തിരിച്ചറിയലിന്റെ നോവ് | കഥ | ഗംഗാദേവി.കെ. എസ്



'മറവി ഒരു രോഗമായി കണക്കാക്കി തുടങ്ങാം. മറവിയുടെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു ചന്ദ്ര മോഹന്‍. ട്രീറ്റ്‌മെന്റെ തുടങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു'. ഡോക്ട്ടര്‍ പറഞ്ഞപ്പോള്‍ വാസന്തിഎന്തു ചെയ്യണം എന്ന ഭാവത്തില്‍ ഡോക്ട്ടറിനെയും ചന്ദ്രനെയും നോക്കി. അവര്‍ എന്തേങ്കിലും ചോദിക്കുന്നതിന് മുമ്പ് ഡോക്ട്ടര്‍ വീണ്ടും തുടങ്ങി. ' ഒരു മരുന്നു തരാം ' എന്നു പറഞ്ഞ് കുറച്ചു നേരം എന്തോ ആലോചിക്കുന്നതുപോലെ ചന്ദ്രനെ നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു.. 'ആന്റി ഞാന്‍ രാത്രിയില്‍ വിളിക്കാം നിങ്ങള്‍ ഇപ്പോള്‍ പൊയ്‌ക്കോളൂ.' അവിടുന്ന് ചന്ദ്രനെയും കൂട്ടി നടന്നു. വാസന്തി ഓര്‍ത്തു അന്നും ഈ കൈകള്‍ മുറിക്കെ പിടിച്ചിരുന്നു. എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് കാറിന്റെ ഡോര്‍ തുറന്ന് അയാളെ ഇരുത്തിയിട്ട്  അവള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു. ചന്ദ്രന്‍ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു. ' എന്താടോ ഒരു ഗൗരവം ? മറവി ഉള്ളതിനാലല്ലേ മനുഷ്യനായത് ? എനിക്ക് അല്‍ഷിമേഴ്‌സ് രോഗാവസ്ഥയായിട്ടില്ലല്ലോ? മോഹാന്‍ ലാലിന്റെ സിനിമ പോലെയായിട്ടില്ലാട്ടോ !' എന്നു പറഞ്ഞ് ചിരിച്ചു. അത് കേട്ടപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ ചിരിച്ചു. 'അതേ; ചന്ദ്രാ ആ അവസ്ഥയായിട്ടില്ല എന്ന് അറിയാം പക്ഷേ ഈ മൗനം; ഈ ഭാവങ്ങള്‍ ' പിന്നെ രണ്ടു പേരും നിശബ്ദതയില്‍ ശാന്തമായ ആ റോഡിലൂടെ വണ്ടി നീങ്ങി. ഉച്ചയുടെ ചൂട് ശക്തമായി തുടങ്ങുന്നതിനു മുമ്പ് വീട്ടില്‍ എത്തി. വീടിന്റെ വീതി കൂടിയ ആ തിട്ടയില്‍ ചന്ദ്രന്‍ ഇരുന്നു. വാസന്തി കാറില്‍ നിന്ന് ഇറങ്ങി വരുന്നതും കാത്ത് . ജീവിതത്തില്‍ ഒരുമിച്ചു നീങ്ങിയ വഴികളെ ഓര്‍ത്ത് ആവാം ഒരു ദീര്‍ഘ നിശ്വാസത്തോടെ വാതില്‍ തുറന്നു. ' ചന്ദ്രാ ആ ടീ .വി വയ്ക്ക് എന്തേങ്കിലും ശബ്ദം ഇരിക്കട്ടേ '. വാസന്തി പറയുന്നതു കേട്ട് യാത്രികമായി അയാള്‍ ടി.