സ്വാതന്ത്ര്യം © ഗംഗ ശ്യാം




അങ്ങനെ, ചിന്തകള്‍ക്കൊടുവില്‍ നാരികളെല്ലാം ഒത്തുകൂടി.രാത്രിയാത്രയാണ് കാര്യം. സ്ത്രീകള്‍ക്ക് രാത്രി ഒറ്റക്ക് നടക്കാന്‍ നിവര്‍ത്തിയില്ല.ഈ രാവും നീശീഥിനിയും ഞങ്ങള്‍ക്ക് എന്തിന് നഷ്ടമാകുന്നു?.അടിച്ചമര്‍ത്തപ്പെടേണ്ടവളല്ല നാം.ചങ്ങള്‍ക്കെട്ടുകളാല്‍ ബന്ധിതമായോരീ കേശമഴിച്ചുവിടര്‍ത്തിയാടണം നാം.പ്രസംഗം കൊടുമ്പിരികൊള്ളവേ തലയാട്ടി സമ്മതം മൂളി ഗിരീജേടത്തിയും പങ്കാളിയായി.
ഗിരീജേടത്തിയിന്നു ബാങ്കില്‍ നിന്നെടുത്ത തൊഴിലുറപ്പിന്റെ കാശ് എന്ത്യേ?. കയ്യിലുണ്ടോ??അത് മൂപ്പര് അപ്പളന്നെ വാങ്ങീന്.
അടുക്കള തോട്ടത്തിലെ പച്ചക്കറി വിറ്റതോ??.
കുടുംബശ്രീന്റെ ലോണടവിനു മാറ്റി വെച്ച്. സ്വന്തമായി എന്തു വാങ്ങി? ഇമ്മള കാശുകൊണ്ട് ഒരു ചായ കുടി പോലും പറ്റില്ല. ആ പറച്ചിലിന് ഒരു ദുഃഖം നിഴലിച്ചിരുന്നു.
മോളുടെ കല്യാണം ഉറപ്പിച്ചല്ലോ? ചെക്കന്‍ എങ്ങനെ?
 നിക്ക് വലിയ താല്പര്യല്ല്യ.  എന്റെ വാക്ക് ആര് കേള്‍ക്കാന്‍? ഓള്‍ടെ ഇഷ്ടാണ് വീട്ടിലുള്ളാള്‍ക്കും.. നന്നായിരുന്നാ മതിയാര്‍ന്നു.
അപ്പൊ ഇങ്ങള വാക്കിനൊരു വെലേം ഇല്ലേ വീട്ടില്‍?
ഉള്ള് പിടഞ്ഞുപോയൊരു ചോദ്യം. അത് വക വെച്ച് കൊടുക്കാന്‍ തോന്നുന്നില്ല.
ഇണ്ട്.. വെലയിണ്ട്. ന്നേക്കാള്‍ വിവരം ഉള്ളോരല്ലേ അവരൊക്കെ. അതിന്റെ ഒരിത്. അത്രേയുള്ളൂ. വെലയൊക്കിണ്ട്..
അത് പറഞ്ഞപ്പോളേക്കും ഒച്ചയൊന്നിടറിയോ..
അതൊക്ക പോട്ടെ. മിനിഞ്ഞാന്ന് എന്തായിരുന്നു ഒച്ചപ്പാട്??
'ശ്വാസംമുട്ട് കലശലായിരുന്നേ.. രാത്രിയൊരു പോള കണ്ണടിച്ചീല. കാലത്തൊന്നു ഒറങ്ങി പോയി. എല്ലാരും പോണ്ടോരല്ലേ രാവിലേ..'
'ഇങ്ങള മോളൊരു വാല്യക്കാരി അല്ലെ? മരമുട്ടി പോലെ രണ്ടാണുങ്ങളും ഉണ്ട്. ഓരോട് ചെയ്യാന്‍ പറയണം '
'അയ്‌ലൊന്നും കാര്യല്ല്യ. ഞാന്‍ വേണം എല്ലാത്തിനും. സ്‌നേഹല്യാതോണ്ടല്ല. ഞാന്‍ ചെയ്യും പോലെ ആവൂല്ലല്ലോ... ഞാന്‍ പിന്നെന്തിനാ.. ഇതിനൊക്കെ തന്ന്യാ..'
ഗിരീജേടത്തി ഏതൊക്കെയോ ഓര്‍മ്മയില്‍ പിറുപിറുത്ത് കൊണ്ടിരുന്നു..
