നിലാവ് പൊഴിയുമ്പോള്‍ © ഗംഗാദേവി.കെ. എസ്

nilavu-pozhiyumpol


ലക്ഷ്മി രാമസ്വാമി പേരുകേട്ട സംരംഭകയാണ്. അവരുടെ ജീവിതം പക്ഷേ അവര്‍ ചര്‍ച്ചയ്ക്ക് ഇട നല്‍കിയില്ല. പ്രഭാതത്തില്‍ തന്നെ കുളിയും യോഗയും സൂര്യനമസ്‌കാരവും. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധാലു . പൂര്‍ണ്ണ സസ്യഭുക്ക്. അഴകുള്ള മുഖത്ത് പുട്ടിയിട്ട് അലങ്കാരങ്ങള്‍ ഒന്നും ചെയ്യാറില്ല. വലിയ വട്ട പൊട്ടും ചന്ദനവും. സാരിയുടുപ്പിലും പ്രത്യേകതയുണ്ട്. കോട്ടണ്‍ സാരി ഗാന്ധി ഖദര്‍ അല്ല. ഇളം നിറങ്ങള്‍. ഇന്ദിരാജിയുടെ രീതിയില്‍ വാച്ച് കെട്ടിയിരിക്കുന്നു. ഇപ്പോള്‍ ഇവരെക്കുറിച്ച് ഒരു രൂപം കിട്ടിയില്ലേ. രഘുറാമിന് കൊടുത്ത വിവരണം കേട്ട് അയാള്‍ അന്ധാളിച്ചു.

 രംഗനാഥ് മിശ്ര നടത്തുന്ന സഹേലി യില്‍ ആണ് ലക്ഷ്മി താമസിക്കുന്നത്. അവരുമായി ഒരു അഭിമുഖത്തിന് വന്നതാണ് രഘു. തന്റെ യൂട്യൂബ് ചാനലിന്റെ തുടക്കം ഇത്തരം സ്ത്രീ രത്‌നങ്ങളാകണം എന്ന ചിന്തയില്‍ എത്തിയതാണ്. അയാള്‍ വരുന്നതിനുമുമ്പ് അവര്‍ പോയി. അവരെക്കുറിച്ച് അവിടെ യുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയിട്ടാവാം അഭിമുഖം എന്നു കരുതി. അതിനുള്ള ഉത്തരം കിട്ടി. ഞാന്‍ നാളെയെത്താം എന്നു പറഞ്ഞ് അവന്‍ നടന്നു.