വി വച്ചു. വലിയ ശബ്ദത്തില്‍ വാര്‍ത്തകള്‍ മുഴങ്ങി കേട്ടു. രാഷ്ട്രീയ കോലാഹലങ്ങള്‍ ഏതു കാലത്തും ചാര്‍ച്ചയാണല്ലോ. ചിന്തകളില്‍ ഇല്ലാതെ ആര്‍ക്കോ വേണ്ടി എന്ന പോലെ ഭക്ഷണം ഉണ്ടാക്കി കൊണ്ടേ ഇരുന്നു. രണ്ടു പേര്‍ക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കാന്‍ മടിയാകുന്നു എന്ന് എപ്പോഴും വാസന്തി ചിന്തിക്കാറുണ്ട്. ആശുപത്രിയില്‍ നിന്ന് വന്നതിനു ശേഷം ചന്ദ്രന്‍ ഒന്നും മിണ്ടിയില്ല. ആരോടെങ്കിലും സംസാരിക്കണം അല്ലെങ്കില്‍ താന്‍ ഭാഷ തന്നെ മറന്നുപോകുമോ എന്ന ഭയത്താല്‍ ഇടയ്ക്കിടയ്ക്ക് പഴയ പാട്ടുകള്‍ പാടി കൊണ്ടു നടക്കും വാസന്തി. ഉച്ചയൂണു കഴിഞ്ഞ് രണ്ടു പേരും കിടന്നു. ചന്ദ്രന്‍ ഉറങ്ങി. പക്ഷേ വാസന്തിയ്ക്ക് ഉറക്കം വന്നില്ല. സാമാന്യം നല്ല ഒരു വീടാണ്. നഗരം വിട്ട് എന്നാല്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്. രണ്ടുപേര്‍ക്കും ജോലി ഉണ്ടായിരുന്നതിനാല്‍ കുഴപ്പമില്ലാത്ത ഒരു വീട് വാങ്ങാന്‍ പറ്റി. ജോലിയില്‍ നിന്ന് വിരമിച്ചതാവാം ചന്ദ്രന്റെ ഈ മൗനവും മറവിയും. ഒരു പ്രായം വരെ അധ്വാനിച്ചതല്ലേ. താനാവും ഇങ്ങനെ ഒരവസ്ഥയില്‍ ആവുന്നതെന്നാ കരുതിയത്. എപ്പോഴും തമാശയിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ചന്ദ്രന്റെ ആ ചിരിച്ച മുഖം മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. ചിന്തകളെ കാടു കേറ്റാതിരിക്കാനാവും ഫോണ്‍ ശബ്ദിച്ചത്. ' ഇന്നാണ് സുരേഷിന്റെ മകളുടെ റിസപ്പ് ഷന്‍ .താന്‍ എപ്പോഴ ഇറങ്ങുന്നേ '. കൂടെ ജോലി ചെയ്ത രാഖിയാണ് വിളിച്ചത് . പെട്ടെന്ന് ഒന്നും പറയാന്‍ സാധിച്ചില്ല. തിരിച്ച് വിളിച്ചു പറഞ്ഞു ' ചന്ദ്രന് നല്ല സുഖമില്ല. അതിനാല്‍ ഞാന്‍ വരുന്നില്ല. ഞാന്‍ സുരേഷിനെ വിളിച്ചോളാം'. അപ്പോഴേയ്ക്കും ചന്ദ്രന്‍ എഴുന്നേറ്റു. മേശപ്പുറത്തിരുന്ന കൂജയില്‍ നിന്ന് വെള്ളം കുടിച്ചു. കാപ്പിയും ചായയും കുടിക്കാറില്ല . മകള്‍ക്കു വേണ്ടിയാണ് പാല്‍ വാങ്ങിച്ചിരുന്നത്. പഞ്ചസാരയും വേണ്ട. ആരെങ്കിലും വന്നെങ്കിലോ എന്ന് കരുതി അത് വാങ്ങി വച്ചിട്ടുണ്ട്. കാപ്പിപ്പൊടിയും ചായപ്പൊടിയും ഇതുപോലെ കുപ്പിയില്‍ ഇരുപ്പുണ്ട്. തന്റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങള്‍ അവളുടെ മനസ്സില്‍ വിരിഞ്ഞു കൊണ്ടിരിക്കെ വീണ്ടും ഫോണ്‍ ശബ്ദിച്ചു. ' ആന്റി ! ഞാന്‍ അവിനാശ് ആണ് .നമ്മുടെ നാട്ടില്‍ ഒരു നല്ല ആയുര്‍വേദ ഡോക്ടര്‍ ഉണ്ട്. ഒരു ആശ്രമമാണ്. അവിടെ കൊണ്ടുപോകൂ അങ്കിളിനെ . നാളെ തന്നെ പോകു. രണ്ടാഴ്ച അവിടെ നില്‍ക്കാന്‍ പാകത്തിന് സാധനങ്ങള്‍ എടുത്തോളൂ. ഞാന്‍ എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ' തിരിച്ചുത്തരം കിട്ടണം എന്ന ആഗ്രഹം ഉള്ളതിനാല്‍ ഡോക്ട്ടര്‍ ഉത്തരത്തിനു കാത്തു. ഒരു ചെറിയ മൗനത്തിനു ശേഷം ' ഞാന്‍ ചന്ദ്രനോട് പറഞ്ഞിട്ട് വിളിക്കാം. ' എന്ന് പറഞ്ഞ്  ഫോണ്‍ താഴെ വച്ചു.

