'അല്ല തിരുമേനീ, ജന്‍മിത്തമൊക്കെ കാട് കയറിയില്ലേ;
ഇനിയിപ്പം ഇതൊക്കെ നടക്ക്വോ?'
രാമനുണ്ണിയുടെ വാക്യത്തില്‍ അല്പം
പരിഹാസം ഇല്ലാതല്ല.
'ഉണ്ണിരാമന്‍ തിരുമനസ്സേ,
അങ്ങീ പഞ്ചായത്തിലെ പ്രഥമ പൗരനല്ലേ!'
'ആണെങ്കില്‍?'
'എടോ ശപ്പാ, തനിക്കാ മൂദേവിയ്ക്ക് നല്ലത് നാല് പറഞ്ഞ്
കൊടുത്തൂടേ.. '
'വിഷയം പിടികിട്ടി; സുന്ദരിയുടെ
അഴിഞ്ഞാട്ടമല്ലേ, അതിന് പരിഹാരമല്ല!'
'എടോ കുതിരക്കണാരാ...
തനിക്ക് വല്യ നിശ്ചയമില്ല്യെങ്കി അവ്‌ടെ
മിണ്ടാതിരിക്ക്യ' - വത്സലന്‍ വലിഞ്ഞ്
കയറിയത് തിരുമേനിയ്ക്ക് ബോധിച്ചില്ല.
'അല്ല പ്രസിഡന്റേ, ആ
ദുര്‍നടപ്പിനെതിരെ നിങ്ങള്‍ക്ക് പഞ്ചായത്തില്‍ പ്രമേയം പാസാക്കിക്കൂടേ!'
വത്സലന്‍ ഒഴിയാബാധയായി.
'നീയെന്താ വത്സലാ,
നമ്പൂതിരി മാഷെപ്പോലെ പറയുന്നത് !'
'അദെന്ന്യാ പറേന്നത്;
ഓളെ ഇബ്ട്ന്ന് പറത്തണം' -
ഇമ്പിച്ചിയും കൂട്ടത്തില്‍ ചേര്‍ന്നു.
'നിങ്ങള്‍ കരുതും പോലെ,
ഒരു വിധവയെ നാട്ടില്‍ നിന്ന് തുരത്താനൊന്നും കഴിയില്ല;
പോരാത്തതിന് ഇത്തരക്കാരികളുടെ
സംഘടനയും ശക്തമാണ്'- രാമനുണ്ണി
സ്വരത്തില്‍ പരമാവധി വ്യക്തത നിറച്ചു.
'ബേഗം ബന്നോളീ; ഏമാനന്‍മാര് ഓരോന്നായി കെടന്നോളിന്‍'-
സുന്ദരി പുച്ഛത്തോടെ കാറിത്തുപ്പി.
'അശ്രീകരം! തന്നെ
ഉപദേശിച്ചിട്ട് ഗുണോല്യാന്നറിയാം;
ഞങ്ങള്‍ ശ്രമിച്ചില്യാന്ന് വേണ്ട,
അത്രേയുള്ളൂ'- തിരുമേനി ഗൗരവം
നടിച്ചു.
'അല്ലെടോ അനക്ക്
ഏതേലും തൊരത്തിന് പൊയ്ക്കൂടേ;
കുണ്ടന്‍മാരെ ബെടക്കാക്കാണ്ട് !'
പെട്ടിപ്പുറത്തെ കൂറയെ
നോക്കുമ്പോലെ സുന്ദരി ഇമ്പിച്ചിയെ
നോക്കി.
'സുന്ദരീ, പഞ്ചായത്തിന്റെ
തീരുമാനം ശ്രദ്ധിയ്ക്ക്: ഈ ചെറ്റപ്പുര മാറ്റി,
ഇതേ സ്ഥലത്ത് അടച്ചുറപ്പുള്ള വീട്;
തീപ്പെട്ടിക്കമ്പനിയില്‍ നിനക്ക് സ്ഥിരം
ജോലി, എന്ത് പറയുന്നു?'
'അങ്ങന്യെങ്കി അങ്ങനെ'
'അങ്ങനെ കൊങ്ങനേന്ന്
പറഞ്ഞാപ്പോര; മാനമര്യാദിയ്ക്ക് ജീവിക്കണം, മനസ്സിലായോ?' വത്സലനും
ഉത്തമനായി.
'ഒക്കെ ഓക്ക് ബോധ്യായി;
ഓള് ബൗസായിറ്റ് ജീവിക്കും, ഉമ്മക്ക്
പോവ്വാ..'
അവര്‍ മുറ്റത്തിറങ്ങി.
അപ്പോള്‍ അപൂര്‍വഭാവത്തില്‍,
ചൂണ്ട് വിരല്‍ മുഴുവന്‍ സദാചാരികള്‍ക്കും
നേരെ ചൂണ്ടി; മുമ്പൊരിക്കലും
പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ഭാഷാസ്ഫുടതയോടെ
സുന്ദരി ചോദിച്ചു - 'അല്ല തമ്പ്രാക്കന്‍മാരേ,
അപ്പോള്‍ എന്റെ രതി ആര് നിര്‍വഹിക്കും?'
0 Comments