ഗൗരവമെങ്കിലും മുഖത്ത് ഒരു ചിരി ബാക്കി നിര്‍ത്തിയിട്ടുണ്ടാവും ലക്ഷ്മി എപ്പോഴും.അധികം സംസാരമില്ല: അതുപോലെ വാശിയും ഇല്ല. താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അവര്‍ക്ക് നല്ല ബോധം ഉണ്ട്. വളരെ ചിട്ടയോടെ യാണ് അവര്‍ ജീവിക്കുന്നതും. ഒരു അതിഥി മന്ദിരത്തില്‍ ജീവിക്കുന്ന ബിസിനസ്സുകാരി . വൈകിട്ട് അവര്‍ എത്തിയപ്പോള്‍ തന്നെ സുദക്ഷിണ രഘുറാമിന്റെ കാര്യം അവതരിപ്പിച്ചു. സുദക്ഷിണ അവിടുത്തെ റിസപ്പ് ഷണി സ്റ്റാണ്. ഒരു യൂട്ടൂബു കാരന്‍ അഭിമുഖത്തിനു വരുമ്പോള്‍ അയാള്‍ തന്റെ ചാനലിന്റെ റെയിറ്റിങ്ങിന് വേണ്ടതാവും നോക്കുക .  അത് ഓര്‍ത്തതിനാലാവും ഒരു നല്ല ഹാസ്യം തന്നെ അവരുടെ വാക്കുകളില്‍ നിന്ന് പൊഴിഞ്ഞു. ' അതിഥി മന്ദിരത്തില്‍ താമസിക്കുന്ന ബിസിനസ്സുകാരി എന്നാവും തലകെട്ട്'' എന്നു പറഞ്ഞ് ചിരിച്ചിട്ട് തുടര്‍ന്നു. ' ഇനി അയാള്‍ വന്നാല്‍ അഭിമുഖത്തിനു താല്പര്യമില്ല എന്ന് പറഞ്ഞേക്കൂ' സുദക്ഷിണ 'ശരി അങ്ങനെ പറയാം ' എന്ന് ഭവ്യതയോടെ പറഞ്ഞു. പതിവുപോലെ ഭക്ഷണം നേരത്തെ കഴിച്ച് തന്റെ മുറിയുടെ പുറത്തുള്ള ബാല്‍ക്കണിയില്‍ വന്നു നിന്നു. നിലാവ് പൊഴിക്കാന്‍ തെയ്യാറാവുന്നതെയുള്ളൂ ചന്ദ്രന്‍. തന്റെ മുറിയിലെ കൃഷ്ണ ചിത്രത്തിന്റെ മുമ്പില്‍ വച്ച വിളക്ക് പടും തിരി ആയിത്തീരണ്ട എന്നു കരുതി അത് അണച്ചു. അവര്‍ ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി നില്‍ക്കുകയാണ്. മനസ്സ് പല ചിന്തകളിലും തന്റെ ബിസിനസ്സ് ഒരു പുഴ പോലെ ഒഴുകി കൊണ്ടിരിക്കുന്നു. തന്റെ വിജയങ്ങള്‍ ആഘോഷങ്ങള്‍ ആക്കാറില്ല അതിനാല്‍ അഭിമുഖങ്ങള്‍ താല്പര്യമേ ഇല്ല. ആ ചാനലുകാരനെ കണ്ടിട്ടില്ല പക്ഷേ ആ പേര് ' ; അവരുടെ മനസിനെ വല്ലാതെ അലോസരപ്പെടുത്തി കൊണ്ടിരുന്നതിനാല്‍ രാത്രി ഉറങ്ങാന്‍ സാധിച്ചില്ല. ലക്ഷ്മി തന്റെ പുലരി ഉന്മേഷത്താല്‍ തന്നെയാണ് തുടങ്ങിയത്. എന്നാല്‍ ആ മുഖത്ത് പുഞ്ചിരി കുറവായിരുന്നു. അതിനാലാവും സിന്ദൂരി ചായയുമായെത്തിയപ്പോള്‍ 'എന്താ മാഡം എന്തേലും വയ്യാഴികയുണ്ടോ?' അവരുടെ ചോദ്യത്തിന് ഇല്ല എന്ന് തലയാട്ടുക മാത്രമേ ചെയ്യ് തുള്ളു. അവര്‍ പറഞ്ഞിട്ടാവും  സിന്ധു ബി. പി. ടെസ്റ്റ് ചെയ്യാന്‍ വന്നത്. എന്ത് ടെസ്റ്റ് ചെയ്യ്താലും തന്റെ മനസ്സിന്റെ ഭാരം കുറയില്ലല്ലോ എന്ന് ലക്ഷ്മി ഓര്‍ത്തു. ' ഇന്ന് ഞാന്‍ ഓഫീസില്‍ പോകുന്നില്ല. ' എന്നു പറഞ്ഞ് പുഴയില്‍ നിന്ന് വീശുന്ന കാറ്റു മേറ്റ്പവിഴമല്ലി ചോട്ടിലെയ്ക്ക് നീങ്ങിയത്.

