മനസ്സറിയാതെ... | കഥ | അനീഷ് പെരിങ്ങാല



മോര്‍ച്ചറിക്ക് മുന്‍പില്‍ സാമാന്യം നല്ല  തിരക്കുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം തുടങ്ങാന്‍ സമയമായിട്ടില്ല എങ്കിലും മുന്‍ഗണന ക്രമത്തില്‍ രണ്ട് മൂന്ന് ആംബുലന്‍സ് ക്യൂവിലുണ്ട്. ഖദറിട്ട രാഷ്ട്രീയക്കാരും ബോഡിയോടൊപ്പം വന്നിട്ടുള്ള നാട്ടുകാരുമൊക്കെ മതിലിലും വാഹനങ്ങളിലും ചാരി നിന്ന് വര്‍ത്തമാനം പറയുന്നു. ബോഡിയോടൊപ്പം വന്നിട്ടുള്ള അടുത്ത ബന്ധുക്കളുടെ മുഖത്ത് വിവേചിച്ചറിയാനാവാത്ത ഭാവം. പെട്ടെന്ന് മോര്‍ച്ചറിക്ക് മുന്‍പില്‍ ഒരു പോലീസ് ജീപ്പ് വന്നു നിന്നു, ജീപ്പില്‍ നിന്നും ഒരു അഡീഷണല്‍ എസ് ഐ  ഇറങ്ങി അറ്റന്‍ഡര്‍മാരും പോലീസുകാരും ഒക്കെ ഇരിക്കാറുള്ള ഹാളിലേക്ക്  വന്നു അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചു
 'ആ ഭദ്രന്‍ ഇവിടെയുണ്ടോ ?
 'കുറച്ചു മുമ്പേ ഇവിടെ ഉണ്ടായിരുന്ന സര്‍. 'പോലീസുകാരന്‍ ഇരിപ്പടത്തില്‍ നിന്നു .ചാടി എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു.
 എന്താ സര്‍.. പോലീസുകാരന്റെ  മുഖത്ത്  ജിജ്ഞാസ!
 'നാശം....എന്തോ പറയാനാ.. പോലീസിന് പണിപയുണ്ടാക്കാന്‍ വേണ്ടി ഓരോരുത്തന്മാര് ഇറങ്ങിക്കോളും. ആ, ബീനാ ലോഡ്ജില്‍ ഒരുത്തനും അവന്റെ കൈക്കാരിയും കൂടി തൂങ്ങി നില്‍ക്കുന്നു. രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന തോന്നുന്നത്. 'എസ്‌ഐയുടെ സംസാരത്തില്‍ അമര്‍ഷം പുകഞ്ഞു.
 താന്‍ അയാള് .. എവിടെയുണ്ടെന്ന് നോക്ക്
 എസ് ഐ പറഞ്ഞത് കേട്ട് പോലീസുകാരന്‍  പെട്ടെന്ന് ഗേറ്റിന് വെളിയിലേക്ക് ഇറങ്ങി. കൂടി നില്‍ക്കുന്നവരുടെ ഇടയിലും,  മെയിന്‍ റോഡില്‍ നിന്നും അകത്തേക്കുള്ള ഗേയ്റ്റിന്റെ  ഭാഗത്തും ചായക്കടയിലുമെല്ലാം പോലീസുകാരന്റെ കണ്ണുകള്‍ ഭദ്രനുവേണ്ടി പരതി. ആരെയെങ്കിലും സഹായിക്കാന്‍ പോകുമ്പോഴല്ലാതെ മറ്റേത് സമയങ്ങളിലും അയാള്‍ ഈ മോര്‍ച്ചറിയുടെ പരിസരത്തോ, ചായക്കടയിലോ, ആംബുലന്‍സ് സ്റ്റാന്‍ഡിലോകാണും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആക്‌സിഡന്റ് കേസില്‍ പെട്ട് ആരൊക്കെയോ കൂടിമെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നതാണ്. ബന്ധുക്കളോ, ശേഷക്കാരോ ഇല്ലാത്തതു കാരണം മറ്റുള്ളവരുടെ സഹായത്താലും ചില 'സംഘടനകള്‍ കൊടുക്കുന്ന ആഹാരം വാങ്ങി കഴിച്ചും ജീവന്‍ നിലനിര്‍ത്തി . ട്രീറ്റ്‌മെന്റ് കഴിഞ്ഞെങ്കിലും പോകാന്‍ ഒരു ഇടമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജില്‍ തന്നെ കൂടി. ഉറക്കം വരുമ്പോള്‍  കടത്തിണ്ണയിലോ, ബസ് സ്റ്റാന്‍ഡിലോ, മെഡിക്കല്‍ കോളേജിന്റെ വരാന്തയിലോ കിടന്നുറങ്ങും. പാവപ്പെട്ട ഏതെങ്കിലും രോഗികളെ സഹായിക്കാനോ, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രക്തം നല്‍കിയും പരിസരത്തുള്ള കടക്കാര്‍ക്കൊക്കെ ജോലി ചെയ്തു കൊടുത്തും, മെഡിക്കല്‍ കോളേജിന്റെ സന്തതിയായി കഴിഞ്ഞുകൂടുന്ന ഒരു മനുഷ്യജന്മം..' ആക്‌സിഡന്റ് ഉണ്ടായി മരിക്കുന്നവരെയും,, ട്രെയിന്‍ കയറി ചാകുന്നവരെയും, എടുക്കാനും പെറുക്കിക്കൂട്ടാനും  ഇതുപോലെ ഓരോ കേസുകള്‍ക്ക്  പോലീസിനെ സഹായിക്കാന്‍ മുന്‍മ്പിലുണ്ട്.

 ഭദ്രന്‍ ഇരിക്കാറുള്ള എല്ലാ ഭാഗങ്ങളിലും ചുറ്റിതിരിഞ്ഞ പോലീസുകാരന്‍ തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഏതോ ഒരു പേഷ്യന്റിന് വീല്‍ചെയറില്‍ ഇരുത്തി തള്ളിക്കൊണ്ട് പോകുന്ന ഭദ്രനെ കണ്ടത്. പോലീസുകാരന്‍ പെട്ടെന്ന് ഭദ്രന്റെഅടുത്തെത്തി  വിവരം ധരിപ്പിച്ചു.
' സാര്‍ അങ്ങോട്ട്  പൊയ്‌ക്കോ... ഞാന്‍ ദാ..എത്തി. ഈ ചേട്ടനെ  വാര്‍ഡ് വരെ കൊണ്ട് വിട്ടിട്ട് വരാം. ' ഭദ്രേനെ കണ്ടെത്തിയതിന്റെ ആശ്വാസം പോലീസുകാന്റെ മുഖത്ത് പ്രതിഫലിച്ചു. അല്ലെങ്കില്‍ തങ്ങളുതന്നെ അത് വലിച്ചിറക്കേണ്ടിവന്നേനെ.
 അയാള്‍ ലോഡ്ജ് ചെല്ലുമ്പോള്‍ തൂങ്ങി നില്‍ക്കുന്നവരെ കാണാന്‍ ധാരാളം ആള്‍ക്കാര്‍ തിങ്ങിക്കുടിനില്‍പ്പുണ്ടായിരുന്നു. പ്രത്യേകിച്ചും ഒരു പെണ്ണും ചെറുക്കനും ആണെന്നറിഞ്ഞപ്പോള്‍... പലരും പരസ്യമായും രഹസ്യമായും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. ചിലരുടെ മുഖത്ത് ആ ഭീകര ദൃശ്യം കണ്ടതിന്റെ  വിഷമവും,  തൂങ്ങി നില്‍ക്കുന്നവരുടെ കുടുംബത്തെ ഓര്‍ത്തുള്ള സഹതാപവും. മറ്റു ചിലരുടെ മുഖത്ത് അഭിപ്രായത്തോടൊപ്പം ഒരു വഷളന്‍ ചിരിയുമുണ്ട്. ആരുടെയെങ്കിലും ഭാര്യയോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരുത്തിയുടെ ഭര്‍ത്താവോ ആയിരിക്കും അവിഹിതം പിടികൂടിയപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെ വന്നു. അപ്പൊ ഇങ്ങനെ ഒരു വഴി കണ്ടെത്തി.  അല്ലെങ്കിലും കല്യാണമൊക്കെ  കഴിഞ്ഞ്  കുടുംബമൊക്കെ ആകുമ്പോഴോ ഓരോരുത്തര്‍ക്കും ഓരോന്ന് തോന്നുന്നത്. പലതരം അഭിപ്രായങ്ങള്‍ .... ഇത്തരം സന്ദര്‍ഭങ്ങളിലാണ് പ്രതിഭയുള്ളവരും ഇല്ലാത്തവരുമെല്ലാം കഥാകൃത്തുക്കളാകുന്നത്.  കെട്ടഴിച്ച് താഴെയിറക്കുമ്പോള്‍ തന്നെ ശരീരത്തില്‍ നല്ല രീതിയില്‍ ദുര്‍ഗന്ധം വ്യാപിച്ചിരുന്നു. താഴെ ഇറക്കി കിടത്തിയപ്പോള്‍ ചെറുപ്പക്കാരന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ കടലാസില്‍ രണ്ടു വരി കുറിച്ചിരുന്നു.  'ഞങ്ങളുടെ മരണത്തിന് ഞങ്ങള്‍ മാത്രമാണ് ഉത്തരവാദികള്‍. അതില്‍ മറ്റാര്‍ക്കും പങ്കില്ല....'