ചുരുക്കി പറഞ്ഞാല്‍ പുറത്തേക്കാള്‍ പ്രശ്‌നം അകത്താല്ലേ.. അധ്വാനിച്ചു ഉണ്ടാക്കുന്നതില്‍ നിന്നു അവകാശത്തോടെയെടുക്കാന്‍ നിര്‍വാഹമില്ല. കുടുംബനാഥയെന്ന് റേഷന്‍ കാര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും എടുക്കാന്‍ പറ്റില്ല. രോഗാവസ്ഥയിലും സമാധാനത്തോടെ വിശ്രമിക്കാന്‍ പറ്റുന്നില്ല. സ്വന്തം വീട്ടിനകത്തു കിട്ടാത്ത ഈ സ്വാതന്ത്ര്യത്തെക്കാള്‍ വലുതായി മറ്റെന്താണ് പുറത്തുള്ളത്??
അതൊരു ചോദ്യമായിരുന്നു. ഇന്ന് വരെ ആരും ചോദിക്കാത്തൊരു ചോദ്യം..
ഗിരീജേടത്തി തിരിഞ്ഞു നോക്കി. ആരാ ആ ചോദ്യത്തിന്റെ ഉടമസ്ഥന്‍?. ആരോടാ ഇത്ര നേരം സംസാരിച്ചേ??. ഏറ്റവും പുറകിലാണ് ഇരിക്കുന്നത്.. പിന്നെയാര?. ഒരു നുറുങ്ങു വെട്ടവും കൊണ്ട് നടക്കുന്നവന്‍ അതാ മുന്നില്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു. മിന്നാമിനുങ്.. അത് പറന്നു ചേച്ചിയുടെ തോളില്‍ വന്നിരുന്നു.
പറ ചേച്ചി.. സ്വന്തം വീട്ടില്‍ സ്വാതന്ത്ര്യത്തോടെ അധികാരത്തോടെ ഭയക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ?
ശരിയാണ് വീടിന്റെ നടുതളത്തില്‍ ഒത്ത നടുക്കാണ് താന്‍. എല്ലാവരില്‍ നിന്നും കാണാചാരടിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ആര് എങ്ങോട്ട് നടന്നാലും കൂടെ നടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി നടക്കാന്‍ ശ്രമിച്ചാല്‍ നാല് ദിക്കില്‍ നിന്നും വലിക്കപെടുന്നു. എങ്ങോട്ടും നീങ്ങാന്‍ വയ്യ. അകത്തില്ലാത്ത ഒരു സ്വാതന്ത്ര്യവും പുറത്ത് കിട്ടാനില്ല. വീടിനകത്തു ചേര്‍ത്തുപിടിച്ചു ഒന്നിച്ചു നടന്നാല്‍ പുറത്തും ഒന്നിച്ചു മുന്നോട്ടു നടക്കാം.
ഗിരീജേടത്തി എഴുന്നേറ്റ് പുറത്തേക്ക് നടന്നു.ഇപ്പോള്‍ വന്നത് തന്നെ പ്രസിഡന്റ് നിര്‍ബന്ധിച്ചിട്ടാണ്. തിരികെ ചെല്ലുമ്പോള്‍ കണ്ടറിയണം കാര്യങ്ങള്‍ 'ഇതെന്ത് പോകുവാണോ? പരിപാടി കഴിഞ്ഞില്ല.'. ഒരു മഹിളാമണി എഴുനേറ്റ് ചോദിച്ചു.
ഞാന്‍ പോട്ടെ പ്രസിഡണ്ടെ. അവിടെ എന്റെ നാല് ചുവരിനകത്തു എനിക്കായൊരിടമുണ്ടോ എന്ന് നോക്കണം. കയ്യടക്കി വെച്ചിരിക്കുന്ന എന്റെ ചിറകുകള്‍ തിരികെ വാങ്ങണം. ശേഷം ഞാന്‍ വരാം. ആകാശത്തിന്റെ അനന്തതയിലേക്ക് പറക്കാന്‍.. മേഘത്തിലൊളിക്കുന്ന നിലാവിനെ തിരയാന്‍.. സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാന്‍....
ഗിരീജേടത്തി തിരികെ നടക്കുമ്പോള്‍ നുറുങ്ങു വെട്ടം മിന്നിച്ചു മിന്നാമിനുങ് വാനിലേക്കുയുര്‍ന്നു....

Post a Comment

0 Comments