിരിഞ്ഞുനിന്നു.
വസന്തങ്ങള്‍ ചിറ കടിച്ചുയരുന്നമട്ടില്‍
ചിരിയലകളുതിര്‍ത്തുകൊണ്ട് സരോജം
വീടുകള്‍തോറും  പപ്പടസഞ്ചിയും കൊണ്ടാട്ടപ്പാത്രങ്ങളുമേറ്റുന്നു..
രുചികുറഞ്ഞ ജീവിതചെലവുകള്‍ക്കുമുന്നില്‍
അപ്പോഴും സരോജത്തിന്റെ സമാധാനവഴികള്‍ 
നീണ്ടുകിടക്കുന്നുണ്ടായിരുന്നു..



Post a Comment

0 Comments