പഠിക്കണം കുട്ടീ © ഡോ.നിലീന

padikkanam-kutty-dr-nileena


രസിക്കണം കുട്ടീ നോക്കി രസിക്കണ -
മിച്ചെടികളും പുഴകളും കടലുമാക്കുന്നു-
കളൊക്കെയുമൊറ്റക്കു കണ്ടു രസിക്കണം നീ.
നോക്കണം കുട്ടീ മാനത്തു നോക്കണം
നീലവിരിപ്പിട്ട മാനത്തു തെന്നുന്ന വെണ്‍
മേഘങ്ങള്‍ നോക്കി യിരിക്കണമൊറ്റക്ക്.
ആടി രസിക്കണം കുട്ടീ മന്ദസമീരനില്‍
ചാഞ്ചാടും തൈത്തെങ്ങിന്‍ പീലികള്‍ കണ്ടു നീ 
മേഘനാദാനുലാസിപോല്‍ മാനസ പീലിവിടര്‍ത്തണ മൊറ്റക്ക്.
തുറക്കണം കുട്ടീ നീള്‍മിഴിയിതളുകള്‍
വശ്യമോഹനമാമതില്‍ നിറക്കണം നീയാ
വിശ്വ വിസ്മയക്കാഴ്ചകളൊക്കെയും.
പറക്കണം കുട്ടീ നീയീ വാടിയിലാകവേ
നുകരണം ജീവിത തേന്‍തുള്ളികളാവോളം,
എന്നിട്ടു പാറിപ്പറന്നുല്ലസിച്ചു മരിക്കണം.
ചിരിക്കണം കുട്ടീ ചിരിക്കുവാന്‍ പഠിക്കണം
നിന്നിലെ നിന്നെ നോക്കി നിന്‍ വിഡ്ഢിത്ത-
മോരോന്നോര്‍ത്തോര്‍ത്തു ചിരിക്കണമൊറ്റക്ക്.
നടക്കണം കുട്ടീ നടക്കുവാന്‍ പഠിക്കണം
സ്വജീവിതപ്പാതകളൊറ്റക്കു താണ്ടുവാന്‍ ത്രാണി-
യുണ്ടാകണം, അതെത്രയോ ദുര്‍ഘടമെന്നു വരുകിലും.
പുരട്ടണം കുട്ടീ.... കണ്ണുനീരുപ്പു പുരട്ടണം
നിന്‍ മുറിവുകളിലൊക്കെയുമെന്നിട്ടാ
നീറ്റലില്‍
ഉണക്കണമൊറ്റക്കാ മുറിവുകളാകെയും.
നീന്താന്‍ പഠിക്കണം, പ്രാരാബ്ധ പ്രളയത്തില്‍
ഒരു കച്ചിത്തുരുമ്പിനായ് കേഴാതിരിക്ക, നീ -
യൊറ്റക്ക് തന്നെ നീന്തിക്കരേറണം കുട്ടീ.
പാഠങ്ങളാക്കണം നീ വീഴ്ചളെല്ലാമേ
വീഴ്ച വരുത്താതെ സ്വായത്തമാക്കണം കുട്ടീ
ജീവിത വിജയത്തിന്‍ പടവുകളോരോന്നായ്.




Post a Comment

1 Comments