 രണ്ടുപേരുടെയും ശവശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക് കയറ്റിയപ്പോള്‍ അയാള്‍ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഉത്തരം കിട്ടാത്ത ഒരു സമസ്യ  പോലെയാണ് മനുഷ്യന്റെ ജീവിതം. ജീവിതാവസാനം വരെ ചിലരതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. 'മറ്റുചിലര്‍ പരാജയപ്പെടും. അങ്ങനെയുള്ള രണ്ടുപേര്‍ ആയിരിക്കാം ഇവരും... മരണം കൊണ്ട് ഇവര്‍ എന്ത് നേടി. ... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമ ല്ലന്നുതെളിയിച്ചവനാണ് ഈ ഭദ്രന്‍. അല്ലെങ്കില്‍ എന്നെ ഒരു മുഴം കയറിലോ, ഒരു കുപ്പി വിഷത്തിലോ തീരേണ്ട ജീവിതമായിരുന്നു തന്റേത്.
 ഒരു മനുഷ്യന്‍ ജനിച്ചു,  ജീവിച്ചു, മരിക്കുന്ന നിമിഷം വരെ ഏതെല്ലാം പ്രതിസന്ധിയിലൂടെയും, അഗ്‌നി പരീക്ഷയിലൂടെയും കടന്നുപോകണം അതിനെ വിദഗ്ധമായി അതിജീവിക്കുന്നവര്‍ക്ക്  മാത്രമേ ഈ ലോകത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റുകയുള്ളൂയെന്ന് ഇവരൊക്കെ എന്തുകൊണ്ട് ചിന്തിക്കുന്നില്ല.

 രാമ ഭദ്രന്‍ എന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന  താന്‍  എന്തുകൊണ്ട് വെറും ഭദ്രനായി ആരോരുമില്ലാതെ ഈ മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് ഒരു ഭ്രാന്തനെ പോലെ രാവും പകലും മറയുന്നത് അറിയാതെ, തന്റെ ജീവിതത്തിലെ നല്ലതും മോശവുമായ സംഭവങ്ങള്‍ ഒന്നും തന്നെ ഓര്‍ക്കാതെ പോലീസുകാരെയും മറ്റുള്ളവരെ യുംസഹായിച്ചു ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്നത്. നാട്ടുകാരെല്ലാവരും ആദരവോടെ കണ്ടിരുന്ന ഒരു കുടുംബം....രാമഭദ്രനും ശൈലജ ടീച്ചറും. രണ്ടുപേരും ഒരേ സ്‌കൂളിലെ അധ്യാപകര്‍. വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷമാണ് മൂത്തമകന്‍ ആരോമല്‍ ജനിക്കുന്നത്.  ആറുമാസം കഴിഞ്ഞപ്പോള്‍ മുതലേ  നാട്ടാചാരമനുസരിച്ച് നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമൊക്കെ ചോദിച്ചു തുടങ്ങി. കുട്ടികള്‍ ഒന്നും വേണ്ടേ.... 'അതോ പ്ലാനിങ്ങാണോ... ചിലര്‍ ഇടയ്ക്കൂടെ  കുത്തി ചോദിക്കാന്‍ തുടങ്ങി  ആരുടെയാ കുഴപ്പം... തുടക്കത്തിലെ ചികിത്സിച്ചാല്‍ മാറ്റാവുന്നതേയുള്ളൂ. ഭാര്യ എന്ന നിലയില്‍ ഷൈലജ ഭയങ്കര ഭക്തയായിരുന്നു.    