ആകാശത്തിന്റെ ചുവപ്പിലുള്ള ഒരു സാരി മതി എന്തേ വാങ്ങിത്തരാന്‍ പറ്റുമോ ?
ആകാശത്തിന്റെ ചുവപ്പോ !
ഞങ്ങള്‍ടെ ആകാശത്തിന്റെ നിറം നീലയാണല്ലോ !
ചുവപ്പ് എന്തൊരു നിറവാ ! പ്രണയത്തിന്റെ , രക്തത്തിന്റെ , വിപ്ലവത്തിന്റെ , മരണത്തിന്റെ അടയാളം.
കുട്ടി, ഇവിടെ ആദ്യമായിട്ടാണോ ?
ആയമ്മയുടെ ചോദ്യത്തിന് അതെയെന്നും അല്ലായെന്നും എനിക്ക് പറയണമെന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയെന്ന പോലെ അവരെന്നെ അടുക്കലേക്ക് വിളിച്ചു.
അരവിന്ദന്റെ ?
അതെ !
കുഴമ്പിന്റെയും രസായനത്തിന്റെയും മണം തളംകെട്ടിനിക്കുന്ന ഒറ്റ ജനാലയുള്ള ആ മുറിയില്‍ ഇരുന്ന് ആയമ്മ മുറുക്കാന്‍ തുടങ്ങി.
വെറ്റില ചുവപ്പിന്റെ ഭംഗി ഞാനാദ്യം അറിഞ്ഞു. ആയമ്മയുടെ വെള്ളക്കല്ല് മൂക്കുത്തിയെക്കാളും തിളക്കം വെറ്റിലച്ചോപ്പിനുണ്ടായിരുന്നു.
ഈ കാണുന്ന പുസ്തകങ്ങളൊക്കെ ആയമ്മ മേടിച്ചതാണോ ?
ഇത് മാത്രമല്ല ആ കട്ടില്‍ക്കീഴെയിരിക്കുന്ന പെട്ടികള്‍ നിറച്ചും പൊസ്തകങ്ങളാ !
എന്റെ ചോദ്യത്തിനുള്ള ഉത്തരം അപൂര്‍ണ്ണമായി തുടര്‍ന്നു.
കുട്ടിക്ക് ഏതാപ്പീസിലാ ജോലി ?
ട്രഷറീലാ
എന്റെ ആള്‍ക്കും ട്രഷറീലായിരുന്നു ഉദ്യോഗം !
'ഏത് ആള് ? ' എന്ന് തിരിച്ചു ചോദിക്കാന്‍ വന്ന എന്റെ നാവ് കുഴഞ്ഞുവീണ പോലെ ഉള്ളിലേക്ക് വലിഞ്ഞു.
തലയ്ക്കുമുകളില്‍ ഇതെല്ലാം കേട്ട് , ആരോടൊക്കെയോ ഉച്ചത്തില്‍ പിറുപിറുത്തുകൊണ്ട് ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു
കുട്ടി വായിക്കുമോ ?
ചെറുതായിട്ട് !
അപ്പോഴതാ കട്ടിലിനടിയില്‍ മയങ്ങുന്ന പച്ച മങ്ങാത്ത പെട്ടിയില്‍ നിന്നും മങ്ങിയ ഒരു മാതൃഭൂമി പത്രം എനിക്ക് നേരെ നീളുന്നു .
ഇത് ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചതിനു ശേഷമുള്ള മാതൃഭൂമിയാ ! അവരുടെ ജീവിതം മുഴുവന്‍ ഉണ്ട് ഇതില്‍ . നേരം പോലെ വായിക്കണം.
വായിക്കാം ആയമ്മേ .
സാധാരണ പുതുപെണ്ണുങ്ങള്‍ക്ക് സംസാരം ഉണ്ടാവില്യ ! കല്യാണം കഴിയുന്നതോടെ ശബ്ദവും പോകും.
ഈ ആഴ്ച്ചപ്പതിച്ച് വായിച്ചു കഴിഞ്ഞ് തിരികെത്തരാന്‍ എത്തുമല്ലോ അല്ലേ ?
ഉവ്വ്, വരും
എന്തൊരു ആഞ്ജാശക്തിയുള്ള ശബ്ദം !
ഒറ്റജനാലയാണുള്ളതെങ്കിലും അതില്‍ക്കൂടെ ധാരാളം കാറ്റ് ഉള്ളില്‍ കടക്കുന്നപോലെ എനിക്ക് തോന്നി . കാറ്റിന്റെ ഓരോ നിസ്വനങ്ങളും ആ മുറിയില്‍ കൂട്കൂട്ടിയിട്ടുണ്ടെന്നപോലെ , ആ മുറിയുടെ അധിപയായി പാലയ്ക്കാ കമ്മല്‍ അണിഞ്ഞ ഒരു സ്ത്രീ രൂപവും ! അവരെ നോക്കി ഏറെ നേരം നില്‍ക്കാന്‍ എനിക്ക് തോന്നിപ്പോയി.
അസാമാന്യ സൗന്ദര്യമുള്ള പട്ടുടുത്ത ഭഗവതി !
പിന്നീടും പലതവണ ഞാന്‍ ആയമ്മയുടെ ഡയറിത്താളുകള്‍ അവരറിയാതെ മറിച്ചു നോക്കാന്‍ ചെല്ലുമായിരുന്നു. അതിനിടയിടയില്‍ ഭഗവത് ഗീതയിലും മൂലധനത്തിലും ഇത്രയും അറിവ് അവര്‍ക്ക് എങ്ങനെ കിട്ടിയെന്നോ , ട്രഷറിയില്‍ ഉദ്യോഗമുള്ള ആളാരാണെന്നോ എന്താണ് ആകാശത്തിന്റെ ചുവപ്പ് എന്നൊന്നും ചോദിച്ചറിയാന്‍ ഞാന്‍ മെനക്കെട്ടില്ല.
ഒരിക്കല്‍ ഒരുപാട് വായിക്കുന്നത് പെണ്ണുങ്ങള്‍ ചേരുന്നതല്ല എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആകാശത്തിന്റെ നിറം ചുവന്ന പോലെ എനിക്കും തോന്നി ! പിന്നീട് കുട്ടികളെ നോക്കാന്‍ ജോലി രാജിവെപ്പിച്ചപ്പോള്‍ എന്റെ ശബ്ദവും ഇടറി, നേര്‍ത്ത് നേര്‍ത്ത് വന്നു, എപ്പോഴോ അത് ഇല്ലാതെയായി !
മരിച്ച് മണ്ണടിഞ്ഞ് പടിഞ്ഞാറെത്തൊടിയിലെ ഒരു കോണില്‍ മുറിച്ചുമാറ്റപ്പെട്ട ആല്‍മരത്തിന്റെ അറ്റുപോവാത്ത ഒരു വേരായി ആയമ്മ തുടരുന്നുണ്ട് , ആ വേരോട് ചേരാന്‍ ഞാനും !
ആകാശത്തിന്റെ ചുവപ്പോ !
ഞങ്ങള്‍ടെ ആകാശത്തിന്റെ നിറം നീലയാണല്ലോ !
ചുവപ്പ് എന്തൊരു നിറവാ ! പ്രണയത്തിന്റെ , രക്തത്തിന്റെ , വിപ്ലവത്തിന്റെ , മരണത്തിന്റെ അടയാളം.
1 Comments
നന്നായിട്ടുണ്ട് 👍
ReplyDelete