പെണ്‍ദിനം © ബിന്ദു ഷിജുലാല്‍



സ്വാതന്ത്ര്യം 
സമത്വം 
നീതി 
കേള്‍ക്കാനെത്രയിമ്പമാണ് 
പലയിടങ്ങളിലുമിപ്പോഴുമത് 
നാലു ചുമരിനുള്ളിലെ വിപ്ലവമാണ്.                  
വാതില്‍പ്പടിയോളം വിശാലമായ ഒന്ന്.

കുപ്പിയിലടച്ച കുന്നിക്കുരുപോലെ          
കുന്നോളം സ്വപ്നങ്ങള്‍. 
പ്രതീക്ഷയും, നിരാശയും പോലെ                     
വെളുപ്പിലും കറുപ്പിലും കാത്തിരിപ്പാണ്

വഴുവഴുപ്പാര്‍ന്നപ്രഹസനങ്ങളുടെ- 
നിരര്‍ത്ഥകതയില്‍ തെന്നിവീണ് 
കിടപ്പുണ്ട് കാഴ്ചപ്പാടുകള്‍.
തീയാവണം,                           
ചുട്ടെരിയ്ക്കണം
കനലാവണം,
കത്തിനില്‍ക്കണം
വാനോളമുണ്ട് 
വാക്‌ധോരണികള്‍
തീകെട്ട മനസ്സില്‍ ബാക്കിയാവുന്നത് 
കനല്‍ച്ചൂടിലെ ഉള്ളുപൊള്ളലുകള്‍.

കൂട്ടിക്കെട്ടിയ  
ചിറകുകള്‍ക്കന്യമായ ആകാശം                    
വാക്ദത്തഭൂമികയായി 
നില്‍പ്പുണ്ട് പലര്‍ക്കും.

ശതമാനത്തില്‍ തുലോം വിരളമായ 
സ്വാതന്ത്ര്യച്ചിറകുകള്‍    
ആകാശം തൊടുന്നുണ്ട്

മധുരം പൊതിഞ്ഞ 
കെട്ടുപാടുകളുടെ കണ്ണികളുരഞ്ഞ  
മുറിപ്പാടുകള്‍ ഉള്ള് പുകയ്ക്കുമ്പോള്‍   
പിന്നെയും പെണ്‍ദിനങ്ങള്‍ 
ബാക്കിയാകുന്നു.


Post a Comment

0 Comments