സാക്ഷിയുടെ തീരുമാനം | കഥ | സജി കൂറ്റാംപാറ



ഇടനാഴിയിലൂടെ കടന്നു വന്ന സിഗാറിന്റെ ഗന്ധം മത്തുപിടിപ്പിച്ചു. ഒരു പുകയെങ്കിലുമെടുക്കുവാന്‍ കൊതിച്ചു. വായില്‍ വെള്ളമൂറി. എഴുതിക്കൊണ്ടിരുന്ന തടിച്ച തൂലിക കടലാസിനു മീതെ വച്ചു. ഒരു സിഗരറ്റെടുത്ത് തീ കൊളുത്തി. നീട്ടി വലിച്ചു പുക പുറത്തേക്ക് ഊതി... വീണ്ടും ഉള്ളിലേക്ക് വലിച്ച്...... മൂക്കിന്റെ രണ്ടു ദ്വാരങ്ങളില്‍ കൂടിയും പുറത്തേക്ക് പോകുന്ന പുകയെ അങ്ങനെ ആസ്വദിച്ച്, ആശ്വസിച്ചു.

സാക്ഷി ! ഇടുങ്ങിയ മുറിയില്‍, നാലു ചുവരുകള്‍ക്കിടയില്‍ ഏകനാണ്. പുറകുവശത്ത് ഒരു ഇടുങ്ങിയ വാതിലുണ്ട്. അതു തുറന്നാല്‍ വിശാലമായ നഗരം. തിരക്കേറിയ ജനങ്ങള്‍ തലങ്ങും വിലങ്ങും പരക്കം പായുന്നു. ഇരമ്പിപ്പായുന്ന വാഹനങ്ങള്‍.... പക്ഷേ, ആ വാതില്‍ തുറക്കാറില്ല.

വായ നിറയെ ഒരു 'പഫ് ' വലിച്ചെടുത്ത്, ശ്വാസനാളത്തിനടിയറ്റം വരെ എത്തിയ പുകയെ വായ്ക്കുള്ളില്‍ കുറച്ചവശേഷിപ്പിച്ചു..
 ' ഓ ' എന്ന അക്ഷരമുച്ചരിക്കുവാന്‍ തക്ക രീതിയില്‍ ചുണ്ടുകളെ രൂപപ്പെടുത്തി, അതിലൂടെ പുക പുറത്തേക്ക് തള്ളി..., മൂക്കിനു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങുന്ന പുകച്ചുരുളുകള്‍.... അവ അന്തരീഷത്തില്‍ വട്ടമിട്ടു പറന്നു... എന്തൊക്കെയോ വികൃതി കാണിച്ച് കൊഞ്ഞനം കുത്തിയ പുക മെല്ലെ അന്തരീഷവായുവില്‍ ലയിച്ചു. മനോഹരമായ കാഴ്ച!

നെഞ്ചിനകത്ത് ആരോ ഇരുമ്പ് കൂടംകയറ്റി വച്ചതു പോലെ ഒരു വിഷമം. നെഞ്ചുവേദനയാണോ? മെല്ലെയൊന്നു നെഞ്ചില്‍ തടവി. ഇനി വല്ല അറ്റായ്ക്കും...? ഹേയ്, അങ്ങനൊന്നുമായിരിക്കില്ല, സ്വയം മനസിനെ ആശ്വസിപ്പിച്ചു. ജാതകത്തില്‍ ആയുസ്സ് 96 ആണല്ലോ...!

ഉള്ളം കൈ ഉയര്‍ത്തി ചങ്കിന് നാല് ഇടി കൊടുത്തു. ഇപ്പോള്‍ ഒരാശ്വാസം തോന്നുന്നുണ്ട്. കൈവിരലുകള്‍ക്കിടയില്‍ ഇരിന്നെറിയുന്ന സിഗരറ്റുകുറ്റിയെ നോക്കി, ഉടനത് ഒരീര്‍ഷ്യയോടെ വലിച്ചെറിഞ്ഞു. നേരെ എതിര്‍വശത്തെ ചുമരില്‍ തട്ടി താഴെ നിലത്തു തെറിച്ചുവീണ സിഗരറ്റ് കുറ്റിയില്‍ നിന്ന് തീപ്പൊരി ചിന്നിച്ചിതറി. മെല്ലെ, പുകയമര്‍ന്ന്, കരിമൂടിയ ഒരറ്റവുമായി, ഏകനായി..... ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെട്ട വേദനയോടെ.... നിശ്ചലമായി.