താന്‍ ദൈവ വിശ്വാസത്തില്‍ വളരെ  പിറകിലും . മരുന്ന് മാത്രം പോരാ ദൈവാനുഗ്രഹം കൂടി വേണമെന്നുള്ള  ഷൈലജയുടെ വിശ്വാസവും, ചില ജോത്സ്യന്മാരും കൂട്ടുകാരും ഒക്കെ പറഞ്ഞുകൊടുത്തതനുസരിച്ച്  പള്ളിയില്‍ മെഴുകുതിരി കത്തിക്കാനും, അമ്പലത്തില്‍ ശയന പ്രതിക്ഷണം നടത്താനും ഒക്കെ ഇഷ്ടമല്ലെങ്കില്‍ കൂടി താന്‍ അവളോടൊപ്പം നിന്നു.  ഒടുവില്‍ ശൈലജയുടെ ഉദരത്തില്‍ ആരോമലുണ്ടെന്ന് അറിഞ്ഞ നിമിഷം മുതല്‍ താനും ഒരു കടുത്തവിശ്വാസിയായി മാറി.  ആരോമലിന്റെ ജനനം കുടുംബത്തിലും തങ്ങളിലുമൊക്കെ ഉണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു. ആരോമലിനു രണ്ടു വയസ്സുള്ളപ്പോഴാണ് രണ്ടാമത്തെ കുട്ടിയും ഷൈലജയുടെ ഉദരത്തില്‍ സ്ഥാനം പിടിച്ചത്. പക്ഷേ ആ സന്തോഷം അധികം നീണ്ടു നിന്നില്ല ആറാം മാസത്തില്‍ ഷൈലജ  ബാത്‌റൂമില്‍ തെന്നിവീണു. ഐസിയുവിന്റെ വാതിലിനു മുമ്പില്‍ അവള്‍ക്കും കുഞ്ഞിനും വേണ്ടി കണ്ണീരോടെ പ്രാര്‍ഥിച്ചു നിന്നങ്കിലും തന്നെയും ആരോമലിനെയും  തനിച്ചാക്കി രണ്ടുപേരും പോയി.

 പിന്നീട് മകനുവേണ്ടിയുള്ള ജീവിതമായിരുന്നു. വീട്ടുകാരും നാട്ടിലുള്ള സുഹൃത്തുക്കളും, സഹ അധ്യാപകരും ഒക്കെ നിര്‍ബന്ധിച്ചു മറ്റൊരു വിവാഹം കഴിക്കാന്‍. കൂടെ ജോലി ചെയ്യുന്ന ഒരു അധ്യാപികയുടെ ആലോചന അധ്യാപക സുഹൃത്തുക്കള്‍ കൊണ്ടുവന്നതാണ്. ആരോമലിന്റെ വളര്‍ച്ചയ്ക്ക് ഒരു അമ്മയുടെ സ്‌നേഹം അനിവാര്യമാണെന്ന് എല്ലാവരും ഒരേ പോലെ നിര്‍ബന്ധിച്ചു. താന്‍ വിവാഹം കഴിച്ചാല്‍ ആരോമലിന് ഒരു രണ്ടാനമ്മയെ കിട്ടുമായിരിക്കും, പക്ഷേ ശൈലജ നല്‍കിയ സ്‌നേഹം അവന് നല്‍കാന്‍ ആര്‍ക്കാണ് കഴിയുക. പിന്നിട് ഉണ്ടാകാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്റെ സ്‌നേഹം ആരോമലിനല്ലാതെ മറ്റാര്‍ക്കും വീതിച്ചു കൊടുക്കാന്‍ തയ്യാറല്ലെന്നു താന്‍ തീരുമാനിക്കുകയായിരുന്നു. അവന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് സ്‌നേഹം വാരിക്കോരി നല്‍കി . കാലമെന്നരഥത്തിന്റെ ചക്രങ്ങള്‍ എത്ര വേഗത്തിലാണ് പാഞ്ഞു പോകുന്നത്.