അവിടെയ്ക്ക് ഒഴുകിയെത്തിയ കാറ്റില്‍ പൊഴിഞ്ഞ പവിഴമല്ലിപ്പൂക്കള്‍ ലക്ഷ്മിയുടെ മടിയിലേയ്ക്ക് വീണു. അവയെ കൈയ്യിലെടുത്ത് അനന്തതയിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ നാല്‍പതിന്റെ തിളക്കത്തിലേയ്ക്ക് ഓടിപ്പോയി..' നമ്മള്‍ ഉന്നത കുലസ്ഥര്‍ ആ ചിന്തയില്ലാതെ എന്താ കുട്ടി. ' അച്ഛന്റെ ദയനീയ ശബ്ദം . 'ഏട്ടാ അവളുടെ ഇഷ്ടം നടക്കട്ടേ.നമ്മള്‍ക്ക് വേണ്ട രീതിയില്‍ നടത്തി കൊടുക്കാം ' അമ്മാവന്‍ ശബ്ദം ഇടറിപ്പറയുമ്പോള്‍ നഷ്ടബോധത്തിന്റെ വേദന രാം കുമാറിന്റെ മുഖത്ത് കാണാനുണ്ടായിരുന്നു. കളിക്കൂട്ടുകാരി തന്നെ സ്‌നേഹിച്ചില്ല : പക്ഷേ ഞാന്‍ സ്‌നേഹിച്ചു. അവള്‍ അറിഞ്ഞില്ല; അല്ല താന്‍ പറഞ്ഞില്ല. അതിനാല്‍ അമ്മാവന്‍ പറഞ്ഞതിനോട് മൗനമായി സമ്മതിച്ചു. അങ്ങനെ പ്രണവിനെ കാഞ്ഞിരംകുളം ദേവിയുടെ തിരുമുറ്റത്ത് താലി കെട്ടി. ആ നിമിഷങ്ങള്‍ ഓര്‍ത്തപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ കണ്ണു നിറഞ്ഞു. ആദ്യ കുട്ടി രാംമിന്റെ പേരിടാന്‍ തീരുമാനിച്ച് രഘുറാം എന്നു പേരിട്ടു. ആ യൂട്യൂബ് കാരന്റെ പേര് അതാണ് ലക്ഷ്മിയുടെ ഉറക്കം കെടുത്തിയത്. വെയില്‍ പതുക്കെ ചൂടുപിടിച്ചു തടങ്ങി. കാറ്റിനും ചെറിയ ചൂട്. തന്റെ മുറിയിലേയ്ക്ക് കയറിയേക്കാം. മുറിയിലേയ്ക്ക് നടക്കുമ്പോള്‍ നല്ല തണുത്ത നാരങ്ങാവെള്ളം ലീലാമ്മ കൊണ്ടു കൊടുത്തു. നല്ല ചിരിച്ച മുഖം എന്തോ ചോദിക്കാന്‍ വെമ്പുന്ന ചുണ്ടുകള്‍. പക്ഷേരണ്ടു പേരും ഒന്നും പറഞ്ഞില്ല. ലക്ഷ്മി മുറിയിലെ ബാല്‍ക്കണി വാതില്‍ തുറന്നിട്ട് കട്ടിലില്‍ കിടന്നു.