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വീട് പൂട്ടിയിട്ട് പോവുകയാണ്. ചന്ദ്രനെ കൊണ്ടുപോകണം. പിന്നെ യാത്രയ്ക്കുള്ള തയ്യാറെടുപ്പായിരുന്നു. രാത്രിയില്‍ ഉറക്കം വന്നില്ല. എന്തോ എല്ലാം ഉപേക്ഷിച്ചു പോവുകയാണെന്ന തോന്നല്‍. രാവിലെ ഇറങ്ങിയാല്‍ വെയിലിനും ബ്ലോക്കിനും മുമ്പേ എത്താം. ഇത്രയും ദൂരം ഓടിക്കാന്‍ പ്രയാസമാണ്. പക്ഷേ വണ്ടി ഇട്ട് പോയാല്‍ ശരിയാവില്ല. ചന്ദ്രന്‍ പോകണമെന്നോ പോകണ്ടന്നോ പറഞ്ഞില്ല. അതുകൊണ്ടുതന്നെ സ്വന്തമായി അവര്‍ തീരുമാനമെടുത്തു. വേണ്ടതെല്ലാം എടുത്ത് വണ്ടിയില്‍ വച്ചതിനു ശേഷമേ ചന്ദ്രനെ വിളിച്ചൊള്ളു. പോകാം എന്ന് പറഞ്ഞപ്പോള്‍ ശരി എന്നു മാത്രം പറഞ്ഞ് അയാള്‍ കുളിച്ച് വന്നു. വണ്ടിയില്‍ കയറിയപ്പോള്‍ ചോദിച്ചു. ' എത്ര ദൂരം എത്ര സമയം ' ' ദൂരത്തെക്കുറിച്ച് അറിയില്ല മൂന്നുമണിക്കൂര്‍ എന്നറിയാം ' ഒരു ചെറു പുഞ്ചിരി വിടര്‍ത്തി 'താന്‍ അത്ര ദൂരം ഓടിക്കോ : എനിക്ക് മനസ്സ് ഉറയ്ക്കുന്നില്ല. അല്ലായിരുന്നെങ്കില്‍ ' എന്നു പറഞ്ഞ് പുറത്തേ കാഴ്ച്ചകളിലേയ്ക്ക് നീങ്ങി അയാളുടെ കണ്ണുകള്‍. വാസന്തി ഓര്‍ത്തു. കാര്‍ ഓടിക്ക ചന്ദ്രന് ഹരമായിരുന്നു. ഊട്ടി, കൊടെക്കനാല്‍, അങ്ങനെ എത്ര സ്ഥലങ്ങള്‍ മോള്‍ പത്തില്‍ എത്തുന്നതുവരെ എല്ലാ ശനിയും ഞായറും യാത്ര തന്നെയായിരുന്നു. പിന്നെ അവള്‍ ദില്ലിയില്‍ പഠിക്കുമ്പോള്‍ അവളെക്കാണാന്‍ എത്രയോ പ്രാവിശ്യം കാറില്‍ പോയിരിക്കുന്നു. ഇടയ്ക്ക് താന്‍ ഓടിക്കുമെങ്കിലും ചന്ദ്രനാണ് കൂടുതല്‍ ഓടിക്കാറ്. ഓര്‍മ്മകള്‍ക്കിടയില്‍ കണ്ണ് ഒന്ന് അടയുന്നുണ്ടോ എന്ന് സംശയം വണ്ടി ഒരു ചായക്കടയുടെ മുമ്പില്‍ നിര്‍ത്തി. ചായ വാങ്ങി കുടിച്ചു. സ്ഥലം ഏതാണെന്നറിയാന്‍ മറ്റു കടകളുടെ ബോര്‍ഡുകള്‍ നോക്കി. മൈനാകം മേട് അത് വായിച്ച് ചന്ദ്രനെ നോക്കി ഒരു ഭാവഭേദവുമില്ലാതെ അയാള്‍ നിന്നു. ചായക്കാരനോട് ചോദിച്ചു. 'ഇവിടെ വിദ്യാ ദീപം എന്ന ഒരു ട്യൂഷന്‍ സെന്റര്‍ ഇല്ലാരുന്നോ.' അയാള്‍ ചിരിച്ചു കൊണ്ട് തൊട്ട് അടുത്ത് വട ഉണ്ടാക്കുന്ന സാമാന്യം എഴുപത് എഴുപത്തഞ്ചു തോന്നിക്കുന്ന സ്ത്രീയോട് ഹിന്ദി കലര്‍ന്ന മലയാളത്തില്‍ ഇവര്‍ ചോദിക്കുന്നത് കേള്‍ക്കാന്‍ പറഞ്ഞു. ആ സ്ത്രി അവരുടെ മുമ്പിലേയ്ക്ക് എത്തി. നല്ല ചിരി ഈ ചിരി എവിടെയോ കണ്ടു മറന്ന പോലെ.' 'അവിടുത്തെ ടീച്ചര്‍ മരിച്ചു. പത്തുപതിനഞ്ചു വര്‍ഷമായി അത് നിര്‍ത്തിയിട്ട്. ഒരു ചന്ദ്രന്‍ സാര്‍ ഉണ്ടായിരുന്നപ്പോള്‍ അത് നന്നായിട്ട് പൊക്കൊണ്ടിരുന്നു. 'അവര്‍ പറയുന്നതുകേട്ട് തലയാട്ടി ചന്ദ്രന്‍ കുടിച്ച ചായ ഗ്ലാസ്സ് കൊടുത്ത് പൈസയും നല്‍കി വണ്ടി വിട്ടു. ഉറക്കം പോയി ഇനി വേഗം പോകണം. മനസ്സില്‍ ആ സ്ത്രി കമലമ്മ നിറഞ്ഞു. പക്ഷേ ഓര്‍മ്മകളെ തുറന്നു വിട്ടാല്‍ വണ്ടിയിലുള്ള ശ്രദ്ധ പോകും . അതിനാല്‍ വളരെ ശ്രദ്ധയോടെ വേഗത്തില്‍ നീങ്ങി.