 സ്‌കൂളിലും കോളേജിലുമെല്ലാം അച്ഛന് അഭിമാനിക്കാന്‍ കഴിയുന്ന വിജയങ്ങള്‍ അവന്‍ നല്‍കി. ജോലി കിട്ടി വലിയ കമ്പനിയുടെ മാനേജരായി. ഒപ്പം ജോലി ചെയ്ത  പെണ്‍കുട്ടിയുമായി ഇഷ്ടം പങ്കുവെച്ചപ്പോള്‍ എതിര്‍പ്പ്  പറയാതെ താന്‍  സമ്മതിച്ചു കൊടുത്തു. നാടറിയുന്ന രീതിയില്‍ എല്ലാവരെയും ക്ഷണിച്ചു വരുത്തി ആഡംബരത്തോട് കല്യാണം നടത്തി. ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തി അവളെ ഒരുവന്റെ കൈപിടിച്ച് കൊടുത്ത യാത്രയാക്കുന്ന ഒരു അച്ഛന്റെ മാനസിക അവസ്ഥയായിരുന്നു താനെന്ന്.  അറിവില്ലാത്ത പ്രായത്തില്‍ ആരോലിനെ തന്നെ ഏല്‍പ്പിച്ചു സ്വര്‍ഗ്ഗത്തിലേക്ക് പോയ ഷൈലജയുടെ ആത്മാവിന് നിത്യശാന്തി കിട്ടിക്കാണും. തന്റെ മകനെ  മറ്റാര്‍ക്കും വിട്ടുകൊടുക്കാതെയും, തന്റെ സ്ഥാനംമറ്റൊരാള്‍ക്ക് കൊടുക്കാതെയും ' കുടുംബം നിലനിര്‍ത്തിയതിന് തന്നെ ഓര്‍ത്ത് അവളുടെ ആത്മാവ് സന്തോഷിച്ചു കാണും 

 ഷൈലജ തന്നെയും മകനെയും വിട്ടു പോയെങ്കിലും, അമ്മയില്ലാത്ത വിഷമം അറിയിക്കാതെ അവനെ വളര്‍ത്തിയെടുക്കാന്‍ താന്‍ കഷ്ടപ്പെട്ടതൊന്നും വെറുതെയായില്ലെന്ന് അവന്റെ കുടുംബജീവിതത്തിലെ സന്തോഷം കാണുമ്പോള്‍  തോന്നിയിട്ടുണ്ട്. അവന്റെ ഭാര്യ തനിക്ക് മരുമകളല്ല സ്വന്തം മകളായിരുന്നു. അവള്‍ക്ക് തിരിച്ചും അതുപോലെതന്നെ. സ്വന്തം അച്ഛന് കൊടുക്കുന്ന സ്‌നേഹവും ബഹുമാനവും അവള്‍ തനിക്ക് നല്‍കി. നാട്ടിലും വീട്ടിലും സുഹൃത്തുക്കള്‍ക്കിടയിലും എല്ലാം അസൂയ ഉണ്ടാക്കുന്ന രീതിയിലായിരുന്നു തങ്ങളുടെ കുടുംബം.  പണ്ട് വിവാഹ ആലോചനകള്‍ കൊണ്ടുവരികയും വിവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ ഒക്കെ മകന്റെ ഭാവിയെ ഓര്‍ത്ത് താന്‍ കൈക്കൊണ്ട ദീര്‍ഘവീക്ഷണത്തെ ഇന്ന് അഭിനന്ദിക്കുന്നു.