 മുത്തുമണിയെ കണ്ണ് എഴുതിച്ച് ഒരുക്കി നിര്‍ത്തിയിട്ട് താന്‍ ഒരുങ്ങാന്‍ മുറിയിലേയ്ക്ക് കയറാറ്. എന്നും അങ്ങനെയാണ്. പക്ഷേ പ്രണവ് വന്നതറിഞ്ഞില്ല. ആ വീഡിയോ കോള്‍. പഴയ ഓര്‍മ്മകള്‍ വേണ്ട പലവട്ടം മനസ്സില്‍ പറഞ്ഞു. പക്ഷേ മനസ്സ്........ കട്ടിലില്‍ നിന്ന് എഴുന്നേറ്റു ബാല്‍ക്കണിയിലേയ്ക്ക് ഇറങ്ങി. ഇന്ന് പ്രണവ് എവിടയാണ്.?. മക്കള്‍ ? വര്‍ഷം 33കഴിഞ്ഞു.  അവിടുന്നു പോന്നിട്ട് ഇതുവരെ ആരെക്കുറിച്ചും ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല . മക്കളെ ഓര്‍ത്ത് വിഷമിച്ചിട്ടില്ല. ഇപ്പോള്‍ എന്തേ പുറകോട്ടു മനസ്സു പോകാന്‍ .മാത്യുവിന്റെ വരവ് തന്റെ മനസ്സിനെ ഉലയിച്ചു. അത് പ്രണവ് അകലുന്നു എന്ന സംശയത്തില്‍ നിന്നാണ്. മാത്യുവിന്റെ സ്‌നേഹ സൗഹൃദം രഘുറാമിനെയും മുത്തുമണിയെയും പ്രണവിനെയും തന്നില്‍ നിന്ന് അകറ്റി. പിന്നെ കോടതിയും വേര്‍പിരിയലും മാത്യുവിനെ വിവാഹം കഴിക്കലും, വെറും രണ്ടു വര്‍ഷം നീണ്ട വിവാഹജീവിതം. മാത്യുവും അകന്നു പക്ഷേ ഒരു ഗുണം മാത്രം ഈ ബിസിനസ് രീതി പഠിപ്പിച്ച് ഇത് തന്നിട്ട്. തിരിഞ്ഞു നോക്കാതെ മുന്നേറൂഎന്ന ഉപദേശവും. കതകില്‍ മുട്ടു കേട്ടു. ഭിത്തിയിലെ ക്ലോക്കില്‍ ഒന്നാവുന്നു. ഓ സമയം പോയത് അറിഞ്ഞില്ല. ' മാഡം ഭക്ഷണം!' ഊണുമുറിയിലേയ്ക്ക് ചെന്നു. പലരും അത്ഭുതത്തോടെ നോക്കി. ചുക്കിനാനി വളരെ സന്തോഷത്തോടെ നോക്കിയിട്ട് ഹിന്ദിയില്‍ തുടങ്ങി. ' ഇന്ന് അവധി എടുത്തു അല്ലേ ; നന്നായി. ഇടയ്ക്ക് വെറുതെയിരുന്ന് കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കണം ഞാന്‍ എന്തായിരുന്നു എന്നു മനസ്സിലാകും '.' അതെ , നാനി എന്നു പറഞ്ഞ് ചിരി വരുത്തിച്ച് അവര്‍ക്ക് എതിരെ ഒഴിഞ്ഞു കിടക്കുന്ന കസേരയില്‍ ഇരുന്നു. ഒന്നോ രണ്ടോ പേരെ ഇവിടെ ജോലിക്ക് പോകുന്നവരുള്ളു. പലര്‍ക്കും വേദനകളുടെ ഒത്തിരി കഥകള്‍ പറയാനുണ്ട്. 