 എന്തായാലും ഒമ്പതുമണിയോടെ അവിടെ എത്തി. പുഴയുടെ തീരത്ത് ശാന്ത സുന്ദരമായ സ്ഥലം. വന്നയുടന്‍ പേര് രജിസ്റ്റര്‍ ചെയ്തു. അവര്‍ പ്രഭാത ഭക്ഷണത്തിന് വിളിച്ചു. അതു കഴിഞ്ഞ്. അവിടുത്തെ ഒരു സന്യാസി വേഷധാരി വന്ന് പറഞ്ഞു ' ഡോക്ട്ടറെ കാണാന്‍ വരു' അയാളുടെ കൂടെ നീങ്ങി. രണ്ടു പേരോടും വിശദമായി സംസാരിച്ച് ഒരു മാസം താമസിക്കണം എന്നും പറഞ്ഞു. ആദ്യം വന്ന സന്യാസിയുടെ കൂടെ ഒരു ചെറിയ ആധുനിക രീതിയില്‍ എന്നാല്‍ ഓലമേഞ്ഞ ഒരു കുടിലിലേയ്ക്ക് ചെന്നു. സാധനങ്ങള്‍ വണ്ടിയില്‍ നിന്ന് എടുക്കാന്‍ രണ്ടു സഹായികളെ കൂട്ടി. അങ്ങനെ ആ തണുത്ത മുറിയില്‍ ഇരുന്നു. ചന്ദ്രന്‍ ഒരു ചിരിയോടെ അവളുടെ അടുത്തിരുന്നു. 'എന്തായാലും നമ്മള്‍ ഇവിടെ വന്നതു നന്നായി. എന്തോ ഈ സ്ഥലം എന്നേ കുട്ടിക്കാലത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ' ചന്ദ്രന്‍ കുറച്ചു നാള്‍ കൂടിയാണ് ഞാന്‍ ഓര്‍ക്കുന്നു എന്ന് പറയുന്നത്. 'ചന്ദ്രന്റെ കുട്ടിക്കാലം പറയു. ഞാന്‍ കേള്‍ക്കട്ടേ ' എന്നു പറഞ്ഞ് അയാളുടെ കൈയ്യില്‍ പിടിച്ച് ആ തോളില്‍ തല ചായ്ച്ചു. ' വലിയ ഓര്‍മ്മയില്ല. പക്ഷേ ഈ പുഴ എന്റെ പുഴയ ; ഞങ്ങള്‍ പത്തുപതിനഞ്ചു പേര്‍ നീന്തിതുടിച്ച പുഴ. നമ്മള്‍ക്ക് പുഴയുടെ അടുത്തേയ്ക്ക് പോകാം. തനിക്ക് ക്ഷീണമുണ്ടോ? ഇത്രയും ദൂരം വണ്ടി ഓടിച്ചതല്ലേ ' വാസന്തിയുടെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു. 'എനിക്ക് ഒരു ക്ഷീണവുമില്ല. വരു നമ്മള്‍ക്ക് പുഴയുടെ അടുത്തേയ്ക്ക് പോകാം. ചന്ദ്രന്റെ താല്പര്യം പോകുന്നതിന് മുന്‍പ് നീങ്ങണം അതാണ് വാസന്തി ആലോചിച്ചത്. രണ്ടു പേരും പുഴയുടെ അടുത്തേയ്ക്ക് നടന്നു. അയാളുടെ കൈ പിടിച്ച് നടന്ന നിമിഷങ്ങള്‍ അവള്‍ ഓര്‍ത്തു.' മറവി ഉണ്ടെങ്കിലും തന്നെ ഞാന്‍ മറന്നിട്ടില്ലല്ലോ തന്നെ മറക്കുന്ന അന്ന് ഞാന്‍ മരിക്കും' അയാള്‍ നടത്തത്തിന്റെ ഇടയില്‍ പറഞ്ഞു. വാസന്തി അയാളുടെ മുഖത്തേയ്ക്ക് അത്ഭുതത്തോടെ നോക്കി. പുഴയുടെ തീരത്ത് തിട്ട കെട്ടി കൈവരികള്‍ വച്ചിട്ടുണ്ട് ധാരാളം മാവുകള്‍ ഉണ്ട് എല്ലാ മാഞ്ചുവട്ടിലും ഇരിക്കാന്‍ തിട്ടയുമുണ്ട്. രണ്ടു പേരും അവിടെ ഇരുന്നു. ചന്ദ്രന്‍ എന്താണോ പറയാന്‍ പോകുന്നത് അത് കേള്‍ക്കാന്‍ താല്പര്യത്തോടെ അവള്‍ പുഴയെയും ചന്ദ്രനെയും നോക്കി ഇരുന്നു. ചന്ദ്രന്‍ മൗനമായിരുന്നെങ്കിലും പലതും ഓര്‍ക്കുവാന്‍ ശ്രമിക്കുന്നതുപോലെ ആ മുഖത്ത് നിഴലടിച്ചു. 'ശ്രുതിയെ ഒരിക്കല്‍ ഇവിടെ കൊണ്ടുവരണം എന്ന് ആഗ്രഹിച്ചതാണ്. പക്ഷേ നീ വേദനിച്ചെങ്കിലോ എന്ന് കരുതി. ഈ പടവുകള്‍ ആ കാണുന്ന നാലുകെട്ട് അത് അത് ...... ഈ ആശ്രമം അപ്പോള്‍ ഡോക്ട്ടര്‍ ........ ഞാന്‍ ' ചന്ദ്രന്‍ പിന്നെയും പലരുടെയും പേരുകള്‍ പറഞ്ഞു പിന്നെ നിശബ്ദനായി. കുറച്ചു നേരത്തെ മൗനത്തിനു ശേഷം .' ഇത് ഇതായിരുന്നു എന്റെ സ്ഥലം ഇവിടെ ആശ്രമം എങ്ങനെ എന്ന ചിന്തയാണ് എനിക്ക്. ജീവിതാവസാനം ഇവിടെ വരണം എന്ന് ആഗ്രഹിച്ചു. '' നമസ്‌കാരം ഉച്ചഭക്ഷണത്തിന് സമയമായി. ' സന്യാസി വേഷധാരിണി വന്നു പറഞ്ഞു. ചന്ദ്രന്റെ കൈ പിടിച്ച് വാസന്തി നടന്നു. ഒത്തിരി ചിന്തകളുമായി ചന്ദ്രനും നടന്നു.