പേന കയ്യിലെടുത്തു. അനക്കമറ്റു കിടക്കുന്ന സിഗരറ്റ് കുറ്റിയെ നോക്കി. '' പാവം..! അതുപോലെ തന്നെയല്ലേ ഞാനും''? ഒരായിരം ഉത്തരം കിട്ടാത്ത സംശയങ്ങളും ചോദ്യങ്ങളും ഉള്ളിലുദിച്ചു പൊന്തി.

പുറത്തൊരു വല്ലാത്ത ശബ്ദം. അതടുത്ത് വരികയാണ്. തന്റെ ചിന്താശകലങ്ങളെ അലോരസപ്പെടുത്തുവാന്‍ മാത്രം പോന്ന എന്തു ശബ്ദമാണത്? ഭൂമി കുലുങ്ങുകയാണെന്നോ..? ഇനിയിപ്പോ.. സുനാമിത്തിരമാലകള്‍ ആര്‍ത്തലച്ച് വരുന്നതാണോ...? ഒരു കൈ തലയ്ക്ക് കൊടുത്ത് ഒന്നുയര്‍ന്ന്.. ചെവി മറച്ച് ശ്രദ്ധിച്ചു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നേരിക്വോ..?

മെല്ലെ എഴുന്നേറ് ചെന്ന് ജനാല തുറന്നു. വെളിയിലേക്ക് നോക്കി.. താഴെ ഇടവഴിയിലൂടെ നടന്നുപോകുന്നവരുടേയും ശിരസ്സുകള്‍ ആകാശത്തേയ്ക്ക് തിരിഞ്ഞിരിക്കുന്നു. മുന്നിലും പിന്നിലും ഭാരം പേറിയ കൗമാരക്കാരായ അര്‍ദ്ധ നഗ്‌നരായ നാരീ മണികള്‍.... അവരുടെ ദൃഷ്ടിയും മുകളിലേക്ക് തന്നെ.                           

ശബ്ദവീചികള്‍ അകന്നു പോവുകയാണ്.....ഭയപ്പെട്ടതു പോലെയൊന്നുമില്ല. ഒരു ഭീമന്‍ ജംബോജറ്റ് ടെയ്ക്ക് ഓഫ് ചെയ്തതായിരുന്നു.

സാക്ഷിക്ക് ഒരിക്കലും ആകാശത്തേക്ക് നോക്കാന്‍ കഴിയുമായിരുന്നില്ല. തന്റെ നേത്രങ്ങള്‍ താഴെ വഴിയാത്രികരായ ആ സുന്ദരി പെണ്‍കൊടികളില്‍ ഉടക്കി നില്‍ക്കുകയാണ്. നാമമാത്ര വസ്ത്രധാരികളായ ആ തരുണീമണികള്‍ കണ്ണിന് നല്‍കിയ കുളിര്‍മയില്‍ സാക്ഷി ലയിച്ചു നിന്നു. എങ്കിലും മനസ്സൊന്ന് കുതറി മാറി മന്ത്രിച്ചു: ''സദാചാരത്തിന്‍......യ്യോ! വേണ്ട, ഇത്രേം പ്രശ്‌നം പിടിച്ച ഒരു വാചകം..!                                    

സാക്ഷി ജനല്‍പ്പാളികള്‍ വലിച്ചടച്ചു. വീണ്ടും തൂലികയെടുത്തു. കൈ വിരലുകള്‍ക്കിടയില്‍ വച്ച് പമ്പരം കറക്കി. താഴെ വെളുത്ത കടലാസില്‍ എഴുതിയത് വായിച്ചു.... ഇനിയെന്ത്..? ശ്ശെടാ.. ഒഴുക്കിനിടയില്‍ വലിയോരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നു. മനസ്സ് അറിയാതെ അതില്‍ പതിച്ചു കഴിഞ്ഞിരിക്കുന്നു. ഈ അഗാധമായ ഗര്‍ത്തം നിറഞ്ഞു കവിഞ്ഞ് ഒഴുകണം. അതിനിത്തിരി സമയം വേണം.
അതു വരെ കാത്തിരിക്കാനും വയ്യല്ലോ... കഥാതന്തു പുനര്‍ജനിക്കണമെങ്കില്‍ ഒരു സിഗരറ്റ് കൂടി വലിച്ചേ പറ്റൂ.