ഭക്ഷണം കഴിഞ്ഞ് ഇറയത്തെ ടീപ്പോയില്‍ കിടക്കുന്ന പല ഭാഷാ പത്രങ്ങള്‍ മറിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നു. ' നമസ്‌ക്കാരം മാതാജി ; ലക്ഷ്മി മാഡം അല്ലേ എന്ന് മലയാളം കലര്‍ന്ന ഹിന്ദിയില്‍ ചോദിച്ചു. അതു കേട്ടപ്പോള്‍ ചിരി വന്നു. അതെ എന്നു തലയാട്ടി ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. അയാള്‍ തന്റെ ക്യാമറയും മൈക്കും സെറ്റു ചെയ്തു. എന്തോ ആ ചെറുപ്പക്കാരനോട് ഒരു സ്‌നേഹം തന്റെ യുളളില്‍ നിറയുന്നത് ലക്ഷ്മി അറിയുന്നുണ്ടായിരുന്നു. ' എടോ ! എന്തായിത് ഇന്നലെ തന്നോട് പറഞ്ഞതല്ലേ.' ദാക്ഷായണി ഹിന്ദിയില്‍ വഴക്കുപറയാന്‍ തുടങ്ങി. പക്ഷേ അവന്‍ ഒരു ഭാവഭേദവും ഇല്ലാതെ തന്റെ പരുപാടിക്ക് തയ്യാറായി. 'ഒരു സംരംഭക എന്ന നിലയില്‍ താങ്കങ്ങള്‍ എന്നേപ്പോലുള്ളവര്‍ക്ക് എന്ത് സന്ദേശം ആണ് തരുക ' എന്ന ചോദ്യത്തോടെയാണു തുടങ്ങിയത്. ബിസിനസ്സ് വിജയ രഹസ്യത്തെക്കുറിച്ചാണ് ചോദിച്ചത്. തന്റെ നാടോ ഭൂതകാലമോ അവന്‍ ചികഞ്ഞില്ല എന്നത് ലക്ഷ്മിയെ സന്തോഷിപ്പിച്ചു. എല്ലാം കഴിഞ്ഞ് തന്റെ സാമഗ്രികള്‍ വളരെ ശ്രദ്ധയോടെ വയ്ക്കുന്നത് നോക്കി ലക്ഷ്മി ഇരുന്നു. അവന്‍ ഇറങ്ങുമ്പോള്‍ ഒരു നിമിഷം നില്‍ക്കു എന്നാ വശ്യപ്പെട്ട് ലക്ഷ്മി തന്റെ മുറിയിലേയ്ക്ക് പോയി. വേഗം തിരിച്ചു വന്നു. അവരുടെ ഓഫീസ് കാര്‍ഡ് കൊടുത്തു. ' നാളെ ഓഫീസിലേയ്ക്ക് വരു: ഗിവ് മീ യുവര്‍ സി.വി ' എന്നു പറഞ്ഞ് ലക്ഷ്മി തന്റെ മുറിയിലേയ്ക്ക് നടന്നു.