ഊണു കഴിഞ്ഞ് രണ്ടു പേരും ഉറങ്ങി. അഞ്ചു മണിക്ക് ചായ കുടിക്കാന്‍ വിളിച്ചപ്പോള്‍ എഴുന്നേറ്റുള്ളൂ. ചായ അല്ല ഒരു പ്രത്യേക തരം പാനീയം. ഒരു വലിയ മേശയ്ക്ക് ചുറ്റും അന്തേവാസികളും രോഗികളും ഡോക്ട്ടറും മാരും ഒരുമിച്ച് . ഉച്ചയ്ക്ക് ഊണ്ണാന്‍ നേരത്ത് സ്വയം പരിചപ്പെടുത്തല്‍ നടത്തിയിരുന്നു. വൈകിട്ടായപ്പോള്‍ പരിചിതരായി എല്ലാവരും. ആ പാനീയം കുടിച്ച് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ഡോക്ട്ടര്‍ സ്വാമിയെ കാണാന്‍ കൂട്ടി. അത്ര വലിയ പ്രായം ഇല്ലാത്ത ആരോഗ്യവാനായ സ്വാമി. ഇരുത്തി കുറെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ചൊല്ലി. വാസന്തി അത്ഭുതത്തോടെ ചന്ദ്രനെ നോക്കി. അയാള്‍ക്ക് എല്ലാ മന്ത്രങ്ങളും അറിയാം. ഒരിക്കല്‍ പോലും ഇതൊന്നും ചൊല്ലുന്നത് കേട്ടിട്ടില്ല. ചന്ദ്രന്‍ ചൊല്ലുന്നത് കേട്ട് സ്വാമിയുടെ മുഖത്ത് അത്ഭുതവുമില്ല. മണിക്കൂറുകള്‍ നീങ്ങിയതറിഞ്ഞില്ല. സ്വാമി പറഞ്ഞു നാളെ തുടങ്ങാം എല്ലാം . ഏഴു മണി മുതല്‍ പ്രാര്‍ത്ഥനയും യോഗയും മറ്റുമായി ........ ശരി എന്ന് തലയാട്ടി എഴുന്നേറ്റ് നീങ്ങുമ്പോള്‍ സന്യാസിനിമാര്‍ ഊണുമുറിയിലേയ്ക്കാണ് കൂട്ടി കൊണ്ടുപോയത്. കൈയിലെ വാച്ചിലേയ്ക്ക് നോക്കി. ചന്ദ്രന്‍ ജീവിതത്തില്‍ ആദ്യമായി ആണ് ഇത്ര നേരത്തേ കഴിക്കുന്നത്.

പ്രഭാതത്തില്‍ എണ്ണയുമായി ഒരു സന്യാസിനി എത്തി വിളിച്ചു. അവിടുത്തെ ജോലിക്കാരെല്ലാം കാവി വസ്ത്രധാരികള്‍ എല്ലാം സന്യാസിവേഷം ആണ് അണിഞ്ഞിരിക്കുന്നതിന്. കുളികഴിഞ്ഞ് പ്രാര്‍ത്ഥനയ്ക്ക് ആ നാലുകെട്ടിലേയ്ക്ക് വരു. എന്നു പറഞ്ഞ് അവര്‍ ഇറങ്ങി. വിശാല മായ നാലുകെട്ട് അവിടെ എത്തിയപ്പോള്‍ ചന്ദ്രന്റെ മുഖത്ത് വല്ലാത്ത പ്രകാശം . പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുമ്പോള്‍ ഒരു ശാന്തത. എല്ലാം കഴിഞ്ഞ് ഭക്ഷണം കഴിഞ്ഞ് വീണ്ടും ചന്ദ്രന്‍ ആ നാലുകെട്ടിലേയ്ക്ക് നടന്നു. അതിന്റെ തിണ്ണയില്‍ ഇരുന്നു. 