ആദ്യം, തന്നാല്‍ വലിച്ചെറിയപ്പെട്ട, ജീവശ്ഛവമായ സിഗാറിന്‍കുറ്റി സാക്ഷിയെ ഉറ്റുനോക്കി. അത് തന്റെ നേരെ ശാന്തമായി കണ്ണടച്ചു കാണിക്കുകയാണെന്നു തോന്നി.

സിഗരറ്റു പായ്ക്കറ്റ് കയ്യിലെടുത്തു. നെഞ്ചില്‍ പെട്ടെന്നൊരു വേദന. നിശബ്ദമായി, നിസംഗതയോടെ, ചുമരിനോട് ചേര്‍ന്ന് കിടന്നിരുന്ന സിഗരറ്റ് കുറ്റിയേയും, കയ്യിലിരിക്കുന്ന മാരക വിഷം ഉള്ളിലൊതുക്കിയ സിഗാറിനെയും മാറി മാറി നോക്കി.

' ഇല്ലാ..! ഇനിയും ഞാന്‍ ഉപയോഗം കഴിഞ്ഞ് ഈ സിഗററ്റിനേയും വലിച്ചെറിഞ്ഞാല്‍ ഇവറ്റകളും എന്നെ ശപിക്കും. വേണ്ട, ഇനി പുകവലിക്കുന്നില്ല.' സാക്ഷിയുടെ തീരുമാനം.

എന്നാലും, മനസ്സെന്തിനോ കൊതിക്കുന്നുണ്ടായിരുന്നു. പ്രക്ഷുബ്ധമായ മനസിന്റെ നിയന്ത്രണം വിട്ട പോലെ.

മുറിക്കുള്ളില്‍ ഇപ്പോഴും സിഗരറ്റിന്റെ ഗന്ധമുണ്ട്. എങ്കിലും ഒരു പുക എടുക്കുന്ന സംതൃപതി ഇവയ്ക്ക് തരാന്‍ കഴിയില്ലല്ലോ. 'വലിക്കുക തന്നെ, ഇപ്പോള്‍ മാത്രം... ഒരെണ്ണം കൂടി... പിന്നെ ഇല്ല... നിര്‍ത്തി ''

ഒരു സിഗരറ്റ് എടുത്ത് ചുണ്ടില്‍ വച്ച് തീകൊളുത്തി. കൊതിയോടെ ഒരു പുക വലിച്ചിരുത്തി.

ആദ്യം വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി. ഇനിയും എരിഞ്ഞു തീരാത്ത പാവം... ഒരറ്റം കറുപ്പ് കലര്‍ന്ന്, വിരൂപമായ മുഖത്തോടെ, ദയനീയ ഭാവത്തില്‍... തന്നെ തുറിച്ചു നോക്കി. പിന്നെ... തേങ്ങിക്കരയാന്‍ തുടങ്ങി.

മാറിലേക്ക് ഒരായിരം ഇരുമ്പു ശരങ്ങള്‍ കുത്തിയിറക്കുന്നതുപോലെ. കയ്യിലിരുന്ന സിഗററ്റ് കുത്തിക്കിടത്തി ദൂരെ മാറ്റിവച്ചു. പക്ഷേ, അതും അലമുറയിട്ടു കരയാന്‍ തുടങ്ങി.

നെഞ്ചില്‍ വേദന കൂടിക്കൂടി വന്നു. ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റികള്‍ തന്നെ പിടികൂടിയിരിക്കുകയാണ്. അവരുടെ അനവധി നിരവധി തേങ്ങലുകള്‍ ഹൃദയത്തെ വരിഞ്ഞു മുറുക്കി. അലഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളുടെ മുഖത്ത് ഒരു ദൈന്യത നിഴലിച്ചു.

നിസ്സഹായമായ തന്റെ മിഴികള്‍ അവരുടെ നേരെ മിഴിഞ്ഞു നിന്നു. വലതു കൈ കൊണ്ട് മെല്ലെ നെഞ്ചില്‍ തടവി. വീണ്ടുമൊരു വേദന.

കയ്യിലിരുന്ന തൂലിക വെള്ളക്കടലാസിലേക്ക് വഴുതി വീണു.. സാക്ഷി താഴെ നിലത്തു വിരിച്ച പായയിലേക്കും.

© saji kuttampara

Post a Comment

0 Comments