 വൈകിട്ട് ചായ കുടിക്കാന്‍ വിളിക്കുമ്പോഴാണ് ഉണര്‍ന്നത്. വല്ലാത്ത ശാന്തത ഉള്ളിലും അവരുടെ മുഖത്തും ഉണ്ടായിരുന്നു. രഘുറാം ആര എന്താ എന്നൊന്നും അറിയില്ല. പക്ഷേ അവന്റെ സംസാരവും ചലനങ്ങളും ലക്ഷ്മിയെ ഒന്നുലച്ചു. 

രാവിലെ നേരത്തെ ഉണര്‍ന്നു. പതിവു ചിട്ടകള്‍ വളരെ ശ്രദ്ധയോടെ ചെയ്തു. മനസ്സില്‍ വല്ലാത്ത ഒരു സന്തോഷം. പുലരിയ്ക്ക് ഇത്ര ഭംഗിയുണ്ടെന്നു തോന്നിയിട്ടില്ല. ഓഫീസിലേയ്ക്ക് പോകുന്ന പതിവ് ഓട്ടോ ക്കരന്‍ ഗെറ്റില്‍ എത്തുന്നതിന് മുമ്പ് ലക്ഷ്മി വണ്ടി കാത്തുനിന്നു കഴിഞ്ഞു. ഇന്നലെ ചെല്ലാത്തിതിനാല്‍ തീര്‍ക്കാനുള്ള പേപ്പറുകള്‍ വേഗം നോക്കി. വരുമെന്ന പ്രതീക്ഷയാല്‍ ഇടയ്ക്കിടയ്ക്ക് വാതിലില്‍ ശ്രദ്ധയോടെ നോക്കി. 'ആരെയെങ്കിലും മാഡം പ്രതീക്ഷിക്കുന്നുവോ ' മലയാളിയായ രാഹുല്‍ ചോദിച്ചു. 'ഉം  .... ഒരാളെ ഇന്ന് നിയമിക്കാനുണ്ട്, ' ചിരിച്ചുകൊണ്ട് പറഞ്ഞു. ആകെ മലയാളം സംസാരിക്കുന്നത് അവനോട് മാത്രം. വൈകിട്ട് നാലിന് പ്രതീക്ഷ അസ്തമിച്ചപ്പോള്‍ അവന്‍ വിയര്‍ത്തു കുളിച്ച് എത്തി. പുഞ്ചിരിയോടെ അവര്‍ അവനോട് ഇരിക്കാന്‍ ആംഗ്യം കാട്ടി. തന്റെ കൈയ്യിലെ ഫയല്‍ ലക്ഷ്മിയുടെ മുമ്പില്‍ വച്ചു. ' രാവിലെ വരാതിരുന്നതെന്തേ?' എന്ന് ചോദിച്ചപ്പോള്‍ 'എപ്പോള്‍ വരണം എന്ന് മാഡം പറഞ്ഞില്ല എന്ന് അണപ്പോടെ പറഞ്ഞു. അവന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഓരോന്നും നോക്കുമ്പോള്‍ പ്രകാശ പൂരിതമായി. സി. വി. നോക്കുമ്പോള്‍ മനസ്സ് വല്ലാതെ മിടിച്ചു. ഫാദര്‍ : പ്രണവ് . മദര്‍ : സോഫിയാ ഫര്‍ണാണ്ടസ് ! അത് വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു. അവന്‍ കാണാതിരിക്കാന്‍ ശ്രമിച്ചു. പുറത്തു നില്‍ ക്കുവാന്‍ പറഞ്ഞ് അവനെ ഇറക്കി. അയാള്‍ സോഫിയെ വിവാഹം കഴിച്ചു. ആ സൗഹൃദമാണ് മാത്യുവിലേയ്ക്ക് തന്നെ എത്തിച്ചത്. അവന്റെ സര്‍ട്ടിഫിക്കറ്റിലെവിടെയെങ്കിലും തന്റെ പേരുണ്ടാവണേ എന്ന് ലക്ഷ്മി ആഗ്രഹിച്ചു. പക്ഷേ... ഞാന്‍ എന്തിനു വിലപിക്കണം എന്ന് സ്വയം ചോദിച്ച്. മനസ്സിനെ ശാന്തമാക്കി. പത്തു മിനിറ്റ് കഴിഞ്ഞ് അവനെ വിളിച്ചു. ലക്ഷ്മി ഇങ്ങനെ തുടങ്ങി ' ഞാനും മലയാളിയാണ്. സോഫിയായ്ക്ക് 'അല്ല നിങ്ങള്‍ എത്ര മക്കള ?' ' ഊറിയ പുഞ്ചിരി തൂകി അവന്‍ പറഞ്ഞു. ' മാഡം മലയാളിയാണെന്നറിയാമായിരുന്നു. പിന്നെ ഞങ്ങള്‍ അഞ്ചു പേരാണ് '.പിന്നെ കുറച്ചു നേരത്തെ മൗനത്തിനു ശേഷം 'കുട്ടിയ്ക്ക് ഈ കമ്പിനിയില്‍ വര്‍ക്ക് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ നാളെമുതല്‍ വന്നു തുടങ്ങാം. യൂട്യുബ് ചാനല്‍ ഒരു സെഡ് ആക്കിയാല്‍ മതി. , ' 'മാഡത്തിന്റെ വാക്കുകള്‍ക്ക് നന്ദി; ഞാന്‍ തിരിച്ച് നാട്ടില്‍ പോവുകയാണ്. ഒരാളെ കാണാനായിട്ടാണ് വന്നത് . ഒന്ന് നിര്‍ത്തിയതിനു ശേഷം പതുക്കെ തുടങ്ങി. കണ്ടു ഇനി പോവ  എന്റെ അനിയത്തിയുടെ വിവാഹമാണ്. അതിനാല്‍ പോകണം' അവന്‍ പിന്നെ നിന്നില്ല. ഇറങ്ങി ഒന്നു തിരിഞ്ഞു പോലും നോക്കാതെ വേഗം നടന്നു. അവന്‍ പോകുന്നതും നോക്കി ലക്ഷ്മി അങ്ങനെ നിന്നു. ' മാഡം അഞ്ചു മണി കഴിഞ്ഞു. ഓട്ടോക്കാരന്‍ കാത്തു നില്‍ക്കുന്നു. ' ആ ശബ്ദം മരവിപ്പില്‍ നിന്ന് അവരെ ഉണര്‍ത്തി. ഒരു പാവയെ പോലെ അവര്‍ നിര്‍വികാരതയോടെ നടന്നു.

Post a Comment

0 Comments