'ഭാനുവിന്റെ നമ്പര്‍ എന്റെ ഫോണിലുണ്ട് ഒന്നു വിളിക്കണം. ഞാന്‍ ഓടി നടന്ന എന്റെ മുറ്റം . ഞാന്‍ ചാടിക്കയറിക്കളിച്ച മാവ്. ഒരായിരം ഓര്‍മ്മകള്‍ ഉള്ളിലേയ്ക്ക് തള്ളി വരുന്നു. അമ്മ ഒരു വേദനയായതും '' എന്നു പറഞ്ഞ് അയാള്‍ മൗനം പാലിച്ചു. ആ മൗനം ഭജ്ജിക്കാനും തോന്നിയില്ല. വാസന്തി ഓര്‍ത്തു പരസ്പരം കാണാന്‍ സാധിച്ചിട്ടില്ല. വിവാഹത്തിന് ഒന്നു കണ്ടു. പിന്നെ ഫോണില്‍ എപ്പോഴോ ഒന്നു വിളിച്ചു. ചന്ദ്രനെ അവര്‍ വിളിക്കാറു ണ്ടായിരുന്നുവോ അറിയില്ല. ചന്ദ്രന്‍ വീട്ടുകാരെക്കുറിച്ച് പറയാറില്ല. വാസന്തി ചോദിക്കാറുമില്ല...എത്രയോ നേരം മൗനമായി അവിടെ ഇരുന്നു എന്നറിയില്ല.രണ്ടു പേരും ഭക്ഷണം കഴിക്കാന്‍ നടക്കുമ്പോള്‍ പറഞ്ഞു ' ഭാനുവിനെ വിളിച്ചിട്ട് വര്‍ഷം ഒന്നായി. എന്റെ ഫോണില്‍ നമ്പര്‍ ഉണ്ട് താന്‍ ഒന്നു വിളിക്കുമോ' ഉം എന്ന മൂളലോടെ ഭക്ഷണം കഴിച്ചു തുടങ്ങി. മുറിയില്‍ ചെന്ന് ഭാനുവിനെ വിളിച്ചു. പരിചിതമല്ലാത്തതിനാല്‍ എങ്ങനെ തുടങ്ങും എന്ന ചിന്തയോടെ നില്‍ക്കുമ്പോള്‍ ' ആ... വല്യച്ഛാ... ക്ഷമിക്കണം. എനിക്ക് വിളിച്ചു പറയാന്‍ പറ്റിയില്ല. ' സ്പീക്കറില്‍ ഇട്ടതിനാല്‍ ചന്ദ്രനും അതു കേട്ടു. 'എന്താ ഉണ്ണി പറയു ' . ചന്ദ്രന്‍ വേഗം പറഞ്ഞു 'അത് അച്ഛന്‍ കിടപ്പിലാണ്. അച്ഛന്റെ ചികിത്സയ്ക്കും മറ്റുമായി എല്ലാം വില്‍ക്കേണ്ടി വന്നു. വല്യച്ഛന്റെ ഓഹരി പാടത്തിന്റെ വശത്താണ്. അത് അങ്ങനെ തന്നെ ഇട്ടു. അച്ഛന്‍ ഇപ്പോളും കിടന്ന കിടപ്പ. അമ്മയ്ക്കും വയ്യ ' രണ്ടു പേരും മൗനത്തിലായി. അപ്പോള്‍ വാസന്തി തുടങ്ങി 'ഞാന്‍ നിന്റെ വല്യമ്മയാ 'നിങ്ങളെ ആരെയും ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ ഈ ആശ്രമത്തിലുണ്ട്. വല്യച്ഛന് ഒരു ട്രീറ്റുമെന്റെ അപ്പോള്‍ മുതല്‍ പഴയ ഓര്‍മ്മകള്‍ . ശരി ഇടയ്ക്ക് വിളിക്കാം 'ഒരു മൂളല്‍ മാത്രം മറുകരയില്‍ നിന്നെത്തി. അപ്പോഴേയ്ക്കും ഒരു സ്വാമിനി ചന്ദ്രനെയും കൂട്ടി കൊണ്ടുപോയി. വാസന്തി ചിന്താകുലയായി പുഴയുടെ തീരത്തേയ്ക്ക് നടന്നു. പുഴകള്‍ അടുത്തില്ലേലും തന്റെ ഗ്രാമം സുന്ദരമായിരുന്നു. പുറകിലേയ്ക്ക് നടക്കാന്‍ ചന്ദ്രന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. പുഴയുടെ തീരത്തുള്ള മൂവാണ്ടന്‍ മാവിന്റെ തിട്ടയില്‍ ഇരുന്നു.