 പക്ഷേ എല്ലാം തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നപ്പോള്‍ ആരോമല്‍ ആസ്‌ട്രേലിയയിലേക്ക് പോയി. വീട്ടില്‍ താനും മരുമകളും കൊച്ചുമകളും മാത്രമായി. പണ്ട് നിരീശ്വരവാദിയായിരുന്നു തന്നെ ഷൈലജ ഈശ്വര വിശ്വാസിയാക്കിയത് കാരണം ഇടയ്ക്കിടെ താന്‍ പളനിയിലും മൂകാംബികയിലും  ഒക്കെ യാത്ര പോവുക പതിവായിരുന്നു. വീടിനടുത്തുള്ള ചേച്ചിയെ താന്‍ തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്നവരെ വീട്ടില്‍ നിര്‍ത്തുക പതിവാണ്. ചേച്ചി ഉള്ളതുകൊണ്ട് സമാധാനത്തോടെ തനിക്ക് യാത്ര ചെയ്തു തിരിച്ചുവരാം. അങ്ങനെയൊരു തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ താന്‍ ഹോളിങ് ബെല്‍ അടിക്കാന്‍ തുടങ്ങിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്  വാതില്‍ അടയ്ക്കാത്തതിലുള്ള  ദേഷ്യ ത്തോടെയാണ് അകത്തേക്ക് കയറി ചെന്നത്. എന്നാല്‍ കൂട്ടിന്  നിര്‍ത്തിയിട്ട് പോയ ചേച്ചിയെയോ... മരുമകളെയോ..  കൊച്ചുമകള യോഒന്നിനേം വീട്ടില്‍ കണ്ടില്ല. ആകെ നിശബ്ദത... എല്ലാവരും വീട് തുറന്നിട്ട് എവിടെപ്പോയെന്ന് ചിന്തിച്ചുകൊണ്ട്  മകന്റെ ബെഡ്‌റൂമിലേക്ക് കയറിച്ചെന്ന താന്‍ ഞെട്ടിപ്പോയി. ഇത്രയും നാളും  തന്റെ കുടുംബത്തെക്കുറിച്ച് കെട്ടിപ്പൊക്കിയ സ്വര്‍ഗ്ഗം തന്റെ മുന്‍പില്‍ ഇടിഞ്ഞു വീന്നു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്നു തരിപ്പണമായി. ' താന്‍ മകളെപ്പോലെ വിശ്വസിച്ചമരുമകള്‍..   തന്റെ മകന്‍ അവനെക്കാള്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്ത അവന്റെ ഭാര്യ ..മകന്റെ കൂട്ടുകാരനോടൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം.....
 സമനില വീണ്ടെടുത്ത നിമിഷത്തില്‍ മകനെ വിളിച്ചു എത്രയും പെട്ടെന്ന് നീ നാട്ടില്‍ എത്തുക. അച്ഛന് ചില കാര്യങ്ങള്‍ പറയാനും തീരുമാനിക്കാനുമുണ്ട്. പെട്ടെന്നുള്ള വരവിന്റെ കാരണം  മകന്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോഴും മറുപടി പറഞ്ഞില്ല.
 ഒരാഴ്ചയ്ക്കകം മകന്‍ നാട്ടിലെത്തി . . ഏതോ ആവശ്യത്തിന് ടൗണില്‍ പോയ  താന്‍ മടങ്ങി ചെല്ലുമ്പോള്‍ തന്നെയും കാത്ത്  ' മകന്‍ ഡൈനിങ് ഹാളിലെ സെറ്റില്‍ ഇരിക്കുകയായിരുന്നു.  കൂടാതെ മരുമകളുടെ അമ്മയും അച്ഛനും ആങ്ങളയും  ഭാര്യയുമൊക്കെയുണ്ട്. മുഖത്തെ വിഷമം പുറത്തു കാണിക്കാതെ 'മോന്‍ എപ്പോഴെത്തിയെന്ന്  'ചോദിച്ചതേയുള്ളൂ  അപ്രതീക്ഷിതമായി അവന്‍ ചാടി എഴുന്നേറ്റു തന്റെ കോളറില്‍ കുത്തിപ്പിടിച്ചു. ' എന്റെ കുടുംബം താന്‍ നശിപ്പിക്കും അല്ലേടോ.... തനിക്ക് അത്ര സോക്കേടുണ്ടങ്കില്‍ എന്റെ ആറു വയസ്സുള്ള മോളോട് തീര്‍ക്കണോ..  ... എനിക്കുവേണ്ടി തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ മാറ്റിവെക്കാന്‍ ഞാന്‍പറഞ്ഞോ... ഒന്നുമല്ലെങ്കില്‍ താന്‍ ഒരു അധ്യാപകന്‍ അല്ലേടോ.....ജിഷ പലപ്പോഴും എന്നോട്  പറഞ്ഞിട്ടുണ്ട് തന്റെ നോട്ടവും ഭാവവും ഒന്നും ശരിയല്ലെന്ന്. അന്ന് ഞാനത് വിശ്വസിച്ചില്ല. എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്  നിങ്ങളെ പോലീസില്‍ ഏല്‍പ്പിക്കണമെന്ന ജിഷയുടെ അച്ഛനും അമ്മയും ആങ്ങളയും പറയുന്നത്. പക്ഷേ എനിക്ക് ഈ നാട്ടില്‍ ജീവിക്കേണ്ടതുകൊണ്ടും എന്റെ അഭിമാനമോര്‍ത്തും ഞാനത് ചെയ്യുന്നില്ല. എനിക്കൊന്നേ പറയാനുള്ളൂ ഈ വീട്ടില്‍ ഒന്നില്‍  ഞാന്‍ അല്ലെങ്കില്‍ നിങ്ങള്‍..... ആര് വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
 നിങ്ങള്‍ പോയാല്‍ ഒരിക്കലും തിരിച്ചു വരാത്ത ഒരു തീര്‍ത്ഥയാത്ര പോയെന്ന്  ഞാന്‍ നാട്ടുകാരോട് പറഞ്ഞോളാം..