 'വാസന്തിയല്ലേ 'ഒരു ശബ്ദം പുറകില്‍ നിന്ന് കേട്ട്. അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. എഴുപതിനോടടുത്ത തോനിക്കുന്ന പ്രായം . മുഖത്ത് നല്ല പുഞ്ചിയുള്ള പ്രസാദാത്ക മായ വ്യക്തി. 'വാസന്തിയ്ക്ക് എന്നേ ഓര്‍മ്മയുണ്ടോ? ഞാന്‍ പ്രസാദ്. നിങ്ങളുടെ അയല്‍വാസി.വാസന്തിയുമായ് നല്ലൊരു പരിചയത്തിലേയ്ക്ക് എത്തുന്നതിനു മുന്‍പേ വാസന്തി പോയില്ലേ' എന്ന് പറഞ്ഞ് അയാള്‍ പുഴയിലേ ഓളങ്ങളിലേയ്ക്ക് നോക്കി ഇരുന്നു. തന്റെ ഗ്രാമം വീട് അമ്മ അച്ഛന്‍ ഇവര്‍ കഴിഞ്ഞിട്ടു വേണം തന്റെ അയല്‍വാസിയിലേയ്ക്ക് എത്താന്‍. മനസ്സ് ആ യാത്രയിലേയ്ക്ക് പോകുവാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ തുടര്‍ന്നു. 'മകള്‍ പോയ ദുഃഖത്തില്‍ വാവിട്ടു കരഞ്ഞ് നാട്ടുകാര്‍ കൂട്ടമായെത്തിയതും. കുറെ പേര്‍ അവരേ സമാധാനിപ്പിച്ചും കുറ്റപ്പെടുത്തിയും പോയി. ജയഎന്റെ ഭാര്യ കാപ്പി അവര്‍ക്ക് കൊടുത്ത് സമാധാനിപ്പിച്ചു. രാത്രി പന്ത്രണ്ടു വരെ ഞാനും അവളും അവിടെ ഇരുന്നു. പിന്നെ ഞങ്ങളെ നിര്‍ബന്ധിച്ച് വീട്ടിലേയ്ക്ക് വിട്ടു. രാവിലെ ചായയുമായി അവിടേയ്ക്ക് എത്തി ഓ...ഓര്‍ക്കാന്‍ വയ്യ ഹോളില്‍ രണ്ടു പേരും ........ 'വാസന്തിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി .

 ' ജാതിപരമായും വിദ്യാഭ്യാസ പരമായും സാമ്പത്തികമായും ചന്ദ്രന് ഒരു കുറവുമില്ലായിരുന്നു. എതിര്‍പ്പുകളുണ്ടെങ്കിലും, മകള്‍ പോയാല്‍ ചത്തു കളയും എന്ന് പറഞ്ഞാലുംഞങ്ങളുടെ വിവാഹം കഴിഞ്ഞ് എല്ലായിടത്തേയും പോലെ പിണക്കങ്ങള്‍ മാറും എന്ന് കരുതി. എന്തായാലും പിന്നിട് അഞ്ചു വര്‍ഷം മാനസിക ചികിത്സയും കേസും കോടതിയുമായി അച്ഛനെയും അമ്മയെയും സ്‌നേഹിച്ചതിന് ശിക്ഷ. അല്ല വേദനിപ്പിച്ചതിനുള്ള ശിക്ഷ.  ചാണക്യന്‍ പറയുന്ന പോലെ അച്ഛനമ്മമാരെ വേദനിപ്പിച്ചാല്‍ അതിനുള്ള ശിക്ഷ മരണം വരെയുണ്ടാകും. 'വാസന്തി പിന്നെ മൗനത്തിലായി. 'ഇവിടെ എത്താന്‍ കാര്യം? ഒരു മകള്‍ എന്നല്ലേ പറഞ്ഞത്?'പ്രസാദ് ചോദിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ തുടര്‍ന്നു. 'ഒരു മകള്‍. - ഓസ്‌ട്രേലിയയില്‍ . മറവി ഒരു രോഗമാകുന്നു ചന്ദ്രനില്‍ ...അതിനായി വന്നു. ഈ സ്ഥലം ചന്ദ്രന്റെ വീട്ടുകാരുടേതായിരുന്നു പോലും..ഒന്നും ചന്ദ്രന്‍ പറയാറില്ല. എന്നേ വേദനിപ്പിക്കാതിരിക്കാന്‍ ചന്ദ്രന്‍ എല്ലാം ഉപേക്ഷിച്ചു. തനിക്ക് പ്രിയപ്പെട്ടതിനെ മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ അതാണ് ത്യാഗം എന്ന് ചന്ദ്രന്‍ പറയും '. കുറച്ചു നേരം മൗനമായി ഇരുന്നു പിന്നെയും. ദീര്‍ഘനിശ്വാസത്തോടെ വാസന്തി പിന്നെയും തുടര്‍ന്നു ' പ്രസാദേട്ടന്  ബോറഡിക്കുന്നുണ്ടാവും ' ' അയാള്‍ ഇല്ലാ എന്ന ഭാവത്തില്‍ തലയാട്ടി. സൂര്യന്‍ പുഴയുടെ അക്കരെ ചുവപ്പു വര്‍ണ്ണംചാലിച്ച് എത്തി. ' കുറച്ചു നാളെ ഞങ്ങള്‍ ജീവിച്ചുള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ ഭാഷ മൗനമാണ്. മോള്‍ പഠനത്തിനായി പോയത .അവളില്ലാതെ ഞങ്ങള്‍ വിഷമിച്ചു. ഞാനില്ലാതെ എങ്ങനെ ജീവിക്കും എന്ന ചിന്തയാവാം എന്റെ അച്ഛനെയും അമ്മയെയും തളര്‍ത്തിയത്. അവള്‍ ആദ്യം എന്നും രണ്ടു നേരം വിളിക്കുമായിരുന്നു. പിന്നെ ഒരു നേരമായി പിന്നെ ഒന്നിരാട നായി പിന്നെ ആഴ്ച്ചയിലായി പിന്നെ മാസത്തില്‍ പിന്നെ ഒരു ദിവസം വിളിച്ചു പറഞ്ഞു ഒരു ഓസ്‌ട്രേലിയക്കാരനെ വിവാഹം കഴിച്ചു എന്ന്. തിരിച്ചടി ഉണ്ടാവണമല്ലോ 'എങ്കിലും അവളോട് പിണക്കമില്ല പക്ഷേ എന്തോ അവള്‍ ഞങ്ങളില്‍ നിന്ന് അല്ല അവളില്‍ നിന്ന് ഞങ്ങളെ അകറ്റി. അതോടെ ഞങ്ങള്‍ മൗനമായി ചന്ദ്രന്‍ മറവിയിലേയ്ക്കും ' ഒരു തണുത്ത കാറ്റ് വേഗം വന്നു. പ്രസാദ് എന്തു പറയണം എന്നറിയാതെ വിഷമിച്ചു. 'ചന്ദ്രേട്ടനെ മുറിയില്‍ വിട്ടിട്ടുണ്ട്. ' എന്ന് ഒരു സ്വാമി വന്നു പറഞ്ഞു. വാസന്തി വേഗം എഴുന്നേറ്റു പ്രസാദിനെ ഒന്ന് നോക്കിയിട്ട് വേഗം നടന്നു.

ചന്ദ്രന്‍ നല്ല ചിരിയോടെ ഇരിക്കുന്നു. 'ഇയാള്‍ക്ക് പുഴപിടിച്ചു പോയന്ന് തോനുന്നല്ലോ?' അതുകേട്ട് വാസന്തിചിരിച്ചു. ' പക്ഷേ തന്റെ മുഖം സന്തോഷമല്ലല്ലോ?'. വാസന്തി ചന്ദ്രന്റെ അടുത്തേയ്ക്ക് ഇരുന്നു. 'ഈ സ്ഥലം എന്തേ എന്നേ നേരത്തെ കാണിക്കാതിരുന്നു. ഇവിടെ അനിയന്റെയും അച്ഛന്റെയും കൂടെ കഴിയാരുന്നു. ' ചന്ദ്രന്‍ വാസന്തിയുടെ തലയില്‍ തടവി കൊണ്ട് 'എടോ തനിക്ക് നഷ്ടമായ തൊന്നും എനിക്കും വേണ്ട എന്ന് തീരുമാനിച്ചു. ' പിന്നെ ചന്ദ്രന്‍ കുളിക്കാന്‍ പോയി.

സന്ധ്യാ പ്രാര്‍ത്ഥനയും ഭക്ഷണവും കഴിഞ്ഞ് കുറച്ചു നേരം നാലുകെട്ടിന്റെ പടിയില്‍ ഇരുന്നു. ആകാശത്ത് നക്ഷത്രങ്ങളുടെ കൂടെ ചന്ദ്രനും എത്തിയപ്പോള്‍ അവര്‍ മുറിയിലേയ്ക്ക് നീങ്ങി. രാവിലെ വാതില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ചന്ദ്രന്‍ നല്ല ഉറക്കമാണ്. 'മരുന്ന് കൊടുക്കാന്‍ വന്നത' സ്വാമിനി പറഞ്ഞു. ' മരുന്ന് ഇന്നുമുതല്‍ തുടങ്ങുന്നു. ഒരാഴ്ച്ച കഴിച്ചിട്ട് ആവാം എന്നാണ് 'സ്വാമിനി പറഞ്ഞതനുസരിച്ച് ചന്ദ്രനെ വിളിച്ചു. ഒരു ചിരി  മുഖത്ത് നിര്‍ത്തി ചന്ദ്രന്‍ യാത്രയായി.

വാസന്തി പുഴയെ സ്‌നേഹിച്ചു തുടങ്ങി. സന്യാസവേഷവും മറ്റുള്ളവരെ പരിചരിച്ചും ആ ആശ്രമത്തില്‍ നിശബ്ദയായി നീങ്ങി..അന്ന് ആ പുഴയെ നോക്കിയിരുന്നപ്പോള്‍ 'അമ്മേ' എന്ന വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കുട്ടികളെയും ഓസ്‌ട്രേലിയകാരന്റെ ഒപ്പം മകള്‍ എത്തിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്നു. അമ്മയെ കണ്ടതിന്റെ സന്തോഷം ആ മുഖത്ത് കാണാന്‍ ഇല്ലായിരുന്നു. എന്തു പറയണമെന്നറിയാതെ വാസന്തി നില്‍ക്കുമ്പോള്‍ ഒരു ഭാവഭേദവുമില്ലാതെ മകള്‍ തുടങ്ങി 'ഞങ്ങള്‍ ഒരു മാസം ഇവിടെ കാണും വീടിന്റെ താക്കോല്‍ തന്നാല്‍....... ' പലവിധ ചിന്തകളുമായി മുറിയില്‍ പോയി താക്കോല്‍ എടുത്ത് കൊടുത്തു. അവള്‍ അത് വാങ്ങി. ഒരു പുഞ്ചിരി മാത്രം അവള്‍ സമ്മാനിച്ച് അവള്‍ വണ്ടിയില്‍ കയറി പോകുന്നതും നോക്കി ആശ്രമമുറ്റത്ത് ഒരു പ്രതിമ പോലെ വാസന്തി നിന്നു...
© gangadevi ks



Post a Comment

0 Comments