 മകന്റെ ആക്രമണം തന്റെ ബോധമണ്ഡലത്തെ തകര്‍ത്തു കളഞ്ഞു. ഒരു നിമിഷം തന്റെ മുന്‍പില്‍ എന്താണ് നടന്നതെന്ന് പോലും ചിന്തിക്കാനുള്ള വിവേകം തനിക്ക് നഷ്ടപ്പെട്ടു. ഞാനെന്റെ   കൊച്ചുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നോ....  മകനുവേണ്ടി താന്‍ വേണ്ടെന്നുവെച്ച  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ആറു വയസ്സ് പ്രായമുള്ളകൊച്ചുമകള്‍ക്ക് മേല്‍ താന്‍ ഉപയോഗിച്ചുവെന്നോ... ഈശ്വരാ..,,,കാര്യങ്ങള്‍ തലകീഴ് മറിഞ്ഞോ. മകളെ രക്ഷിക്കാന്‍ വേണ്ടി അവളുടെ അച്ഛനും അമ്മയും ആങ്ങളയും തന്റെ മേല്‍ ഇത്രയും ഹീനമായ ആരോപണം ഉന്നയിക്കുകയാണോ. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്നറിഞ്ഞ നിമിഷം ഇറങ്ങി നടന്നു, മകന്‍ പറഞ്ഞപോലെ  തിരിച്ചുവരാത്ത ഒരു തീര്‍ത്ഥാടനത്തിലേക്ക്.... വീട്ടില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ മരണം മുന്നില്‍ കണ്ടിരുന്നു. സര്‍വ്വ ചിന്തയും നഷ്ടപ്പെട്ട റോഡിലൂടെ നടക്കുന്നതിനിടയിലാണ്   ആക്‌സിഡന്റില്‍ പെട്ട് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഒരു നിമിഷം മനസ്സില്‍ നാമ്പിടുന്നചില ചിന്തകളാണ്.. കെട്ടുറപ്പുള്ളബന്ധങ്ങളെ ഇല്ലാതാക്കുന്നത് . ഇനിയും എത്രയോ സന്തോഷങ്ങളിലൂട കടന്നു പോകേണ്ട  മനുഷ്യ ജീവനുകളാണ് മോര്‍ച്ചറിയിലെ ഫ്രീസറുകളില്‍ തണുത്ത് വിറങ്ങലിച്ച് ബന്ധുക്കളെയും കാത്ത്  കിടക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ ശവശരീരങ്ങള്‍ തന്റെ കയ്യിലൂടെ കടന്നു പോയിരിക്കുന്നു. പക്ഷേ ഇന്നു കണ്ട ആ പെണ്‍കുട്ടിയുടെ  മുഖം തനിക്ക് മറക്കാന്‍ കഴിയുന്നില്ല. എവിടെയോ കണ്ടു മറന്നപോലെ ..........     ആ കുട്ടിയുടെ മുഖത്തിന് തന്റെ മരുമകളുടെ മുഖവുമായി സാമ്യമുണ്ടോ.....ചിന്തകള്‍ക്ക് തീപിടിച്ച നിമിഷത്തിലാണ് മറ്റൊരു കോളുമായി പോലീസുകാരന്‍ എത്തിയത്.
 'ഭദ്ര..... പെട്ടെന്ന് റെയില്‍വേയുടെ ഓവര്‍ ബ്രിഡ്ജിന്റെ അവിടേക്ക് വാ  '   ചിന്തകളെ മറ്റൊരു വഴിക്ക് മേയാന്‍ വിട്ടിട്ട് തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ഭദ്രന്‍ ഇറങ്ങി നടന്നു.

© aneesh peringala


Post a Comment

0 Comments